1956 ജനുവരി 26 ന് നിലവില്‍ വന്ന ഇന്ത്യന്‍ ഭരണഘടന, ലോകത്തില്‍ എഴുതപ്പെട്ടതില്‍ ഏറ്റവും വലിയ ഭരണഘടനയാണ്. 22 ഭാഗങ്ങളായി വിഭജിച്ച 395 അനുഛേദങ്ങളും, 12 പട്ടികകളും, മൂന്ന് അനുബന്ധങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ബ്രിട്ടീഷ് ഇന്ത്യയുടെ ഭരണത്തിന് അടിസ്ഥാനമാക്കിയിരുന്ന 1935 ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യാ ആക്ടില്‍ നിന്നും ഭാരതത്തിന്റെ ഭരണഘടന ശില്പികള്‍ പ്രചോദനം ഉള്‍ക്കൊണ്ടിട്ടുണ്ടെങ്കിലും, നമ്മുടെ ഭരണഘടന എഴുതിയവര്‍, 1935 ലെ ഇന്ത്യ ആക്ടില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ കാര്യമാത്രപ്രസക്തമായി മാത്രം ഉള്‍പ്പെടുത്താതെ, അവയുടെ നിരവധിയായ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തുകയും വിവിധ വശങ്ങള്‍ വിശദീകരിക്കുകയും ചെയ്തു. അതായത്, നമ്മുടെ ഭരണഘടന എല്ലാക്കാര്യങ്ങളും വിശദമായി തന്നെ പറയുന്നുണ്ട്.
ഇന്ത്യയിലെ ഭരണത്തിന്റെ ചട്ടക്കൂട് രൂപപ്പെടുത്തുന്ന വിശദമായ നിയമരേഖയാണ് ഇന്ത്യന്‍ ഭരണഘടന. ഭരണഘടനാപരവും ഭരണപരവുമായ സംവിധാനത്തിന്റെ എല്ലാ പ്രധാന വശങ്ങളും ഇതില്‍ ഉള്‍ക്കൊള്ളുന്നു. 28 സംസ്ഥാനങ്ങളും ഏഴ് കേന്ദ്ര ഭരണപ്രദേശങ്ങളുമായി രാജ്യത്ത് ഫെഡറല്‍ സംവിധാനം സ്ഥാപിച്ചും, കേന്ദ്രസര്‍ക്കാര്‍, സംസ്ഥാനങ്ങള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍ എന്നിവ തമ്മിലുള്ള ബന്ധത്തിന്റെ സമഗ്രമായ ഒരു ചട്ടക്കൂടായും ഇന്ത്യന്‍ ഭരണഘടന പ്രവര്‍ത്തിക്കുന്നു. എക്സിക്യൂട്ടീവ്, ലെജിസ്ലേറ്റീവ്, ജുഡീഷ്യല്‍ ശാഖകളുടെ അധികാരങ്ങളെ നിര്‍വചിക്കുന്നത് ഭരണഘടനയാണ്. നിയമനിര്‍മാണ സഭ നടപ്പിലാക്കുന്ന നിയമങ്ങളുടെ സാധുത പരിശോധിക്കുന്നതിനും ജുഡീഷ്യറിയെ ഭരണഘടനയുടെ സംരക്ഷകനായി സ്ഥാപിക്കുന്നതിനും രാജ്യത്തെ മാനദണ്ഡം ഭരണഘടനയാണ്. മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും നിയമവാഴ്ച ഉയര്‍ത്തിപ്പിടിക്കുന്നതിനുമായി വ്യക്തമായ അധികാര വിഭജനം, പരിശോധനകള്‍, സന്തുലിതാവസ്ഥകള്‍, നീതിപീഠത്തിന്റെ മേല്‍നോട്ടം എന്നിവയടങ്ങിയ ഒരു ഭരണസംവിധാനമാണ് നമ്മുടെ ഭരണഘടനവഴി രാജ്യത്ത് സ്ഥാപിക്കപ്പെട്ടിരിക്കുന്നത്.
ഇന്ത്യന്‍ ഭരണഘടന ഒരേസമയം അയവുള്ളതും കര്‍ക്കശവുമാണ്. സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട പല ഫെഡറല്‍ കാര്യങ്ങളിലും ഭരണഘടന അതിന്റെ കാര്‍ക്കശ്യം പ്രകടമാക്കുന്നുണ്ട്. ഫെഡറല്‍ വ്യവസ്ഥകളിലെ ഏതൊരു മാറ്റത്തിനും പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷവും പകുതി സംസ്ഥാനങ്ങളുടെ അംഗീകാരവും ആവശ്യമാണ്.
എത്ര ദീര്‍ഘവീക്ഷണത്തില്‍ എഴുതപ്പെട്ടതാണ് ഇന്ത്യന്‍ ഭരണഘടനയെങ്കിലും, അതിനെ തകര്‍ക്കാന്‍ നമ്മള്‍ തുനിഞ്ഞിറങ്ങിയാല്‍ അത് തകരും. കാരണം ഭരണഘടന ശില്പികള്‍ വിശ്വസിച്ചിരുന്നത്, വരുംകാലങ്ങളില്‍ ഭരണഘടന സംരക്ഷിക്കേണ്ടവര്‍ എല്ലാക്കാലത്തും ഒരു ധാര്‍മിക ചട്ടക്കൂടില്‍ നില്‍ക്കുമെന്നായിരുന്നു. ഈ ധാര്‍മിക ചട്ടക്കൂടിനെ മാനിക്കാത്തവരുടെ കൈകളിലാണ് ഭരണഘടന എത്തുന്നതെങ്കില്‍ അത്തരക്കാര്‍ അതിനെ ഇല്ലാതാക്കാന്‍ വഴികള്‍ പലതും നോക്കും. അവര്‍ക്ക് പാര്‍ലമെന്റില്‍ രണ്ടില്‍ മൂന്ന് ഭൂരിപക്ഷം ആവശ്യമില്ല, പകുതി സംസ്ഥാനങ്ങളുടെ അംഗീകാരം ആവശ്യമില്ല, രാജ്യത്തെ പരമോന്നത നീതി പീഠത്തിന്റെ പിന്തുണയും വേണ്ട. അതൊന്നുമില്ലാതെ തന്നെ അവരീ ഭരണഘടന പൊളിച്ചെഴുതും.
നമ്മുടെ ഭരണഘടനയെ അപായപ്പെടുത്തിയവരുണ്ട്; അടിയന്തരാവസ്ഥകാലത്തെ ഇന്ദിര ഗാന്ധിയെ പോലെ. അത്തരം ഭരണാധികാരികളുടെ അനുയായികള്‍ ഒരിക്കലും തങ്ങളുടെ നേതാവ് രാജ്യത്തിന്റെ ഭരണഘടനയോട് യുദ്ധം പ്രഖ്യാപിച്ചതായി കാണില്ല, പകരം ഏറ്റുമുട്ടല്‍ മാത്രമായി വ്യാഖ്യാനിക്കും. നേതാവ്, അവരുടെ ശത്രുക്കളെ നിയന്ത്രിക്കാനോ ഇല്ലാതാക്കാനോ നടത്തിയ തന്ത്രപരമായ പ്രവര്‍ത്തിയായി അവരതിനെ ന്യായീകരിക്കും. അതിനപ്പുറം, ഭരണഘടനയെ തകര്‍ക്കാനുള്ള ശ്രമമായിരുന്നു അതെന്നവര്‍ക്ക് തോന്നില്ല.
ഇന്ത്യയിലെ സാധാരണക്കാരനെ സംബന്ധിച്ച് അവന്റെ ജീവിതം അന്നന്ന് കഴിഞ്ഞുപോവുക എന്നത് മാത്രമാണ് പ്രശ്നം. അതിനപ്പുറം രാജ്യത്തെ സംബന്ധിക്കുന്നതോ, ഭരണഘടനയെ ബാധിക്കുന്നതോ ആയ കാര്യങ്ങളില്‍ അവര്‍ ശ്രദ്ധിക്കുന്നില്ല.
ഇന്ന് നമ്മളില്‍ മിക്കവരും സ്വാതന്ത്ര്യദിനം പ്രതീകാത്മകമായി ആഘോഷിക്കും, വിരുന്നും പാര്‍ട്ടിയും, സാധ്യമെങ്കില്‍ ഒരു ദേശസ്‌നേഹ സിനിമ കാണുകയോ പ്രശസ്തമായ ദേശഭക്തി ഗാനങ്ങള്‍ കേള്‍ക്കുകയോ ചെയ്യും. നമ്മുടെ രാജ്യത്തെക്കുറിച്ച് ശരിക്കും ചിന്തിക്കേണ്ട സമയമാണിത്.
ഈ സ്വാതന്ത്ര്യദിനത്തില്‍ അഴിമുഖത്തിന്റെ വായനക്കാരോട് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതുമതാണ്. നിങ്ങള്‍ കുറഞ്ഞത് പത്ത് നിമിഷമെങ്കിലും ഇന്ത്യയുടെ ഭരണഘടനയെക്കുറിച്ചും അതിനെന്താണ് ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നതെന്നും ചിന്തിക്കുക.
ഇപ്പോള്‍ ഈ ഭരണഘടനയുടെ സംരക്ഷകര്‍ 600 ബിസിയില്‍ എങ്കിലും ഇന്ത്യയില്‍ തുടങ്ങിയ റിപ്പബ്ലിക്ക് പാരമ്പര്യത്തിന്റെ പുതിയ തലമുറക്കാരാണ്. അവരെ ഏല്‍പ്പിച്ചിരിക്കുന്ന ഉത്തരവാദിത്തതോട് നീതി പുലര്‍ത്തുന്നുണ്ടോ? നിങ്ങളത് അന്വേഷിക്കുക.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 ല്‍ പറയുന്ന ജീവിക്കാനുള്ള അവകാശത്തില്‍ ഭക്ഷണം, പാര്‍പ്പിടം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ ഉള്‍പ്പെടുന്നുണ്ട്. ചോദ്യമിതാണ്, ഭരണഘടന ഉറപ്പാക്കുന്ന ഭക്ഷണം, ആരോഗ്യം എന്നീ അവകാശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോ? ഓരോ പൗരനും ഭക്ഷണം ഉറപ്പാക്കുന്ന നേട്ടം നമ്മള്‍ നേടിയോ? അതിനുള്ള ശ്രമമെങ്കിലും ഭരണകൂടം നടത്തുന്നുണ്ടോ?
കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നത് വെറും അഞ്ചു ശതമാനം ഇന്ത്യക്കാര്‍ മാത്രമെ പട്ടിണി അനുഭവിക്കുന്നുള്ളൂ എന്നാണ്. അതാണോ വാസ്തവം?
ഹൗസ്ഹോള്‍ഡ് കണ്‍സംപ്ഷന്‍ എക്സ്പെന്‍ഡീച്ചര്‍ സര്‍വേ(Household Consumption Expenditure Survey-HCES) 2022-23 പ്രകാരം ഇന്ത്യയില്‍ 26.4 ശതമാനം പേരും ദാരിദ്ര്യരേഖയ്ക്ക് കീഴിലാണ്. കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദത്തെ വെല്ലുവിളിക്കുന്നതാണ് ഈ പഠനം. ഭക്ഷണം, പാര്‍പ്പിടം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം തുടങ്ങിയ അവശ്യവസ്തുക്കളുടെയും സേവനങ്ങളുടെയും വര്‍ദ്ധിച്ചുവരുന്ന ചെലവുകള്‍ ഇന്ത്യന്‍ കുടുംബങ്ങളെ, പ്രത്യേകിച്ച് താഴ്ന്ന, ഇടത്തരം വരുമാന വിഭാഗങ്ങളെ സാരമായി ബാധിക്കുന്നുണ്ടെന്നാണ് ഈ പഠനത്തില്‍ പറയുന്നത്. സാമ്പത്തിക പുരോഗതിയെക്കുറിച്ച് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും, ഇന്ത്യയില്‍ ദാരിദ്ര്യം ഇപ്പോഴും ഒരു വ്യാപകമായ പ്രശ്നമാണെന്നാണ് ഇത്തരം പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
നമ്മുടെ ഫെഡറല്‍ സംവിധാനങ്ങള്‍ ഭരണഘടന അനുശാസിക്കും വിധമാണോ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. തങ്ങളുടെ രാഷ്ട്രീയവിരോധത്തിന് പാത്രമായ സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍ ചിറ്റമ്മ നയം കാണിക്കുന്നുവെന്നാണ് പരാതി. ഫെഡറല്‍ തത്വങ്ങള്‍ പാലിക്കാതെയാണ് കേന്ദ്രസര്‍ക്കാര്‍ പെരുമാറുന്നതെന്ന് കേരളം ഉള്‍പ്പെടെയുള്ള ബിജെപി ഇതരസര്‍ക്കാരുകളുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ നിരന്തരം പരാതിപ്പെടുന്നു. ഭരണഘടന അനുശാസിക്കുന്ന സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ തകര്‍ക്കാന്‍ കേന്ദ്രം ശ്രമിക്കുന്നതെന്നത് ഭരണഘടനയെ എതിര്‍ക്കുന്നതിന് തുല്യമാണ്.
പതിറ്റാണ്ടുകളായി, എല്ലാ സര്‍ക്കാരുകളും വായ്പകള്‍ എഴുതിത്തള്ളിയും, നിയമങ്ങള്‍ വളച്ചൊടിച്ചും, മാനദണ്ഡങ്ങള്‍ ലംഘിച്ചും നമ്മുടെ കോര്‍പ്പറേറ്റുകളെ പ്രീണിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ച് സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ മാത്രം ഏകദേശം 5.82 ലക്ഷം കോടി രൂപയുടെ കിട്ടാക്കടം എഴുതിത്തള്ളിയതായാണ് ചൊവ്വാഴ്ച ധനമന്ത്രാലയം പാര്‍ലമെന്റിനെ അറിയിച്ചത്.
രാജ്യത്തെ ദരിദ്രരോട്, അരികുവല്‍ക്കരിക്കപ്പെട്ടവരോട്, ഇത്രമാത്രം ദയ കാണിച്ചിട്ടുണ്ടോ എന്നതാണ് ചോദ്യം.
18 വയസ് പൂര്‍ത്തിയായ എല്ലാ പൗരന്മാര്‍ക്കും ആര്‍ട്ടിക്കിള്‍ 326 പ്രകാരം ഇന്ത്യയില്‍ വോട്ട് അവകാശം ഉറപ്പാക്കുന്നുണ്ട്. വോട്ട് അവകാശം ഭരണഘടനപരമായ പൗരന്റെ അവകാശമാണെന്ന് 2024 സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ളതുമാണ്. എന്നാല്‍ വോട്ടര്‍ എന്ന നിലയില്‍ പൗരന് ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശങ്ങളും ആനുകൂല്യങ്ങളും ഇന്ത്യയില്‍ ലംഘിക്കപ്പെടുന്നതിനെതിരെയാണ് ഈ സ്വാതന്ത്ര്യദിനവേളയിലും ഇന്ത്യയില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍. അവകാശമുള്ളയാള്‍ വോട്ടര്‍ പട്ടികയില്‍ നിന്നും പുറാത്തക്കപ്പെടുകയും, അനധികൃകത പേരുകള്‍ പട്ടികയില്‍ ഉള്‍പ്പെടുകയും ചെയ്യുന്നു. തിരഞ്ഞെടുപ്പ് വിജയങ്ങളുടെ മേല്‍ സംശയങ്ങള്‍ നിഴലിക്കുന്നു.
നാലില്‍ മൂന്നു പേരും പട്ടിണി കിടക്കുക്കുന്നുണ്ടെങ്കില്‍, വോട്ടവകാശം ഉള്‍പ്പെടെയുള്ള മൗലികാവകാശങ്ങള്‍ ഹനിക്കപ്പെടുന്നുണ്ടെങ്കില്‍, സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ നിരാകരിക്കപ്പെടുന്നുണ്ടെങ്കില്‍; ഇതെല്ലാം ശരിയാക്കാന്‍ ഭരണാധികാരികള്‍ ഉത്തരവാദിത്തം കാണിക്കുന്നുണ്ടോ?
ഭരണഘടന സംരക്ഷിക്കേണ്ടവര്‍, അത് തകര്‍ക്കാന്‍ ശ്രമിക്കുന്നൊരു കാലഘട്ടത്തിലാണോ നമ്മള്‍ ജീവിക്കുന്നതെന്ന് ആലോചിക്കാന്‍ പ്രിയപ്പെട്ട വായനക്കാരോട് അഭ്യര്‍ത്ഥിക്കുകയാണ്. ഈ സ്വാതന്ത്ര്യദിനത്തില്‍ നിങ്ങള്‍ അതിനായി സമയം കണ്ടെത്തൂ… what happens to the Constitution of India? Independence Day-2025
Content Summary; What happens to the Constitution of India? Independence Day-2025
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.