പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യങ്ങളും ലോകത്തിലെ ഏറ്റവും നിര്‍ണ്ണായകമായ എണ്ണപ്പാതയായ ഹോര്‍മുസ് കടലിടുക്കിലെ തടസ്സങ്ങളും ആഗോള വിപണിയെ കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ലോകത്തെ മൊത്തം എണ്ണ ഉപഭോഗത്തിന്റെ വലിയൊരു ഭാഗം കടന്നുപോകുന്ന ഈ പാത അടച്ച ഇറാന്റെ നടപടി ഇന്ത്യയെ സംബന്ധിച്ചിടത്തോളം അതീവ ഗൗരവകരമാണ്. തങ്ങളുടെ ഊര്‍ജ്ജ ആവശ്യങ്ങളുടെ ഭൂരിഭാഗത്തിനും വിദേശരാജ്യങ്ങളെ ആശ്രയിക്കുന്ന ഇന്ത്യ, ഉണ്ടായേക്കാവുന്ന ഇന്ധനക്ഷാമം നേരിടാന്‍ വിപുലമായ അടിയന്തര പദ്ധതികളാണ് ആവിഷ്‌കരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രതിസന്ധി മുന്നില്‍ കണ്ട്, പെട്രോള്‍, ഡീസല്‍ എന്നിവയുടെ വിദേശത്തേക്കുള്ള കയറ്റുമതി നിയന്ത്രിച്ചുകൊണ്ട് ആഭ്യന്തര വിപണിയില്‍ ഇന്ധനലഭ്യത ഉറപ്പാക്കാനൊരുങ്ങുകയാണ് ഇന്ത്യ. നിലവില്‍ ഇന്ത്യ ഉല്‍പ്പാദിപ്പിക്കുന്ന പെട്രോളിന്റെ മൂന്നിലൊന്ന് ഭാഗവും ഡീസലിന്റെ നാലിലൊന്ന് ഭാഗവും വിദേശ വിപണികളിലേക്കാണ് പോകുന്നത്. ഈ ഉല്‍പ്പന്നങ്ങളെ ആഭ്യന്തര ആവശ്യങ്ങള്‍ക്കായി തിരിച്ചുവിടാന്‍ റിഫൈനറുകളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.
കൂടാതെ, പശ്ചിമേഷ്യയില്‍ നിന്നുള്ള വിതരണം തടസ്സപ്പെട്ടാല്‍ റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ വാങ്ങല്‍ ഗണ്യമായി വര്‍ദ്ധിപ്പിക്കാന്‍ ഇന്ത്യ പദ്ധതിയിടുന്നുണ്ട്. സൂയസ് കനാല്‍ വഴിയുള്ള വിതരണ ശൃംഖലകള്‍ ഉപയോഗപ്പെടുത്തി ഈ പ്രതിസന്ധി മറികടക്കാന്‍ കഴിയുമെന്നാണ് വിദഗ്ധരുടെ നിര്‍ദേശം. സ്ഥിതിഗതികള്‍ മോശമായാല്‍ എല്‍.പി.ജി വിതരണം റേഷന്‍ ചെയ്യുന്നത് പോലുള്ള കര്‍ശന നടപടികളും ഇന്ത്യയുടെ പരിഗണനയിലുണ്ട്.
ഇന്ത്യയുടെ നിലവിലെ സംഭരണ കണക്കുകള്‍ പ്രകാരം അസംസ്‌കൃത എണ്ണയുടെ കരുതല്‍ ശേഖരം ഏകദേശം 17-18 ദിവസത്തെ ഉപഭോഗത്തിന് മതിയാകും. പെട്രോള്‍, ഡീസല്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ 20-21 ദിവസത്തേക്ക് നിലനില്‍ക്കും. എന്നാല്‍ എല്‍.പി.ജിയുടെ കാര്യത്തില്‍ സ്ഥിതി കൂടുതല്‍ ആശങ്കാജനകമാണ്. എല്‍.പി.ജി ഇറക്കുമതിയുടെ 90 ശതമാനവും ഗള്‍ഫ് രാജ്യങ്ങളെ ആശ്രയിച്ചാണ്. വിതരണം പൂര്‍ണ്ണമായും നിലച്ചാല്‍ നിലവിലുള്ള ശേഖരം രണ്ടാഴ്ചയില്‍ താഴെ സമയത്തേക്ക് മാത്രമേ തികയുകയുള്ളൂ. ഈ സാഹചര്യം മുന്‍നിര്‍ത്തി പെട്രോകെമിക്കല്‍ യൂണിറ്റുകളോട് ചേര്‍ന്ന് എല്‍.പി.ജി ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ എണ്ണക്കമ്പനികളായ ഐ.ഒ.സി, എച്ച്.പി.സി.എല്‍, ബി.പി.സി.എല്‍ എന്നിവയ്ക്ക് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നതിനാല്‍, ഇന്ത്യയുടെ ഇറക്കുമതി ബില്ല് വര്‍ദ്ധിപ്പിക്കുകയും രാജ്യത്ത് പണപ്പെരുപ്പത്തിന് വഴിവെക്കുകയും ചെയ്യും. എങ്കിലും, സാധാരണക്കാരെ ബാധിക്കുന്ന തരത്തില്‍ പെട്രോള്‍, ഡീസല്‍ ചില്ലറ വിലകളില്‍ ഉടനടി വര്‍ദ്ധനവ് വരുത്താന്‍ സാധ്യതയില്ലെന്നാണ് ഔദ്യോഗിക സൂചന. അന്താരാഷ്ട്ര വിലകളിലെ വ്യതിയാനങ്ങള്‍ എണ്ണക്കമ്പനികള്‍ തന്നെ ക്രമീകരിക്കുന്ന തന്ത്രമാണ് ഇപ്പോള്‍ സ്വീകരിച്ചു വരുന്നത്.
പശ്ചിമേഷ്യയിലെ സംഘര്‍ഷം ഇന്ത്യയുടെ വ്യാപാര മേഖലയെയും ബാധിച്ചിട്ടുണ്ട്. ചരക്ക് കൂലിയിലെ വര്‍ദ്ധനവ്, ഇന്‍ഷുറന്‍സ് പ്രശ്‌നങ്ങള്‍, ഗതാഗത സമയം വര്‍ദ്ധിക്കുന്നത് എന്നിവ കയറ്റുമതിക്കാരെ ആശങ്കപ്പെടുത്തുന്നു. ഈ വെല്ലുവിളികള്‍ നേരിടാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒരു കണ്‍ട്രോള്‍ റൂം സ്ഥാപിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. കസ്റ്റംസ് ഇളവുകള്‍ നല്‍കാനും ബാങ്കുകളുമായും ഇന്‍ഷുറന്‍സ് കമ്പനികളുമായും ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കാനും ഇന്ത്യന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് കയറ്റുമതിക്കാര്‍ക്ക് ഉറപ്പുനല്‍കി.
പശ്ചിമേഷ്യയിലെ മാറ്റങ്ങള്‍ അതിവേഗത്തിലാണ് സംഭവിക്കുന്നത്. ഖത്തര്‍ എനര്‍ജി താല്‍ക്കാലികമായി കയറ്റുമതി നിര്‍ത്തിവെച്ചതും സൗദിയിലെ റിഫൈനറികള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളും വിപണിയെ അസ്ഥിരപ്പെടുത്തിയിട്ടുണ്ട്. പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരിയുടെ നേതൃത്വത്തില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട്. രാജ്യം വലിയൊരു ഊര്‍ജ്ജ പ്രതിസന്ധിയിലേക്ക് പോകാതിരിക്കാന്‍ എല്ലാ മുന്‍കരുതല്‍ നടപടികളും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ടെങ്കിലും, യുദ്ധം ദീര്‍ഘകാലത്തേക്ക് നീളുന്നത് ഇന്ത്യയുടെ സാമ്പത്തിക രംഗത്തിന് വെല്ലുവിളിയാകും എന്നതില്‍ സംശയമില്ല.
Content Summary: Hormuz Strait crisis: how will it impact India?
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.