June 23, 2026 |
Share on

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചു; ലംഘിച്ചാല്‍ കപ്പലുകള്‍ക്ക് തീയിടുമെന്ന് മുന്നറിയിപ്പ്

ലോകത്തെ അഞ്ചിലൊന്ന് എണ്ണ പ്രവാഹം സ്തംഭിക്കും

ആഗോള എണ്ണ വിപണിയെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ പൂര്‍ണ്ണമായും അടച്ചു. കടലിടുക്ക് വഴി കടന്നുപോകാന്‍ ശ്രമിക്കുന്ന ഏതൊരു കപ്പലിനും നേരെ വെടിയുതിര്‍ക്കുമെന്ന് ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഇതോടെ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്ത് പാതയില്‍ യുദ്ധസമാനമായ സാഹചര്യം സംജാതമായിരിക്കുകയാണ്.

ശനിയാഴ്ച മുതല്‍ കപ്പലുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും, ഇപ്പോഴത്തെ പ്രസ്താവന ഇറാന്റെ നിലപാട് കൂടുതല്‍ കര്‍ക്കശമാക്കുന്നു. ‘ഹോര്‍മുസ് കടലിടുക്ക് ഇപ്പോള്‍ അടച്ചിരിക്കുകയാണ്. ആരെങ്കിലും ഇത് ലംഘിക്കാന്‍ ശ്രമിച്ചാല്‍ റെവല്യൂഷണറി ഗാര്‍ഡിന്റെയും നാവികസേനയുടെയും സൈനികര്‍ ആ കപ്പലുകള്‍ക്ക് തീയിടും,’ ഗാര്‍ഡ്സ് കമാന്‍ഡര്‍-ഇന്‍-ചീഫിന്റെ മുതിര്‍ന്ന ഉപദേഷ്ടാവ് ഇബ്രാഹിം ജബാരി വ്യക്തമാക്കി.

ഫെബ്രുവരി 28-ന് ഇറാന്‍ ഭരണകൂടത്തെ ലക്ഷ്യമിട്ട് അമേരിക്കയും ഇസ്രയേലും നടത്തിയ ആക്രമണങ്ങളാണ് നിലവിലെ പ്രതിസന്ധിക്ക് ആധാരം. ഇറാനിലെ പുരോഹിത ഭരണകൂടത്തെ പുറത്താക്കാന്‍ ജനങ്ങളെ സഹായിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ മേഖലയില്‍ സംഘര്‍ഷം കടുക്കുകയായിരുന്നു. ഇതിന് തിരിച്ചടിയായി ഖത്തര്‍, കുവൈറ്റ്, ബഹ്റൈന്‍ എന്നിവിടങ്ങളിലെ യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെയും യുഎഇ, സൗദി അറേബ്യ, ഒമാന്‍ എന്നിവിടങ്ങളിലേക്കും ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയിരുന്നു.

എണ്ണ വിപണി പ്രതിസന്ധിയില്‍

ലോകത്തെ പ്രതിദിന എണ്ണ ഉപഭോഗത്തിന്റെ 20 ശതമാനവും കടന്നുപോകുന്നത് കേവലം 33 കിലോമീറ്റര്‍ മാത്രം വീതിയുള്ള ഈ കടലിടുക്കിലൂടെയാണ്. സൗദി അറേബ്യ, ഇറാഖ്, യുഎഇ തുടങ്ങിയ പ്രമുഖ രാജ്യങ്ങളുടെ എണ്ണ കയറ്റുമതി തടസ്സപ്പെടുന്നത് ക്രൂഡ് ഓയില്‍ വില കുത്തനെ ഉയരാന്‍ കാരണമാകും.

ഹോര്‍മുസ് കടലിടുക്ക് അടച്ചതോടെ സൗദി അറേബ്യ, യുഎഇ, ഇറാഖ്, കുവൈറ്റ്, ഖത്തര്‍ എന്നിവിടങ്ങളിലെ എണ്ണ വ്യാപാരത്തെ പൂര്‍ണമായും ബാധിക്കും.
ഇത് ലോകത്തെ അഞ്ചിലൊന്ന് എണ്ണ പ്രവാഹം സ്തംഭിക്കും.

യെമനിലെ ഹൂത്തി വിമതര്‍ ചെങ്കടലില്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് പിന്നാലെ ഹോര്‍മുസ് കടലിടുക്ക് കൂടി അടച്ചത് ആഗോള ഷിപ്പിംഗ് മേഖലയെ പൂര്‍ണ്ണമായും തളര്‍ത്തുമെന്ന ഭീതിയിലാണ് രാജ്യാന്തര സമൂഹം. ഇതോടെ ടെഹ്റാനും അമേരിക്കയും തമ്മിലുള്ള ഈ നേരിട്ടുള്ള ഏറ്റുമുട്ടല്‍ ഒരു വന്‍ യുദ്ധത്തിലേക്ക് വഴിമാറുമോ എന്ന ആശങ്കയിലാണ് ലോകരാജ്യങ്ങള്‍.

Content Summary: Iran shuts strait of Hormuz

Leave a Reply

Your email address will not be published. Required fields are marked *

×