July 16, 2026 |
Share on

ശത്രുക്കളല്ലാത്തെവരുടെ കപ്പലുകള്‍ക്ക് ഹോര്‍മുസ് കടക്കാം; കടുപ്പിച്ച്‌ ഇറാന്‍

ഹോര്‍മുസില്‍ തങ്ങളുടെ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കുമെന്നാണ് ഇറാന്‍ ഐഎംഒ അംഗരാജ്യങ്ങള്‍ക്ക് അയച്ച കത്തില്‍ പറയുന്നത്

തങ്ങളോട് ശത്രുതയില്ലാത്ത രാജ്യങ്ങളുടെ കപ്പലുകള്‍ മാത്രമേ ഹോര്‍മുസ് കടലിടുക്കിലൂടെ കടത്തിവിടൂ എന്ന് ഇറാന്‍. ഇത്തരം കപ്പലുകള്‍ ഇറാന്‍ അധികൃതരുടെ അനുവാദത്തോടും നിര്‍ദ്ദേശത്തോടും കൂടി മാത്രമേ യാത്ര ചെയ്യാനാകൂ. അന്താരാഷ്ട്ര കപ്പല്‍ ഗതാഗത സംഘടന(ഐഎംഒ)-യിലെഅംഗരാജ്യങ്ങള്‍ക്ക് അയച്ച കത്തിലാണ് ഇക്കാര്യങ്ങള്‍ ഇറാന്‍ വ്യക്തമാക്കിയിരിക്കുന്നത്. ഫെബ്രുവരി 28-ന് യുഎസ്-ഇസ്രയേല്‍ സഖ്യം ഇറാനെതിരെ യുദ്ധം ആരംഭിച്ചതു മുതല്‍ തന്ത്രപ്രധാനമായ ഈ ജലപാത ഏകദേശം അടഞ്ഞുകിടക്കുകയാണ്. ഇറാനെതിരായ ആക്രമണങ്ങള്‍ക്കായി ഹോര്‍മുസ് കടലിടുക്ക് ദുരുപയോഗം ചെയ്യുന്നത് തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഇറാന്‍ വിദേശകാര്യ മന്ത്രാലയം ഐ.എം.ഒ അംഗങ്ങള്‍ക്ക് അയച്ച കത്തില്‍ പറയുന്നുണ്ട്.

ലോകത്തെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന ഈ പാതയില്‍ നിലവില്‍ ഏകദേശം 3,200 കപ്പലുകള്‍ കുടുങ്ങിക്കിടക്കുകയാണ്. വെറും 21 നോട്ടിക്കല്‍ മൈല്‍ മാത്രം വീതിയുള്ള ഈ ഇടുങ്ങിയ പാതയിലൂടെയുള്ള യാത്ര വലിയ സുരക്ഷാ ഭീഷണിയാണ് ഉയര്‍ത്തുന്നത്. യുദ്ധം തുടങ്ങിയ ശേഷം ഇതുവരെ 22 കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണം നടത്തിയിട്ടുണ്ട്. പ്രതിസന്ധി പരിഹരിക്കാനായി ഐ.എം.ഒ കഴിഞ്ഞ ആഴ്ച അടിയന്തര യോഗം വിളിക്കുകയും അവശ്യസാധനങ്ങള്‍ തീരാറായ കപ്പലുകള്‍ക്ക് പുറത്തുകടക്കാന്‍ ഒരു ‘മാനുഷിക ഇടനാഴി’ സ്ഥാപിക്കുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു.

അതിനിടെ, ഇറാന്റെ സമുദ്രാതിര്‍ത്തിയിലൂടെ ചുരുക്കം ചില കപ്പലുകളെ കടന്നുപോകാന്‍ അനുവദിക്കുന്നതായി ഷിപ്പ് ട്രാക്കിംഗ് ഡാറ്റകള്‍ സൂചിപ്പിക്കുന്നു. കപ്പലുകളുടെ ഐഡന്റിറ്റി കൃത്യമായി പരിശോധിച്ച ശേഷമാണ് ഇറാന്‍ ഇവയെ കടത്തിവിടുന്നത്. സുരക്ഷിതമായ യാത്ര ഉറപ്പാക്കാന്‍ ചില കപ്പലുകള്‍ ഏകദേശം 20 ലക്ഷം ഡോളര്‍ വരെ ഇറാനു നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. മാര്‍ച്ച് 11-ന് ഇറാന്‍ ആക്രമിച്ച ‘സേഫ്സീ വിഷ്ണു’ എന്ന കപ്പലിന്റെ ഉടമയും സേഫ്സീ ഗ്രൂപ്പ് സിഇഒയുമായ എസ്.വി. അഞ്ചന്‍, ഈ സാഹചര്യം പരിഹരിക്കാന്‍ എല്ലാ ഗവണ്‍മെന്റുകളും മുന്നോട്ടുവരണമൊന്നാണ് അഭ്യര്‍ത്ഥിക്കുന്നത്.

അമേരിക്കയുമായും ഇസ്രയേലുമായും ബന്ധമുള്ള കപ്പലുകള്‍ക്കും ആക്രമണത്തില്‍ പങ്കുചേരുന്ന രാജ്യങ്ങള്‍ക്കും ഈ പാതയിലൂടെയുള്ള യാത്രയ്ക്ക് അനുമതി നല്‍കില്ലെന്ന് ഇറാന്‍ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണികള്‍ക്കിടയിലും ജലപാതയുടെ മേലുള്ള നിയന്ത്രണം വിട്ടുകൊടുക്കാന്‍ ഇറാന്‍ തയ്യാറല്ല. യുദ്ധം അവസാനിച്ചാലും ഹോര്‍മുസ് കടലിടുക്കിലെ സാഹചര്യം പഴയതുപോലെയാകില്ലെന്നാണ് ഇറാന്റെ നിലപാട്.

ഹോര്‍മുസ് കടലിടുക്കിലെ ഗതാഗതം നിയന്ത്രിക്കുന്നതിനായി ഇറാന്‍ പാര്‍ലമെന്റ് പുതിയ നിയമങ്ങള്‍ കൊണ്ടുവരാന്‍ ഒരുങ്ങുകയാണ്. നിയമവിരുദ്ധമായ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയ രാജ്യങ്ങള്‍ക്കെതിരെയുള്ള നടപടിയായും, അന്താരാഷ്ട്ര ഇടപാടുകളില്‍ യുഎസ് ഡോളറിന് പകരം മറ്റ് കറന്‍സികള്‍ ഉപയോഗിക്കുന്നതിനായുള്ള നീക്കമായും ഇതിനെ കാണാമെന്ന് ഇറാനിയന്‍ പാര്‍ലമെന്റ് അംഗം മന്‍സൂര്‍ അലിമര്‍ദാനി പറഞ്ഞു. ഇറാന്റെ ഈ നീക്കം ആഗോള ഊര്‍ജ്ജ വിപണിയെയും സാമ്പത്തിക രംഗത്തെയും വരും ദിവസങ്ങളില്‍ കൂടുതല്‍ ബാധിക്കുമെന്നാണ് കരുതപ്പെടുന്നത്.

Content Summary: non-hostile vessels can transit the Strait of Hormuz . Iran saying in a letter that circulated IMO’s members

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×