June 04, 2026 |
Share on

ലോകത്തിന്റെ ഊര്‍ജ ധമനി; ഹോര്‍മുസ് കടലിടുക്ക് എന്തുകൊണ്ട് നിര്‍ണായകമാകുന്നു?

ലോക സമ്പദ് വ്യവസ്ഥയുടെ ചക്രം തിരിയുന്നത് ഹോര്‍മുസ് കടലിടുക്കിലൂടെ

ലോകത്തെ ഏറ്റവും നിര്‍ണായകമായ എണ്ണ വ്യാപാര പാതയായ ഹോര്‍മുസ് കടലിടുക്കില്‍ യുദ്ധകാഹളം മുഴങ്ങുകയാണ്. ഇറാനെതിരായ യുഎസ്-ഇസ്രയേല്‍ സംയുക്ത സൈനിക നീക്കങ്ങളും അതിനോടുള്ള ഇറാന്റെ ശക്തമായ തിരിച്ചടിയും പശ്ചിമേഷ്യയെ ഒരു വന്‍ സ്‌ഫോടനത്തിന്റെ അരികിലെത്തിച്ചിരിക്കുകയാണ്. തന്ത്രപ്രധാനമായ ജലപാത അടച്ചതോടെ ആഗോള എണ്ണ വിപണിയെയും ലോക സമ്പദ് വ്യവസ്ഥയെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

എന്താണ് ഹോര്‍മുസ് കടലിടുക്ക്?

ഒമാനും ഇറാനും ഇടയിലുള്ള ഇടുങ്ങിയ ജലപാതയാണിത്. വടക്ക് ഭാഗത്ത് ഇറാനും തെക്ക് ഭാഗത്ത് ഒമാനും യുണൈറ്റഡ് അറബ് എമിറേറ്റ്‌സും ആണ് ഹോര്‍മുസ് കടലിടുക്കിന്റെ അതിരുകള്‍. ഈ ഇടുങ്ങിയ ജലപാത ലോകത്തിന്റെ ‘ഊര്‍ജ്ജ ധമനി’ എന്നാണ് അറിയപ്പെടുന്നത്. മിഡില്‍ ഈസ്റ്റിലെ പ്രധാന എണ്ണ ഉല്‍പ്പാദക രാജ്യങ്ങളെ അറബിക്കടലുമായും ഇന്ത്യന്‍ മഹാസമുദ്രവുമായും ബന്ധിപ്പിക്കുന്ന ഏക കടല്‍മാര്‍ഗ്ഗമാണിത്.

ലോകത്തെ എണ്ണ വിതരണത്തിന്റെയും കടല്‍ വഴിയുള്ള ഗ്യാസ് ടാങ്കറുകളുടെയും ഏകദേശം 20 ശതമാനവും ഈ പാതയിലൂടെയാണ് കടന്നുപോകുന്നത്. ഏറ്റവും ഇടുങ്ങിയ ഭാഗത്ത് വെറും 33 കിലോമീറ്റര്‍ മാത്രം വീതിയുള്ള ഈ പ്രദേശം അടച്ചുപൂട്ടുന്നത് പ്രതിദിനം 15 ദശലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണയുടെ വിതരണം തടസ്സപ്പെടുത്തും. സൗദി അറേബ്യ, യുഎഇ, ഇറാഖ്, കുവൈറ്റ്, ഖത്തര്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള എണ്ണ കയറ്റുമതിക്ക് ഈ കടലിടുക്കിനെ മറികടക്കാന്‍ മറ്റ് പ്രായോഗിക മാര്‍ഗങ്ങളില്ല എന്നതും പ്രശ്‌നത്തിന്റെ തീവ്രത വര്‍ദ്ധിപ്പിക്കുന്നു. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ വ്യാപാര പാതയായതിനാല്‍ ഭൗമരാഷ്ട്രീയപരമായി ‘ചോക്ക് പോയിന്റ്’ എന്നും അറിയപ്പെടുന്നു.

ഹോര്‍മുസ് കടലിടുക്കിന്റെ 33 കിലോമീറ്റര്‍ സഞ്ചാരപാതയില്‍, കപ്പലുകള്‍ക്ക് കടന്നുപോകാന്‍ വെറും മൂന്ന് കിലോമീറ്റര്‍ വീതി മാത്രമേയുള്ളൂ. മിഡില്‍ ഈസ്റ്റിലെ പ്രമുഖ എണ്ണ ഉത്പാദകരെ ലോകവിപണിയുമായി ബന്ധിപ്പിക്കുന്ന ഏക കടല്‍മാര്‍ഗമാണിത്.

ഹോര്‍മുസ് കടലിടുക്കിന്റെ പ്രാധാന്യം

ലോക സമ്പദ് വ്യവസ്ഥയുടെ ചക്രം തിരിയുന്നത് ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണ പ്രവാഹത്തെ ആശ്രയിച്ചാണ്. ലോകത്തിലെ ഏറ്റവും വലിയ എല്‍എന്‍ജി കയറ്റുമതിക്കാരായ ഖത്തര്‍, സൗദി അറേബ്യ, ഇറാഖ്, യുഎഇ, കുവൈറ്റ് എന്നീ രാജ്യങ്ങള്‍ക്ക് എണ്ണ കയറ്റുമതിക്ക് മറ്റൊരു പാതയില്ലാത്തതാണ് ഗുരുതര പ്രതിസന്ധിക്ക് കാരണം.

ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന എണ്ണയുടെ 75 ശതമാനവും ഇന്ത്യ, ചൈന, ജപ്പാന്‍ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളിലേക്കാണ് എത്തുന്നത്. അതിനാല്‍ ഇവിടെയുണ്ടാകുന്ന പ്രതിസന്ധി ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഇന്ധനവില കുതിച്ചുയരാനും പണപ്പെരുപ്പത്തിനും കാരണമാകും.

ഇറാന്റെ കരുത്തും സാമ്പത്തിക പ്രത്യാഘാതങ്ങളും

ലോകത്തിലെ നാലാമത്തെ വലിയ എണ്ണ ശേഖരമുള്ള (170 ബില്യണ്‍ ബാരല്‍) രാജ്യമാണ് ഇറാന്‍. അതായത് ആഗോള ശേഖരത്തിന്റെ 9% ഇറാന്‍ കൈവശം വയ്ക്കുന്നു. നിലവില്‍ പ്രതിദിനം 3.5 ദശലക്ഷം ബാരല്‍ ഉല്‍പ്പാദനമുള്ള ഇറാന്‍, യുഎസ് ഉപരോധങ്ങള്‍ക്കിടയിലും തങ്ങളുടെ ഉല്‍പ്പാദനം റെക്കോര്‍ഡ് നിലയിലേക്ക് ഉയര്‍ത്തിയിരുന്നു. ഇറാന്റെ ക്രൂഡ് ഓയിലിന്റെ 90 ശതമാനവും ഇറക്കുമതി ചെയ്യുന്നത് ചൈനയാണ്. യുഎസ് ആക്രമണങ്ങള്‍ ഇറാന്റെ ഉല്‍പ്പാദനത്തെ ബാധിച്ചാല്‍, ചൈന മറ്റു രാജ്യങ്ങളില്‍ നിന്ന് എണ്ണ വാങ്ങാന്‍ ശ്രമിക്കുന്നത് ആഗോളതലത്തില്‍ വലിയ വിലക്കയറ്റത്തിന് കാരണമാകും.

സൈനിക നടപടികള്‍ക്ക് മുന്‍പ് എണ്ണ വിപണിയില്‍ ബാരലിന് 67 ഡോളറായിരുന്ന ക്രൂഡ് ഓയില്‍ വില്, നിലവിലെ സാഹചര്യത്തില്‍ ഇത് 90 ഡോളറിലേക്കോ അല്ലെങ്കില്‍ 100 ഡോളറിന് മുകളിലേക്കോ കുതിക്കാന്‍ സാധ്യതയുണ്ടെന്ന് റിസ്റ്റാഡ് എനര്‍ജി പോലുള്ള സ്ഥാപനങ്ങള്‍ വിലയിരുത്തുന്നു. ഇത് വികസിത രാജ്യങ്ങളില്‍ പണപ്പെരുപ്പം ഉയര്‍ത്തുകയും ജനങ്ങളുടെ ജീവിതച്ചെലവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

പ്രതിസന്ധി മറികടക്കാന്‍ ഒപെക് രാജ്യങ്ങളും റഷ്യയും ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും, ഹോര്‍മുസ് കടലിടുക്ക് ദീര്‍ഘകാലം അടഞ്ഞുകിടന്നാല്‍ ആ നീക്കങ്ങള്‍ ഫലം കാണില്ല.

ഫെബ്രുവരി 28 ന് ഇസ്രയേല്‍ ടെഹ്റാനെതിരെ ആക്രമണം ആരംഭിച്ചതോടെയാണ് പശ്ചിമേഷ്യ യുദ്ധമുനമ്പില്‍ എത്തിയത്. തൊട്ടുപിന്നാലെ അമേരിക്കയും നേരിട്ട് സൈനിക നീക്കങ്ങള്‍ ആരംഭിച്ചു. ഇസ്രയേലും അമേരിക്കയും നടത്തിയ സൈനികാക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയും കുടുംബവും കൊല്ലപ്പെട്ടിരുന്നു. ഇതോടെ ഇറാനും ആക്രമണം ശക്തമാക്കി. ഗള്‍ഫ് മേഖലകളിലേക്കും യുദ്ധം വ്യാപിച്ചു.

തുടര്‍ന്ന് തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് അടച്ചിടുകയാണെന്ന് ഇറാന്‍ വ്യക്തമാക്കി. നിയന്ത്രണം ലംഘിച്ച് കടലിടുക്ക് വഴി കടന്നുപോകാന്‍ ശ്രമിക്കുന്ന കപ്പലുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുമെന്ന് ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

കേവലം ഒരു എണ്ണ ഉല്‍പ്പാദന രാജ്യം എന്നതിലുപരി, ലോകത്തിന്റെ ഊര്‍ജ്ജ ഗതാഗതത്തെ ഒന്നാകെ നിയന്ത്രിക്കാന്‍ ശേഷിയുള്ള തന്ത്രപ്രധാനമായ സ്ഥാനമാണ് ഇറാന്റേത്. പശ്ചിമേഷ്യയില്‍ രൂപപ്പെടുന്ന ഒരു പൂര്‍ണ്ണ യുദ്ധം ആ മേഖലയെ മാത്രമല്ല, ആഗോള സമ്പദ്വ്യവസ്ഥയെ തന്നെ തകര്‍ക്കുന്ന ഒരു മഹാമാന്ദ്യത്തിലേക്ക് നയിച്ചേക്കാം. ലോകത്തിന്റെ ഊര്‍ജ്ജ സുരക്ഷാ ഭൂപടത്തിലെ ഏറ്റവും നിര്‍ണ്ണായകമായ കണ്ണിയാണ് ഹോര്‍മുസ് കടലിടുക്ക്. അതുകൊണ്ടുതന്നെ, ഈ ജലപാത അടച്ചുപൂട്ടുന്നത് അന്താരാഷ്ട്ര വിപണിയില്‍ തടുക്കാനാവാത്ത ഒരു ‘സാമ്പത്തിക സുനാമി’ക്ക് വഴിവെക്കുമെന്നതില്‍ തര്‍ക്കമില്ല. അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടുകയും നയതന്ത്ര ചര്‍ച്ചകളിലൂടെ പ്രശ്‌നപരിഹാരം കണ്ടെത്തുകയും ചെയ്തില്ലെങ്കില്‍, ആഗോള വിപണി അഭൂതപൂര്‍വമായ ഒരു തകര്‍ച്ചയെയാകും അഭിമുഖീകരിക്കേണ്ടി വരിക.

Content Summary: Why is the Strait of Hormuz critical?

Leave a Reply

Your email address will not be published. Required fields are marked *

×