June 26, 2026 |

”നിങ്ങള്‍ നിങ്ങളുടെ പണിയായുധങ്ങളുമായി ഒന്ന് മാറി നില്‍ക്കൂ!”- ടെലിവിഷന്‍ കാലത്തെ വി.എസ്

എവിടേയും സ്വീകാര്യത ഉറപ്പാക്കുന്ന ജനകീയത വി.എസിനുണ്ടായി

എഴുത്തുകാരിയും അധ്യാപികയും സാമൂഹ്യപ്രവര്‍ത്തകയുമായ സുജ സൂസന്‍ ജോര്‍ജ്ജ് കഴിഞ്ഞ ദിവസം അധികമാര്‍ക്കും അറിയാത്ത ഒരു വി.എസ് സ്മരണ എഴുതുകയുണ്ടായി. സൂര്യനെല്ലി പെണ്‍കുട്ടി എന്നറിയപ്പെടുന്ന അതിജീവിതയുടെ കുടുംബത്തെ വി.എസ് സന്ദര്‍ശിച്ചതിനെ കുറിച്ച്. അക്കാലത്ത് 85 വയസിന് മേല്‍ പ്രായമുള്ള വി.എസ് സൂര്യനെല്ലി കേസിനെ കുറിച്ച് സംസാരിക്കാന്‍ കുട്ടനാട്ടിലെ പാര്‍ട്ടി ഓഫീസില്‍ സുജ ടീച്ചറെ വിളിച്ച് വരുത്തി. കേസിനെ കുറിച്ച് ആഴത്തില്‍ മനസിലാക്കി.

ടീച്ചര്‍ എഴുതുന്നു: ‘അതിന് അടുത്ത ആഴ്ച വിഎസ് ചെങ്ങനാശേരിയിലെ അവരുടെ വീട് സന്ദര്‍ശിച്ചു. അടച്ചിട്ട മുറിയിലിരുന്ന് മാതാപിതാക്കളോടും അവളോടും സംസാരിച്ചു. അവരുടെ സങ്കടങ്ങളെ ആറ്റിത്തണുപ്പിച്ചു. പുറമെ നിന്ന് ഞാന്‍ മാത്രം. വിഎസ് ബാഗ് തുറന്ന് ഒരു ലക്ഷം രൂപ എടുത്ത് അവളുടെ പപ്പയുടെ കയ്യില്‍ കൊടുത്തു. അദ്ദേഹം അത് വാങ്ങാന്‍ മടിച്ചു. വളരെ പതുക്കെ മന്ത്രിക്കും പോലെ വിഎസ് പറഞ്ഞു-”ഇത് അവളുടെ മുത്തശ്ശന്‍ തരുന്നതാണ്. വാങ്ങിക്കോളൂ. ഇതെന്റെ പെന്‍ഷന്‍ കാശ് സൂക്ഷിച്ചു വെച്ചതാണ്.” അതാണ് വിഎസ്. അങ്ങനെയായിരുന്നു വി എസ്.’

എന്നാല്‍ അങ്ങനെയല്ലായിരുന്നു പൊതുസമൂഹത്തിന് മുന്നില്‍ ഏതാണ്ട് തൊണ്ണൂറുകളുടെ മധ്യം വരെ വി.എസിനെ കുറിച്ചുള്ള ചിത്രം. തൊണ്ണൂറുകളുടെ ഏതാണ്ട് പകുതി വരെ വി.എസ് അച്യുതാനന്ദന്‍ മാധ്യമങ്ങള്‍ക്കോ എതിര്‍പാര്‍ട്ടിക്കാര്‍ക്കോ യാതൊരു സമ്മതിയില്ലാത്ത കര്‍ക്കശനായിരുന്ന കമ്യൂണിസ്റ്റായിരുന്നുവെന്ന് ഇന്നിപ്പോള്‍ തിരിഞ്ഞ് നോക്കുമ്പോള്‍ അത്ഭുതം തോന്നും. മുഖ്യധാരാ പത്രങ്ങളും പോപുലര്‍ സിനിമകളും പ്രചരിപ്പിച്ച ബീഡി വലിക്കുന്ന, കൈലി മുണ്ട് മടക്കി കുത്തിയ, ആളുകളോട് വഴക്കുണ്ടാക്കുന്ന, പിന്നാക്കക്കാരനായ കമ്യൂണിസ്റ്റുകളുടെ പ്രതീകമായിരുന്നു അക്കാലം വരെ വി.എസ്. ഇ.കെ നായനാര്‍ ജനകീയ മുഖം, വി.എസ് അച്യുതാനന്ദന്‍ കാര്‍ക്കശ്യ മുഖം എന്ന സമവാക്യത്തിലാണ് മാധ്യങ്ങളും നീങ്ങിയത്. വി.എസിന്റെ നീട്ടിയും പരത്തിയുമുള്ള സംസാര ശൈലി അന്ന് പരിഹാസ്യമായിരുന്നു. വി.എസ് അശ്ലീലം പറയുമെന്നും സഭ്യമല്ലാത്ത വാക്കുകള്‍ പറയുമെന്നും മുഖ്യധാരക്കാര്‍ പറയും.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ പാര്‍ട്ടി സെക്രട്ടറിയേറ്റിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞയാളും അന്നത്തെ ബൃഹത്തായ ആലപ്പുഴ ജില്ലയുടെ സെക്രട്ടറിയും പിന്നീട് സി.പി.ഐ.എമ്മിന്റെ സ്ഥാപകനേതാവും കേന്ദ്രകമ്മിറ്റി അംഗവുമെല്ലാമായ വി.എസ് അച്യുതാന്ദനാകട്ടെ ഈ മാധ്യമങ്ങളെ ഗൗനിച്ചതേ ഇല്ല. ഒന്‍പത് വയസുള്ളപ്പോള്‍, സ്‌ക്കൂളില്‍ കൂടെ പഠിക്കുന്ന മേല്‍ജാതിക്കാരായ കുട്ടികളുടെ മര്‍ദ്ദനത്തെ കുറിച്ച് പരാതി പറഞ്ഞപ്പോള്‍ അരഞ്ഞാണം മേടിച്ച് കൊടുത്ത അച്ഛന്റെ മകനാണ്. ആ അരഞ്ഞാണം ധരിക്കാനുള്ളതായിരുന്നില്ല, ദേഹരക്ഷയ്ക്ക് വേണ്ടി വീശിയടിക്കാനുള്ളതായിരുന്നു. വസൂരിക്ക് കീഴടങ്ങിയ അമ്മയെ നാലാം വയസിലും അച്ഛനെ പതിനൊന്നാം വയസിലും നഷ്ടപ്പെട്ട പയ്യന്‍ മുണ്ടുമുറുക്കിയുടുത്ത് പണിയെടുക്കുന്നതിനൊപ്പം തൊഴിലാളികളെ കൂലി ചോദിക്കാന്‍ പ്രാപ്തരാക്കുകയും ചെയ്തു. ആലപ്പുഴയിലും കുട്ടനാട്ടിലും ജന്മികളോട് പൊരുതിയ, ജന്മികളുടെ ഗുണ്ടകള്‍ നിരന്തരം തല്ലിക്കൊല്ലാറാക്കിയ, ഒരിക്കല്‍ മരിച്ചെന്ന് കരുതി ഉപേക്ഷിച്ച ആ ചെറുപ്പക്കാനായിരുന്നു കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തെക്കന്‍ കേരളത്തിലെ നട്ടെല്ല്. കര്‍ഷകരോടും തൊഴിലാളികളോടും സംസാരിച്ചും ഇടപെട്ടും പഴകിയ സംസാര ശൈലി മുഖ്യധാര സമൂഹത്തിന് യോജിക്കുന്ന തരത്തില്‍ മാറ്റി കൂടുതല്‍ ‘സഭ്യ’മാക്കുവാന്‍ ആ കമ്മ്യൂണിസ്റ്റ് സൗകര്യമില്ലായിരുന്നു.

1980-ല്‍ വി.എസ് സി.പി.ഐ.എമ്മിന്റെ സെക്രട്ടറിയായതിന് ശേഷം പാര്‍ട്ടിയുടെ വളര്‍ച്ച അതിദ്രുതമായിരുന്നു. വി.എസ് 1991-ല്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനമൊഴിയുമ്പോള്‍ ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐയും സി.ഐ.റ്റി.യുമെല്ലാം കേരള സമൂഹത്തിന്റെ നിത്യജീവിതത്തിന്റെ ഭാഗമായി. പാര്‍ട്ടി അടിത്തറ ഭദ്രമായി. കെ.കരുണാകരന്റെ അഞ്ചുവര്‍ഷം തികച്ച് ഭരിച്ച സര്‍ക്കാരിനെ തൂത്തെറിയാന്‍ പാകത്തിന് കരുത്താര്‍ജ്ജിച്ചു. സമരങ്ങളാല്‍ കേരളം പ്രക്ഷുബ്ധമായി. വയലാര്‍ രവിയുടെ ആഭ്യന്തര ഭരണത്തിന്‍ കീഴില്‍ ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐയും അടിയേറെ കൊണ്ടു. കാമ്പസുകളില്‍ എസ്.എഫ്.ഐ തിരിച്ചടിച്ച് മുന്നേറി. പാര്‍ട്ടിയുടെ വന്‍ നേതാവായ എം.വി.രാഘവന്‍ ഒരു കൂട്ടം ചെറുപ്പക്കാരേയും കൊണ്ട് സി.പി.ഐ.എം വിട്ടതും അക്കാലത്താണ്. പക്ഷേ 1987-ല്‍ കരുത്തോടെ സി.പി.ഐ.എം അധികാരത്തിലേറി. നായനാരുടെ നേതൃത്വത്തിലുള്ള ഭരണം ശ്രദ്ധേയമായിരുന്നു. 1991-ലെ തിരഞ്ഞെടുപ്പിനിടയില്‍ രാജീവ് ഗാന്ധി കൊല്ലപ്പെട്ടില്ലായിരുന്നുവെങ്കില്‍ ഇടത് പക്ഷം ഭരണം തിരിച്ച് വന്നേനെ എന്ന് വിശ്വസിക്കുന്നവരുമുണ്ട്. ഈ നേട്ടങ്ങളെല്ലാം പാര്‍ട്ടിക്ക് ഉണ്ടാകുമ്പോഴും ഇടത്പക്ഷ വൃത്തത്തിന് പുറത്ത് വി.എസിന്റെ ജനകീയത തുലോം തുച്ഛമായിരുന്നു.

1996-ല്‍ വി.എസ് അച്യുതാനന്ദനെ മുന്‍നിര്‍ത്തിയാണ് സി.പി.ഐ.എം തിരഞ്ഞെടുപ്പിനെ നേരിട്ടത്. 1992 മുതല്‍ പ്രതിപക്ഷ നേതാവായിരുന്ന വി.എസ് അപ്പോഴേയ്ക്കും സി.പി.ഐ.എമ്മിന്റെ ഏറ്റവും മുതിര്‍ന്ന നേതാക്കളിലൊരാളായി മാറിയിരുന്നു. പോളിറ്റ് ബ്യൂറോ അംഗം കൂടിയായ വി.എസിന്റെ നേതൃത്വത്തില്‍ കെ.കരുണാകനും അവസാന ഒരു വര്‍ഷം മുഖ്യമന്ത്രിയായിരുന്ന എ.കെ.ആന്റണിക്കെതിരെയും ഇടത്പക്ഷം ആഞ്ഞടിച്ചു. 1996-ലെ തിരഞ്ഞെടുപ്പില്‍ സി.പി.ഐ.എമ്മിന്റെ നേതൃത്വത്തില്‍ ഇടത്പക്ഷം വിജയിച്ചുവെങ്കിലും വി.എസ് മാരാരിക്കുളത്ത് പരാജയപ്പെട്ടു. പരാജയത്തിന് ശേഷം വീട്ടില്‍ കൈയ്യില്ലാത്ത ബനിയനും കൈലിയും ധരിച്ച് വി.എസ് മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചു. അപ്പോള്‍ വി.എസിന് പ്രായം 73 വയസാണ്. പലരും രാഷ്ട്രീയത്തില്‍ നിന്ന് വി.എസ് വിരമിച്ചേക്കുമെന്ന് കരുതി. അത് പക്ഷേ വി.എസിന്റെ രണ്ടാം ഇന്നിങ്സിന്റെ ആരംഭമായിരുന്നു.

അക്കാലത്ത് ഏഷ്യാനെറ്റും സൂര്യാ ടിവിയും ദൂരദര്‍ശനും മാത്രമേ ഉള്ളൂ. ടെലിവിഷന്‍ ക്യാമറ എന്ന മാധ്യമത്തെ പിന്നീട് വി.എസ് തനിക്ക് വേണ്ടി ഉപയോഗിച്ചു. കാര്‍ക്കശ്യക്കാരനായ വി.എസ് പിന്നീടുള്ള കാലത്ത് ടെലിവിഷന്റെ ഓമനയായി മാറി. വി.എസിന്റെ നിഴലിന് പുറകേ പോലും ക്യാമറ സഞ്ചരിച്ചു. ഒരു ശൈലീമാറ്റവും വി.എസ് വരുത്തിയില്ല. പക്ഷേ ക്യാമറയ്ക്ക് മുന്നില്‍ ഏറ്റവും പ്രിയങ്കരമായി വി.എസ് മാറി. ഓരോ വിഷയവും വി.എസ് പഠിച്ചു. തനിക്ക് പുറകേ വരുന്ന മാധ്യമങ്ങളെ ഇടത്പക്ഷത്തിന് വേണ്ട കാഴ്ചകളൊരുക്കാന്‍ വി.എസ് ഉപയോഗിച്ചു. പറഞ്ഞതിനെല്ലാം തെളിവുകളുണ്ടാക്കി. അവ കേരളമല്ല, മലയാളികളുള്ളിടത്ത് മുഴുവന്‍ എത്തുന്നുണ്ട് എന്ന് ഉറപ്പ് വരുത്തി.

പിന്നീട് സി.പി.ഐ.എമ്മിന്റെ ചരിത്രത്തില്‍ നാഴികകല്ലായി മാറിയ മലപ്പുറം സംസ്ഥാന സമ്മേളനത്തില്‍ വിവാദനായനായ വി.എസ് ആണ് മുതിര്‍ന്ന അംഗം എന്ന നിലയില്‍ പതാക ഉയര്‍ത്തിയത്. വി.എസ് എന്ത് പറയും എന്ന് പ്രതീക്ഷിച്ച് നിന്ന ക്യാമറകള്‍ക്ക് മുന്നില്‍ കേരളത്തോട് വി.എസ് പ്രഖ്യാപിച്ചു: വീറോടെ ഞാനീ പതാക ഉയര്‍ത്തുന്നു വീറ് എന്ന വാക്കിന് ഇത്രയും വീറുണ്ടായ അവസരം ഉണ്ടാകില്ല. മതികെട്ടാനില്‍ തനിക്കൊപ്പം ക്യാമറകളെ വി.എസ് മലകയറ്റി. തന്നെ സ്ഥാനാര്‍ത്ഥിയാക്കേണ്ടതില്ല എന്ന് പാര്‍ട്ടി തീരുമാനിച്ചുവെന്ന് വാര്‍ത്ത വന്ന ദിവസം ഡല്‍ഹിയില്‍ ജെ.എന്‍.യുവിന്‍ നേരത്തേ നിശ്ചയിച്ച പരിപാടിയില്‍ വി.എസ് എത്തുമ്പോള്‍ ദേശീയ മാധ്യമങ്ങളടക്കമാണുണ്ടായിരുന്നത്. കെ.അജിത എന്ന മുന്‍ നക്സലേറ്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന സ്ത്രീകളുടെ സാമൂഹ്യരക്ഷക്ക് വേണ്ട പോരാട്ടത്തില്‍, എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പോരാട്ടത്തില്‍, സി.പി.ഐ.എമ്മിനോട് ഏറെ ഇടഞ്ഞ് നില്‍ക്കുന്ന പെമ്പിള ഒരുമൈ എന്ന ഗോമതിയുടെ നേതൃത്വത്തിലുള്ള കൂട്ടായ്മയില്‍ എല്ലാം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സാന്നിധ്യം ഉറപ്പ് വരുത്തുന്നതില്‍ വി.എസിന് സാധിച്ചു. ഇതെല്ലാം ചരിത്രരേഖകളുമായി.

മാറാട് കലാപകാലത്ത് കൊല്ലപ്പെട്ടവരുടെ വീടുകളില്‍, അക്രമാസക്തരായി നില്‍ക്കുന്ന അരയസമാജം പ്രവര്‍ത്തകര്‍ക്കിടയിലേയ്ക്ക്, വി.എസ് കടന്ന് ചെന്നു. ഭയമോ മടിയോ ഇല്ല. എവിടേയും സ്വീകാര്യത ഉറപ്പാക്കുന്ന ഒരു ജനകീയത ഇക്കാലത്ത് വി.എസിനുണ്ടായി. പാര്‍ട്ടിയുടെ നിയന്ത്രണങ്ങളെ അതിലംഘിക്കുമോ എന്ന് മാധ്യമങ്ങള്‍ വീര്‍പ്പുമുട്ടി. എന്നാല്‍ പാര്‍ട്ടി അനുവദിക്കുന്ന വിമര്‍ശനങ്ങള്‍ക്കപ്പുറത്തേയ്ക്ക് വി.എസ് പോയില്ല. നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പിന്റെ അന്ന് കൊല്ലപ്പെട്ട ടി.പി.ചന്ദ്രശേഖരന്റെ പത്നി കെ.കെ.രമയെ കാണാന്‍ അവരുടെ വീട്ടിലെത്തിയത് പാര്‍ട്ടിക്കാര്‍ക്കിടയില്‍ വലിയ വിമര്‍ശനം ഉണ്ടാക്കി. പക്ഷേ വി.എസ് കൂട്ടാക്കിയില്ല. താന്‍ സി.പി.ഐ.എമ്മില്‍ ഉള്ളിടത്തോളം പാര്‍ട്ടിയുമായി തകര്‍ക്കാന്‍ പറ്റാത്ത ഒരു പാലം സി.പി.ഐ.എമ്മിനെ ഏറ്റവും എതിര്‍ക്കുന്നവര്‍ക്കിടയിലും ഉണ്ടാക്കിയിട്ടേ വി.എസ് മടങ്ങിയുള്ളൂ.

അപ്പോഴേയ്ക്കും ജനകീയ സമരങ്ങളുടെ, സ്ത്രീ പക്ഷ പോരാട്ടങ്ങളുടെ മുഖമായി വി.എസ് മാറി. കന്യാസ്ത്രീമാരുടെ പ്രശ്നങ്ങളില്‍, നഴ്സുമാരുടെ പ്രശ്നത്തില്‍, പരിസ്ഥിതി പ്രശ്നങ്ങളില്‍ വി.എസ് ഇടപെട്ടു. ആര്‍ക്കും സമീപിക്കാവുന്ന ഒരു പിതൃസാന്നിധ്യമായി വി.എസ് നിലനിന്നു. എല്ലാ വ്യവസ്ഥാപിത അധികാരസ്ഥാപനങ്ങളേയും വി.എസ് വെല്ലുവിളിച്ചു. മതമേധാവിമാരേയും സമുദായ നേതാക്കളെയും അദ്ദേഹം കൂസാക്കിയില്ല. വെള്ളാപ്പിള്ളി നടേശനെ ഷൈലോക്ക് എന്നും സമൂഹത്തില്‍ വിഷം വിതയ്ക്കുന്ന ജീവി എന്നും വിളിച്ചു. എന്‍.എസ്.എസ് നേതൃത്വം വി.എസിന്റെ വാക്കിന്റെ വാള്‍മുനയുടെ സ്ഥിരം ഇരകളായിരുന്നു. ക്രിസ്തീയ, മുസ്ലീം മതനേതൃത്വങ്ങളുടെ സമ്മര്‍ദ്ദങ്ങളെ എല്ലാം വി.എസ് പരിഹസിച്ചു. തിരുവിതാംകൂറിലെ പഴയ രാജകുടുംബത്തിന്റെ പിന്തുടര്‍ച്ചക്കാരുടെ പൊള്ളത്തരങ്ങളേയും മിഥ്യാഭിമാനങ്ങളേയും വി.എസ് കടപുഴക്കിയെറിഞ്ഞു. പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സ്വര്‍ണം പൊതുസ്വത്താണെന്ന് പ്രഖ്യാപിച്ച വി.എസ് ഈ കുടുംബം അവിടെ നിന്ന് സ്വര്‍ണം കടത്തിയോ എന്ന് സംശയമുണ്ട് എന്ന് വരെ കടത്തി പറഞ്ഞു. സവര്‍ണ മാടമ്പി തരങ്ങളെ മുച്ചൂടും എതിര്‍ത്ത വി.എസ് ഇടമലയാര്‍ അഴിമതിക്കേസില്‍ ആര്‍.ബാലകൃഷ്ണപിള്ള ജയിലാകുന്നത് വരെ അക്ഷീണം പോരാടി.

കോണ്‍ഗ്രസിനേയും ബി.ജെ.പിയേയുമൊന്നും വി.എസ് വെറുതെ വിട്ടില്ല. ‘പശു നിങ്ങളുടെ അമ്മയാണെങ്കില്‍ കാള നിങ്ങളുടെ അച്ഛനാണോ’ എന്ന് സംഘപരിവാറിനോടുള്ള വി.എസിന്റെ ചോദ്യം വര്‍ഷങ്ങള്‍ക്ക് ശേഷവും ആര്‍ഷഭാരതാഭിമാനികളുടെ വായടിപ്പിച്ച് കൊണ്ട് മുഴുങ്ങുന്നുണ്ട്. എ.കെ.ആന്റണി എന്ന ആദര്‍ശത്തെ കോണ്‍ഗ്രസ് കൊണ്ടു നടക്കുന്നത്, തിരുവിതാംകൂറിലെ ഉത്സവത്തിന് മുന്നില്‍ നടത്തുന്ന ‘ആറാട്ടുമുണ്ട’നെ നടത്തുന്നത് പോലെയാണ് എന്ന് കടന്നാക്രമിച്ചു. നടക്കാനാവാതെ വീല്‍ചെയറില്‍ രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയ ഡി.എം.കെ നേതാവ് കരുണാനിധിക്ക് വേണ്ടി പ്രചരണം നടത്തിയ ശേഷം കേരളത്തിലെത്തി വി.എസിന്റെ പ്രായാധിക്യത്തെ കുറിച്ച് സൂചിപ്പിച്ച രാഹുല്‍ഗാന്ധിയെ ‘അമുല്‍ ബേബി’യെന്നായിരുന്നു വി.എസ് വിശേഷിപ്പിച്ചത്. പ്രായത്തെ കുറിച്ച് സംശയമുള്ള ആളുകളെ നോക്കി ടി.എസ് തിരുമുമ്പിന്റെ കവിത സ്വതസിദ്ധമായ ഈണത്തില്‍ നീട്ടിയും കുറുക്കിയും ചൊല്ലി.

‘തല നരയ്കുവതല്ലെന്റെ വൃദ്ധത്വം-തല നരയ്കാത്തതല്ലെന്റെ യുവത്വവും/കൊടിയ ദുഷ്പ്രഭുത്വത്തിന്‍ തിരുമുമ്പില്‍/തലകുനിക്കാത്ത ശീലമെന്‍ യൗവനം..’

കുഞ്ഞുങ്ങളും സ്ത്രീകളും വി.എസിനായി മഴയിലും വെയിലിലും കാത്ത് നില്‍ക്കുന്നത് ടിവിയിലൂടെ മനുഷ്യരെല്ലാം കണ്ടു. വി.എസിന് വേണ്ടി നടക്കുന്ന പ്രകടനങ്ങളും കരച്ചിലും കണ്ടു. കണ്ണേ കരളേ വിയെസ്സേ എന്ന് ആയിരം തൊണ്ടകള്‍ സ്നേഹാര്‍ദ്രമായി ആര്‍ത്ത് വിളിക്കുന്നത് കണ്ട് അസഖ്യം മനുഷ്യരും സ്നേഹവായ്പോടെനിശബ്ദമായി ആ മുദ്രവാക്യം കൂടെ വിളിച്ചു.

പഴയ കഥയിലെ പൈഡ് പൈപ്പര്‍ ആയിരുന്നു അദ്ദേഹം. ഹാംലിനിലെ പൈഡ് പൈപ്പര്‍. തനിക്ക് പിന്നില്‍ വാര്‍ത്തക്യാമറകളെ അദ്ദേഹം നടത്തി. പൈഡ്പൈപ്പറിന്റെ പുറകെ കുഞ്ഞുങ്ങള്‍ സംഗീതം കേട്ട് ഉറക്കത്തില്‍ നടന്നത് പോലെ, ക്യാമറകള്‍ വി.എസിന് പുറകേ സഞ്ചരിച്ചു. അവര്‍ക്ക് വേണ്ടിയുള്ള ഇടങ്ങള്‍ അദ്ദേഹം സൃഷ്ടിക്കുകയാണ് എന്ന് മാധ്യമങ്ങള്‍ തെറ്റിദ്ധരിച്ചു. വിവാദമൂല എന്ന പത്രസമ്മേളന ശേഷമുള്ള ഇടത്ത് നിന്ന് തങ്ങള്‍ക്കായി വി.എസ് വാര്‍ത്തകള്‍ തരുന്നുണ്ട് എന്ന് അവര്‍ കരുതി. എന്നാല്‍ താന്‍ നിശ്ചയിച്ചതല്ലാതെ ഒരു വാക്ക് വി.എസ് പറഞ്ഞില്ല. കേരളത്തിലെ ടെലിവിഷന്‍ ഏറ്റവും വലിയ പാര്‍ട്ടിയും സ്വാധീനവുമായി സി.പി.ഐ.എമ്മിനെ തന്നെ കാണുന്നുവെന്ന് അദ്ദേഹം ഉറപ്പ് വരുത്തി.

ഡല്‍ഹിയിലൊരിക്കല്‍ കേരളഹൗസില്‍ നിന്ന് രാവിലെ കേന്ദ്ര കമ്മിറ്റിക്ക് പോകുന്ന വി.എസിനെ, അദ്ദേഹത്തിന്റെ മുറിയില്‍ നിന്ന് മുതല്‍ ക്യാമറയും മൈക്കിന്റെ കോലുകളും കൊണ്ട് ജേണലിസ്റ്റുകള്‍ വളഞ്ഞപ്പോള്‍ വി.എസ് പറഞ്ഞു: ”നിങ്ങള്‍ നിങ്ങളുടെ പണിയായുധങ്ങളുമായി മാറി നില്‍ക്കൂ.” ക്യാമറയും മൈക്കും വി.എസിന് ടെലിവിഷന്‍കാരുടെ പണിയായുധങ്ങളായിരുന്നു. കൂടുതലുമല്ല, കുറവുമല്ല. VS Achuthanandan in the television era

Content Summary: VS Achuthanandan in the television era

ശ്രീജിത്ത് ദിവാകരന്‍

ശ്രീജിത്ത് ദിവാകരന്‍

അഴിമുഖം കണ്‍സള്‍ട്ടന്റ് എഡിറ്റര്‍

More Posts

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×