1982 ൽ, സൗഹൃദത്തിന്റെ ഊഷ്മളതയിൽ സാഹിത്യവും സിനിമയും സംഗീതവും കൂട്ടിനുണ്ടായിരുന്ന കലാലയകാലം. സ്വീഡിഷ് മ്യൂസിക് ബാൻഡായ അബ്ബ (ABBA)യുടെ സംഗീതം മനസ്സിന്റെ വികാരതലങ്ങളെ ഉണർത്തിയ ഒരു സ്വപ്നകാലം കൂടിയായിരുന്നു അത്. അബ്ബയുടെ ഗാനങ്ങൾ ആകർഷകമായിരുന്നുവെന്ന് മാത്രമല്ല, അത് ഒരു മ്യൂസിക്കൽ മായാജാലമായിരുന്നു. “Gimme! Gimme! Gimme! (A Man After Midnight)” പോലുള്ള ഗാനങ്ങൾ കാതുകളിലൂടെ കയറി ഇറങ്ങി, തലയ്ക്ക് ചുറ്റും നൃത്തം വയ്ക്കുമായിരുന്നു. ഇന്നും ആ വരികൾ — “Won’t somebody help me chase the shadows away?” — മനസ്സിനെ ഇളക്കിമറിക്കുന്നതായി തോന്നാറുണ്ട്.
(Gimme, gimme, gimme a man after midnight
Won’t somebody help me chase the shadows away?)
രാത്രിയുടെ നിശബ്ദതയിൽ നിഴലുകളെ ഓടിക്കാനും, സ്നേഹത്തിനും സൗഹൃദത്തിനുമായി ഒരാളിനെ തേടുന്നവളുടെ അദമ്യമായ ആഗ്രഹമായിട്ടുമാണ് ആ വരികൾ അവതരിപ്പിക്കപ്പെട്ടത്. നിശബ്ദതയാൽ ചുറ്റപ്പെട്ട ഏകാന്തതയെ പ്രതിഫലിപ്പിക്കുന്ന ഈ ഗാനം, 1979 ൽ പുറത്തിറങ്ങിയപ്പോൾ ഡിസ്കോയുടെ കൊടുമുടിയിലായിരുന്ന സംഗീതസംസ്കാരത്തെ പ്രതിനിധീകരിക്കുന്നതായിരുന്നു. പശ്ചാത്തലത്തിൽ ഡിസ്കോ സംഗീതമാണെങ്കിലും, വരികൾ വിഷാദാത്മകവും വൈകാരികവുമാണ് എന്നതാണ് ഈ പാട്ടിന്റെ പ്രത്യേകത. ഇരുട്ടിലെ ശൂന്യതയും ഏകാന്തതയും അനുഭവിക്കുന്ന ലോകത്ത്, അർത്ഥവത്തായ മാനുഷിക ബന്ധത്തിനായുള്ള ആസക്തിയെക്കുറിച്ചുള്ള ഈ ഗാനം എക്കാലത്തെയും ഹിറ്റുകളിൽ ഒന്നായി എണ്ണപ്പെടുന്നു. പുറത്തിറങ്ങിയപ്പോൾ തന്നെ യുകെ, സ്വീഡൻ, ജർമനി, ജപ്പാൻ എന്നിവയുൾപ്പെടെ പത്തിലധികം രാജ്യങ്ങളിൽ “Gimme! Gimme! Gimme!” ചാർട്ടുകളിൽ മികച്ച സ്ഥാനം നേടി. അബ്ബ ലോകമെമ്പാടുമായി 40 കോടിയിലധികം റെക്കോർഡുകൾ വിറ്റഴിച്ചിട്ടുണ്ട്. ഇംഗ്ലീഷ് സംസാരിക്കാത്ത രാജ്യത്ത് നിന്നുള്ള ആദ്യത്തെ സംഗീത ഗ്രൂപ്പായ അബ്ബ, ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളുടെ ചാർട്ടുകളിൽ പോലും സ്ഥിരമായ വിജയം നേടി.

അബ്ബ ബാൻഡ്
അബ്ബയുടെ മാന്ത്രികത 1970-80 കാലഘട്ടത്തിൽ മാത്രമായി ഒതുങ്ങിയില്ല. ദശകങ്ങൾക്ക് ശേഷവും, അവരുടെ ഗാനങ്ങൾ ആനന്ദവും കണ്ണീരും ഉൾപ്പെടെയുള്ള സമ്മിശ്ര വികാരങ്ങളെ ഉണർത്തി, നൃത്തവേദികളെ ഇന്നും ജ്വലിപ്പിക്കുന്നു. “Dancing Queen”, “Mamma Mia”, “Fernando”, “The Winner Takes It All”, “Take a Chance on Me” എന്നിവ അബ്ബയുടെ എക്കാലത്തെയും മികച്ച ഹിറ്റ് ഗാനങ്ങളാണ്. അബ്ബ സർഗാത്മകതയുള്ള കലാകാരന്മാരുടെ ഒരു കൂട്ടായ്മ മാത്രമായിരുന്നില്ല; കാലത്തെ മറികടന്ന കാഴ്ചപ്പാടിനാൽ നയിക്കപ്പെട്ട ഒരു വികാരമോ സംവേദനമോ ആയിരുന്നു അത്. എന്നിട്ടും അവർ വേർപിരിഞ്ഞു.
രൂപീകരണവും വേർപിരിയലും
1972-ലാണ് അബ്ബ രൂപം കൊള്ളുന്നത്. രണ്ട് ദമ്പതികളുടെ കൂട്ടായ്മയായിരുന്നു അബ്ബ. ദമ്പതികളായിരുന്ന അഗ്നേത ഫൽത്സ്കോഗും ബിയോൺ ഉൽവേയൂസും 1980-ൽ വിവാഹമോചിതരായി. ഗാനങ്ങൾ തയ്യാറാക്കിയിരുന്ന ആനി-ഫ്രിഡ് ലിംഗ്സ്റ്റാഡും ബെന്നി ആൻഡേഴ്സണും 1981-ലും വേർപിരിഞ്ഞു. ഔദ്യോഗികമായി വേർപിരിയൽ പ്രഖ്യാപിച്ചിരുന്നില്ലെങ്കിലും, അവർക്കിടയിലെ ആഭ്യന്തര പിരിമുറുക്കങ്ങൾ — പ്രത്യേകിച്ച് ദമ്പതികളുടെ വേർപിരിയൽ — കാരണം 1982 ൽ ഗ്രൂപ്പ് പിരിച്ചുവിട്ടു. 1982-ൽ പിരിച്ചുവിടുന്നതിന് തൊട്ടുമുമ്പ് ഇറങ്ങിയ ഗാനങ്ങൾ കൂടുതൽ ഗൗരവമേറിയതും ചിന്തോദ്വീപകവുമായിരുന്നു (ഉദാഹരണത്തിന്, “The Day Before You Came”, “Under Attack” തുടങ്ങിയവ). ഇവ വ്യക്തിപരമായ പ്രശ്നങ്ങളെ പ്രതിഫലിപ്പിച്ചിരുന്നു. അഗ്നേത ആലപിച്ച “The Day Before You Came” മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്ന ഹൃദയസ്പർശിയായ ട്രാക്കാണ്. ഇതിലെ വരികൾ ട്രെയിൻ യാത്രകൾ, ഓഫീസ് ജോലി, ടിവി കാണൽ എന്നിങ്ങനെ ഒരു സാധാരണ ദിനചര്യയെ വരച്ചുകാട്ടി, “നീ” ജീവിതത്തിലേക്ക് കടന്നുവരുന്നതിന് മുമ്പ് ജീവിതം എങ്ങനെയായിരുന്നുവെന്ന് ഹൃദയസ്പർശിയായി അവതരിപ്പിച്ചു. 1982-ൽ അവസാനത്തെ രണ്ട് ഗാനങ്ങൾ പുറത്തിറക്കിയ ശേഷമാണ് ആരോടും ഒന്നും പറയാതെ അവർ വേർപിരിഞ്ഞത്.

അഗ്നേത ഫൽത്സ്കോഗ്
അവസാന ടിവി ഷോയും വിടവാങ്ങലും
ബിബിസി ചാനലിലെ “The Late, Late Breakfast Show”യിൽ 1982 ഡിസംബർ 11-നായിരുന്നു വേർപിരിയലിന് മുമ്പുള്ള അബ്ബയുടെ അവസാന ടിവി ഷോ. കാണുന്ന പ്രേക്ഷകർക്ക് വിഷാദവും നൊമ്പരവും കലർന്ന അന്തരീക്ഷം അനുഭവപ്പെട്ടു. ഗാനത്തിന്റെ വിഷാദഭാവം കൊണ്ടുതന്നെ, വേർപിരിയലിനെക്കുറിച്ചുള്ള ഗോസിപ്പുകൾ കേട്ട ആരാധകർ പ്രസ്തുത ഷോയെ ഒരു വിടവാങ്ങലായി തിരിച്ചറിഞ്ഞു. ഏകദേശം 40 വർഷങ്ങൾക്ക് ശേഷം 2021-ലെ പുനഃസംഗമം വരെ, നാല് അംഗങ്ങളും ഒരുമിച്ചുള്ള അവസാന ഷോ ആയിരുന്നു അത്.

ബിയോൺ ഉൽവേയൂസ്
തിരിച്ചുവരവും ‘വോയേജ്’ ആൽബവും
2021 സെപ്റ്റംബർ 2 നാണ് തങ്ങളുടെ തിരിച്ചുവരവിനെക്കുറിച്ച് അവർ ലോകത്തോട് പറയുന്നത്. ലോകമെമ്പാടുമുള്ള അബ്ബ പ്രേമികൾക്ക് അതൊരു ആഘോഷവാർത്തയായിരുന്നു. പോപ്പ് സംഗീതപ്രേമികൾ ഏറ്റവുമധികം കാത്തിരുന്ന തിരിച്ചുവരവായിരുന്നു അത്. തൊട്ടുപിറകെ, നവംബർ 5-ന് അബ്ബ പുതിയ ആൽബം ‘Voyage’ റിലീസ് ചെയ്തു. പത്ത് ഗാനങ്ങൾ അടങ്ങിയ ആൽബം യുകെയിലും മറ്റ് പല രാജ്യങ്ങളിലും നമ്പർ വണ്ണായി! അബ്ബയുടെ ആഗോള പ്രീതി നിലനിൽക്കുന്നുവെന്ന് തെളിയിക്കുന്നതായിരുന്നു ഈ വിജയം.

ആനി-ഫ്രിഡ് ലിംഗ്സ്റ്റാഡ്
ഡിജിറ്റൽ മായാജാലം: അബ്ബ വോയേജ് ഷോ
അതിനെത്തുടർന്ന്, അബ്ബയുടെ ഡിജിറ്റൽ അവതാർ 2022 മെയ് 27-ന് ലണ്ടനിലെ ക്വീൻ എലിസബത്ത് ഒളിമ്പിക് പാർക്കിലെ പ്രത്യേകം തയ്യാറാക്കിയ ‘അബ്ബ അറീന’യിൽ അരങ്ങേറി. 1979-ൽ അബ്ബ എങ്ങനെയായിരുന്നോ ഷോകളിൽ പ്രത്യക്ഷപ്പെട്ടിരുന്നത്, അത് പോലെ അവരുടെ ജീവനുള്ള ഡിജിറ്റൽ പതിപ്പുകൾ സൃഷ്ടിക്കാൻ മോഷൻ-ക്യാപ്ചർ സാങ്കേതികവിദ്യ ഉപയോഗിച്ചു. 10 അംഗങ്ങളുള്ള ലൈവ് ബാൻഡിന്റെ പിന്തുണയോടെ, ഈ അവതാരങ്ങൾ ആരാധകർക്ക് പ്രിയപ്പെട്ട ഹിറ്റുകൾ അവതരിപ്പിച്ചു. ഒന്നര മണിക്കൂർ നീണ്ട പരിപാടി പ്രേക്ഷകരെ ആവേശഭരിതരാക്കുകയും വൈകാരികമായി കണ്ണുനീരിലാഴ്ത്തുകയും ചെയ്തു. അബ്ബ ഗ്രൂപ്പിലെ നാല് പേരും തത്സമയം പരിപാടി അവതരിപ്പിച്ചില്ലെങ്കിലും, പ്രീമിയറിൽ നേരിട്ട് പ്രത്യക്ഷപ്പെട്ടു. അപ്പോൾ സദസ്സ് ഒന്നടങ്കം അവരോടുള്ള ബഹുമാനപുരസ്സരം എഴുന്നേറ്റുനിന്ന് സന്തോഷാശ്രുക്കൾ പൊഴിച്ച് കയ്യടിച്ചു.

ബെന്നി ആൻഡേഴ്സൺ
“അവിശ്വസനീയമാംവിധം അത്ഭുതകരവും ഹൃദയവർജ്ജകവും!” എന്നാണ് ലണ്ടനിലെ ‘ഗാർഡിയൻ’ പത്രം അബ്ബയുടെ ‘വോയേജ്’ പരിപാടിയെ വിശേഷിപ്പിച്ചത്. ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ലൈവ് സംഗീത അനുഭവങ്ങളിലൊന്നായാണ് ‘വോയേജ്’ വിശേഷിപ്പിക്കപ്പെടുന്നത് — 175 മില്യൺ ഡോളർ ബജറ്റിലാണ് ഇത് അവതരിപ്പിക്കുന്നത്. ഇതേ വേദിയിൽ അബ്ബയുടെ വോയേജ് ഷോ 2026 ഫെബ്രുവരി വരെ തുടരും. ടിക്കറ്റ് ഡിമാൻഡിനും വേദി ലഭ്യതയ്ക്കും അനുസരിച്ച് കൂടുതൽ നീട്ടാനുള്ള സാധ്യതയുമുണ്ട്.
അനശ്വരമായ പൈതൃകം
അതെ, ജീവിതത്തിന്റെ ഈ പ്രായത്തിലേക്കെത്തിയിട്ടും – ആനിഫ്രിഡ് ലിംഗ്സ്റ്റാഡ് (79), ബെന്നി ആൻഡേഴ്സൺ (78), അഗ്നേത ഫൽത്സ്കോഗ് (75), ബിയോൺ ഉൽവേയൂസ് (80) — അബ്ബയുടെ നാല് സംഗീത പ്രതിഭകളും ലോകത്തെ വീണ്ടും അതിശയിപ്പിക്കുകയാണ്.

അബ്ബ ബാൻഡ്
നേരിട്ട് വേദിയിൽ നിന്നല്ലെങ്കിലും, സാങ്കേതിക അത്ഭുതങ്ങളെയും കാലാതീതമായ സംഗീതത്തെയും ചേർത്തുവച്ച് അബ്ബ മാജിക് അവരുടെ ജൈത്രയാത്ര തുടരുകയാണ്. ഒരു കാലത്ത് അവസാനിച്ചതായി കരുതിയിരുന്ന അബ്ബയുടെ സംഗീതയാത്ര, പ്രായം ഒരിക്കലും കലാപ്രതിഭകൾക്ക് തടസ്സമല്ലെന്ന് തെളിയിച്ചുകൊണ്ട്, അവരുടെ മാന്ത്രികതയുടെ മായാജാലം നെയ്തെടുക്കുകയാണ്. കാലാതീതമായ സംഗീതത്തിന്റെ താളലയങ്ങളിൽ, ലോകത്തെ വീണ്ടും വിസ്മയിപ്പിച്ചുകൊണ്ട്, അനശ്വരമായ സംഗീത പൈതൃകം തീർക്കുകയാണ് അബ്ബ .
Content Summary: Abba’s music: a wonder that transcends time
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.