June 26, 2026 |
Share on

ചൈന-ജപ്പാന്‍ സംഘര്‍ഷം പൊതുവേദിയിലേക്കും; ജാപ്പനീസ് ഗായികയുടെ സംഗീത പരിപാടി റദ്ദാക്കി

കാര്യമറിയാതെ സ്തംബ്ധരായി ആരാധകര്‍

ചൈനയും ജപ്പാനും തമ്മിലുള്ള നയതന്ത്ര സംഘര്‍ഷങ്ങള്‍ പൊതുവേദികളിലേക്ക് കൂടി വ്യാപിച്ചിരിക്കുകയാണ്. ഷാങ്ഹായില്‍ നടക്കാനിരുന്ന ജാപ്പനീസ് ‘വണ്‍ പീസ്’ ഗായിക മക്കി ഒട്‌സുകിയുടെ സംഗീത പരിപാടി കഴിഞ്ഞ ദിവസം പെട്ടെന്ന് നിര്‍ത്തിവച്ചു. പാട്ട് കേള്‍ക്കുന്നതിനിടെ ലൈറ്റുകള്‍ അണയുകയും ജീവനക്കാര്‍ ഇടപെട്ട് ഒട്‌സുകിയെ വേദിയില്‍ നിന്ന് മാറ്റുകയും ചെയ്തത് ആരാധകരെ സ്തബ്ധരാക്കി. എന്തുകൊണ്ടാണ് പരിപാടി നിര്‍ത്തിവച്ചതെന്ന് വിശദീകരണം നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ല. പിന്നീട്, ഒഴിവാക്കാനാകാത്ത സാഹചര്യങ്ങള്‍ കാരണം, ഗായികയ്ക്ക് പരിപാടി നിര്‍ത്തിവയ്‌ക്കേണ്ടി വന്നതായി അവരുടെ മാനേജര്‍ സ്ഥിരീകരിച്ചു.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍, ഗായിക പെട്ടെന്ന് പാട്ട് നിര്‍ത്തുകയും, സ്‌റ്റേജിലെ ലൈറ്റുകള്‍ അണയുകയും, ഒട്‌സുകിയെ ജീവനക്കാര്‍ കൂട്ടിക്കൊണ്ട് പോകുന്ന ദൃശ്യങ്ങളും കാണാം.

ഹിറ്റ് ആനിമേഷന്‍ പരമ്പരയായ ‘വണ്‍ പീസി’ന്റെ ആദ്യാവസാന തീം ഗാനങ്ങള്‍ ആലപിച്ചതിലൂടെ പ്രശസ്തയായ ഗായിക മക്കി ഒട്‌സുകി, ഷാങ്ഹായില്‍ നടക്കുന്ന ‘ബന്ദായി നാംകോ ഫെസ്റ്റിവല്‍ 2025’ ല്‍ രണ്ട് ദിവസത്തെ പരിപാടിയില്‍ പങ്കെടുക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍, പരിപാടി റദ്ദായതോടെ, ഏഷ്യയിലെ ഏറ്റവും വലിയ രണ്ട് സാമ്പത്തികശക്തികള്‍ തമ്മിലുള്ള വര്‍ദ്ധിച്ചു വരുന്ന നയതന്ത്ര സംഘര്‍ഷങ്ങളുടെ ഏറ്റവും പുതിയ സാംസ്‌കാരിക ദുരന്തമായി ഇത് മാറി.

ബന്ധങ്ങള്‍ വഷളാകാന്‍ കാരണം

തായ് വാന്‍ ആക്രമിക്കപ്പെട്ടാല്‍ ജപ്പാന്‍ സൈനികമായി ഇടപെടുമെന്ന് ജാപ്പനീസ് പ്രധാനമന്ത്രി സനേ തകൈച്ചി ഈ മാസം ആദ്യം നടത്തിയ പ്രസ്താവനയെ തുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായത്. തായ് വാനെ സ്വന്തം പ്രദേശമായി കണക്കാക്കുന്ന ചൈന, ഈ പ്രസ്താവനയില്‍ പ്രതിഷേധിച്ച് ജപ്പാന്‍ അംബാസഡറെ വിളിച്ചുവരുത്തുകയും ചൈനീസ് പൗരന്മാരോട് ജപ്പാനിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. ഈ നയതന്ത്രപരമായ വീഴ്ചയാണ് ഇപ്പോള്‍ സാംസ്‌കാരിക മേഖലയിലേക്കും പടര്‍ന്നിരിക്കുന്നത്.

‘നിലനില്‍പ്പിന് ഭീഷണിയായ സാഹചര്യം’ എന്നത് 2015 ലെ ജപ്പാന്റെ സുരക്ഷാ നിയമപ്രകാരം നിയമപരമായ ഒരു പദമാണ്. സഖ്യകക്ഷികള്‍ക്കെതിരായ സൈനികാക്രമണം ജപ്പാന്റെ നിലനില്‍പ്പിന് ഭീഷണിയാകുമ്പോള്‍ ഈ പദം ഉപയോഗിക്കുന്നു. അത്തരം സാഹചര്യങ്ങളില്‍, ഭീഷണി നേരിടാന്‍ ജപ്പാന്റെ സ്വയം പ്രതിരോധ സേനയെ വിന്യസിക്കാന്‍ കഴിയും’.

തകൈച്ചിയുടെ ഈ പ്രതികരണമാണ് ബെയ്ജിങില്‍ കടുത്ത പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്. ചൈനീസ് വിദേശകാര്യ മന്ത്രാലയം ഈ പ്രസ്താവനകളെ ‘അതിശക്തം’ എന്നാണ് വിശേഷിപ്പിച്ചത്.

ഒട്‌സുകിയുടെ സംഭവം ഒറ്റപ്പെട്ടതല്ല. സമീപ ദിവസങ്ങളില്‍, പോപ്പ് ഐക്കണ്‍ അയുമി ഹമാസാക്കി, പ്രശസ്ത ജാസ് പിയാനിസ്റ്റ് ഹിരോമി ഉഹാര എന്നിവരുള്‍പ്പെടെയുള്ള മറ്റ് പ്രമുഖ ജാപ്പനീസ് കലാകാരന്മാരുടെ ചൈനയിലെ ഷോകളും റദ്ദാക്കിയിരുന്നു.

Content Summary: China-Japan dispute; Singer Maki Otsuki’s Shanghai concert canceled

Leave a Reply

Your email address will not be published. Required fields are marked *

×