സ്മാർട്ട്ഫോൺ ഉപയോഗം പരിമിതപ്പെടുത്താൻ ഒരു പുതിയ നിർദേശം കൊണ്ടുവന്നിരിക്കുകയാണ് ടൊയോആകി നഗരം. ഓൺലൈൻ ആസക്തിയും ഉറക്ക കുറവും പരിഹരിക്കുന്നതിനായി ജപ്പാനിലെ ടൊയോക്കേ നഗരത്തിൽ താമസക്കാർക്കെല്ലാം സ്മാർട്ട്ഫോൺ ഉപയോഗം ദിവസം രണ്ട് മണിക്കൂറായി പരിമിതപ്പെടുത്താനാണ് നിർദ്ദേശം. ഈ നീക്കം കുട്ടികളെ മാത്രമല്ല മുതിർന്നവരെയും ലക്ഷ്യമിട്ടുള്ളതാണ്.
അമിതമായ സ്മാർട്ട്ഫോൺ ഉപയോഗം എല്ലാ പ്രായത്തിലുള്ള ആളുകളിലും ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിലുള്ള ആശങ്ക വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. സ്മാർട്ട്ഫോണുകളുടെ അമിത ഉപയോഗം മൂലമുണ്ടാകുന്ന ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്നങ്ങൾ, പ്രത്യേകിച്ച് ഉറക്കമില്ലായ്മ പോലുള്ള വിഷയങ്ങൾ തടയുകയാണ് ഈ നീക്കത്തിന്റെ ലക്ഷ്യം എന്ന് ടൊയോആകി മേയർ മസാഫുമി കോക്കി പറഞ്ഞു.
നിർബന്ധമല്ലാത്ത ഈ ഓർഡിനൻസിനെക്കുറിച്ച് ടൊയോആകി മുനിസിപ്പൽ അസംബ്ലി ഈ ആഴ്ച ചർച്ച തുടങ്ങി. അടുത്ത മാസം അവസാനം വോട്ടെടുപ്പ് നടക്കും. കരട് പ്രമേയം പാസായാൽ ഒക്ടോബറിൽ നിയമം പ്രാബല്യത്തിൽ വരും. പ്രതിദിനം രണ്ട് മണിക്കൂർ പരിധി കവിയുന്നവർക്ക് പിഴ ഈടാക്കില്ല.
ആറ് മുതൽ 12 വയസ്സുവരെയുള്ള പ്രൈമറി സ്കൂൾ വിദ്യാർത്ഥികളും അതിൽ താഴെയുള്ള കുട്ടികളും രാത്രി 9 മണിക്ക് ശേഷം സ്മാർട്ട്ഫോണോ ടാബ്ലെറ്റോ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും, അതേസമയം കൗമാരക്കാരും മുതിർന്നവരും രാത്രി 10 മണിക്ക് ശേഷം തങ്ങളുടെ ഡിവൈസുകൾ മാറ്റിവെക്കാൻ ശ്രമിക്കണമെന്നും കരട് നിർദ്ദേശിക്കുന്നു.
എല്ലാ താമസക്കാർക്കും ബാധകമാകുന്ന ഇത്തരത്തിലുള്ള ആദ്യത്തെ നിർദ്ദേശമാണിത്. എന്നാൽ, ഈ നിർദ്ദേശം സമൂഹ മാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾക്കിടയാക്കി. ഇത് വ്യക്തിസ്വാതന്ത്ര്യത്തിനുനേരെയുള്ള കടന്നുകയറ്റമാണെന്ന് ചിലർ ആരോപിച്ചു, മറ്റ് ചിലർ ഈ സമയപരിധി പ്രായോഗികമല്ലെന്നും പറഞ്ഞു.
“അവരുടെ ഉദ്ദേശ്യം എനിക്ക് മനസ്സിലാക്കാൻ കഴിയും, പക്ഷേ രണ്ട് മണിക്കൂർ പരിധി അസാധ്യമാണ്” എന്ന് ഒരു ഉപയോക്താവ് ‘എക്സി’ൽ കുറിച്ചു. മറ്റൊരു ഉപയോക്താവ് “ഒരു പുസ്തകം വായിക്കാനോ സിനിമ കാണാനോ പോലും രണ്ട് മണിക്കൂർ പോരാ” എന്നും അഭിപ്രായപ്പെട്ടു.
ഇതിന് മറുപടിയായി, സമയപരിധി നിർബന്ധമല്ലെന്നും സ്മാർട്ട്ഫോണുകൾ ദൈനംദിന ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്തതും ഉപയോഗപ്രദവുമാണെന്ന് മേയർ കോക്കി പറഞ്ഞു. “സ്മാർട്ട്ഫോണുകളിൽ ചെലവഴിക്കുന്ന സമയത്തെക്കുറിച്ചും അവ ഉപയോഗിക്കുന്ന ദിവസത്തിലെ സമയത്തെക്കുറിച്ചും ചിന്തിക്കാനും ചർച്ച ചെയ്യാനും കുടുംബങ്ങൾക്ക് ഇത് ഒരു അവസരമാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
ടൊയോക്കേയിലെ 69,000 നിവാസികളിൽ പലർക്കും ഈ നിർദ്ദേശം അത്ര ഇഷ്ടപ്പെട്ടില്ല. പ്രഖ്യാപനത്തിന് ശേഷം നാല് ദിവസത്തിനുള്ളിൽ 83 ഫോൺ കോളുകളും 44 ഇമെയിലുകളും ലഭിച്ചതായും, അതിൽ 80% ഉം ഈ നീക്കത്തെ വിമർശിക്കുന്നതായിരുന്നെന്നും മൈനിച്ചി ഷിംബൺ പത്രം റിപ്പോർട്ട് ചെയ്യുന്നു.
സ്കൂളിൽ പോകുമ്പോൾ ഫോൺ വീട്ടിൽ വെക്കാൻ കഴിയാത്ത കുട്ടികളുടെ ഇടയിലെ ക്ലാസ്സിൽ കയറാതെ ഒഴിഞ്ഞുമാറുന്ന പ്രവണത ഉൾപ്പെടെ, അമിതമായ സ്മാർട്ട്ഫോൺ ഉപയോഗവുമായി ബന്ധപ്പെട്ട സ്വഭാവ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ് ഈ നിർദ്ദേശം രൂപകൽപ്പന ചെയ്തതെന്ന് അധികാരികൾ പറയുന്നു.
മുതിർന്നവരും ഉറങ്ങേണ്ട സമയത്തോ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കേണ്ട സമയത്തോ ഫോണിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി അനുഭവപരമായ തെളിവുകളുണ്ടെന്നും കോക്കി പറഞ്ഞു.
2020-ൽ പടിഞ്ഞാറൻ ജപ്പാനിലെ ഒരു പ്രദേശം സമാനമായ ഒരു ഓർഡിനൻസ് പാസാക്കിയിരുന്നു. അതിൽ, സ്കൂൾ അവധി ദിവസങ്ങളിൽ 90 മിനിറ്റായും അല്ലാത്ത ദിവസങ്ങളിൽ കുട്ടികൾക്ക് ഒരു മണിക്കൂറായും ഗെയിമിംഗ് സമയം പരിമിതപ്പെടുത്തിയിരുന്നു.
കുട്ടികൾക്കും കുടുംബങ്ങൾക്കുമുള്ള ഏജൻസി ഈ വർഷം പുറത്തിറക്കിയ ഒരു സർവേ പ്രകാരം, ജപ്പാനിലെ യുവാക്കൾ ആഴ്ചദിവസങ്ങളിൽ ശരാശരി അഞ്ച് മണിക്കൂറിൽ കൂടുതൽ ഓൺലൈനിൽ ചെലവഴിക്കുന്നു.
content summary: Japanese town wants residents to limit smartphone use to two hours a day
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.