കൊല്‍ക്കൊത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന ലയണല്‍ മെസ്സിയുടെ സന്ദര്‍ശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ചയിലും അക്രമസംഭവങ്ങളിലും പുതിയ വെളിപ്പെടുത്തലുകളുമായി മുഖ്യ സംഘാടകന്‍ ശതാദ്രു ദത്ത. തന്നെ ശാരീരികമായി സ്പര്‍ശിക്കുന്നതിലും ആലിംഗനം ചെയ്യുന്നതിലും മെസ്സി അതൃപ്തനായിരുന്നുവെന്നും, നിശ്ചയിച്ച സമയം പൂര്‍ത്തിയാക്കുന്നതിന് മുന്‍പേ അദ്ദേഹം സ്റ്റേഡിയം വിട്ടെന്നും ദത്ത അന്വേഷണ സംഘത്തിന് മൊഴി നല്‍കി.പരിപാടി അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് ശതാദ്രു ദത്ത അറസ്റ്റിലാണ്.
മെസ്സിയുടെ പുറത്ത് തട്ടുന്നതോ അദ്ദേഹത്തെ കെട്ടിപ്പിടിക്കുന്നതോ താരത്തിന് ഇഷ്ടമല്ലെന്ന് വിദേശ സുരക്ഷാ ഉദ്യോഗസ്ഥര്‍ മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ സ്റ്റേഡിയത്തില്‍ ആരാധകരും പ്രമുഖരും മെസ്സിയെ വളയുകയും ദേഹത്ത് സ്പര്‍ശിക്കുകയും ചെയ്തു. ഇത് താരത്തിന് ഒട്ടും സ്വീകാര്യമായിരുന്നില്ലെന്ന് ദത്ത പറഞ്ഞു. പശ്ചിമ ബംഗാള്‍ കായിക മന്ത്രിയായിരുന്ന അരൂപ് ബിശ്വാസ് മെസ്സിയുടെ അരയിലൂടെ കൈയിട്ട് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ദൃശ്യങ്ങള്‍ വിവാദമായിരുന്നു.
പരിപാടിയുടെ താളം തെറ്റിച്ചത് അതിശക്തനായ ഒരു വ്യക്തിയുടെ ഇടപെടലാണെന്ന് ദത്ത ആരോപിക്കുന്നു. ആദ്യം 150 ഗ്രൗണ്ട് പാസ്സുകള്‍ മാത്രമാണ് നല്‍കിയിരുന്നത്. എന്നാല്‍ ഈ വ്യക്തി എത്തിയതോടെ പാസ്സുകളുടെ എണ്ണം 450 ആയി ഉയര്‍ത്താന്‍ താന്‍ നിര്‍ബന്ധിതനായി എന്നാണ് ദത്തയുടെ മൊഴി. ഇതോടെ ആള്‍ക്കൂട്ട നിയന്ത്രണത്തിനായുള്ള എല്ലാ പദ്ധതികളും പരാജയപ്പെട്ടുവെന്നും ദത്ത അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി.
മെസ്സിയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തിന്റെ സാമ്പത്തിക വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ആകെ 100 കോടി രൂപയാണ് പരിപാടിക്കായി ചിലവായത്. ഇതില്‍ മെസ്സിയുടെ പ്രതിഫലം 89 കോടി രൂപയായിരുന്നു. നികുതിയായി അടച്ചത് 11 കോടി രൂപ. ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് കണ്ടെത്തിയ 20 കോടി രൂപ ടിക്കറ്റ് വില്പനയിലൂടെയും സ്‌പോണ്‍സര്‍മാരില്‍ നിന്നും ലഭിച്ചതാണെന്നാണ് ദത്തയുടെ അവകാശവാദം.
ടിക്കറ്റെടുത്ത് ഗാലറിയില്‍ എത്തിയ ആരാധകര്‍ക്ക് തിരക്ക് കാരണം മെസ്സിയെ കാണാന്‍ സാധിച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് പ്രകോപിതരായ ആരാധകര്‍ സ്റ്റേഡിയം അടിച്ചുതകര്‍ത്തിരുന്നു. നിലവില്‍ മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. സുരക്ഷാ വീഴ്ചയെത്തുടര്‍ന്ന് ബംഗാള്‍ കായിക മന്ത്രി അരൂപ് ബിശ്വാസ് രാജിവെച്ചിരുന്നു.
Content Summary; Lionel Messi was unhappy with being touched, arrested organiser tells SIT
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.