July 14, 2026 |
Share on

കൊൽക്കത്ത ലൈം​ഗികാതിക്രമക്കേസ്; വിദ്യാർത്ഥിനിയെ മുറിയിലേക്ക് എത്തിച്ചത് വലിച്ചിഴച്ച്

തെളിവായി സിസിടിവി ദൃശ്യങ്ങൾ

കൊൽക്കത്തയിൽ നിയമ വിദ്യാർത്ഥി ലൈം​ഗികാതിക്രമത്തിന് ഇരയായ സംഭവത്തിൽ തെളിവായി സിസിടിവി ദൃശ്യങ്ങൾ. കോളേജിൽ നിന്നാണ് പൊലീസ് സിസിടിവി ദൃശ്യങ്ങൾ കണ്ടെടുത്തത്. കോളേജ് കവാടത്തിൽ നിന്ന് രണ്ട് പ്രതികൾ വിദ്യാർത്ഥിനിയെ വലിച്ചിഴച്ച് സുരക്ഷാ ജീവനക്കാരന്റെ മുറിയിലേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് സിസിടിവിയിലുള്ളതെന്നാണ് വിവരം.

24 കാരിയായ നിയമ വിദ്യാർത്ഥിനി ജൂൺ 25നാണ് കൊൽക്കത്ത ലോ കോളേജ് പരിസരത്ത് വച്ച് ലൈം​ഗികാതിക്രമത്തിന് ഇരയാവുന്നത്. നിലവിൽ കണ്ടെടുത്ത ദൃശ്യങ്ങൾ വിദ്യാർത്ഥിനിയുടെ പരാതിയിലെ ആരോപണങ്ങളെ സാധൂകരിക്കുന്നതാണെന്ന് പോലീസ് അറിയിച്ചു. മുഖ്യപ്രതിയും മുൻ തൃണമൂൽ കോൺഗ്രസ് ഛത്ര പരിഷത്ത് നേതാവുമായ മോണോജിത് മിശ്ര മറ്റ് രണ്ട് പേരോട് പെൺകുട്ടിയെ ഗാർഡ് റൂമിൽ താമസിപ്പിക്കാൻ നിർദ്ദേശിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. മൂന്ന് പ്രതികളുടെയും സുരക്ഷാ ജീവനക്കാരുടെയും നീക്കങ്ങൾ സിസിടിവിയിൽ വ്യക്തമാണെന്നും, ഇവ വിശദമായി പരിശോധിച്ചുവരികയാണെന്നും പോലീസ് വ്യക്തമാക്കി. പ്രതികൾ തന്നെ ഹോക്കി സ്റ്റിക്ക് ഉപയോ​ഗിച്ച് തല്ലിയെന്നും പിന്നീട് ദൃശ്യങ്ങൾ പകർത്തുകയും അവ ഉപയോ​ഗിച്ച് ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി പരാതിയിൽ വ്യക്തമാക്കിയിരുന്നു. മോണോജിത് മിശ്രയുടെ വിവാഹാഭ്യർത്ഥന നിരസിച്ചതിനാലാണ് ബലാത്സംഗം ചെയ്തതെന്ന് പോലീസ് സംശയിക്കുന്നു. കൊൽക്കത്ത പോലീസ് സ്റ്റേഷന്റെ അധികാരപരിധിയിൽ നിരവധി കേസുകളാണ് മോണോജിത് മിശ്രയുടെ പേരിലുള്ളത്. സുരക്ഷാ ജീവനക്കാരന്റെ മുറി, വിദ്യാർത്ഥി യൂണിയൻ മുറി, ശുചിമുറി എന്നിവിടങ്ങളിൽ നിന്ന് മുടിയിഴകൾ, ഹോക്കി സ്റ്റിക്ക് തുടങ്ങിയ തെളിവുകളും പോലീസ് ശേഖരിച്ചിട്ടുണ്ട്. ഹോക്കി സ്റ്റിക്ക് ഉപയോ​ഗിച്ച് പ്രതി ഉപദ്രവിച്ചിരുന്നതായി വിദ്യാർത്ഥിനിയുടെ പരാതിയിൽ പറഞ്ഞിരുന്നു. ഈ മൂന്ന് മുറികളിലും ബലപ്രയോഗത്തിന്റെ ലക്ഷണങ്ങൾ വ്യക്തമാണെന്നും, സാമ്പിളുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും പോലീസ് കൂട്ടിച്ചേർത്തു.

ഇയാളുടെ ഫോണിൽ നിന്ന് പീഡന ദൃശ്യങ്ങൾ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഈ ദൃശ്യങ്ങള്‍ മറ്റുള്ളവര്‍ക്ക് അയച്ചിട്ടുണ്ടോ എന്ന കാര്യം പൊലീസ് പരിശോധിച്ചുവരികയാണ്. മോണോജിത്തിന് പുറമേ അതിജീവിതയുടെ സഹപാഠികളായ പ്രമിത് മുഖർജി, സെയ്ബ് അഹമ്മദ്, കോളേജിലെ സെക്യൂരിറ്റി ജീവനക്കാരൻ പിനാകി ബാനർജി എന്നിവരാണ് കേസിലെ പ്രതികൾ. പെൺകുട്ടി ക്രൂരപീഡനത്തിനിരയായെന്ന് വ്യക്തമാക്കുന്ന മെഡിക്കൽ റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പെണ്‍കുട്ടി ബലപ്രയോഗത്തിലൂടെ ലൈംഗിക പീഡനത്തിന് ഇരയായതായെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. പെണ്‍കുട്ടിയുടെ കഴുത്തിലും നെഞ്ചിലും ഉരഞ്ഞ പാടുകളുണ്ടെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സൗത്ത് കൊല്‍ക്കത്തയിലെ ലോ കോളേജില്‍ നിയമവിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായത്. പഠനാവശ്യവുമായി ബന്ധപ്പെട്ട് സംഭവ ദിവസം വൈകിട്ട് നാല് മണിക്ക് കോളേജില്‍ എത്തിയതായിരുന്നു വിദ്യാര്‍ത്ഥിനി. ഇതിനിടെ മൊണോജിത് മിശ്ര അവിടേയ്ക്ക് വരികയും പെണ്‍കുട്ടിയോട് കൂടെ വരാന്‍ ആവശ്യപ്പെടുകയുമായിരുന്നു. പശ്ചിമ ബംഗാളിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച ആർ.ജി. കാർ ആശുപത്രിയിലെ ബലാത്സംഗ, കൊലപാതക കേസിനെ തുടർന്നാണ് ഈ സംഭവം. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ബിജെപിയും കോൺഗ്രസും ഇതിനെതിരെ പ്രതിഷേധിച്ചിരുന്നു.

content summary: Kolkata sexual abuse case, CCTV footage reportedly shows law student being dragged from the gate into the college premises

Leave a Reply

Your email address will not be published. Required fields are marked *

×