ലൈംഗികാത്രമക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ തെളിവുകൾ ലഭിച്ചതായി വിവരം. കേസിലെ അതിജീവിതയായ യുവതിയ്ക്ക് ഗർഭച്ഛിദ്രത്തിന് മരുന്ന് എത്തിച്ച് നൽകിയത് രാഹുലിന്റെ സുഹൃത്തായ യുവ സംരഭകനാണെന്ന വിവരമാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചത്.
ആരോപണങ്ങൾക്ക് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിന്റെ ശബ്ദരേഖ പുറത്ത് വന്നിരുന്നു. രാഹുൽ യുവതിയുമായി നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്. മാധ്യമ പ്രവർത്തകയെ ഗർഭിണിയാക്കി ഗര്‍ഭച്ഛിദ്രത്തിന് നിർബന്ധിച്ചതായി ഇരുവരും നടത്തിയ സംഭാഷണത്തിൽ നിന്ന് വ്യക്തമായിരുന്നു. അശാസ്ത്രീയ ഗര്‍ഭഛിദ്രം നടന്നത് നാലാം മാസമാണ്. രാഹുലിനൊപ്പം വ്യവസായിയും ഗര്‍ഭഛിദ്രത്തിന് യുവതിയെ ഭീഷണിപ്പെടുത്തിയതായാണ് വിവരം. വ്യവസായി യുവതിയെ ഫോണില്‍ ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചു. പത്തനംതിട്ട സ്വദേശിയാണ് രാഹുലുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന യുവ വ്യവസായി. ഇയാള്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്.
പ്രമുഖ യുവ കോൺഗ്രസ് നേതാവിൽ നിന്നും ഉണ്ടായ മോശമായ അനുഭവം തുറന്നുപറഞ്ഞ് മാധ്യമപ്രവർത്തകയും നടിയുമായ റിനി ആൻ ജോർജ് രംഗത്ത് ആണ് ആദ്യം രംഗത്ത് വന്നത്. നേതാവിന്റെ പേര് പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഇയാളില്‍ നിന്നും വലിയ പ്രശ്‌നങ്ങള്‍ നേരിട്ട പെണ്‍കുട്ടികള്‍ പ്രതികരിക്കാന്‍ വേണ്ടിയാണ് ഇപ്പോള്‍ തുറന്ന് പറഞ്ഞതെന്നും ഇവർ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാതിക്രമക്കേസില്‍ വിശദമായ അന്വേഷണമാണ് ക്രൈംബ്രാഞ്ച് നടത്തുന്നത്. രാഹുലിനെതിരെ തെളിവുകള്‍ ശേഖരിക്കുന്ന നടപടികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് രാഹുലിന് പുറമേ മറ്റൊരാള്‍കൂടി യുവതിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചുവെന്നുള്ള വിവരം ക്രൈംബ്രാഞ്ചിന് ലഭിച്ചത്. ഇയാള്‍ രാഹുലിന്റെ നാട്ടുകാരന്‍ തന്നെയാണ്. ഇയാള്‍ വഴിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ യുവതിക്ക് ഗര്‍ഭഛിദ്രത്തിന് മരുന്ന് എത്തിച്ച് നല്‍കിയത്. മരണം വരെ സംഭവിക്കാന്‍ സാധ്യതയുള്ള രണ്ട് മരുന്നുകളാണ് ഇയാള്‍ എത്തിച്ചു നല്‍കിയത്. നാലാം മാസത്തില്‍ ഈ മരുന്ന് കഴിച്ച് യുവതി ഗര്‍ഭഛിദ്രം നടത്തി. ഡോക്ടറുടെ സാന്നിധ്യം പോലുമില്ലാതെ അശാസ്ത്രീയമായായിരുന്നു ഗര്‍ഭഛിദ്രം. രാഹുലിന് പുറമേ യുവ സംരംഭകനും യുവതിയെ ഭീഷണിപ്പെടുത്തിയതായും ക്രൈംബ്രാഞ്ച് കണ്ടെത്തി. യുവതിയെ ഇയാള്‍ പലതവണകളിലായി ഫോണില്‍ ബന്ധപ്പെട്ടതിന്റെ തെളിവുകളും ക്രൈംബ്രാഞ്ചിന് ലഭിച്ചു.
കേസില്‍ രാഹുലിനെതിരെ ആരോപണം ഉന്നയിച്ചവരുെട മൊഴി രേഖപ്പെടുത്തുന്ന നടപടികളും ക്രൈംബ്രാഞ്ച് തുടരുകയാണ്. ഇന്നലെ നടി റിനി ആന്‍ ജോര്‍ജിന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. രാഹുലിനെതിരായ നടപടികള്‍ക്ക് തുടക്കമിട്ടതിന് റിനിയുടെ വെളിപ്പെടുത്തലുകളായിരുന്നു. രാഹുല്‍ അയച്ച അശ്ലീല സന്ദേശങ്ങളുടെ പകര്‍പ്പ് നടി ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. റിനിക്ക് പുറമേ പരാതിക്കാരായ പതിനൊന്ന് പേരുടെ മൊഴിയും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തുന്നുണ്ട്. ഡിവൈഎസ്പി ഷാജിയുടെ നേതൃത്വത്തിലുളള സംഘമാണ് കേസ് അന്വേഷിക്കുന്നത്. പരാതിക്കാരായ മറ്റ് പതിനൊന്ന് പേരുടെ മൊഴിയും രേഖപ്പെടുത്തുന്നുണ്ട്.
content summary: Evidence emerges against Rahul in sexual assault case, friend allegedly provided abortion pills