June 26, 2026 |

‘മനസിലാക്കി ഉപയോഗിച്ചാല്‍ നല്ല സുഹൃത്ത്, അല്ലെങ്കില്‍ അപകടകാരി’; എ ഐയുടെ സാധ്യതകളും വെല്ലുവിളികളും

എഐ ലിറ്ററസി സമൂഹത്തിന് അനിവാര്യമാണ്

സാങ്കേതികവിദ്യയുടെ ഓരോ പുതിയ ഘട്ടത്തിലും സമൂഹം ഒരു പരിവർത്തനത്തിന് വിധേയമാകുന്നുണ്ട്. ഇന്ന്, ആഗോള ശ്രദ്ധയാകർഷിച്ചിരിക്കുന്ന പ്രധാന സാങ്കേതികവിദ്യയാണ് നിർമിത ബുദ്ധി അല്ലെങ്കിൽ എഐ. എഐ ഇന്ന് നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. എഐയെക്കുറിച്ചുള്ള അടിസ്ഥാനപരമായ അറിവിന്റെ അഭാവം സമൂഹത്തിൽ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. എഐ എങ്ങനെ പ്രവർത്തിക്കുന്നു, അത് നൽകുന്ന വിവരങ്ങൾ എത്രത്തോളം വിശ്വസനീയമാണ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള എഐ സാക്ഷരത (AI Literacy) വളരെ അനിവാര്യമാണ്.

എഐ ലിറ്ററസിയുടെ ആവശ്യകതയെക്കുറിച്ചും എഐ ടെക്നോളജിയിൽ സൃഷ്ടിക്കുന്ന മാറ്റങ്ങളെക്കുറിച്ചും ടെക് വിദ​ഗ്ധനും അധ്യാപകനുമായ ജിജോ പി. ഉലഹന്നാൻ അഴിമുഖത്തോട് പ്രതികരിച്ചു.

‘സാധാരണക്കാർക്ക് ഉപയോ​ഗിക്കാൻ‍ കഴിയുന്ന തരത്തിൽ എഐ എത്തിയിട്ട് രണ്ട് വർഷമാകുന്നതേയുള്ളൂ. അതിന് മുൻപ് ജനങ്ങൾ വിവരങ്ങൾ അറിയാനായി ആശ്രയിച്ചിരുന്നത് സെർച്ച് എഞ്ചിനുകളെയാണ്. ഉപയോക്താവുമായി സംഭാഷണത്തിലേർപ്പെടുന്ന പോലെയാണ് എഐ പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ ഒരു വിശ്വാസ്യത നേടിയെടുക്കാൻ എഐയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അതിൽ തീർച്ചയായും അപകടം ഒളിഞ്ഞിരിപ്പുണ്ട്. തെറ്റായ കാര്യങ്ങൾ ശരിയാണെന്ന് പറഞ്ഞ് വിശ്വസിപ്പിക്കാൻ എഐയ്ക്ക് കഴിയുന്നു. അതിൽ ആധികാരികമായൊരു അറിവ് നമുക്കില്ലെങ്കിൽ എഐ ഉറപ്പായും തെറ്റിദ്ധരിപ്പിക്കും. എഐ ലിറ്ററസിയുടെ ആവശ്യകത അവിടെയാണ് വരുന്നത്.

എഐയുടെ നിർമിത രീതിക്ക് അനുസരിച്ചുള്ള ഏത് ചോദ്യത്തിനെക്കുറിച്ചും എഐ നമുക്ക് ഉത്തരം നൽകും. പലരും സൈക്കോളജിസ്റ്റിനോടും ഡോക്ടറോടും ചോദിക്കേണ്ട കാര്യങ്ങൾ പോലും എഐയോട് ചോദിക്കുന്നു. സംശയം സാദൂകരിക്കുന്നതിൽ തെറ്റില്ല. എന്നാൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉത്തരം നൽകുന്ന എല്ലാ കാര്യങ്ങളും വിശ്വസിക്കാൻ നിൽക്കുന്നത് വ്യക്തികളുടെ റിസ്കാണ്. ഉപയോക്താക്കളോട് സൗഹൃദപരമായി സംസാരിക്കുന്ന രീതിയിലാണ് ചാറ്റ്ബോട്ടുകൾ സജ്ജീകരിച്ചിട്ടുള്ളത്. ശരിക്കും മനുഷ്യരോട് സംവദിക്കുന്നത് ചാറ്റ്ബോട്ടുകളാണ്.

ഇൻഫർമേഷൻ ലഭിക്കുന്ന എല്ലാ കാര്യങ്ങൾക്കും എല്ലാവരും എഐ ഇപ്പോൾ ഉപയോ​ഗിക്കുന്നു. അതിൽ 60 ശതമാനത്തോളം പേരും തങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനാണ് എഐ കൂടുതലും ഉപയോ​ഗിക്കുന്നതെന്നാണ് പഠനങ്ങൾ പറയുന്നത്. എഐയും മനുഷ്യനും തമ്മിലുള്ള ബന്ധം നിലവിൽ വികസിച്ചുകൊണ്ടിരിക്കുകയാണ്. ഭാവിയിൽ ഹ്യൂമൻ – എഐ കൊളാബൊറേഷൻ പോലെ സംഭവിക്കുകയാണെങ്കിലും അത് നമ്മൾ അം​ഗീകരിക്കേണ്ടി വരും. സാങ്കേതികവിദ്യയുടെ എല്ലാ തലങ്ങളിലും എഐ വന്നുകൊണ്ടിരിക്കുകയാണ്. മനുഷ്യനും ടെക്നോളജിയും തമ്മിലുടെ ബന്ധം കൂടുതൽ സൗഹൃദപരമാക്കാനും എളുപ്പമാക്കാനും വേണ്ടിയാണ് ഇവയെല്ലാം ഒരുക്കുന്നത്. ഭാവിയിൽ അത് മനുഷ്യർക്ക് ​യോജിച്ച് പോകുന്ന തരത്തിൽ പരിണമിക്കുമെന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്.

എല്ലാ തരത്തിലുള്ള ആപ്ലിക്കേഷനുകളിലും ട്രഡീഷണൽ എഐ പണ്ട് മുതൽ തന്നെയുള്ളതാണ്. ഇപ്പോഴാണ് ജനറേറ്റീവ് എഐയും ഏജന്റ് എഐയുമൊക്കെ വന്നത്. ഡീപ്പ് ഫേക്ക് പോലുള്ള കാര്യങ്ങൾ എഐയുടെ ദോഷവശം തന്നെയാണ്. എന്നാൽ എഐ പ്രചാരത്തിലാകുന്നതിന് മുൻപ് തന്നെ മോർഫിങ്ങ് പോലുള്ള കാര്യങ്ങൾ നടന്നിരുന്നു. എഐ അതിനെ കുറച്ച് കൂടി എളുപ്പമുള്ളതും റിയലിസ്റ്റിക്കുമാക്കിയെന്ന് മാത്രം. യാതൊരു ടെക്നിക്കൽ അറിവിൻ്റെയും ആവശ്യമില്ലാതെ നമ്മുടെ ആവശ്യങ്ങൾ ചെയ്ത് തരുന്നുവെന്നതാണ് എഐയുടെ പ്രത്യേകത.

എഐയുടെ ദോഷഫലങ്ങൾ ഒഴിവാക്കാൻ ശ്രമിക്കേണ്ടത് രാജ്യത്തെ ഭരണസംവിധാനവും ഇത് മാർക്കറ്റ് ചെയ്യുന്ന കമ്പനികളുമാണ്. ഒരു ടെക്നോളജി നൽകിയിട്ട് അത് ഉപയോ​ഗിക്കാൻ പാടില്ലായെന്ന് പറയുന്നതിനേക്കാൾ നല്ലത്, ആ ടെക്നോളജിയിൽ നിന്നും അതിനെ ഒഴിവാക്കുന്നതാണ്. ആദ്യ സമയങ്ങളിൽ എഐ കമ്പനികൾ ധാർമികപരമായാണ് നിന്നിരുന്നതെങ്കിലും പിന്നീട് അതിൽ നിന്നും വ്യതിചലിക്കുന്നതായാണ് കാണാൻ സാധിക്കുന്നത്. കൃത്യമായിട്ടുള്ള മാനദണ്ഡങ്ങളുണ്ടാവുക എന്നതാണ് ഇതിൽ പ്രാധാന്യം.

ഒരാൾ എഐയ്ക്ക് അടിമയാണെന്ന് നമുക്കൊരിക്കലും പറയാനാകില്ല. ഒരു കാലത്ത് കുട്ടികളെല്ലാം ഓൺലൈൻ ​ഗെയിമുകൾക്ക് അടിമകളാണെന്ന് പറഞ്ഞിരുന്നു. എന്നാൽ അതിന് ശേഷം വിനോദത്തിനുള്ള മറ്റ് അവസരങ്ങൾ വന്നപ്പോൾ അവർ അതിലേക്ക് പോയി. അതുപോലെ തന്നെയാണ് ടെക്നോളജിയുടെ കാര്യവും. ഇന്നത്തെ ടെക്നോളജിയാവില്ല ഭാവിയിൽ നാം ഉപയോ​ഗിക്കേണ്ടി വരുന്നത്. അതിൽ മാറ്റമുണ്ടാകുന്നതിനനുസരിച്ച് നമ്മളിലും മാറ്റമുണ്ടാകും,’ ജിജോ പി. ഉലഹന്നാൻ അഴിമുഖത്തോട് പറഞ്ഞു.

കൃത്രിമബുദ്ധി എന്നത് ഒരു കാലഘട്ടത്തിന്റെ ആവശ്യകതയാണ്. അതിനെ ഭയപ്പെടുകയോ, അതിന്റെ കയ്യിലെ അടിമകളാകുകയോ ചെയ്യുന്നതിനു പകരം, അതിന്റെ സാധ്യതകളെക്കുറിച്ച് ബോധവാന്മാരാവുക എന്നതാണ് ഒരു സമൂഹം എന്ന നിലയിൽ ചെയ്യേണ്ടത്.

Content Summary: The Promise and Peril of AI: Use It Wisely or Face the Consequences, tech expert Jijo. P. Ulahannan response

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×