പതിറ്റാണ്ടുകൾ നീണ്ട സേവനത്തിനൊടുവിൽ ഇന്ത്യൻ വ്യോമസേനയുടെ മിഗ്-21 യുദ്ധവിമാനം ഇന്ന് വിട വാങ്ങുകയാണ്. വ്യോമ സേനയിൽ ഇപ്പോൾ അവശേഷിക്കുന്ന രണ്ട് മിഗ്-21 സ്ക്വാഡ്രനുകളായ നമ്പർ 23 (പാന്തേഴ്സ്), നമ്പർ 3 (കോബ്രകൾ) എന്നിവയാണ് ഇന്ന് ചണ്ഡിഗഢിൽ നടന്ന ചടങ്ങിൽ പിൻവലിക്കുന്നത്. ഈ രണ്ട് സ്ക്വാഡ്രനുകളിലുമായി ഏകദേശം 36 യുദ്ധവിമാനങ്ങളാണ് ഉണ്ടായിരുന്നത്.
ഈ വിട വാങ്ങൽ ഇന്ത്യൻ വ്യോമസേനയുടെ കുറഞ്ഞുവരുന്ന യുദ്ധവിമാന ശക്തിയെ കൂടുതൽ ക്ഷയിപ്പിക്കുകയാണ്. സോവിയറ്റ് കാലഘട്ടത്തിലെ ഈ യുദ്ധവിമാനത്തിന് വളരെ അപകടകരമായ ചരിത്രമാണുള്ളത്. എന്നിട്ടും ഇത്രയും കാലം ഇവ സേവനത്തിൽ തുടർന്നത് വ്യോമസേന നേരിടുന്ന വെല്ലുവിളികൾക്ക് തെളിവാണ്. 1963ൽ ഇന്ത്യൻ വ്യോമസേനയുടെ പ്രഥമ ഇന്റർസെപ്റ്ററുകളായി മിഗ്21 സേവനത്തിൽ പ്രവേശിച്ചപ്പോൾ, അവ ലോകത്തിലെ ഏറ്റവും മികച്ച യുദ്ധവിമാനങ്ങളിൽ ഒന്നായിരുന്നു എന്നതിൽ തർക്കമില്ല.
പഴയ സോവിയറ്റ് യൂണിയന്റെ മിക്കോയൻ-ഗുരേവിച്ച് ഡിസൈൻ ബ്യൂറോയിൽ നിന്നുള്ള, ഒറ്റ എഞ്ചിനും ഒറ്റ സീറ്റുമുള്ള ഈ യുദ്ധവിമാനങ്ങൾ, പതിറ്റാണ്ടുകളിലൂടെയും നിരവധി നവീകരണങ്ങളിലൂടെയും, ഇന്ത്യയുടെ പല സംഘർഷങ്ങളിലും തങ്ങളുടെ കരുത്ത് തെളിയിച്ചിട്ടുണ്ട്. 1965ലെ ഇന്ത്യ-പാക് യുദ്ധം, 1971-ലെ ബംഗ്ലാദേശ് വിമോചന യുദ്ധം, 1999-ലെ കാർഗിൽ യുദ്ധം എന്നിവയിൽ മിഗ്-21 നിർണായക പങ്കുവഹിച്ചു.
ഇന്ത്യ മുഴുവനായി വിവിധ വകഭേദങ്ങളിലുള്ള 700ൽ അധികം മിഗ്-21 വിമാനങ്ങളാണ് ഇതുവരെ സംഭരിച്ചിട്ടുണ്ട്. ഇതിൽ ഏറ്റവും പുതിയ ബിസൺ’ വകഭേദത്തിൽ ആധുനിക ഏവിയോണിക്സും റഡാറും നൂതന മിസൈലുകളും ഉൾപ്പെടുത്തിയിരുന്നു. 2006 മുതൽ ഇന്ത്യൻ വ്യോമസേന 100ൽ അധികം മിഗ്-21 വിമാനങ്ങളെ ബിസൺ നിലവാരത്തിലേക്ക് ഉയർത്തി.
എങ്കിലും, ബിസൺ ചില പ്രധാന പ്രശ്നങ്ങളെ പരിഹരിച്ചില്ല. പ്രത്യേകിച്ച്, ഈ വിമാനങ്ങളുടെ എഞ്ചിനുകളിലുണ്ടാവുന്ന തകരാർ ശ്രദ്ധേയമായിരുന്നു. വർഷങ്ങളായി, യാതൊരു മുന്നറിയിപ്പുമില്ലാതെ എഞ്ചിനുകൾ ഓഫായി പോകുന്നതിൽ ഈ വിമാനങ്ങൾ കുപ്രസിദ്ധി നേടിയിരുന്നു. ഒറ്റ എഞ്ചിനുള്ള ഒരു വിമാനത്തെ സംബന്ധിച്ചിടത്തോളം ഇത് ഒരു വലിയ ന്യൂനതയായിരുന്നു.
സർക്കാർ കണക്കുകൾ പ്രകാരം, കഴിഞ്ഞ 60 വർഷത്തിനിടെ 500ൽ അധികം മിഗ്-21 വിമാനങ്ങൾ തകരുകയും, കുറഞ്ഞത് 170 പൈലറ്റുമാർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. 2010 മുതൽ മാത്രം 20ൽ അധികം വിമാനങ്ങൾ തകർന്നത്. എങ്കിലും, പല മുതിർന്ന വ്യോമസേനാ ഉദ്യോഗസ്ഥരും, പ്രത്യേകിച്ച് ഈ വിമാനം പറത്തിയവർ, പറയുന്നത് മിഗ്-21 പറന്ന മൊത്തം മണിക്കൂറുകൾ പരിഗണിക്കുമ്പോൾ, അതിന്റെ സുരക്ഷാ റെക്കോർഡ് പറയുന്നത്ര മോശമല്ല എന്നാണ്. മിഗ്-21 വിമാനങ്ങൾ വിരമിച്ചതോടെ, ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാന സ്ക്വാഡ്രൺ ശക്തി 29 ആയി കുറഞ്ഞു.
പുതിയ വിമാനങ്ങൾ ഉടൻ വ്യോമസേനയിൽ എത്തിച്ചില്ലെങ്കിൽ, നിലവിലെ സ്ക്വാഡ്രൺ ശക്തി ഇനിയും കുറഞ്ഞേക്കാം. കാരണം മിഗ്-29-കൾ, ജാഗ്വാറുകൾ, മിറാഷ് 2000കൾ എന്നിവ ഉൾപ്പെടെയുള്ള വ്യോമസേനയുടെ പല പഴയ ജെറ്റുകളും 2035ഓടെ ഘട്ടം ഘട്ടമായി പിൻവലിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ഇന്ത്യൻ വ്യോമസേനയുടെ പക്കൽ നിലവിൽ തദ്ദേശീയമായി നിർമ്മിച്ച ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് തേജസ് മാർക്ക് 1ന്റെ രണ്ട് ഓപ്പറേഷണൽ സ്ക്വാഡ്രനുകൾ ഉണ്ട്. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിൽ നിന്ന് അധികമായി180 തേജസ് മാർക്ക് 1എ ജെറ്റുകൾ കൂടി വ്യോമസേന സ്വന്തമാക്കും. ഇതിനായി 2021 ഫെബ്രുവരിയിൽ 48,000 കോടി രൂപയുടെ കരാർ ഒപ്പിട്ടിരുന്നു ഇവയ്ക്ക് പുറമേയാണ് 83 ജെറ്റുകളും, വ്യാഴാഴ്ച കരാർ ഒപ്പിട്ട 97 അധിക ജെറ്റുകളും വാങ്ങുന്നത്.
content summary: MiG-21 finally be phased out, making way for new stalwarts to take over the skies?