June 26, 2026 |
Share on

മിഗ് 21- ഒരു യുഗത്തിന്റെ അസ്തമയം; ഒരു മലയാളി ഫൈറ്റർ പൈലറ്റിന്റെ ഓർമകൾ

അത് എൻ്റെ അസ്തിത്വത്തിൻ്റെ തന്നെ ഭാഗമായിരുന്നു

തിരുവനന്തപുരത്തെ വീട്ടിലിരുന്ന് ആ ദൃശ്യങ്ങൾ കാണുമ്പോൾ എനിക്ക് ഹൃദയത്തിൽ വല്ലാത്തൊരു ഭാരം അനുഭവപ്പെട്ടു. ഒരിക്കൽ ഇന്ത്യൻ വ്യോമസേനയുടെ നട്ടെല്ലായിരുന്ന മിഗ്-21 വിമാനം അവസാനമായി നിലം തൊടുന്ന ദൃശ്യങ്ങൾ സ്ക്രീനിലൂടെ മിന്നിമറഞ്ഞു. എൻ്റെ കണ്ണുകൾ നിറഞ്ഞു.

ഭാരതത്തിന്, അതൊരു വെറും യന്ത്രത്തിന്റെ യാത്രയയപ്പ് മാത്രമായിരിക്കും. എന്നാൽ, എന്നെ സംബന്ധിച്ചിടത്തോളം അത് എൻ്റെ അസ്തിത്വത്തിൻ്റെ തന്നെ ഭാഗമായിരുന്നു, അതെ എന്റെ ധൈര്യത്തിൻ്റെയും, യുവത്വത്തിൻ്റെയും, അഭിമാനത്തിൻ്റെയും ഒരു പ്രതീകം.

വളരെ യാദൃഛികമായാണ് ഞാൻ ഇന്ത്യയുടെ പ്രതിരോധ സേനയുടെ ഭാ​ഗമാവുന്നത്. ഒരിക്കൽ വീട്ടിലെത്തിയ ഒരു കുടുംബസുഹൃത്ത് എൻ്റെ അച്ഛന് സൈനിക് സ്കൂൾ പ്രവേശനത്തെക്കുറിച്ചുള്ള ഒരു പത്രക്കുറിപ്പ് കൈമാറി. ആ നിമിഷമാണ് എൻ്റെ ജീവിതത്തെ മാറ്റിമറിച്ചത്. ആറാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ അവിടെ നിന്ന് ലഭിച്ച പഠനക്കാലം എന്നെ രൂപപ്പെടുത്തി. അവിടെ വെച്ചാണ് എയർഫോഴ്‌സ് യൂണിഫോം അണിയാനുള്ള സ്വപ്നം എന്നിൽ വേരൂന്നിയത്, കഠിനാധ്വാനത്തിലൂടെ ഞാൻ അത് യാഥാർത്ഥ്യമാക്കി.

ആ നിമിഷം ഞാൻ ഇപ്പോഴും വ്യക്തമായി ഓർക്കുന്നു. ഒരിക്കൽ പോലും ഞാൻ വിറയ്ക്കുകയോ പരിഭ്രമിക്കുകയോ ചെയ്തിരുന്നില്ല. ഒരു യുദ്ധവിമാനത്തിന്റെ ശക്തിയേറിയ അലർച്ചയും, ത്രോട്ടിൽ തുറന്നപ്പോൾ ഉണ്ടായ കുതിപ്പും, രാജ്യത്തെ സേവിക്കുകയെന്ന ഉദ്യമത്തിനായി തിരഞ്ഞെടുക്കപ്പെട്ട ചുരുക്കം ചിലരിൽ ഒരാളാണ് ഞാൻ എന്ന തിരിച്ചറിവും, അതായിരുന്നു എൻ്റെ ഓർമ്മയിൽ എന്നെന്നേക്കുമായി പതിഞ്ഞ ആ നിമിഷത്തിന്റെ ഓർമ്മകൾ.

1997ലാണ് ഞാൻ പ്രശസ്തമായ നമ്പർ 17 സ്ക്വാഡ്രണിന്റെ അഥവാ ഗോൾഡൻ ആരോസിന്റെ ഭാ​ഗമാവുന്നത്. അന്ന് വിംഗ് കമാൻഡർ ധനോവയുടെ ( പിന്നീട് സ്റ്റാഫ് മേധാവിയായി വിരമിച്ച) കീഴിൽ സേവനമനുഷ്ഠിച്ചത് എന്റെ ഔദ്യോഗിക ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. വ്യോമാക്രമണങ്ങളിലെ ഏറ്റവും കഠിനമായ പരീക്ഷണങ്ങളെ പോലും ധൈര്യത്തോടെ നേരിടാനുള്ള മനോബലം അദ്ദേഹം ഞങ്ങളിൽ വളർത്തി.

1999ലെ കാർ​ഗിൽ യുദ്ധത്തിന്റെ ഓ‌ർമ്മകൾ എന്റെ മനസിൽ ഇപ്പോഴും കത്തി ജ്വലിക്കുന്നുണ്ട്. ‍ഞങ്ങളുടെ സ്ക്വാഡ്രണിന്റെ പ്രവർത്തന മേഖല ശ്രീന​ഗ​രായിരുന്നു. ആദ്യഘട്ടത്തിൽ, നുഴഞ്ഞുകയറ്റം കണ്ടെത്താൻ വ്യോമസേനയെ വിന്യസിച്ചപ്പോൾ, ഭീകരരുടെ നീക്കങ്ങൾ ആകാശക്കണ്ണുകളിലൂടെ ഒപ്പിയെടുക്കുക എന്നതായിരുന്നു ഗോൾഡൻ ആരോസിൻ്റെ ദൗത്യം. ഞങ്ങളായിരുന്നു ആദ്യം പറന്നുയർന്നത്. മലയിടുക്കുകളിലൂടെ ഊളിയിട്ടിറങ്ങി, ശത്രുവിൻ്റെ ഒളിത്താവളങ്ങളുടെ ചിത്രങ്ങളെടുത്തു. ഓരോ പറക്കലും മരണത്തെ മുഖാമുഖം കണ്ടുള്ള സാഹസമായിരുന്നു.

ബാഗ്ഡോഗ്രയിൽ മിഗ് 21 പരിശീലനക്കാലത്ത് പ്രദീപ് കുമാർ സ്ക്വാഡ്രണൊപ്പം

ആ സമയത്ത് തന്നെയാണ് ഞങ്ങളുടെ ഫ്ലൈറ്റ് കമാൻഡർ, സ്ക്വാഡ്രൺ ലീഡർ അജയ് അഹൂജയെ മിസൈൽ ആക്രമണത്തിൽ ഞങ്ങൾക്ക് നഷ്ടമായത്. ഈ സംഭവം ഞങ്ങളെ വൈകാരികമായി തളർത്തിയെങ്കിലും, ഞങ്ങളുടെ പോരാട്ടം മുന്നോട്ട് കൊണ്ടുപോകുണമെന്ന ദൃഢനിശ്ചയം ഞങ്ങളെടുത്തത് ആ നിമിഷത്തിലായിരുന്നു. കഠിനമായ പരിശീലനം കൊണ്ടും സ്ക്വാഡ്രണിലെ കരുത്തുറ്റ സൗഹൃദം കൊണ്ടും ഞങ്ങൾ കൂടുതൽ ശക്തിപ്പെട്ടു. താമസിയാതെ, ഞങ്ങളുടെ ദൗത്യങ്ങൾ കരയാക്രമണങ്ങളിലേക്ക് വഴിമാറി. രാവും പകലും ഞങ്ങൾ ശത്രുതാവളങ്ങളിൽ ബോംബുകൾ വർഷിച്ചു.

എന്നെ സംബന്ധിച്ചിടത്തോളം, മി​ഗ്21 ഒരിക്കലും ഒരു യുദ്ധവിമാനം മാത്രമായിരുന്നില്ല. എന്നെ ഒരു യുദ്ധവിമാനത്തിന്റെ പൈലറ്റാക്കിയതും, ആദ്യമായി ഒരു യുദ്ധവിമാനം പറത്തിയതും, ഏതൊരു മെഡലിനേക്കാളും വലിയ നേട്ടമായി ഞാൻ കാണുന്ന ഒറ്റയ്ക്ക് പറക്കുന്നതിൻ്റെ അതുല്യമായ അഭിമാനം സമ്മാനിച്ചതും ആ വിമാനമാണ്. വർഷങ്ങൾക്ക് ശേഷം ഞാൻ മി​ഗ്-23ലേക്ക് മാറിയെങ്കിലും എൻ്റെ ഹൃദയം എപ്പോഴും മി​ഗ്21നൊപ്പം തന്നെയായിരുന്നു. മി​ഗ്21നെ കൈകാര്യം ചെയ്യാൻ പ്രയാസമായിരുന്നെങ്കിലും, അതിൽ വൈദഗ്ദ്ധ്യം നേടിയാൽ, ഒരു പൈലറ്റിന് മറ്റേത് പോർവിമാനവും കൈപ്പിടിയിലൊതുക്കാം.

ജാഗ്വറുകളും മിറാഷുകളും സേവനത്തിലെത്തിയപ്പോഴും, ആ കാലഘട്ടത്തിലെ പൈലറ്റുമാർക്ക് വ്യോമ യുദ്ധത്തിൻ്റെ അടിസ്ഥാനപാഠങ്ങൾ പഠിപ്പിച്ചത് മി​ഗ്21 ആയിരുന്നു. പതിറ്റാണ്ടുകൾക്ക് ശേഷം അത് ആധുനികമായ ഏവിയോണിക്സുകളും സിസ്റ്റങ്ങളുമുപയോഗിച്ച് നവീകരിക്കപ്പെട്ടതോടെ അവ ഇന്ത്യൻ വ്യോമസേനയുടെ നട്ടെല്ലായി നിലകൊണ്ടു.

പ്രദീപ് കുമാർ


മി​ഗ്21ന്റെ അവസാന ലാൻഡിംഗിന് സാക്ഷ്യം വഹിക്കുമ്പോൾ, എൻ്റെ ഹൃദയം ദുഃഖവും സന്തോഷവും കൊണ്ട് നിറഞ്ഞിരുന്നു. ഐതിഹാസികനായ ഒരു പോരാളി വിരമിക്കുന്നതിലുള്ള ദുഃഖം, മഹത്തായ സൈനികരോടൊപ്പം സേവനം ചെയ്യാനും ഇത് പറത്താനും കഴിഞ്ഞതിലുള്ള സന്തോഷം. ഇതൊരു യന്ത്രത്തിൻ്റെ വിടവാങ്ങൽ മാത്രമല്ല, ഒരു യുഗത്തിൻ്റെ അസ്തമയമാണ്.

ഞാൻ സ്ക്വാഡ്രൺ ലീഡറായി സേവനത്തിൽ നിന്ന് വിരമിച്ചെങ്കിലും മി​ഗ്21 എന്നേക്കും എന്റെ ജീവിതത്തിന്റെ ഒരു ഭാഗമായി തുടരും. ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനത്തിന്റെ പൈലറ്റാകാൻ കഴിഞ്ഞതും, മി​ഗ്21 പറത്താൻ കഴിഞ്ഞതും എനിക്ക് അഭിമാനമാണ്.

( കണ്ണൂര്‍ തലശേരി സ്വദേശിയായ പ്രദീപ് കുമാര്‍ 21ാംമത്തെ വയസില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായി. പതിനൊന്നര വര്‍ഷത്തെ സര്‍വീസ് പൂര്‍ത്തിയാക്കി സ്‌ക്വാഡ്രണ്‍ ലീഡറായി വിരമിച്ചു. കഴക്കൂട്ടം സൈനിക് സ്‌കൂളിലെ വിദ്യാഭ്യാസം കഴിഞ്ഞു നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ പ്രവേശനം നേടി. തുടര്‍ന്ന് ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായ പ്രദീപ് 1995ല്‍ മിഗ് 21ന്റെ ഭാഗമായി.)

content summary: MiG-21 Saying Goodbye, A Fighter Pilot’s Journey Through Memories

 

പ്രദീപ് കുമാര്‍

പ്രദീപ് കുമാര്‍

മുൻ സ്‌ക്വാഡ്രൺ ലീഡർ, ഇന്ത്യൻ വ്യോമസേന

More Posts

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×