ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്തും നിര്‍ബന്ധിത മതപരിവര്‍ത്തന കുറ്റവും ചുമത്തപ്പെട്ട് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം. കഴിഞ്ഞ ഒമ്പത് ദിവസമായി ജയിലിലായിരുന്നു സിസ്റ്റര്‍ വന്ദനയും സിസ്റ്റര്‍ പ്രീതിയും. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് സിറാജുദീന്‍ ഖുറേഷിയാണ് വിധി പ്രസ്താവിച്ചത്.
സംസ്ഥാന സര്‍ക്കാര്‍ ജാമ്യാപേക്ഷയെ എതിര്‍ക്കില്ലെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഉറപ്പിന്‍മേലാണ് ഇന്നലെ എന്‍ഐഎ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. എന്നാല്‍ അന്വേഷണം പ്രാഥമികഘട്ടത്തിലാണെന്നു ചുണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ ജാമ്യാപേക്ഷയെ എതിര്‍ത്തു. അതേസമയം കസ്റ്റഡിയില്‍ വിടേണ്ടതുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് വേണ്ട എന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി.
കന്യാസ്ത്രീകൾക്കുവേണ്ടി ഹാജരായ അഭിഭാഷകൻ അമൃതോദാസ് രക്ഷിതാക്കളുടെ അനുമതിയോടെയാണ് മൂന്നു പെൺകുട്ടികൾ അവർക്കൊപ്പം പോയതെന്നാണ് വാദിച്ചത്. തെളിവായി സമ്മതപത്രവും സമർപ്പിച്ചു. അവർ ക്രിസ്തീയമതം പിൻതുടരുന്നവരാണെന്ന് ബോധിപ്പിക്കുകയും ചെയ്തു. യാതൊരു എതിർപ്പും പ്രോസിക്യൂഷൻ ഉയർത്തിയില്ല.കേസന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്ന് ചൂണ്ടിക്കാട്ടുക മാത്രമേ പ്രോസിക്യൂഷൻ ചെയ്തുള്ളൂ. ജാമ്യഹർജി എൻ.ഐ.എ കോടതിയിലേക്ക് വിട്ടത് പ്രാേസിക്യൂഷന്റെ ആവശ്യപ്രകാരമായതിനാൽ, സാങ്കേതികമായി എതിർപ്പ് പ്രകടിപ്പിക്കാൻ അവർ ബാദ്ധ്യസ്ഥരായിരുന്നു.
ജൂലൈ 25-നാണ് ഛത്തീസ്ഗഡിലെ ദുർഗിൽ മനുഷ്യക്കടത്ത് ആരോപിച്ച് ഇവരെ റെയിൽവെ പോലീസ് അറസ്റ്റ് ചെയ്തത്. അസീസി സിസ്റ്റേഴ്‌സ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, സിസ്റ്റര്‍ പ്രീതി മേരി എന്നിവരെ ദുര്‍ഗില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. മനുഷ്യക്കടത്ത്, നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നിവ ആരോപിച്ചാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ കന്യാസ്ത്രീകളെ തടഞ്ഞു വെച്ചത്. ഗുരുതര വകുപ്പുകളാണ് കന്യാസ്ത്രീകള്‍ക്കെതിരെ ഛത്തീസ്ഗഡ് പോലീസ് ചുമത്തിയത്.
മനുഷ്യക്കടത്തും, നിർബന്ധിത മത പരിവർത്തനവും അടക്കം 10 വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റങ്ങൾ ചുമത്തിയാണ് എഫ്ഐആർ തയ്യാറാക്കിയിരിക്കുന്നത്. അറസ്റ്റിലായ കന്യാസ്ത്രീകൾ കണ്ണൂർ, അങ്കമാലി സ്വദേശികളാണ്. bail for arrested nuns in chhattisgarh
Content Summary: bail for arrested nuns in chhattisgarh