June 26, 2026 |
Share on

ഛത്തീസ്​ഗഡിൽ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളിയതിൽ ആഹ്ലാദിച്ച് ബജ്റം​ഗദൾ; 2022ല്‍ കേരളത്തില്‍ കന്യാസ്ത്രീകള്‍ക്കെതിരായ സമാന കേസ് തള്ളി കോടതി

മനുഷ്യക്കടത്ത് നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്

ഇന്ത്യയിലെ രണ്ടു സംസ്ഥാനങ്ങളില്‍ മണിക്കൂറുകള്‍ക്കിടയില്‍ വരുന്ന രണ്ട് കോടതി വിധികള്‍. ഛത്തീസ്ഗഡില്‍ മതപപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റു ചെയ്ത കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള വിധി വരുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് കേരളത്തില്‍ നിന്നുള്ള മറ്റൊരു വാര്‍ത്തയെത്തുന്നത്. ഛത്തീസ്ഗഡിലെ സംഭവത്തിനെതിരെ പ്രതിഷേധങ്ങള്‍ ശക്തമാവുന്ന സമയത്ത് തന്നെയാണ് മനുഷ്യക്കടത്ത് നടത്തിയെന്ന് ആരോപിച്ച് 2022ല്‍ തൃശൂര്‍ വച്ച് അറസ്റ്റു ചെയ്ത രണ്ടു കന്യാസ്ത്രീകളെ കുറ്റവിമുക്തരാക്കി കൊണ്ടുള്ള വിധിയെത്തുന്നത്.

മതപരിവര്‍ത്തനം ആരോപിച്ച് ഛത്തീസ്ഗഡില്‍ അറസ്റ്റ് ചെയ്ത കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ദുര്‍ഗിലെ സെഷന്‍സ് കോടതി പരിഗണിച്ചില്ല. മനുഷ്യക്കടത്ത് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയതിനാല്‍ ജാമ്യാപേക്ഷ പരിഗണിക്കാന്‍ തങ്ങള്‍ക്ക് അധികാരമില്ലെന്നായിരുന്നു സെഷന്‍സ് കോടതിയുടെ നിലപാട്. വിഷയത്തില്‍ ബിലാന്‍സ്പുര്‍ എന്‍ഐഎ കോടതിയെ സമീപിക്കാനായിരുന്നു സെഷന്‍സ് കോടതി നിര്‍ദ്ദേശം.

രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒന്നാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി തൃശൂരിലെ ആരോപിതരായ കന്യാസ്ത്രീകളെ കുറ്റവിമുക്തരാക്കിയത്. മനുഷ്യക്കടത്ത് നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്. 2022 ലാണ് സംഭവം. ആലപ്പി ധന്‍ബാദ് എക്‌സ്പ്രസ്സില്‍ ജാര്‍ഖണ്ഡില്‍ നിന്ന് എത്തിച്ച മൂന്ന് കുട്ടികളെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ റെയില്‍വേ പോലീസിനെ കൈമാറിയിരുന്നു. തൃശ്ശൂരിലെ മഠത്തിലേക്ക് സഹായികളായി എത്തിച്ചതായിരുന്നു ഇവരെ. റെയില്‍വേ പോലീസ് മനുഷ്യക്കടത്ത് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ് കോടതിക്ക് കൈമാറിയത്. കേസ് പരിഗണിച്ച കോടതിയാണ് മനുഷ്യക്കടത്ത് കുറ്റം നിലനില്‍ക്കില്ല എന്ന നിരീക്ഷണത്തോടെ പ്രതി പട്ടികയില്‍ ചേര്‍ത്ത കന്യാസ്ത്രീകളെ കുറ്റവിമുക്തരാക്കിയത്.

പെണ്‍കുട്ടികളെ അവരുടെ ഗ്രാമങ്ങളില്‍ നിന്ന് കൊണ്ടുവന്നത് മാതാപിതാക്കളുടെ പൂര്‍ണ്ണ സമ്മതത്തോടെയും പെണ്‍കുട്ടികളുടെ സ്വന്തം ഇഷ്ടപ്രകാരവും ആണെന്ന് കോടതി കണ്ടെത്തി. ബലപ്രയോഗം, ലൈംഗിക ചൂഷണം നിര്‍ബന്ധിത തൊഴില്‍ എന്നിവയ്ക്കുള്ള തെളിവുകളൊന്നും വിചാരണ വേളയില്‍ ഹാജരാക്കിയില്ലെന്നും കോടതി വ്യക്തമാക്കി.

ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകള്‍ക്ക് ജാമ്യം നല്‍കരുതെന്ന് ആവശ്യവുമായി ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ കോടതിയ്ക്ക് മുമ്പില്‍ തടിച്ചുകൂടിയിരുന്നു. ഛത്തീസ്ഗഡ് സെഷന്‍സ് കോടതി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന സാഹചര്യത്തിലാണ് കോടതിക്ക് മുന്നില്‍ പ്രതിഷേധവുമായി ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ എത്തിച്ചേര്‍ന്നത്.

ബജ്രംഗ്ദള്‍ നേതാവ് ജ്യോതി ശര്‍മയുള്‍പ്പെടെയുള്ള നേതാക്കള്‍ മുദ്രാവാക്യം വിളികളോടെയാണ് കോടതിക്ക് മുന്നിലെത്തിയത്. കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യുന്ന സമയത്ത് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ അവരെ തടഞ്ഞുവെച്ച് ചോദ്യം ചെയ്യുന്നതുള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. യാതൊരു കാരണവശാലും കന്യാസ്ത്രീകള്‍ക്ക് ജാമ്യം നല്‍കരുതെന്നാണ് ഇവരുടെ ആവശ്യം.

കോടതി റിമാന്‍ഡ് ചെയ്ത കന്യാസ്ത്രീകള്‍ നിലവില്‍ ദുര്‍ഗ് ജില്ലാ ജയിലില്‍ തുടരുകയാണ്. മനുഷ്യക്കടത്തും മതപരിവര്‍ത്തനവുമാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്ന വകുപ്പുകള്‍. ഛത്തീസ്ഗഡില്‍ ഇവ രണ്ടും ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ്. അതിനാല്‍ കോടതിയുടെ നിലപാട് കന്യാസ്ത്രീകളെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്.

കണ്ണൂര്‍ തലശ്ശേരി ഉദയഗിരി ഇടവകയില്‍ നിന്നുള്ള സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവക സിസ്റ്റര്‍ പ്രീതി മേരി എന്നിവരാണ് അറസ്റ്റിലായത്. അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളാണിവര്‍. നാരായന്‍പുര്‍ ജില്ലയില്‍ നിന്നുള്ള മൂന്ന് പെണ്‍കുട്ടികളോടൊപ്പമായിരുന്നു കന്യാസ്ത്രീകള്‍ സഞ്ചരിച്ചിരുന്നത്. 19 മുതല്‍ 22 വയസ്സുള്ളവരായിരുന്നു ഇവര്‍. റെയില്‍വേ സ്റ്റേഷനിലെത്തിയ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഇവര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും മനുഷ്യക്കടത്തും നടത്തുകയാണെന്ന് ആരോപിക്കുകയായിരുന്നു. തുടര്‍ന്ന് കന്യാസ്ത്രീകളെ തടഞ്ഞുവക്കുകയും ചെയ്തു.

content summary: Bail denied to nuns in Chhattisgarh, while Kerala court acquits two nuns in a similar case

Leave a Reply

Your email address will not be published. Required fields are marked *

×