June 26, 2026 |
Share on

തെളിവായത് വാട്‌സ്ആപ്പ് മെസേജ്, ‘ഗെസ് പേപ്പര്‍’ ആദ്യമെത്തിയത് കേരളത്തില്‍; തിരഞ്ഞെടുപ്പ് സമാന സുരക്ഷയിലും തുടരുന്ന തട്ടിപ്പ്

നീറ്റ് യുജി 2026 പരീക്ഷ റദ്ദാക്കി

ഈ വര്‍ഷത്തെ ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് യു.ജി റദ്ദാക്കിയതായി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി പ്രഖ്യാപിച്ചു. മേയ് 3-ന് നടന്ന പരീക്ഷയില്‍ വന്‍തോതില്‍ ക്രമക്കേടുകളും ചോദ്യപേപ്പര്‍ ചോര്‍ച്ചയും നടന്നെന്ന ആരോപണങ്ങളെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ണായക തീരുമാനമെടുത്തത്. പുതുക്കിയ പരീക്ഷാ തീയതികള്‍ പിന്നീട് അറിയിക്കും. രാജ്യത്തുടനീളം ഇരുപത്തിരണ്ട് ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. പരീക്ഷാ അട്ടിമറിയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുന്നതിനായി കേസ് സിബിഐയ്ക്ക് കൈമാറിയതായും, അന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിക്കുമെന്നും എന്‍.ടി.എ വ്യക്തമാക്കി.

തട്ടിപ്പ് തെളിഞ്ഞ വാട്‌സ് ആപ്പ് മെസേജ്

രാജസ്ഥാനില്‍ നിന്നാണ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. വാട്‌സ് ആപ്പില്‍ വ്യാപകമായി പ്രചരിച്ച ഒരു സന്ദേശമാണ് അന്വേഷണസംഘത്തെ ഈ തട്ടിപ്പിലേക്ക് നയിച്ചത്. വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ക്ക് മുകളില്‍ കാണാറുള്ള ‘ഫോര്‍വേഡ് മെനി ടൈംസ്’ (പലതവണ ഫോര്‍വേഡ് ചെയ്തത്) എന്ന ഓട്ടോമേറ്റഡ് അടയാളമാണ് ഇതിന് പിന്നില്‍ വലിയൊരു ശൃംഖലയുണ്ടെന്ന സൂചന അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയത്. കേവലം ഒറ്റപ്പെട്ട ഒരു സംഭവമല്ല ഇതെന്നും പരീക്ഷയ്ക്ക് മുന്‍പ് തന്നെ ചോദ്യങ്ങള്‍ വലിയ രീതിയില്‍ പ്രചരിച്ചിരുന്നുവെന്നും ഇതിലൂടെ വ്യക്തമായി.

രാജസ്ഥാന്‍ പൊലീസിന്റെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് നടത്തുന്ന പ്രാഥമിക അന്വേഷണമനുസരിച്ച്, ഡെറാഡൂണിലുണ്ടായിരുന്ന സികാര്‍ സ്വദേശിയായ രാകേഷ് മാണ്ഡവരിയ എന്നയാളാണ് ‘ഗെസ് പേപ്പര്‍’ എന്ന പേരില്‍ ഈ ചോദ്യങ്ങള്‍ ആദ്യം പങ്കുവെച്ചത്. ഡെറാഡൂണില്‍ നിന്ന് ഈ സന്ദേശം എത്തിയത് കേരളത്തില്‍ പഠിക്കുന്ന രാജസ്ഥാനിലെ ചൂരൂ സ്വദേശിയായ ഒരു എം.ബി.ബി.എസ് വിദ്യാര്‍ത്ഥിയുടെ കൈകളിലാണ്. ഈ വിദ്യാര്‍ത്ഥി മേയ് ഒന്നിനോടടുത്ത് രാജസ്ഥാനിലെ സികാറിലുള്ള തന്റെ സുഹൃത്തിന് ഇത് അയച്ചുകൊടുത്തു. അവിടെ നിന്ന് സികാറിലെ ഒരു പേയിംഗ് ഗസ്റ്റ് താമസ സൗകര്യത്തിന്റെ ഉടമസ്ഥന് ചോദ്യങ്ങള്‍ ലഭിക്കുകയും, അയാള്‍ അത് മറ്റ് വിദ്യാര്‍ത്ഥികളിലേക്ക് എത്തിക്കുകയുമായിരുന്നു. വിദ്യാര്‍ത്ഥികളില്‍ നിന്ന് കരിയര്‍ കൗണ്‍സിലര്‍മാരിലേക്കും കൂടുതല്‍ പേരിലേക്കും ഈ പി.ഡി.എഫ് ഫയല്‍ കൈമാറ്റം ചെയ്യപ്പെട്ടു. ഈ ചോദ്യങ്ങള്‍ പ്രിന്റ് ചെയ്ത് വിതരണം ചെയ്തിട്ടുണ്ടെങ്കില്‍ ചോര്‍ച്ചയുടെ ഉറവിടം കണ്ടെത്തുന്നത് കൂടുതല്‍ സങ്കീര്‍ണ്ണമാകുമെന്ന് ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നു.

പൊലീസില്‍ ആദ്യമായി വിവരം അറിയിച്ച പി.ജി ഉടമസ്ഥനും നിലവില്‍ സംശയനിഴലിലാണ്. ചോദ്യപേപ്പര്‍ ചോര്‍ച്ച വലിയ വാര്‍ത്തയായതോടെ അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയാകാം ഇയാള്‍ പൊലീസിനെ സമീപിച്ചതെന്നാണ് സംശയിക്കുന്നത്. അതേസമയം, ചോദ്യപേപ്പറിന്റെ കൃത്യമായ ഉറവിടം എവിടെയാണെന്ന് ഇതുവരെ അന്തിമമായി സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ജയ്പൂരിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഏകദേശം 150 പേജുകളുള്ള പി.ഡി.എഫ് ഫയലില്‍ നാനൂറിലധികം ചോദ്യങ്ങളാണ് ഉണ്ടായിരുന്നതെന്ന് എസ്.ഒ.ജി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വിശാല്‍ ബന്‍സാല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതില്‍ 120-ഓളം ചോദ്യങ്ങള്‍ യഥാര്‍ത്ഥ പരീക്ഷയില്‍ വന്നിരുന്നു. പരീക്ഷയ്ക്ക് ആഴ്ചകള്‍ക്ക് മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ ഒരു മാസം മുന്‍പ് തന്നെ ഈ ചോദ്യങ്ങള്‍ വിദ്യാര്‍ത്ഥികളുടെ കൈകളില്‍ എത്തിയിരുന്നു. നിലവില്‍ കരിയര്‍ കൗണ്‍സിലര്‍മാരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ ഇരുപതിലധികം പേരെ എസ്.ഒ.ജി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

കേസ് പുറത്തുവന്നതോടെ രാജസ്ഥാനില്‍ വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കും ഇത് വഴിതുറന്നിട്ടുണ്ട്. ബി.ജെ.പി സര്‍ക്കാര്‍ കഴിഞ്ഞ രണ്ടാഴ്ചയായി ഈ കേസ് മൂടിവെക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് ആരോപിച്ചു. പരീക്ഷ റദ്ദാക്കിയ നടപടിയിലൂടെ വന്‍ അഴിമതിയാണ് പുറത്തുവന്നിരിക്കുന്നത്. യുവാക്കളുടെ ഭാവി വെച്ചാണ് സര്‍ക്കാര്‍ കളിച്ചതെന്നും, കേസ് സി.ബി.ഐക്ക് വിട്ട എന്‍.ടി.എയുടെ തീരുമാനം സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. മുന്‍പ് എംപ്ലോയീ സെലക്ഷന്‍ ബോര്‍ഡ് പരീക്ഷയിലെ ഒ.എം.ആര്‍ ഷീറ്റ് തട്ടിപ്പും സര്‍ക്കാര്‍ ഇത്തരത്തില്‍ ഒളിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും, ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തിയതിനാല്‍ പ്രതികള്‍ക്ക് എളുപ്പത്തില്‍ ജാമ്യം ലഭിച്ചുവെന്നും ഗെലോട്ട് കൂട്ടിച്ചേര്‍ത്തു. നീറ്റ് പരീക്ഷാ ചോര്‍ച്ചയില്‍ ഒരു എഫ്.ഐ.ആര്‍ പോലും രജിസ്റ്റര്‍ ചെയ്യാതെ വിവരങ്ങള്‍ മറച്ചുവെക്കാനാണ് രാജസ്ഥാന്‍ സര്‍ക്കാര്‍ ശ്രമിച്ചതെന്നും എന്നാല്‍ ഇപ്പോള്‍ സത്യം പുറത്തുവന്നിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഇന്ത്യന്‍ വിദ്യാഭ്യാസ മേഖലയ്ക്ക് നാണക്കേട്

രാജ്യത്തെ ഏറ്റവും വലിയ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് യു.ജി പൂര്‍ണ്ണമായും റദ്ദാക്കിക്കൊണ്ടുള്ള നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ തീരുമാനം ഇന്ത്യന്‍ വിദ്യാഭ്യാസ ചരിത്രത്തില്‍ തന്നെ സമാനതകളില്ലാത്ത ഒന്നാണ്. മേയ് 3-ന് ഒറ്റ ഷിഫ്റ്റിലായി 22.05 ലക്ഷം വിദ്യാര്‍ത്ഥികള്‍ എഴുതിയ പരീക്ഷയാണ് ഒരാഴ്ചയ്ക്ക് ശേഷം റദ്ദാക്കിയത്. മുന്‍പും പരീക്ഷാ ക്രമക്കേടുകളും ചോദ്യപേപ്പര്‍ ചോര്‍ച്ചയും ഉണ്ടായിട്ടുണ്ടെങ്കിലും, രാജ്യവ്യാപകമായി ഒരു പരീക്ഷ എന്‍.ടി.എ പൂര്‍ണ്ണമായും റദ്ദാക്കുന്നത് ഇതാദ്യമായാണ്. എന്‍.ടി.എ നടത്തുന്ന പരീക്ഷകളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഒരേ ദിവസം ഒരേ സമയം പങ്കെടുക്കുന്ന പരീക്ഷയെന്ന പ്രത്യേകതയും നീറ്റ് യു.ജിക്കുണ്ട്. നിലവിലെ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക ബാധ്യതയോ പുതിയ രജിസ്‌ട്രേഷന്റെ ആവശ്യവോ ഇല്ലാതെ പരീക്ഷ വീണ്ടും നടത്തുമെന്നും, ദേശീയ പരീക്ഷാ സംവിധാനത്തിലുള്ള ജനങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കാനാണ് ഈ കടുത്ത തീരുമാനമെന്നും എന്‍.ടി.എ വ്യക്തമാക്കി.

ഈ വര്‍ഷത്തെ വിവാദങ്ങളുടെ തുടക്കം മേയ് 7-നാണ്. പരീക്ഷ നടന്ന് നാല് ദിവസത്തിന് ശേഷം പരീക്ഷാ ക്രമക്കേടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ എന്‍.ടി.എയ്ക്ക് ലഭിക്കുകയായിരുന്നു. നാനൂറിലധികം ചോദ്യങ്ങളടങ്ങിയ ഒരു പി.ഡി.എഫ് ഫയല്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് മേയ് 8-ന് തന്നെ എന്‍.ടി.എ അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം കൈമാറി. പരീക്ഷയ്ക്ക് മുന്‍പ് തന്നെ ഈ ഫയല്‍ പ്രചരിച്ചിരുന്നോ എന്ന് കണ്ടെത്തുകയായിരുന്നു പ്രധാന വെല്ലുവിളി. ഇതിനിടെ, രാജസ്ഥാന്‍ പൊലീസിന്റെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് നടത്തിയ അന്വേഷണത്തില്‍ 410 ചോദ്യങ്ങളടങ്ങിയ ‘ഗെസ് പേപ്പര്‍’ കണ്ടെത്തുകയും, ഇതിലെ 120 ചോദ്യങ്ങള്‍ യഥാര്‍ത്ഥ പരീക്ഷയില്‍ വന്നിട്ടുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ലക്ഷക്കണക്കിന് വരുന്ന യഥാര്‍ത്ഥ ഉദ്യോഗാര്‍ത്ഥികളുടെ അധ്വാനത്തെ വിലകുറച്ചു കാണില്ലെന്ന് എന്‍.ടി.എ ആദ്യം അറിയിച്ചിരുന്നെങ്കിലും, അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ പരീക്ഷ റദ്ദാക്കുകയല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലെന്ന് അവര്‍ക്ക് ബോധ്യപ്പെടുകയായിരുന്നു.

ആദ്യമായല്ല നീറ്റ് വിവാദങ്ങള്‍

നീറ്റ് പരീക്ഷയെച്ചൊല്ലിയുള്ള വിവാദങ്ങള്‍ ഇതാദ്യമല്ല. 2024-ല്‍ ജാര്‍ഖണ്ഡില്‍ ചോദ്യപേപ്പര്‍ ചോര്‍ന്നതിനെത്തുടര്‍ന്ന് പരീക്ഷ റദ്ദാക്കണമെന്ന് പ്രതിപക്ഷവും വിദ്യാര്‍ത്ഥികളും ശക്തമായി ആവശ്യപ്പെട്ടിരുന്നു. പരീക്ഷയ്ക്ക് മണിക്കൂറുകള്‍ക്ക് മുന്‍പ് ലക്ഷങ്ങള്‍ വാങ്ങി ചോദ്യങ്ങള്‍ നല്‍കിയതായി സി.ബി.ഐ അന്വേഷണത്തില്‍ കണ്ടെത്തുകയും ചെയ്തു. പരീക്ഷ റദ്ദാക്കണമെന്ന ഹര്‍ജികള്‍ പരിഗണിച്ച സുപ്രീം കോടതി, ജാര്‍ഖണ്ഡിലെ ഹസാരിബാഗിലും ബിഹാറിലെ പട്‌നയിലും ചോര്‍ച്ചയുണ്ടായി എന്നത് ശരിവെച്ചെങ്കിലും, അത് പരീക്ഷാ സംവിധാനത്തെയാകെ ബാധിക്കുന്ന തരത്തിലുള്ള വലിയ ചോര്‍ച്ചയല്ലെന്ന് വിലയിരുത്തി പരീക്ഷ റദ്ദാക്കാന്‍ വിസമ്മതിച്ചു. ഗ്രാമീണ മേഖലകളില്‍ നിന്നുള്ള ലക്ഷക്കണക്കിന് കുട്ടികളുടെ ഭാവി ഏതാനും ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ ഇല്ലാതാക്കരുതെന്ന നിലപാടിലായിരുന്നു അന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനും. ഒടുവില്‍ ടൈം ലോസ് (സമയനഷ്ടം) ഉണ്ടായ 1563 വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം അക്കൊല്ലം വീണ്ടും പരീക്ഷ നടത്തിയാണ് വിവാദം അവസാനിപ്പിച്ചത്. എന്നാല്‍ അതേവര്‍ഷം തന്നെ ചോദ്യപേപ്പര്‍ ഡാര്‍ക്ക്‌നെറ്റില്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് യു.ജി.സി-നെറ്റ് പരീക്ഷ എന്‍.ടി.എ റദ്ദാക്കിയിരുന്നു.

തട്ടിപ്പിന്റെ മുന്‍മാതൃക

ചരിത്രത്തിലേക്ക് നോക്കിയാല്‍, ഇതിന് മുന്‍പ് ഒരു മെഡിക്കല്‍ പ്രവേശന പരീക്ഷ റദ്ദാക്കുന്നത് 2015-ലാണ്. അന്ന് സി.ബി.എസ്.ഇ നടത്തിയ ഓള്‍ ഇന്ത്യ പ്രീ-മെഡിക്കല്‍/പ്രീ-ഡെന്റല്‍ ടെസ്റ്റ് (എഐപിഎംടി) സുപ്രീം കോടതി ഉത്തരവിനെത്തുടര്‍ന്ന് റദ്ദാക്കുകയായിരുന്നു. ഹരിയാനയിലെ റോഹ്തക്കില്‍ മൈക്രോ സിമ്മും ബ്ലൂടൂത്ത് ഉപകരണങ്ങളും ഘടിപ്പിച്ച പ്രത്യേക വസ്ത്രങ്ങള്‍ ധരിച്ച് പരീക്ഷയെഴുതിയ ഉദ്യോഗാര്‍ത്ഥികളെ പൊലീസ് പിടികൂടിയിരുന്നു. ഫോണുകള്‍ വഴി ഉത്തരങ്ങള്‍ ചോര്‍ത്തി നല്‍കിയതിലൂടെ 44 വിദ്യാര്‍ത്ഥികള്‍ക്ക് അവിഹിത നേട്ടമുണ്ടായെന്ന് കണ്ടെത്തിയതോടെയാണ് കോടതി പരീക്ഷ റദ്ദാക്കാന്‍ ഉത്തരവിട്ടത്. പിന്നീട് 2016-ല്‍ എ.ഐ.പി.എം.ടിക്ക് പകരമായാണ് ‘നീറ്റ്’ നിലവില്‍ വന്നതും 2019 മുതല്‍ അതിന്റെ നടത്തിപ്പ് എന്‍.ടി.എ ഏറ്റെടുത്തതും.

തിരഞ്ഞെടുപ്പിന് സമാനമായ സുരക്ഷ

2024-ലെ കനത്ത തിരിച്ചടികള്‍ക്ക് ശേഷം എന്‍.ടി.എയും വിദ്യാഭ്യാസ മന്ത്രാലയവും കടുത്ത സുരക്ഷാ ക്രമീകരണങ്ങളാണ് പരീക്ഷാ നടത്തിപ്പില്‍ കൊണ്ടുവന്നത്. മുന്‍ ഐ.എസ്.ആര്‍.ഒ മേധാവി കെ. രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഏഴംഗ സമിതി സമര്‍പ്പിച്ച ശുപാര്‍ശകളുടെ അടിസ്ഥാനത്തിലായിരുന്നു ഈ മാറ്റങ്ങള്‍. പൊതുതിരഞ്ഞെടുപ്പ് നടത്തുന്നതിന് സമാനമായ സുരക്ഷാ ക്രമീകരണങ്ങളാണ് സമിതി നിര്‍ദ്ദേശിച്ചത്. ജില്ലാ ഭരണകൂടത്തിന്റെയും പൊലീസിന്റെയും സാന്നിധ്യത്തില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ സീല്‍ ചെയ്യുക, ജി.പി.എസ് ഘടിപ്പിച്ച വണ്ടികളില്‍ കനത്ത പൊലീസ് കാവലോടെ ചോദ്യപേപ്പര്‍ എത്തിക്കുക, ബയോമെട്രിക് പരിശോധന കര്‍ശനമാക്കുക, ദല്‍ഹിയിലെ എന്‍.ടി.എ ആസ്ഥാനത്തിരുന്ന് സി.സി.ടി.വി വഴി പരീക്ഷാ കേന്ദ്രങ്ങള്‍ തത്സമയം നിരീക്ഷിക്കുക തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ ഇത്തവണ നടപ്പിലാക്കിയിരുന്നു. പേനയും പേപ്പറും ഉപയോഗിച്ചുള്ള പരീക്ഷയ്ക്ക് പകരം കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷകള്‍ വിവിധ ഷിഫ്റ്റുകളിലായി നടത്തണമെന്ന ശുപാര്‍ശയും സമിതി മുന്നോട്ടുവെച്ചിരുന്നു. ഇത്രയധികം കനത്ത മുന്‍കരുതലുകളും മോക്ക് ഡ്രില്ലുകളും നടത്തിയിട്ടും വീണ്ടും ചോദ്യപേപ്പര്‍ ചോര്‍ന്നത് എന്‍.ടി.എയുടെ സുരക്ഷാ ക്രമീകരണങ്ങള്‍ക്കെതിരേ ചോദ്യമുയര്‍ത്തുന്നു.

വിവരങ്ങള്‍ക്ക് കടപ്പാട്; ദി ഇന്ത്യന്‍ എക്‌സ്പ്രസ്‌

Content Summary: NEET UG Exam 2026 Cancelled. Whats App many time forward message lead investigation, Previous NEET Scam, Rajasthan

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×