പേപ്പര്‍ ക്ലിപ്പിനേക്കാള്‍ ഭാരം കുറഞ്ഞ കുഞ്ഞന്‍ റോബോട്ടിനെ വികസിപ്പിക്കുകയാണ് മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എംഐടി). കാഴ്ചയില്‍ തനി തേനീച്ചയായി തോന്നും. ഷഡ്പദങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് എംഐടിയില്‍ റോബോട്ട് നിര്‍മാണം പുരോഗമിക്കുന്നത്.
സെക്കന്‍ഡില്‍ 400 തവണ വരെ ചിറകുകള്‍ ചലിപ്പിക്കാനും പരമാവധി രണ്ട് മീറ്റര്‍ (6.5 അടി) വേഗതയില്‍ പറക്കാനും കഴിയും. ഇതിന് വായുവില്‍ നിശ്ചലമായി നില്‍ക്കാനും തലകീഴായി മറിയാനും സാധിക്കും.
‘തേനീച്ചകള്‍ക്ക് ചെയ്യാന്‍ കഴിയുന്ന അദ്ഭുതകരമായ ചലനങ്ങള്‍ അനുകരിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്,’ റോബോട്ടിനെ വികസിപ്പിക്കുന്ന ഗവേഷക വിദ്യാര്‍ത്ഥിയായ യി-ഹ്‌സുവാന്‍ ‘നീമോ’ സിയാവോ വിദേശ മാധ്യമങ്ങളോട് പങ്കുവച്ചു. ഭാവിയില്‍ ഈ റോബോട്ടുകള്‍ കൃത്രിമ പരാഗണത്തിന് സഹായിക്കുമെന്നാണ് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നതെന്നും തേനീച്ചകള്‍ക്ക് ചെയ്യാന്‍ കഴിയുന്ന അതിശയകരമായ ചലനങ്ങളെ അനുകരിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നതെന്നും സിയാവോ വ്യക്തമാക്കി.
‘നിങ്ങള്‍ ചൊവ്വയില്‍ കൃഷി ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍, പരാഗണത്തിനായി യഥാര്‍ത്ഥ പ്രാണികളെ ധാരാളമായി കൊണ്ടുപോകാന്‍ ആഗ്രഹിക്കില്ല. അത്തരം സാഹചര്യങ്ങളിലാണ് ഞങ്ങളുടെ റോബോട്ടുകള്‍ക്ക് വലിയ സാധ്യതകളുള്ളത്,’ റോബോട്ട് ഗവേഷകനായ യി-ഹ്‌സുവാന്‍’ നീമോ സിയാവോ പറയുന്നു.

‘തങ്ങളുടെ ലക്ഷ്യം തേനീച്ചകള്‍ക്ക് പകരക്കാരെ കണ്ടെത്തുകയല്ല, മറിച്ച് അവയ്ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത ചുറ്റുപാടുകളില്‍ റോബോട്ടുകളെ ഉപയോഗിക്കുകയാണ്. ഉദാഹരണത്തിന്, വലിയ വെയര്‍ഹൗസ് ഫാമുകളില്‍ അള്‍ട്രാവയലറ്റ് ലൈറ്റിന്റെ സഹായത്തോടെ കൃഷി ചെയ്യുമ്പോള്‍, ആ സാഹചര്യത്തെ തേനീച്ചകള്‍ക്ക് അതിജീവിക്കാന്‍ ബുദ്ധിമുട്ടാണ്. അത്തരം ഇടങ്ങളില്‍ ഈ റോബോട്ടുകള്‍ക്ക് കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ സാധിക്കും’ എംഐടിയിലെ പ്രൊഫസര്‍ കെവിന്‍ ചെന്‍ വിശദീകരിക്കുന്നു.
ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ പ്രകൃതിയിലെ ജീവികളില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് പുതിയ റോബോട്ടുകള്‍ നിര്‍മ്മിക്കുന്നു. സാങ്കേതികവിദ്യകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിലും സങ്കീര്‍ണ്ണമായ ജോലികള്‍ ചെയ്യാന്‍ ഈ റോബോട്ടുകള്‍ക്ക് കഴിവുണ്ട്. യേല്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ക്ക് ഒരു പല്ലിയെപ്പോലെയുള്ള റോബോട്ടിനെ വികസിപ്പിക്കാന്‍ കഴിഞ്ഞു. ഇവയും അപകടത്തില്‍ പെട്ടാല്‍ സ്വന്തം അവയവങ്ങള്‍ വേര്‍പെടുത്താന്‍ കഴിവുള്ളവയാണ്. അതുകൊണ്ട് തന്നെ ഇവ അപകടകരമായ സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാകുന്നുണ്ട്.
അവയവം മുറിച്ചുമാറ്റുന്ന പല്ലി റോബോട്ട്: യേല്‍ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്ത ഒരു പല്ലി റോബോട്ട് അപകടകരമായ സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കും. ഇത് അപകടത്തില്‍പ്പെട്ടാല്‍ സ്വയം അതിന്റെ അവയവങ്ങള്‍ വേര്‍പെടുത്താന്‍ കഴിവുള്ളതാണ്.
കൂടാതെ, ദക്ഷിണ കൊറിയയിലെ ചുങ്-ആംഗ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ അടുത്തിടെ ഒരു പുഴുവിനെപ്പോലെ വളയാനും ഇഴയാനും കഴിയുന്ന ഒരു സോഫ്റ്റ് റോബോട്ടിനും രൂപം നല്‍കിയിട്ടുണ്ട്.
റോബോട്ടിക്‌സിലെ ഗവേഷകര്‍ പ്രകൃതിയെ സൂക്ഷ്മമായി നിരീക്ഷിച്ചാണ് പുതിയ കണ്ടുപിടിത്തങ്ങള്‍ നടത്തുന്നത്. ദശലക്ഷക്കണക്കിന് വര്‍ഷങ്ങളായുള്ള പരിണാമം പ്രാണികള്‍ക്കും മൃഗങ്ങള്‍ക്കും എല്ലാതരം ചലനങ്ങള്‍ക്കും ഏറ്റവും മികച്ച രൂപകല്‍പ്പന നല്‍കിയിട്ടുണ്ടെന്ന് റോബോട്ട് അല്‍ഗോരിതം എഴുതുന്ന യി-ഹ്‌സുവാന്‍ നീമോ സിയാവോ പറയുന്നു.
പിഎച്ച്ഡി വിദ്യാര്‍ത്ഥിയായ സുഹാന്‍ കിം വികസിപ്പിച്ചെടുത്ത, മൃദുവായ കൃത്രിമ പേശികളാണ് ഈ റോബോട്ടിന്റെ ചിറകുകള്‍ ചലിപ്പിക്കാന്‍ സഹായിക്കുന്നത്. ലേസര്‍ ഉപയോഗിച്ച് മുറിച്ചെടുത്ത ചിറകുകളും, ഒരു വാച്ചിനുള്ളിലെ ഭാഗങ്ങള്‍ പോലെ സൂക്ഷ്മമായ മറ്റു സംവിധാനങ്ങളും ഗവേഷകര്‍ സ്വന്തമായാണ് നിര്‍മ്മിക്കുന്നത്.
പറക്കുന്ന റോബോട്ടുകളെക്കാള്‍ ഊര്‍ജ്ജക്ഷമത കൂടുതലുള്ള, പുല്‍ച്ചാടിയെപ്പോലെയുള്ള ഒരു റോബോട്ടും ഇവര്‍ വികസിപ്പിക്കുന്നുണ്ട്. മനുഷ്യന്റെ തള്ളവിരലിനേക്കാള്‍ ചെറുതായ ഈ യന്ത്രത്തിന് 20 സെന്റീമീറ്റര്‍ വരെ ഉയരത്തില്‍ ചാടാന്‍ കഴിയും. പുല്ല്, ഐസ്, ഇലകള്‍ എന്നിങ്ങനെയുള്ള വ്യത്യസ്ത പ്രതലങ്ങളിലൂടെ സഞ്ചരിക്കാനും ഇതിന് സാധിക്കുമെന്നും സിയാവോ പറയുന്നു.

തേനീച്ചയെയും പുല്‍ച്ചാടിയെയും പോലെയുള്ള റോബോട്ടുകളുടെ ചെറിയ വലിപ്പം അവയെ കൂടുതല്‍ ഉപകാരപ്രദമാക്കുന്നു. തിരച്ചില്‍, രക്ഷാപ്രവര്‍ത്തനങ്ങള്‍, ഒരു പൈപ്പ് ലൈനിന്റെയോ ടര്‍ബൈന്‍ എഞ്ചിന്റെയോ ഉള്ളില്‍ പരിശോധിക്കുന്നതുപോലുള്ള കാര്യങ്ങള്‍ക്ക് ഇവയെ ഉപയോഗിക്കാം.
ഈ റോബോട്ടുകള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ഇനിയും കടമ്പകളുണ്ടെന്ന് ഗവേഷകന്‍ സിയാവോ പറയുന്നു. നിലവില്‍ ഒരു വയര്‍ ഉപയോഗിച്ചാണ് ഈ യന്ത്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. റോബോട്ടുകള്‍ക്ക് വിവരങ്ങള്‍ നല്‍കാനുള്ള സെന്‍സറുകളും, അവയ്ക്ക് ഊര്‍ജ്ജം നല്‍കുന്ന ബാറ്ററികളും ഘടിപ്പിക്കുന്നതാണ് അടുത്ത വെല്ലുവിളി. ‘വളരെ ചെറിയ റോബോട്ടുകളില്‍ ഊര്‍ജ്ജസ്രോതസ്സുകള്‍ സ്ഥാപിക്കുന്നത് ശ്രമകരമാണ്,’ കെവിന്‍ ചെന്‍ കൂട്ടിച്ചേര്‍ത്തു.
ഒരു സ്വതന്ത്ര റോബോട്ടിനെ പൂര്‍ണ്ണമായി വികസിപ്പിക്കാന്‍ 20 മുതല്‍ 30 വര്‍ഷം വരെ എടുത്തേക്കാമെന്ന് അദ്ദേഹം കണക്കാക്കുന്നു. എന്നാല്‍ പ്രാണികളുടെ സ്വാഭാവിക കഴിവുകള്‍ പഠിക്കുന്നത് ഈ ഗവേഷണത്തിന് വലിയ മുതല്‍ക്കൂട്ടാണെന്നും അദ്ദേഹം പറയുന്നു. ‘ദശലക്ഷക്കണക്കിന് വര്‍ഷങ്ങളായി പരിണമിച്ചവയാണ് പ്രാണികള്‍. അവയുടെ ചലനങ്ങള്‍, സ്വഭാവം, ഘടന എന്നിവയില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്,’ ചെന്‍ വിശദീകരിച്ചു. Bee robot for pollination on Mars
Content Summary: Bee robot for pollination on Mars
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.