June 26, 2026 |

‘അധ്യാപകരുടെ ജോലി ഭാരം കൂടും, ഉത്തരവിൽ പുനഃപരിശോധന ആവശ്യം’; മഹാരാജാസിൽ അധ്യാപക തസ്തിക കുറക്കുന്നതിൽ പ്രതിഷേധം

കൊമേഴ്സ്, കണക്ക്, മലയാളം വിഭാ​ഗങ്ങളിലെ തസ്തികകളാണ് കുറയ്ക്കുന്നത്

എറണാകുളം മഹാരാജാസ് കോളേജിൽ അധ്യാപക തസ്തികകൾ കുറയ്ക്കാനൊരുങ്ങി ഉന്നത വിദ്യാഭ്യാസ വകുപ്പ്. കഴിഞ്ഞ മാസം 15നാണ് തസ്തികകൾ വെട്ടിക്കുറയ്ക്കുകയാണെന്ന് അറിയിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കിയത്. കൊമേഴ്സ്, കണക്ക്, മലയാളം വിഭാ​ഗങ്ങളിലെ തസ്തികകളാണ് കുറയ്ക്കുന്നത്. ഈ വകുപ്പുകളിൽ നിന്ന് ഓരോ അധ്യാപകരെ വീതം പുതിയതായി ആരംഭിച്ച പറവൂർ കേസരി സർക്കാർ ആർട്സ് ആന്റ് സയൻസ് കോളേജിലേക്ക് മാറ്റാനാണ് തീരുമാനം.

അധ്യാപക തസ്തികകൾ കുറയ്ക്കുന്നത് കോളേജിന്റെ മുഴുവൻ സംവിധാനത്തെ തന്നെ ബാധിക്കുമെന്നും അധ്യാപകർക്ക് ജോലി ഭാരം കൂടാൻ കാരണമാകുമെന്നും മഹാരാജാസിലെ മലയാളം വിഭാ​ഗം അധ്യാപിക അഴിമുഖത്തോട് പറഞ്ഞു. മഹാരാജാസ് കോളേജിൽ മലയാളം വിഭാ​ഗം ആരംഭിച്ചതിന്റെ 100ാം വാർഷിക സമയത്താണ് ഇങ്ങനെയൊരു ഉത്തരവ് വന്നിരിക്കുന്നത് എന്നത് ഏറെ സങ്കടകരമായ സംഭവമാണെന്നും അധ്യാപിക കൂട്ടിച്ചേർത്തു.

‘മലയാളം വിഭാ​ഗത്തിൽ നിന്നും ഒരു തസ്തിക കേസരി കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. പത്ത് അധ്യാപക തസ്തികകളാണ് കോളേജിൽ ഉണ്ടായിരുന്നത്. നിലവിൽ 162 മണിക്കൂറുകളാണ് ഞങ്ങളുടെ വർക്ക് ലോഡ്. അതിൽ എട്ട് അധ്യാപകർക്ക് 16 മണിക്കൂർ വീതവും രണ്ട് അധ്യാപകർക്ക് 17 മണിക്കൂർ വീതവുമാണ് നൽകിയിരിക്കുന്നത്. അങ്ങനെ വരുമ്പോൾ 17 മണിക്കൂർ പഠിപ്പിക്കാനായി അധ്യാപകനില്ലാത്ത അവസ്ഥയുണ്ടാകും.

16 മണിക്കൂറാണ് യുജിസി പറഞ്ഞിരിക്കുന്ന അധ്യാപന സമയം. ഒരു ദിവസം അഞ്ച് മണിക്കൂറാണ് ക്ലാസുകളുള്ളത്. അതിൽ കൂടുതൽ സമയം പഠിപ്പിക്കേണ്ടി വരുക എന്നുള്ളതും ബുദ്ധിമുട്ടുള്ള കാര്യം തന്നെയല്ലേ? മുൻപ് പിജി വെയ്റ്റേജ് എന്നൊരു സംവിധാനമുണ്ടായിരുന്നു. അതായത് ഒരു മണിക്കൂർ പിജി വിദ്യാർത്ഥികൾക്ക് ക്ലാസെടുത്താൽ അത് ഒന്നര മണിക്കൂറായി കണക്കാക്കിയിരുന്നു. പ്രീഡി​ഗ്രീ ലിങ്കിം​ഗ് കാലത്ത് പ്രീഡി​ഗ്രീ കോളേജുകളിൽ നിന്ന് മാറ്റിയപ്പോൾ പോസ്റ്റ് സംരക്ഷിക്കാനായി കേരളത്തിൽ കൊണ്ടുവന്ന ഒരു സംവിധാനം കൂടിയായിരുന്നു അത്. എന്നാൽ ആ വെയ്റ്റേജ് ഞങ്ങൾക്ക് നഷ്ടമായിരുന്നു. 2024 – 25 ലാണ് ഇവിടെ ഫോർ ഇയർ അണ്ടർ​ഗ്രാജുവേറ്റ് പ്രോ​ഗ്രാം(എഫ്ഐയുജിപി ) വരുന്നത്. നാല് വർഷം കഴിഞ്ഞതിന് ശേഷം മാത്രമേ തസ്തികയുടെ കാര്യത്തിലും ജോലി സമയത്തിന്റെ കാര്യത്തിലും പുനർപരിശോധനയുണ്ടാവുകയുള്ളൂവെന്നാണ് എഫ്ഐയുജിപി വന്നപ്പോൾ നൽകിയിരുന്ന ഉറപ്പ്. ആ തീരുമാനത്തിന് വിരുദ്ധമായാണ് ഇപ്പോൾ തസ്തിക കുറയ്ക്കുന്നുവെന്ന ഉത്തരവ് ഇറക്കിയിരിക്കുന്നത്. പിജി വെയ്റ്റേജ് പോയപ്പോൾ രണ്ട് പോസ്റ്റുകൾ അധികമാണെന്ന് കണക്കാക്കിയിരിക്കണം. എന്നാൽ നിലവിൽ അധ്യാപകരുടെ എണ്ണം കൃത്യമാണ്.

ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെ ഉത്തരവ്

മഹാരാജാസ് ഒരു ഓട്ടോണോമസ് കോളേജാണ്. കോളേജിൽ തന്നെ സിലബസ് തയ്യാറാക്കി പരീക്ഷ നടത്തി മൂല്യനിർണയം നടത്തുകയാണ് ചെയ്യുന്നത്. ചില സമയത്ത് മൂന്നാം മൂല്യനിർണയം വരെ നടക്കാറുണ്ട്. അത്തരത്തിൽ ജോലി ഭാരം നന്നായി അനുഭവപ്പെടുന്ന ഒരു അവസ്ഥയുമുണ്ട്. മഹാരാജാസിലെ എല്ലാ വിഭാ​ഗങ്ങളും അങ്ങനെ തന്നെയാണ്. കാരണം പരീക്ഷ സമയബന്ധിതമായി നടക്കുകയും അതിൻ്റെ ഫലം കൃത്യമായി പ്രസിദ്ധീകരിക്കുകയും വേണം. ഉന്നത വി​ദ്യാഭ്യാസവകുപ്പിന്റെ ഉത്തരവ് കോളേജിന്റെ മുഴുവൻ പ്രവർത്തനത്തെ തന്നെ സാരമായി ബാധിക്കാൻ സാധ്യതയുണ്ട്.

മലയാളം വിഭാ​ഗത്തിലെ കാര്യം പറയുകയാണെങ്കിൽ ഞങ്ങൾ പത്ത് അധ്യാപകരിൽ പരീക്ഷ പേപ്പറുകൾ നോക്കാൻ ഒൻപത് പേരാണുള്ളത്. ബിഎ, എംഎ വിദ്യാർത്ഥികൾ തന്നെ 160 പേരാണുള്ളത്. ​ഗവേഷണം നടത്തുന്ന 40 വിദ്യാർത്ഥികളും മൾട്ടി ഡിസിപ്ലിനറി കോഴ്സ്, വാല്യു ആഡഡ് കോഴ്സ് എന്നീ കോഴ്സുകളിലായി 75 പേരോളം മൂന്ന് ബാച്ചുകളുണ്ട്. അഡീഷണൽ ലാ​ഗ്വേജ് എന്നാണ് സെക്കന്റ് ലാ​ഗ്വേജിനെ ഇപ്പോൾ പറയുന്നത്. അതിലും 75 പേരോളമായി മൂന്ന് ബാച്ചുകളാണുള്ളത്. ബികോം, ആർക്കിയോളജി എന്നിവയിൽ മലയാളം അഡീഷണൽ ലാ​ഗ്വേജായി എടുക്കുന്നവരുണ്ട്. ഇവർക്കെല്ലാം ചോദ്യപേപ്പറുകളുണ്ടാക്കി, പരീക്ഷ നടത്തേണ്ടത് ഞങ്ങൾ 10 അധ്യാപരാണ്.

പറവൂരിൽ കേസരി സർക്കാർ ആർട്സ് ആന്റ് സയൻസ് കോളേജ് പുതുതായി ആരംഭിച്ചിരുന്നു. അവിടെ പുതുതായി പോസ്റ്റുകൾ ആരംഭിക്കാതെ ഇപ്പോഴും മുൻ കണക്കുകൾ പ്രകാരം മഹാരാജാസിൽ നിന്നും അധ്യാപകരെ മാറ്റാനാണ് ശ്രമിക്കുന്നത്. പിജി വെയ്റ്റേജ് മാറിയപ്പോൾ ഇവിടെ അധികം അധ്യാപകരുണ്ടെന്നാണ് അവർ കരുതിയിരിക്കുന്നത്. എന്നാൽ ഇപ്പോഴത്തെ കോളേജിലെ അവസ്ഥ അറിയാതെയാണ് തീരുമാനമെടുത്തിരിക്കുന്നത്,’ മലയാളം വിഭാ​ഗം അധ്യാപിക അഴിമുഖത്തോട് പറഞ്ഞു.

വിഷയത്തിൽ അധ്യാപകർ ഉന്നത വി​ദ്യാഭ്യാസ സെക്രട്ടറിക്ക് കത്ത് അയച്ചിട്ടുണ്ട്. കോളേജിലെ എസ്എഫ്ഐ, കെഎസ് യു പ്രവർത്തകരും വി​ദ്യാർത്ഥികളുമെല്ലാം വിഷയത്തിൽ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്.

Content Summary: Reduction of teaching posts in Maharaja’s College; teachers respond

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×