June 03, 2026 |
Share on

പൊതുഭൂമിയിലെ തേങ്ങയെടുത്താൽ പണി കിട്ടും; സർക്കാർ ഉത്തരവിൽ ലക്ഷദ്വീപ് നിവാസികൾക്ക് അതൃപ്തി

തേങ്ങയെടുക്കുന്നത് മുൻകൂട്ടി അറിയിക്കണം

ലക്ഷദ്വീപിൽ തെങ്ങ് ഒരു വിള എന്നതിലുപരി ജീവിതത്തിന്റെ നട്ടെല്ലാണ്. നൂറ്റാണ്ടുകളായി ഒരു സമൂഹം മുഴുവൻ അതിനെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ദ്വീപുകളിൽ കൃഷിക്ക് അനുയോജ്യമായ ഭൂമി കുറവായതിനാൽ, മിക്ക തെങ്ങുകളും വളരുന്നത് റോഡരികുകളിലും, പഞ്ചായത്ത് പ്ലോട്ടുകളിലും, പൊതുവായ വീട്ടു പറമ്പുകളിലുമെല്ലാം. ഈ സ്ഥലങ്ങൾ പൊതു സ്വത്തായിട്ടാണ് കണക്കാക്കപ്പെടുന്നത്.

കുടുംബങ്ങൾ ഒരു നിയന്ത്രണവുമില്ലാതെ തെങ്ങിൽ കയറി തേങ്ങ പറിച്ചിരുന്നു. മത്സ്യബന്ധനത്തിൽ നിന്നുള്ള തുച്ഛമായ വരുമാനത്തിന് പുറമെ, തേങ്ങ വിറ്റ് കിട്ടുന്ന പണവും ഇവ‍‍ർ അതിജീവനത്തിനായി ഉപയോ​ഗിച്ച് പോരുന്നു. ആന്ത്രോത്ത്, സമീപത്തുള്ള കൽപ്പേനി ദ്വീപുകളിലെ റോഡരികിലുള്ള തെങ്ങുകളിൽ നിന്ന് തേങ്ങ പറിക്കാൻ ഉദ്ദേശിക്കുന്നവർ 24 മണിക്കൂർ മുമ്പെങ്കിലും പോലീസിനെയും ലക്ഷദ്വീപ് പൊതുമരാമത്ത് വകുപ്പിനെയും മുൻകൂട്ടി അറിയിക്കണമെന്ന ഉത്തരവുമായി ആന്ത്രോത്ത് ദ്വീപിലെ ഡെപ്യൂട്ടി കളക്ടർ.

ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ സെക്ഷൻ 152(1)(a) പ്രകാരം പുറത്തിറക്കിയ ഈ ഉത്തരവ് പ്രകാരം അനുമതിയില്ലാതെ തേങ്ങ പറിക്കുന്നത് പൊതുശല്യമായാണ് കണക്കാക്കുന്നത്. തേങ്ങ പറിക്കുന്നവർ ഗതാഗത തടസ്സമുണ്ടാക്കുകയും സുരക്ഷാപരമായ അപകടങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു എന്ന ഔദ്യോഗിക ന്യായീകരണത്തിലാണ് ഈ നടപടി. ഒരു സുരക്ഷാ നടപടിയെന്നതിലുപരി പൊതുസമ്പത്ത് കൈകാര്യം ചെയ്യാനുള്ള തങ്ങളുടെ അവകാശം ഇല്ലാതാക്കുന്ന മറ്റൊരു നീക്കമായാണ് ദ്വീപ് നിവാസികൾ ഇതിനെ കാണുന്നത്. തേങ്ങ പറിക്കുന്നതിന് ഒരു നിശ്ചിത സമയപരിധി നി‍ർദേശിച്ചിട്ടുണ്ട്, തെങ്ങു കയറുന്നവർക്കും താഴെ നിൽക്കുന്നവർക്കും ഹെൽമെറ്റും കയ്യുറകളും തുടങ്ങിയവ നിർബന്ധമാണ്. സ്കൂൾ സമയങ്ങളിലും, കപ്പലിൽ ആളുകൾ കയറുന്നതും ഇറങ്ങുന്നതുമായ സമയങ്ങളിലും തേങ്ങ പറിക്കാൻ അനുമതിയില്ല. ഈ നിയമങ്ങൾ പാലിക്കാത്തവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും, ചിലവായ തുക മരത്തിന്റെ ഉടമയിൽ നിന്ന് ഈടാക്കുകയും ചെയ്യും.

ലക്ഷദ്വീപിന്റെ ഭൂമിയും വിഭവങ്ങളും കൈകാര്യം ചെയ്യുന്ന രീതികൾ എല്ലായ്പ്പോഴും പ്രധാന ഭൂപ്രദേശത്ത് നിന്ന് വ്യത്യസ്തമായിരുന്നു. ചരിത്രപരമായി, മിക്ക കൃഷിസ്ഥലങ്ങളും പൂർണ്ണ ഉടമസ്ഥതയിലായിരുന്നില്ല, സർക്കാർ ഭൂമിയിലായിരുന്നു. ഈ ഭൂമി കുടുംബങ്ങൾക്ക് കൃഷി ചെയ്യുന്നതിനായി പാട്ടത്തിന് നൽകിയിരുന്നു. ഇങ്ങനെ പാട്ടത്തിനെടുക്കുന്നവരെ കൗൾദാർമാർ എന്നാണ് വിളിച്ചിരുന്നത്. ദ്വീപ് നിവാസികൾക്ക് ഈ ഭൂമിയിൽ കൃഷി ചെയ്യാനും വിളവെടുക്കാനും അവകാശമുണ്ടായിരുന്നെങ്കിലും, ഭൂമി വിൽക്കാനോ അതിന്മേൽ പൂർണ്ണ ഉടമസ്ഥാവകാശം ഉന്നയിക്കാനോ സാധിച്ചിരുന്നില്ല.

സ്വാതന്ത്ര്യാനന്തരം, 1965-ലെ ‘ലക്കദൈവ്, മിനിക്കോയ്, അമിൻദിവി ദ്വീപുകൾ ടെനൻസി റെഗുലേഷൻ’ നിയമത്തിലൂടെ ഈ ഭൂമി കൈവശം വെക്കുന്നതിനുള്ള വ്യവസ്ഥകൾക്ക് നിയമപരമായ സാധുത നൽകി. ഈ നിയമം കുടിയായ്മ അവകാശങ്ങൾക്ക് പരിധി നിശ്ചയിക്കുകയും, ചൂഷണം ചെയ്യുന്ന ഇടനിലക്കാരെ ഇല്ലാതാക്കുകയും, വലിയ ഭൂസ്വത്തുക്കൾ സർക്കാരിന്റെ കീഴിൽ കൊണ്ടുവരികയും ചെയ്തു. ഇത് ഭൂവുടമസ്ഥൻ എന്ന നിലയിൽ സർക്കാരിന്റെ സ്ഥാനം കൂടുതൽ ശക്തമാക്കി.

ദ്വീപിലെ ജനജീവിതം പരസ്പര ധാരണകളിലൂടെയാണ് മുന്നോട്ട് പോയിരുന്നത്. വീണുപോയ തേങ്ങകളും ഓലകളും ആരും തർക്കമില്ലാതെ ശേഖരിക്കുകയും തങ്ങളുടെ ആവശ്യങ്ങൾക്കായി ഉപയോ​ഗിക്കുകയും ചെയ്തിരുന്നു. എന്നാൽ പുതിയ ഉത്തരവ് ജനജീവിത്തെയാണ് ബാധിക്കുന്നത്. സർക്കാർ സമൂഹത്തിന്റെ കൈവശമുള്ള പൊതു സ്വത്തിന്മേൽ തങ്ങളുടെ അധികാരം സ്ഥാപിക്കുന്നതിന്റെ മറ്റൊരു ഉദാഹരണമായിട്ടാണ് ദ്വീപ് നിവാസികൾ ഇതിനെ കാണുന്നത്. ലക്ഷദ്വീപ് നേരിടുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് പുറമെ, തേങ്ങയുമായി ബന്ധപ്പെട്ട ഈ തർക്കം കൂടുതൽ വലിയ പ്രശ്നങ്ങളുടെ പ്രതീകമായി മാറിയിരിക്കുന്നു. ഈ മാറ്റങ്ങൾ ദ്വീപ് നിവാസികളുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന സ്വാധീനം വളരെ വലുതാണ്. ദ്വീപിന്റെ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമായിരുന്ന ഒരു വസ്തുവിന്മേൽ നിയമങ്ങൾ അടിച്ചേൽപ്പിക്കുന്നത് അവരുടെ അതിജീവനത്തിനുള്ള അവകാശത്തെയാണ് ചോദ്യം ചെയ്യുന്നത്.

content summary: Locals upset as government regulation disrupts coconut harvesting in Lakshadweep Islands

Leave a Reply

Your email address will not be published. Required fields are marked *

×