June 03, 2026 |
Share on

കാക്കയെ കണ്ടാൽ കല്ലെടുക്കല്ലേ! പണി കിട്ടും ആജീവനാന്തം

17 വർഷത്തോളമാണ് ഈ പഠനം നീണ്ടുനിന്നത്

ജീവിതത്തിൽ ഒരു കാക്കയെ ഒരിക്കലെങ്കിലും വിരട്ടി ഓടിക്കാത്തവർ കാണില്ല. അതിനിപ്പോൾ എന്താണ്? നമ്മൾ വളരെ സാധാരണയായി ചെയ്യുന്ന കാര്യം അല്ലെ അത്? എന്നാണോ നിങ്ങൾ ചിന്തിക്കുന്നത്. എന്നാൽ അത് അത്ര നിസ്സാര കാര്യമല്ലെന്നാണ് ശാസ്ത്രം പറയുന്നത്. ചുമ്മാതങ്ങ് പറയുന്നതല്ല, കൃത്യമായ പഠനങ്ങളും കണ്ടെത്തലുകളും ഇതിന്റെ പിന്നിലുണ്ട്.

യൂണിവേഴ്സിറ്റി ഓഫ് വാഷിംഗ്ടണിലെ ഗവേഷകർ പറയുന്നത്, നിങ്ങൾ ഒരു കാക്കയെ ഉപദ്രവിച്ചാൽ ഏകദേശം രണ്ട് പതിറ്റാണ്ടോളം കാലം അവർ നിങ്ങളോട് പക വെച്ചുപുലർത്താൻ സാധ്യതയുണ്ടെന്നാണ്. 2005 ലാണ് യൂണിവേഴ്സിറ്റി ഓഫ് വാഷിംഗ്ടണിലെ ഗവേഷകർ കാക്കകളെക്കുറിച്ച് ഒരു പഠനം നടത്താൻ തീരുമാനിക്കുന്നത്. കാക്കകളെ ഉപദ്രവിച്ചവരുടെ മുഖം ഓർമ്മിക്കാൻ കഴിയുമോ എന്നതായിരുന്നു അവരുടെ പഠനവിഷയം. കഴിയുമെങ്കിൽ എത്ര കാലം വരെ ഓർമ്മിക്കാനാവും എന്നറിയാനും അവർക്ക് താൽപര്യമുണ്ടായിരുന്നു.

വൈൽഡ് ലൈഫ് ബയോളജിസ്റ്റായ ഡോ. ജോൺ എം. മാർസ്ലഫിന്റെ നേതൃത്വത്തിലുള്ള ഗവേഷകരുടെ സംഘം കാക്കകളെ കെണിയിലാക്കുകയും കാലിൽ വളയിട്ട് അടയാളപ്പെടുത്തുകയും ചെയ്തു. കാക്കകൾക്ക് ‘അപകടം’ സൂചിപ്പിക്കുന്ന ഒരു റബ്ബർ ഗുഹ്യമനുഷ്യന്റെ മാസ്ക് ധരിച്ചാണ് അവർ ഈ പരീക്ഷണത്തിനായി കാക്കകളെ കെണിയിൽ വീഴ്ത്തിയത്. ബാക്കിയുള്ള സംഘം കാക്കകളെ ശല്യം ചെയ്യാത്ത വിധം നിർവികാരമായ മാസ്ക് ധരിച്ചു.

പിന്നീട്, ഈ മാസ്കുകൾ ധരിച്ച് അവർ പുറത്തിറങ്ങിയപ്പോൾ കാക്കകൾ അക്രമാസക്തമായി പ്രതികരിക്കുന്നതായി കണ്ടു. മാസ്ക് ധരിച്ചവരെ പിന്തുടർന്ന് ശബ്ദമുണ്ടാക്കുകയും, തലയ്ക്ക് മുകളിലൂടെ വട്ടമിട്ട് പറക്കുകയും ചെയ്യുന്നതായി കണ്ടു. എന്നാൽ, മറ്റ് മാസ്കുകൾ ധരിച്ചവർക്ക് ഇങ്ങനെയൊരു അനുഭവം ഉണ്ടായില്ല.

കുറച്ച് കാലങ്ങൾക്ക് ശേഷം, കെണിയിൽപ്പെടാത്ത കാക്കകൾ പോലും ഇവരെ ആക്രമിക്കാൻ തുടങ്ങി. ഈ പ്രതികരണം വർഷങ്ങളോളം തുടർന്നു. ഇതിൽ നിന്നും ഗവേഷകർ ഒരു കാര്യത്തിന് വ്യക്തത വരുത്തി. തങ്ങളുടെ സമൂഹത്തിലുള്ള എല്ലാ കാക്കകളിലേക്കും ഈ അറിവും വിദ്വേഷവും കൈമാറാൻ കാക്കകൾക്ക് കഴിയും.

17 വർഷത്തോളമാണ് ഈ പരീക്ഷണം നീണ്ടുനിന്നത്. ഈ വർഷങ്ങളിൽ കാക്കകൾ ഇവരോടുള്ള ശത്രുത തുടർന്നു. പക്ഷികളുടെ ബുദ്ധിയെക്കുറിച്ച് ശാസ്ത്രീയമായി ഇത്രയും കാലം നീണ്ടുനിന്ന പഠനവും ഇത് മാത്രമാണ്.

ശബ്ദമുണ്ടാക്കുന്നതിലൂടെ അപകടത്തെക്കുറിച്ച് മാത്രമല്ല, ഭക്ഷണത്തെക്കുറിച്ചും മറ്റു പല കാര്യങ്ങളെക്കുറിച്ചും കാക്കകൾ ആശയവിനിമയം നടത്താറുണ്ട്.

ഈ ബുദ്ധിയുള്ള ജീവികൾക്ക് മറ്റ് കാക്കകളുടെ ശരീരഭാഷയും ആഹാരരീതികളും അനുകരിക്കാൻ സാധിക്കും. കൂടാതെ, തങ്ങളുടെ കൂട്ടത്തിൽ ആരെങ്കിലും മരിച്ചാൽ അവരുടെ ചുറ്റും കൂടിനിന്ന് മൗനമായി ദുഃഖിക്കാറുണ്ട്. ഒരുതരം ശവസംസ്കാര ചടങ്ങുകൾ നടത്തുന്നതുപോലെയാണ് അവയുടെ ഈ പെരുമാറ്റം.

അപകടകാരികളായ മനുഷ്യരോട് അക്രമാസക്തമായി പെരുമാറുന്ന പക്ഷികൾ കാക്കകൾ മാത്രമല്ല. ഓസ്ട്രേലിയൻ മാഗ്‌പൈ, നോർത്തേൺ മോക്കിംഗ്ബേർഡ്, കാനഡ ഗീസ്, സീഗൾ, റെഡ് വിംഗഡ് ബ്ലാക്ക്ബേർഡ്, ജെയ്സ് എന്നിവയ്ക്കും സമാനമായ സ്വഭാവങ്ങളുണ്ട്. “മോബ്ബിംഗ്” എന്നറിയപ്പെടുന്ന ഈ തന്ത്രം, ഭീഷണിപ്പെടുത്തുന്നതിനും ശ്രദ്ധ വ്യതിചലിപ്പിക്കുന്നതിനും സഹായിക്കുന്നു.

മാത്രമല്ല നിങ്ങൾ ഒരു കാക്കയെ ഉപദ്രവിച്ചാൽ, അവയുടെ സുഹൃത്തുകൾക്ക് പോലും നിങ്ങൾ ശത്രുവായിരിക്കും.അതുകൊണ്ട് ഇനി ഒരു കാക്ക നിങ്ങളുടെ അടുത്തുകൂടി പോവുമ്പോൾ അക്രമാസക്തമായി ശബ്ദമുണ്ടാക്കുകയാണെങ്കിൽ അത്ഭുതപ്പെടേണ്ട. അതിന്റെ മുഴുവൻ കൂട്ടുകാരിൽ നിന്നും ഉപദ്രവം സഹിക്കാൻ തയ്യാറായിക്കോളൂ!

content summary: crows might have become your lifelong enemy

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×