July 17, 2025 |
Share on

വേറെന്താണ് പണി? കോടതി വിധികൊണ്ടും പഠിച്ചില്ല; തമിഴ്നാട് ഗവർണറെ പരിഹസിച്ച് എം.കെ സ്റ്റാലിൻ

ഗവർണർമാർ ബില്ലുകൾ അനിശ്ചിതമായി തടഞ്ഞുവയ്ക്കരുതെന്നും എത്രയും വേഗം അവയിൽ നടപടിയെടുക്കണമെന്നുമുള്ള സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സ്റ്റാലിന്റെ രൂക്ഷ വിമർശനം

തമിഴ്‌നാട്ടിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിനും ഗവർണർ ആർ എൻ രവിയും തമ്മിലുള്ള പോര് മുറുകുകയാണ്. തഞ്ചാവൂരിൽ മുൻ മുഖ്യമന്ത്രി എം കരുണാനിധിയുടെ പേരിൽ പുതിയ സർവകലാശാല സ്ഥാപിക്കുന്നതിനുള്ള ബിൽ തടസ്സപ്പെടുത്തിയ ഗവർണർ ആർ എൻ രവിയെ രൂക്ഷമായി വിമർശിക്കുകയാണ് സ്റ്റാലിൻ. നിയമസഭയിൽ ബിൽ പാസായി 40 ദിവസത്തിലേറെയായിട്ടും സംസ്ഥാന സർക്കാരിന്റെ ബില്ലുകൾ തടസ്സപ്പെടുത്താനുള്ള ഗവർണറുടെ നടപടികളെ തെറ്റും നിയമവിരുദ്ധവുമെന്നാണ് 2025 ഏപ്രിലിലെ സുപ്രീം കോടതി വിധിയെ ഉദ്ധരിച്ച് സ്റ്റാലിൻ കുറ്റപ്പെടുത്തിയത്. സുപ്രീം കോടതി വിധിക്ക് ശേഷവും ഗവർണർ പാഠവും പഠിച്ചിട്ടില്ല എന്നും സ്റ്റാലിൻ വിമർശിച്ചു.

“തഞ്ചാവൂരിൽ ഞങ്ങൾ കലൈഞ്ജറുടെ പേരിലുള്ള ഒരു പുതിയ സർവകലാശാല സ്ഥാപിക്കുന്നതിനുള്ള പ്രഖ്യാപനം നടത്തുകയും നിയമസഭയിൽ ബിൽ പാസാക്കി മെയ് 2 ന് ഗവർണറുടെ അംഗീകാരത്തിനായി ഞങ്ങൾ ബിൽ അയച്ചു, 40 ദിവസത്തിലേറെയായി. പക്ഷേ അദ്ദേഹം ഇതുവരെയും ബില്ലിന് അംഗീകാരം നൽകിയിട്ടില്ല. ഞങ്ങൾ അത് അയച്ചയുടനെ അദ്ദേഹം അംഗീകാരം നൽകിയിരുന്നെങ്കിൽ, ഇപ്പോൾ, ഈ ചടങ്ങിൽ ഞാൻ കലൈഞ്ജർ സർവകലാശാലയ്ക്ക് തറക്കല്ലിടുമായിരുന്നു,” തിങ്കളാഴ്ച തഞ്ചാവൂരിൽ നടന്ന ഒരു പരിപാടിയിൽ സ്റ്റാലിൻ പറഞ്ഞതായി ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്തു. ബില്ലിനെക്കുറിച്ച് പലതവണ ഓർമ്മപ്പെടുത്തലുകൾ അയച്ചിട്ടുണ്ടെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി പോലും ഗവർണറുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

ഒരു ഗവർണർക്ക് ഇതിനേക്കാൾ പ്രധാനമായ മറ്റെന്താണ് എന്ന് തമിഴ് നാട്ടിലെ ജനങ്ങൾ ആശ്ചര്യപെടുന്നു. ഗവർണർ ഒരു തടസ്സം സൃഷ്ടിക്കുമ്പോൾ, ഫണ്ട് തടഞ്ഞുവച്ച് ഞങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ട് കേന്ദ്ര സർക്കാർ മറ്റൊരു തടസ്സം സൃഷ്ടിക്കുകയാണെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു. സുപ്രീം കോടതി വിധിക്ക് ശേഷവും ഗവർണർ ഒരു പാഠവും പഠിച്ചിട്ടില്ല. നമ്മുടെ ക്ഷമ നശിച്ചാൽ, ബില്ലിന് ഗവർണറുടെ അനുമതി തേടുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഗവർണർമാർ ബില്ലുകൾ അനിശ്ചിതമായി തടഞ്ഞുവയ്ക്കരുതെന്നും എത്രയും വേഗം അവയിൽ നടപടിയെടുക്കണമെന്നുമുള്ള സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സ്റ്റാലിന്റെ രൂക്ഷ വിമർശനം. അന്തരിച്ച ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) സ്ഥാപകൻ എം. കരുണാനിധിയുടെ പേരിൽ ഒരു സർവകലാശാല സ്ഥാപിക്കുന്നതിനുള്ള ബിൽ സംസ്ഥാന നിയമസഭ പാസാക്കിയിരുന്നു. സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണർമാർ തടസ്സപ്പെടുത്തുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നായ തമിഴ്‌നാട്ടിലെ രാജ്ഭവനും സംസ്ഥാന സർക്കാരും തമ്മിലുള്ള പുതിയ സംഘർഷങ്ങളുടെ സൂചനയാണ് സ്റ്റാലിന്റെ പ്രസ്താവനകൾ നൽകുന്നത്. ഈ വർഷം ഏപ്രിലിൽ സുപ്രീം കോടതി നടത്തിയ ഒരു സുപ്രധാന വിധിന്യായത്തിൽ, നിയമസഭ എടുക്കുന്ന തീരുമാനങ്ങളെ അനിശ്ചിതമായി മറികടക്കാൻ ഒരു ഗവർണർക്കും അധികാരമില്ലെന്ന് വിധിച്ചിരുന്നു. തീരുമാനത്തെ ചരിത്രവിജയം എന്നായിരുന്നു എം.കെ. സ്റ്റാലിൻ വിശേഷിപ്പിച്ചത്.

content summary: CM Stalin Launches Fresh Attack on Governor

Leave a Reply

Your email address will not be published. Required fields are marked *

×