June 03, 2026 |

മിഥുന്റെ മരണം മൂന്നു ദിവസത്തിനുള്ളില്‍ മാനേജ്‌മെന്റ് മറുപടി നല്‍കണം: മന്ത്രി ശിവന്‍കുട്ടി; മാനേജ്‌മെന്റിനെ രക്ഷിക്കാന്‍ ശ്രമമെന്ന് അധ്യാപക സംഘടനകള്‍

സ്‌കൂള്‍ മാനേജ്‌മെന്റിന് നോട്ടീസ് നല്‍കിയതായി മന്ത്രി

കൊല്ലത്ത് തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ മൂന്ന് ദിവസത്തിനുള്ളില്‍ മറുപടി ആവശ്യപ്പെട്ട് സ്‌കൂള്‍ മാനേജ്‌മെന്റിന് നോട്ടീസ് നല്‍കിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അഴിമുഖത്തോട് പ്രതികരിച്ചു. ”പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രധാനാധ്യാപികയ്ക്ക് എതിരെ നടപടി എടുത്തത്. തുടര്‍ നടപടികള്‍ മിഥുന്റെ സംസ്‌കാര ശേഷം ഉണ്ടാകും” മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം, സ്‌കൂള്‍ മാനേജ്‌മെന്റിനെ സംരക്ഷിക്കുവാനുള്ള നടപടികളുടെ ഭാഗമായാണ് പ്രധാനാധ്യാപികയുടെ സസ്‌പെന്‍ഷന്‍ എന്ന് കെപിഎസ്ടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ മജീദ് അഴിമുഖത്തോട് പ്രതികരിച്ചു.

”അപകടത്തിലെ ഒന്നാം കക്ഷി സ്‌കൂള്‍ മാനേജരും രണ്ടാംകക്ഷി ഫിറ്റ്‌നസ് കൊടുത്ത തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ എക്‌സിക്യൂട്ടീവ് എഞ്ചിനീയറും മൂന്നാം കക്ഷി കെഎസ്ഇബിയുമാണ്. എന്നാല്‍ നാലാം കക്ഷിയായ പ്രധാനാധ്യാപികയ്ക്ക് എതിരെയാണ് സര്‍ക്കാരും മാനേജ്‌മെന്റും നടപടിയെടുത്തിരിക്കുന്നത്. സിപിഎം ഭരണസമിതിക്ക് കീഴിലുള്ള സ്‌കൂള്‍ ആയതുകൊണ്ടാണ് കുറ്റം മുഴുവന്‍ പ്രധാനാധ്യാപികയുടെ തലയിലിട്ട് ബാക്കിയുള്ളവര്‍ രക്ഷപ്പെട്ടിരിക്കുന്നത്” അബ്ദുള്‍ മജീദ്കുറ്റപ്പെടുത്തി.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ നടത്തുന്ന ഫിറ്റ്‌നസ് പരിശോധന പ്രകാരം സുരക്ഷ ഒരുക്കേണ്ടതും ആവശ്യമായ മാറ്റങ്ങള്‍ വരുത്തേണ്ടതും സ്‌കൂള്‍ മാനേജറുടെ ചുമതലയാണ്. പലപ്പോഴും പരിശോധനകളില്‍ ചൂണ്ടിക്കാണിക്കപ്പെടുന്ന വലിയ പ്രശ്‌നങ്ങള്‍ മാത്രമേ പരിഹരിക്കപ്പെടുകയുള്ളൂ. ചെറിയ അറ്റകുറ്റപണികളൊക്കെ കണ്ടില്ലെന്ന് നടിച്ച് പല സ്‌കൂള്‍ അധികൃതരും സര്‍ട്ടിഫിക്കറ്റ് നേടിയെടുക്കുകയാണ് പതിവ്.

thevalakkara school

”അധ്യാപകരുടെ ചുമതലയില്‍ അല്ലാത്ത കാര്യത്തില്‍ പ്രധാനാധ്യാപികയെ മാത്രം പ്രതിയാക്കിയുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നടപടി ആരെ സംരക്ഷിക്കാനാണ്” കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സുനില്‍കുമാര്‍ അഴിമുഖത്തോട് ചോദിച്ചു.

മാനേജ്‌മെന്റിന് കീഴിലുള്ള സ്‌കൂളുകളിലെയെല്ലാം പ്രധാനാധ്യാപകര്‍ ശമ്പളം കൈപ്പറ്റുന്നു എന്നതിനപ്പുറം നിസ്സഹായര്‍ മാത്രമാണ്. സ്‌കൂള്‍ മാനേജ്‌മെന്റ്, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ചുമതലയുള്ള ഉദ്യോഗസ്ഥനുമായി ചേര്‍ന്ന് സര്‍ട്ടിഫിക്കറ്റ് നേടിയെടുക്കുകയാണ് പതിവ്. പ്രധാനാധ്യാപകര്‍ക്ക് ഇക്കാര്യത്തില്‍ പങ്കാളിത്തം പോലും ഉണ്ടാകാറില്ല എന്നതാണ് വാസ്തവം. എങ്കിലും അപകടമുണ്ടാകുമ്പോള്‍ ആദ്യം ബലിയാടാവുക പ്രധാനാധ്യാപകരാകും.

”പ്രധാനാധ്യാപികയ്ക്ക് മാത്രം എതിരായ നടപടി ഉചിതമല്ല. അപകടത്തിന് കാരണമായ ഷെഡിന് ഫിറ്റ്‌നസ് ഇല്ലാത്തതാണ്. അത് നിര്‍മിച്ചത് മാനേജറുടെ നിര്‍ദേശപ്രകാരമാണ്. ഷെഡിന്റെ ഫിറ്റ്‌നസിന് അപേക്ഷ നല്‍കേണ്ടത് മാനേജറുടെ ചുമതലയാണ്. അതും അദ്ദേഹം ചെയ്തിട്ടില്ല.” സുനില്‍കുമാര്‍ വ്യക്തമാക്കി.

പ്രധാനാധ്യാപികയെ സസ്‌പെന്‍ഡ് ചെയ്ത നടപടിക്കെതിരെ പ്രതിഷേധത്തിനൊരുങ്ങുകയാണ് അധ്യാപക സംഘടനകള്‍. കെപിഎസ്ടിഎ യ്ക്ക് പുറമെ കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്ടീച്ചേഴ്‌സ് അസോസിയേഷനും പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുന്നുണ്ട്.

”ഉത്തരവാദിത്തം മുഴുവന്‍ പ്രധാനാധ്യാപികയുടെയും അധ്യാപകരുടെയും മാത്രം ചുമലിലാക്കി മറ്റുള്ളവരെ രക്ഷിക്കാനുള്ള ശ്രമമാണ് അധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. അപകടം നടന്നാല്‍ അതില്‍ പങ്കാളികളായ എല്ലാവരും ശിക്ഷിക്കപ്പെടുകയാണ് വേണ്ടത്. കഴിഞ്ഞ 50 വര്‍ഷത്തോളമായി അതുവഴി കടന്നുപോകുന്ന ഇലക്ട്രിക് ലൈനിന് താഴെയാണ് സ്‌കൂള്‍ മാനേജ്‌മെന്റ് സൈക്കിള്‍ ഷെഡ് നിര്‍മിച്ചത്. സ്‌കൂളിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന തദ്ദേശസ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥര്‍ അത്തരമൊരു ഷെഡ് ഇലക്ട്രിക് ലൈനിന് താഴെ സ്ഥിതി ചെയ്യുന്നത് അപകടകരമാണെന്ന് അറിഞ്ഞുകൊണ്ടാണ് നല്‍കുന്നത്. അതുകൊണ്ട് തന്നെ ആ ഷെഡ് നിര്‍മിച്ച മാനേജ്‌മെന്റിനും ഫിറ്റ്‌നസ് നല്‍കിയ ഉദ്യോഗസ്ഥര്‍ക്കും എങ്ങനെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയാന്‍ കഴിയും.

അധ്യാപകര്‍ ശമ്പളം വാങ്ങുന്നവരാണ് എല്ലാം അവരുടെ ഉത്തരവാദിത്തമാണെന്ന തരത്തിലുള്ള പ്രതികരണമാണ് വകുപ്പ് മന്ത്രിയുടെ ഭാഗത്ത് നിന്നുപോലും ഉണ്ടായത്. സ്‌കൂളിന്റെ എല്ലാ ഉത്തരവാദിത്തവും പ്രത്യേകിച്ച് ഒരു എയ്ഡഡ് സ്‌കൂളിന്റെ ചുമലതകളെല്ലാം അധ്യാപകരുടെ തലയില്‍ കെട്ടിവയ്ക്കാനുള്ള ശ്രമം ശരിയായ നടപടിയല്ല” അബ്ദുള്‍ മജീദ് അഴിമുഖത്തോട് വ്യക്തമാക്കി.

”എയ്ഡഡ് മേഖലയിലെ സ്‌കൂളിന്റെ സുരക്ഷയ്ക്ക് പുറമെ സര്‍ക്കാരിന്റെ പല പദ്ധതികളും പ്രധാന അധ്യാപകരുടെ ചുമലിലായി മാറിയിരിക്കുകയാണ്. ഉച്ചഭക്ഷണ പദ്ധതി, സൗജന്യ യൂണിഫോം ഇവയൊക്കെ സര്‍ക്കാര്‍ ഫണ്ടിന്റെ അപര്യാപ്തത മൂലം അതാത് എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകര്‍ സ്വന്തം കൈയില്‍ നിന്ന് പണമെടുത്താണ് നടപ്പിലാക്കുന്നത്. എന്നിട്ടും ഒരു പ്രശ്‌നം വരുമ്പോള്‍ അധ്യാപകരില്‍ മാത്രം പഴിചാരി സര്‍ക്കാരും മാനേജ്‌മെന്റും തടിതപ്പുന്ന രീതി ശരിയല്ല” കേരള പ്രൈവറ്റ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സുനില്‍കുമാര്‍ അഴിമുഖത്തോട് പറഞ്ഞു.

അപകടമുണ്ടായ തേവലക്കര ബോയ്‌സ് ഹൈസ്‌കൂളും സമീപത്തെ ഗേള്‍സ് ഹൈസ്‌കൂളും കാലങ്ങളായി സിപിഎം ഭരണസമിതിയുടെ കീഴിലാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് ആരോപണം. എന്നാല്‍ സ്‌കൂളിന്റെ നിയന്ത്രണം സിപിഎമ്മിനല്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ വാദം. മൈനാഗപ്പള്ളി കിഴക്ക് ലോക്കല്‍ സെക്രട്ടറിയാണ് സ്‌കൂള്‍ മാനേജര്‍. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സ്വകാര്യ വ്യക്തിയുടെ അധീനതയിലിരുന്ന സ്‌കൂളിന്റെ ചുമതല പിന്നീട് സിപിഎമ്മിന്റെ നിയന്ത്രണത്തിലാകുകയായിരുന്നു.

thevalakkara school

അതേസമയം, കുട്ടി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കൈയ്യൊഴിഞ്ഞിരിക്കുകയാണ് തേവലക്കര കെഎസ്ഇബി അധികൃതര്‍. വൈദ്യുതി ലൈനിന് കീഴിലായി നിര്‍മാണം നടത്തുന്നുണ്ടെങ്കില്‍ കെഎസ്ഇബിയുടെ അനുമതി വാങ്ങണമെന്നാണെന്നും സ്‌കൂള്‍ മാനേജ്മെന്റ് അത്തരമൊരു അനുമതി വാങ്ങിയിട്ടില്ലെന്നുമാണ് കെഎസ്ഇബിയുടെ നിലപാട്.

ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് സ്‌കൂളില്‍ കളിക്കുന്നതിനിടെ, സൈക്കിള്‍ ഷെഡിന് മുകളില്‍ വീണ ചെരുപ്പ് എടുക്കാനുള്ള ശ്രമത്തിനിടെ മിഥുന്‍ ഷോക്കേറ്റ് മരിച്ചത്. ഇരുമ്പ് ഷീറ്റിട്ട ഷെഡിന് മുകളില്‍ വീണ ചെരുപ്പ് എടുക്കുന്നതിനിടെ തെന്നിയപ്പോള്‍ വീഴാതിരിക്കാന്‍ വേണ്ടി കൈ നീട്ടിയത് തൊട്ടടുത്ത തേവലക്കര ഗേള്‍സ് ഹൈസ്‌കൂളിലേക്ക് പോകുന്ന വൈദ്യുതി ലൈനിലേക്കായിരുന്നു. ഷോക്കേറ്റത് കണ്ട് ഓടിയെത്തിയ അധ്യാപകര്‍ ട്രാന്‍സ്‌ഫോമര്‍ ഓഫ് ചെയ്തശേഷം, മിഥുനെ താഴെയിറക്കി. ഉടന്‍ തന്നെ ശാസ്താംകോട്ട ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തേവലക്കര കെഎസ്ഇബി ഉദ്യോഗസ്ഥരും പെട്ടെന്ന് ഫീഡര്‍ ഓഫ് ചെയ്തു. മനു-സുജ ദമ്പതികളുടെ മൂത്തമകനാണ് എട്ടാം ക്ലാസുകാരനായ മിഥുന്‍.Thevalakkara student death: Teachers’ unions say principal blamed to shield management.

Content Summary: Thevalakkara student death: Teachers’ unions say principal blamed to shield management.

രാജേശ്വരി പി ആര്‍

രാജേശ്വരി പി ആര്‍

അഴിമുഖം ചീഫ് സബ് എഡിറ്റര്‍

More Posts

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×