June 26, 2026 |
Share on

അഭിമാനം രക്ഷിക്കാന്‍ പാര്‍ട്ടി, സ്വയം രക്ഷിക്കാന്‍ രാഹുലും; കലങ്ങി തെളിയാതെ കോണ്‍ഗ്രസ്

രാജി വയ്ക്കില്ലെന്ന നിലപാടിലാണ് രാഹുല്‍, പുറത്താക്കാനോ സസ്‌പെന്‍ഡ് ചെയ്യാനോ പാര്‍ട്ടി ആലോചിക്കുന്നു

ലൈംഗികാരോപണങ്ങള്‍ നേരിടുന്ന പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവയ്ക്കുമോ? കോണ്‍ഗ്രസില്‍ തുടരുന്ന സസ്‌പെന്‍സിന് ഇന്ന് അന്ത്യമുണ്ടാകുമെന്നാണ് സൂചന. പ്രധാന നേതാക്കളെല്ലാം രാഹുലിനെ കൈവിട്ടു കഴിഞ്ഞു. പാര്‍ട്ടിക്കുള്ളില്‍ രാജിക്കായി കനത്ത സമ്മര്‍ദ്ദമുണ്ട്. എന്നാല്‍ രാഹുല്‍ ഇപ്പോഴും പിടിച്ചു നില്‍ക്കാനാണ് ശ്രമിക്കുന്നത്. ഞായറാഴച്ച മാധ്യമങ്ങളെ കണ്ട്, തനിക്ക് എതിരേ പരാതി ഉന്നയിച്ച ട്രാന്‍സ് യുവതിയുമായുള്ള ‘ സൗഹൃദ സംഭാഷണം’ കേള്‍പ്പിച്ച് എല്ലാം തന്നെ മനപൂര്‍വം കുടുക്കാനുള്ള ആരോപണങ്ങളാണെന്ന് വാദിക്കാന്‍ ആണ് ശ്രമിച്ചത്. അത്തരമൊരു നീക്കവും രാഹുലിന് പറയത്തക്ക ഗുണം ചെയ്തിട്ടില്ല.

ഉമ തോമസ് എംഎല്‍എ, ബിന്ദു കൃഷ്ണ, ഷാനിമോള്‍ ഉസ്മാന്‍ തുടങ്ങിയ കോണ്‍ഗ്രസിലെ വനിത നേതാക്കള്‍ രാഹുലിന്റെ രാജിക്കായി ആവശ്യം ശക്തമാക്കിയിട്ടുണ്ട്. ഒരു നിമിഷം മുന്‍പേ രാജിവച്ചാല്‍ അത്രയും നല്ലത് എന്നായിരുന്നു ഉമ തോമസിന്റെ വാക്കുകള്‍. മുതിര്‍ന്ന നേതാവ് ഷാനിമോള്‍ ഉസ്മാന്‍, രാഹുല്‍ രാഷ്ട്രീയം വിടണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. രമേശ് ചെന്നിത്തലയും വി എം സുധീരനും രാഹുലിന്റെ രാജി ആവശ്യപ്പെടുന്നുണ്ട്. എത്രയും പെട്ടെന്ന് രാജി വേണമെന്നാണ് സുധീരന്‍ പറയുന്നത്. പരാതികള്‍ പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്നാണ് ചെന്നിത്തല ചൂണ്ടിക്കാണിക്കുന്നത്. പരസ്യമായി പ്രതികരിക്കുന്നില്ലെങ്കിലും പ്രതിപക്ഷ നേതാവ് വി ഡി സതീശനും രാഹുലിന്റെ കാര്യത്തില്‍ കടുത്ത അമര്‍ഷത്തിലാണ്. രാജിയാണ് സതീശനും ആവശ്യപ്പെടുന്നത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പരസ്യമായി രാജി വിഷയം പറഞ്ഞിട്ടില്ലെങ്കിലും, ഉചിത സമയത്ത് ഉചിതമായ തീരുമാനം എടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ പൊതു വികാരത്തിന് ഒപ്പം നില്‍ക്കുമെന്നു തന്നെ പ്രസിഡന്റിന്റെ വാക്കുകള്‍ വ്യാഖ്യാനിക്കാം.

പരസ്യമായ ആഹ്വാനം തനിക്കെതിരേ ഉയരുമ്പോഴും രാജിക്ക് വഴങ്ങാതെ നില്‍ക്കുകയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. ഷാഫി പറമ്പില്‍ എംപി മാത്രമാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തില്‍ രാഹുലിന് അനുകൂല നിലപാടില്‍ നില്‍ക്കുന്നത്. പിന്നെയുള്ളത് യൂത്ത് കോണ്‍ഗ്രസിനെ അനുയായികളാണ്. ഗൂഢാലോചന നടക്കുന്നുണ്ടെന്ന് വരുത്തി തീര്‍ക്കുകയാണ് രാഹുലിന്റെയും സംഘത്തിന്റെയും ശ്രമം. അതിന്റെ ഭാഗമായിരുന്നു ട്രാന്‍സ് യുവതിയുമായുള്ള ഫോണ്‍ സംഭാഷണം പുറത്തു വിട്ടത്. മനഃപൂര്‍വം കുടുക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ച, രാഹുല്‍ പക്ഷേ മറ്റാരോപണങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറി. ഗര്‍ഭഛിദ്രം നടത്താന് ആവശ്യപ്പെട്ടത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഒരു മറുപടിയും അദ്ദേഹത്തിനില്ലായിരുന്നു.

രാഹുലിന്റെ വാദങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസിനുള്ളിലെ തീരുമാനം. തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെ, പാര്‍ട്ടിയുടെ പ്രതീക്ഷകള്‍ക്ക് കരിനിഴല്‍ വീഴ്ത്താന്‍ തക്ക കെല്പ്പുള്ള ആരോപണങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഒരാള്‍ കാരണം പാര്‍ട്ടി മൊത്തത്തില്‍ തിരിച്ചടി നേരിടുന്ന അവസ്ഥ ഒഴിവാക്കണമെന്നാണ് ഉള്ളില്‍ ഉയരുന്ന ആവശ്യം. രാഹുലിനെതിരായ നടപടി താത്കാലിക തിരിച്ചടി ഉണ്ടാക്കിയേക്കാമെങ്കിലും പിന്നീടത് ഗുണം ചെയ്യുമെന്ന് നേതാക്കള്‍ കരുതുന്നു. എഐസിസിക്കും സമാന നിലപാടാണ്. കോണ്‍ഗ്രസ് സംഘടനകാര്യ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നതും അതാണ്.

എന്നാല്‍ പാര്‍ട്ടിയെ ഭയപ്പെടുത്തുന്ന ഒരു കാര്യം, പാലക്കാട് ഉപതിരഞ്ഞെടുപ്പ് വരുമോ എന്നതാണ്. നിയമസഭ തിരഞ്ഞെടുപ്പിന് ആറുമാസത്തില്‍ താഴെ മാത്രമേ ഉള്ളൂവെന്നതിനാല്‍ ഉപതിരഞ്ഞെടുപ്പിന് സാധ്യതയില്ലെങ്കിലും ബിജെപി പ്രതീക്ഷ വയ്ക്കുന്ന മണ്ഡലമായതിനാല്‍ പാലക്കാട് ഉപതിരഞ്ഞെടുപ്പ് നടക്കാനും സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ നിലവിലെ സാഹചര്യത്തില്‍ വിജയിക്കാന്‍ സാധിച്ചില്ലെങ്കില്‍ അത് പാര്‍ട്ടിക്കുണ്ടാക്കുന്ന ക്ഷീണം വലുതായിരിക്കും.

ഉപതിരഞ്ഞെടുപ്പ് ഭീതി ഉള്ളതിനാല്‍ തന്നെ എംഎല്‍എ സ്ഥാനം രാജിവയ്ക്കാന്‍ രാഹുലിനെ നിര്‍ബന്ധിക്കാത്ത പക്ഷം, പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനോ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യാനോ നേതൃത്വം നിര്‍ബന്ധിതരാകും എന്നും വാര്‍ത്തകളുണ്ട്.  rahul mamkootathil MLA Controversy. What action will Congress take for rahul’s  mla post ?

Content Summary; Rahul Mamkootathil MLA Controversy. What action will Congress take for rahul’s  mla post ?

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×