June 26, 2026 |
Share on

വീണ്ടും കലങ്ങി ഹോര്‍മുസ്; ഒമാനില്‍ ടാങ്കറിന് നേരെ ഇറാന്റെ വെടിവെപ്പ്

അമേരിക്കയും ഇറാനും തമ്മില്‍ ഈ മാസം ആദ്യം നിലവില്‍ വന്ന വെടിനിര്‍ത്തലിന് ശേഷം ആദ്യമായാണ് ഇത്തരമൊരു ആക്രമണം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഒമാന് വടക്കുകിഴക്ക് ഏകദേശം 20 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ച് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ രണ്ട് ഗണ്‍ബോട്ടുകള്‍ ഒരു ടാങ്കറിന് നേരെ വെടിവെച്ചതായി യു.കെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയും ഇറാനും തമ്മില്‍ ഈ മാസം ആദ്യം നിലവില്‍ വന്ന വെടിനിര്‍ത്തലിന് ശേഷം ആദ്യമായാണ് ഇത്തരമൊരു ആക്രമണം റിപ്പോര്‍ട്ട് ചെയ്യുന്നത്. യുഎസ് ഇതര കപ്പലുകള്‍ക്ക് നേരെ നടന്ന രണ്ട് ആക്രമണങ്ങളെക്കുറിച്ച് അമേരിക്കന്‍ സൈന്യം നിരീക്ഷിച്ചുവരികയാണെന്ന് ഒരു മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു.

യാതൊരുവിധ റേഡിയോ മുന്നറിയിപ്പുകളും നല്‍കാതെയാണ് ഇറാനിയന്‍ ബോട്ടുകള്‍ വെടിവെപ്പ് നടത്തിയതെന്ന് കപ്പലിലെ ക്യാപ്റ്റന്‍ അറിയിച്ചു. ആക്രമണത്തില്‍ നാശനഷ്ടങ്ങളോ ആര്‍ക്കും പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ജീവനക്കാര്‍ സുരക്ഷിതരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റോയല്‍ നേവിയുടെ ഭാഗമായ യുകെഎംടിഒ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഉപരോധം ശക്തമാക്കി യുഎസ്; 23 കപ്പലുകള്‍ തിരിച്ചയച്ചു

അതേസമയം ഇറാനിയന്‍ തുറമുഖങ്ങളില്‍ യുഎസ് നാവിക ഉപരോധം ശക്തമാക്കുകയാണ്. തങ്ങളുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് 23 കപ്പലുകള്‍ യാത്ര അവസാനിപ്പിച്ച് മടങ്ങിയതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. യുഎസ് ഉപരോധം തുടരുന്ന സാഹചര്യത്തില്‍ ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും ‘കര്‍ശന നിയന്ത്രണം’ ഏര്‍പ്പെടുത്തിയതായി ഇറാന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സെന്‍ട്രല്‍ കമാന്‍ഡിന്റെ പ്രസ്താവന പുറത്തുവന്നത്.

കഴിഞ്ഞ തിങ്കളാഴ്ച ഉപരോധം ആരംഭിച്ചത് മുതല്‍ ഇതുവരെ 23 കപ്പലുകള്‍ യുഎസ് സൈന്യത്തിന്റെ നിര്‍ദ്ദേശം പാലിച്ച് തിരിച്ചുപോയതായി സെന്‍ട്രം വ്യക്തമാക്കി. ഇറാനിയന്‍ തുറമുഖങ്ങളിലേക്കും തീരപ്രദേശങ്ങളിലേക്കും പ്രവേശിക്കുന്നതും അവിടെനിന്ന് പുറപ്പെടുന്നതുമായ കപ്പലുകള്‍ക്ക് മേല്‍ അമേരിക്കന്‍ സൈന്യം കര്‍ശനമായ നാവിക ഉപരോധം നടപ്പിലാക്കി വരികയാണെന്ന് പ്രസ്താവനയില്‍ പറയുന്നു.

കൂടാതെ, കപ്പല്‍ ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഹോര്‍മുസ് കടലിടുക്കിലും പരിസര പ്രദേശങ്ങളിലും തങ്ങളുടെ സാന്നിധ്യം അറിയിച്ചുകൊണ്ട് അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ നിരീക്ഷണ പറക്കല്‍ നടത്തുന്നുണ്ടെന്നും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് കൂട്ടിച്ചേര്‍ത്തു.

ഇറാനിയന്‍ തുറമുഖങ്ങളില്‍ യുഎസ് ഏര്‍പ്പെടുത്തിയ നാവിക ഉപരോധത്തെത്തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചതായി ഇറാന്റെ സൈന്യം പ്രഖ്യാപിച്ചതോടെ വലിയ ഗതാഗതക്കുരുക്കാണ് ഈ മേഖലയില്‍ അനുഭവപ്പെടുന്നത്. കടലിടുക്ക് മുറിച്ചുകടക്കാന്‍ തയ്യാറെടുത്തിരുന്ന ഏകദേശം 20-ഓളം കപ്പലുകള്‍ തിരികെ ഒമാനിലേക്ക് മടങ്ങി. ലാരക് കോറിഡോര്‍ വഴി പേര്‍ഷ്യന്‍ ഗള്‍ഫിലേക്ക് പ്രവേശിക്കാന്‍ കാത്തുനിന്ന കപ്പലുകള്‍, റെവല്യൂഷണറി ഗാര്‍ഡ് നിര്‍ദ്ദേശിച്ച 2 ദശലക്ഷം ഡോളര്‍ വീതമുള്ള ടോള്‍ നല്‍കാന്‍ സമ്മതിച്ചിരുന്നെങ്കിലും, കടലിടുക്ക് അടച്ചതായി റേഡിയോ സന്ദേശം ലഭിച്ചതോടെ പിന്‍വാങ്ങുകയായിരുന്നു.

ഫെബ്രുവരി 28-ന് യുദ്ധം ആരംഭിച്ചതിന് ശേഷം ഇറാന്റെ നിയന്ത്രണത്തിലുള്ളവയൊഴികെ മറ്റ് കപ്പലുകളൊന്നും ഈ പ്രധാന പാത വഴി കടന്നുപോയിട്ടില്ലെന്ന് ഏഥന്‍സിലെയും സിംഗപ്പൂരിലെയും കപ്പല്‍ ബ്രോക്കര്‍മാര്‍ പറഞ്ഞു. യുദ്ധത്തിന് മുമ്പ് പ്രതിദിനം ഏകദേശം 130 കപ്പലുകള്‍ ഈ പാത ഉപയോഗിച്ചിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ ഏതാനും എണ്ണ-വാതക ടാങ്കറുകള്‍ കടലിടുക്ക് കടന്നുപോയെങ്കിലും ഗതാഗതം പൂര്‍ണ്ണമായും പുനഃസ്ഥാപിക്കപ്പെട്ടോ എന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്.

കടലിടുക്ക് തുറന്നുകൊടുത്തതായി കഴിഞ്ഞ ദിവസം ഇറാന്റെ വിദേശകാര്യമന്ത്രി പറഞ്ഞിരുന്നെങ്കിലും, സൈന്യം ഇത് നിഷേധിച്ചു. ഇറാനിയന്‍ തുറമുഖങ്ങള്‍ക്കെതിരെയുള്ള അമേരിക്കന്‍ ഉപരോധം പിന്‍വലിക്കുന്നതുവരെ ഹോര്‍മുസ് കടലിടുക്ക് സായുധ സേനയുടെ കര്‍ശന നിയന്ത്രണത്തിലായിരിക്കുമെന്ന് ഇറാന്‍ സൈനിക വക്താവ് വ്യക്തമാക്കി. അതേസമയം, ചര്‍ച്ചകള്‍ തുടരുന്ന സാഹചര്യത്തില്‍ ഉപരോധം തുടരുമെന്നാണ് അമേരിക്കയുടെ നിലപാട്. ഇത് മേഖലയിലെ കപ്പല്‍ ഗതാഗതത്തില്‍ വലിയ ആശയക്കുഴപ്പത്തിന് കാരണമായിട്ടുണ്ട്.

Content Summary: Iran Fired Upon Tanker Near Oman U.K. Authority Says no casualties reported

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×