July 11, 2026 |
Share on

ഇസ്രയേലിനെ തടയാന്‍ അമേരിക്കയ്ക്കായില്ല; ഹോര്‍മുസ് അടയ്ക്കുമെന്ന് ഇറാന്റെ ഭീഷണി

ഇറാന്റെ ഭീഷണി കാര്യമാക്കേണ്ടെന്നും ഹോര്‍മുസ് ഇപ്പോള്‍ ഇറാന്റെ നിയന്ത്രണത്തിലല്ലെന്നും യുഎസ്‌

അമേരിക്കയുമായുള്ള സമാധാനകരാര്‍ പ്രതിസന്ധിയിലാക്കി ഹോര്‍മുസ് വീണ്ടും അടയ്ക്കാന്‍ ഇറാന്‍. ലെബനനില്‍ ഇസ്രയേല്‍ നടത്തുന്ന തുടര്‍ച്ചയായ വ്യോമാക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് ഇറാന്റെ നടപടി. ആഗോളതലത്തില്‍ ഇന്ധന വിതരണം വീണ്ടും തടസപ്പെടുത്തുന്ന ഈ പ്രവര്‍ത്തിയിലൂടെ മിഡില്‍ ഈസ്റ്റ് വീണ്ടും യുദ്ധഭീതിയിലായിരിക്കുകയാണ്.

ഇസ്രയേല്‍ ലെബനനില്‍ നടത്തുന്ന ക്രൂരമായ ആക്രമണങ്ങളും, അവിടെ വെടിനിര്‍ത്തല്‍ നടപ്പാക്കുമെന്ന വാഗ്ദാനം പാലിക്കുന്നതില്‍ അമേരിക്ക പരാജയപ്പെട്ടതുമാണ് തങ്ങളെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) വ്യക്തമാക്കി. യുദ്ധത്തിന് മുമ്പ് ലോകത്തിലെ അഞ്ചിലൊന്ന് എണ്ണ-വാതക വിതരണവും കടന്നുപോയിരുന്ന ഈ തന്ത്രപ്രധാനമായ ജലപാതയിലൂടെയുള്ള കപ്പല്‍ ഗതാഗതം തടയുമെന്നാണ് ഇറാന്റെ ഭീഷണി.

എന്നാല്‍, ഹോര്‍മൂസ് കടലിടുക്ക് അടച്ചിട്ടില്ലെന്നും ഗതാഗതം സാധാരണ നിലയില്‍ തുടരുന്നുണ്ടെന്നും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പറയുന്നത്. ഹോര്‍മൂസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാന്റെ കൈകളിലല്ലെന്നും കപ്പല്‍ ഗതാഗതത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ യുഎസ് സൈന്യം സാഹചര്യം നിരീക്ഷിച്ചുവരികയാണെന്നും യുഎസ് നാവികസേന വക്താവ് ക്യാപ്റ്റന്‍ ടിം ഹോക്കിന്‍സ് വ്യക്തമാക്കി.

താത്കാലിക വെടിനിര്‍ത്തല്‍ നിലനില്‍ക്കുന്ന 60 ദിവസങ്ങളില്‍ കപ്പലുകളില്‍ നിന്ന് യാതൊരുവിധ ‘ടോണും’ ഈടാക്കാന്‍ അനുവദിക്കില്ലെന്ന് ട്രംപ് സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി. എന്നാല്‍ ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ യുഎസ് കര്‍ശനമായ നിലപാടുകളിലേക്ക് കടക്കുമെന്ന സൂചനയും അദ്ദേഹം നല്‍കിയിട്ടുണ്ട്.

ഈ പുതിയ പ്രതിസന്ധികള്‍ക്കിടയിലും, ഇറാനും യുഎസും തമ്മിലുള്ള താല്‍ക്കാലിക കരാര്‍ കൂടുതല്‍ വിശദമായ ആണവ കരാറിലേക്ക് മാറ്റുന്നതിനുള്ള ചര്‍ച്ചകള്‍ സ്വിറ്റ്സര്‌ലന്‍ഡില്‍ ഞായറാഴ്ച ആരംഭിക്കുകയാണ്. പാകിസ്ഥാന്‍ പ്രധാന മധ്യസ്ഥനായി പ്രവര്‍ത്തിക്കുന്ന ഈ ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് സ്വിറ്റ്സര്‍ലന്‍ഡിലേക്ക് തിരിച്ചു കഴിഞ്ഞു.

ആണവ പ്രശ്‌നത്തിലും ലെബനന്‍ വെടിനിര്‍ത്തലിലും പുരോഗതി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് വാന്‍സ് വ്യക്തമാക്കി. ഇറാന്റെ ഉന്നത ഉദ്യോഗസ്ഥ സംഘവും ചര്‍ച്ചയ്ക്കായി ടെഹ്റാനില്‍ നിന്ന് പുറപ്പെട്ടിട്ടുണ്ട്. എന്നാല്‍, യുഎസ് തങ്ങളുടെ ബാധ്യതകള്‍ കൃത്യമായി നിറവേറ്റുന്നു എന്ന് ഉറപ്പാക്കാതെ ചര്‍ച്ചകളില്‍ വലിയ പുരോഗതി പ്രതീക്ഷിക്കേണ്ടതില്ലെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഗായ് ഓര്‍മ്മിപ്പിച്ചു. യുഎസ് ചര്‍ച്ചക്കാരായ ജാരെഡ് കുഷ്‌നറും സ്റ്റീവ് വിറ്റ്‌കോഫും ഇതിനകം തന്നെ സാങ്കേതിക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി സ്വിറ്റ്‌സര്‍ലന്‍ഡില്‍ എത്തിയിട്ടുണ്ട്.

ഇറാന്‍-യുഎസ് കരാറിന് ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ത്തുന്നത് ലെബനനില്‍ ഇസ്രയേലും ഹിസ്ബുള്ളയും തമ്മില്‍ തുടരുന്ന ശക്തമായ യുദ്ധമാണ്. വെള്ളിയാഴ്ച രാത്രി പ്രാദേശികമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ശനിയാഴ്ചയും ഇസ്രയേല്‍ ശക്തമായ ബോംബാക്രമണം നടത്തി. ദക്ഷിണ ലെബനനിലെ നബാതിയ ജില്ലയില്‍ മാത്രം സിവില്‍ ഡിഫന്‍സ് ഏജന്‍സി 16 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. കഴിഞ്ഞ ദിവസങ്ങളില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ ആകെ 83 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

വെള്ളിയാഴ്ച ഹിസ്ബുള്ള നടത്തിയ ടാങ്ക് ആക്രമണത്തില്‍ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനടക്കം നാല് ഇസ്രയേല്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് തിരിച്ചടിയായാണ് തങ്ങള്‍ ആക്രമണം നടത്തുന്നതെന്നാണ് ഇസ്രയേല്‍ സൈന്യത്തിന്റെ വാദം. ഇസ്രയേല്‍ തങ്ങളുടെ അതിര്‍ത്തി ലംഘിക്കുന്നത് നിര്‍ത്തുകയാണെങ്കില്‍ വെടിനിര്‍ത്തലിനോട് സഹകരിക്കാമെന്ന് ഹിസ്ബുള്ള വ്യക്തമാക്കുമ്പോള്‍, ലെബനനിലെ ഭീഷണികള്‍ പൂര്‍ണ്ണമായും ഇല്ലാതാകും വരെ സൈന്യത്തെ പിന്‍വലിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രയേലിന്റെ ഈ നിലപാടിനെതിരെ ശക്തമായ വിമര്‍ശനമാണ് ഇറാന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.

അമേരിക്ക ഏര്‍പ്പെടുത്തിയ നാവിക ഉപരോധം നീക്കുന്നതിന് പകരമായി ഹോര്‍മൂസ് കടലിടുക്ക് തുറന്നു കൊടുക്കണമെന്നതായിരുന്നു ഈ ആഴ്ച ഒപ്പുവെച്ച 14 ഇന താല്‍ക്കാലിക കരാറിലെ പ്രധാന വ്യവസ്ഥ. ആണവ കരാറിനായി ഇരുപക്ഷത്തിനും 60 ദിവസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്.

എന്നാല്‍ 2015-ല്‍ ഒപ്പുവെച്ച ആണവ കരാര്‍ രൂപീകരിക്കാന്‍ 18 മാസത്തിലേറെ സമയമെടുത്തിരുന്നു എന്നതും, ഇപ്പോഴത്തെ കടുത്ത പ്രാദേശിക യുദ്ധസാഹചര്യവും കണക്കിലെടുക്കുമ്പോള്‍ ഈ താല്‍ക്കാലിക സമാധാനം എത്രത്തോളം വിജയിക്കുമെന്നതില്‍ അന്താരാഷ്ട്ര നിരീക്ഷകര്‍ക്ക് ശക്തമായ സംശയമുണ്ട്. ഇതിനോടകം 7,000-ത്തിലധികം ആളുകളുടെ ജീവന്‍ നഷ്ടപ്പെടുകയും ആഗോള സാമ്പത്തിക ഘടനയെ ഉലയ്ക്കുകയും ചെയ്ത ഈ യുദ്ധത്തിന് ശാശ്വതമായ ഒരു പരിഹാരം കണ്ടെത്തുക എന്നത് ഇപ്പോഴും വലിയൊരു ചോദ്യചിഹ്നമായി തുടരുന്നു.

Content Summary; Iran threatens to close the strategic Strait of Hormuz following Israeli strikes in Lebanon, putting the newly signed US-Iran interim peace deal in jeopardy.

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×