പേര്‍ഷ്യന്‍ ഗള്‍ഫ് തീരങ്ങളില്‍ ഭീഷണിയായി ‘മോസ്‌കിറ്റോ ഫ്‌ലീറ്റ്’. ഇറാന്റെ ചെറുകപ്പല്‍ വ്യൂഹമാണ് മോസ്‌കിറ്റോ ഫ്‌ലീറ്റ് എന്ന പേരില്‍ കടലില്‍ സജീവ ഭീഷണിയുയര്‍ത്തുന്നത്. ഇറാന്റെ ഔദ്യോഗിക നാവികസേനയുടെ ഭാഗമല്ലിത്. മറിച്ച് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ കരുത്താണ് അതിവേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ഈ ചെറിയ ബോട്ടുകള്‍. ഹോര്‍മുസ് ഇടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതത്തിന് നിലവില്‍ ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ത്തുന്നത് ഈ ബോട്ടുകളില്‍ നിന്നും തീരദേശത്തെ ഒളിത്താവളങ്ങളില്‍ നിന്നും വിക്ഷേപിക്കാവുന്ന മിസൈലുകളും ഡ്രോണുകളുമാണ്.
പരമ്പരാഗത യുദ്ധരീതികളില്‍ നിന്ന് വ്യത്യസ്തമായി ഗറില്ലാ പോരാട്ട ശൈലിയാണ് ഇറാന്‍ ഗാര്‍ഡ് നാവികസേന പിന്തുടരുന്നത്. കൂറ്റന്‍ യുദ്ധക്കപ്പലുകളെ അപേക്ഷിച്ച് മിന്നല്‍ ആക്രമണങ്ങള്‍ നടത്തി പിന്‍വാങ്ങുന്ന (ഹിറ്റ് ആന്‍ഡ് റണ്‍) തന്ത്രമാണ് ഇവര്‍ സ്വീകരിക്കുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നിലവിലെ യുദ്ധകാലയളവില്‍ 20-ഓളം കപ്പലുകള്‍ ആക്രമിക്കപ്പെട്ടെങ്കിലും, ഇതിന്റെ ഉത്തരവാദിത്തം ഇറാന്‍ നേരിട്ട് ഏറ്റെടുത്തിട്ടില്ല. കരയില്‍ അങ്ങോളമിങ്ങോളമുള്ള സഞ്ചരിക്കുന്ന ലോഞ്ചറുകളില്‍ നിന്ന് വിക്ഷേപിക്കുന്ന ഡ്രോണുകളാണ് ഇതിനായി പ്രധാനമായും ഉപയോഗിക്കുന്നത്.
യുദ്ധത്തിനിടയില്‍ ഇറാന്റെ ഔദ്യോഗിക നാവികസേനയുടെ 90 ശതമാനവും തകര്‍ക്കപ്പെട്ടതായി യുഎസ് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ ഡാന്‍ കെയ്ന്‍ വ്യക്തമാക്കിയിരുന്നു. ഗാര്‍ഡ് നാവികസേനയുടെ പകുതിയോളം ആക്രമണ ബോട്ടുകളും തകര്‍ക്കപ്പെട്ടതായി കരുതപ്പെടുന്നുണ്ടെങ്കിലും ഇവയുടെ കൃത്യമായ എണ്ണം കണക്കാക്കുക പ്രയാസമാണ്. പാറക്കെട്ടുകള്‍ക്കിടയിലെ ഗുഹകളില്‍ ഒളിപ്പിച്ചിരിക്കുന്ന ഈ ബോട്ടുകള്‍ സാറ്റലൈറ്റ് ദൃശ്യങ്ങളില്‍ പോലും വ്യക്തമായി പതിയാറില്ല. ഏത് നിമിഷവും മിന്നല്‍ വേഗത്തില്‍ രംഗത്തിറങ്ങാന്‍ സജ്ജമായിട്ടാണ് ഇവ സജ്ജീകരിച്ചിരിക്കുന്നത്.
1979-ലെ വിപ്ലവത്തിന് പിന്നാലെ രൂപീകരിച്ച റെവല്യൂഷണറി ഗാര്‍ഡ്, 1986-ഓടെയാണ് നാവിക വിഭാഗം കൂടി ഉള്‍പ്പെടുത്തിയത്. അമേരിക്കയുമായി നേരിട്ട് ഏറ്റുമുട്ടുന്നതിനേക്കാള്‍, ഗള്‍ഫ് മേഖലയിലെ കപ്പല്‍ ഗതാഗതത്തെ അസ്ഥിരപ്പെടുത്തുന്ന തന്ത്രമാണ് ഇറാന്‍ വര്‍ഷങ്ങളായി പയറ്റുന്നത്. ഏകദേശം 50,000 സൈനികരുള്ള ഈ വിഭാഗത്തിന് ഗള്‍ഫ് മേഖലയിലുടനീളം പത്തോളം സുരക്ഷിത താവളങ്ങളുണ്ട്. സാധാരണ വിനോദ ബോട്ടുകളില്‍ മെഷീന്‍ ഗണ്ണുകളും മിസൈലുകളും ഘടിപ്പിച്ചാണ് ഇവര്‍ തുടക്കമിട്ടതെങ്കിലും, ഇന്ന് നൂറു നോട്ടിക്കല്‍ മൈലിലധികം വേഗതയുള്ള അത്യാധുനിക ബോട്ടുകളും മിനിയേച്ചര്‍ സബ്മറൈനുകളും ഇവരുടെ പക്കലുണ്ട്.
അമേരിക്കന്‍ ഉപരോധം ശക്തമായതോടെ ഹോര്‍മുസ് ഇടുക്കിന്റെ ഇടുങ്ങിയ ഭാഗങ്ങളില്‍ പട്രോളിംഗ് നടത്താന്‍ യുഎസ് യുദ്ധക്കപ്പലുകള്‍ പോലും ഇപ്പോള്‍ മടിക്കുകയാണ്. ഡ്രോണ്‍ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ മതിയായ സമയം ലഭിക്കാത്തതാണ് ഇതിന് കാരണം. അതിനാല്‍ ഉപരോധം ഏര്‍പ്പെടുത്തുന്ന യുഎസ് കപ്പലുകള്‍ ഒമാന്‍ ഉള്‍ക്കടലിലോ അറബിക്കടലിലോ തമ്പടിക്കാനാണ് സാധ്യത. ഇതിനിടെ, യമനിലെ ഹൂതികള്‍ വഴി ചെങ്കടലിലേക്കും തങ്ങളുടെ സൈനിക നടപടികള്‍ വ്യാപിപ്പിക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പതിറ്റാണ്ടുകളായി തുടരുന്ന ഇറാന്‍-അമേരിക്കന്‍ നാവിക സംഘര്‍ഷം ഡ്രോണ്‍ സാങ്കേതികവിദ്യയുടെ വരവോടെ കൂടുതല്‍ അപകടകരമായ ഘട്ടത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.
Content Summary: Iran’s Islamic Revolutionary Guards Corps ‘mosquito fleet’, threat of persian gulf.
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.