July 03, 2026 |
Share on

സ്വയം അവതാര പുരുഷനാകുന്നു; വിജയ്‌ക്കെതിരെ തമിഴ്‌നാട് ഭരണകക്ഷിയും പ്രതിപക്ഷ പാര്‍ട്ടികളും

ജനപ്രിയത മാത്രം തിരഞ്ഞെടുപ്പ് വിജയമായി മാറില്ല

നടന്‍ വിജയ്‌യുടെ തമിഴക വെട്രി കഴകം (TVK) തമിഴ്നാട്ടിലെ മധുരയില്‍ വെച്ച് നടത്തിയ സംസ്ഥാന സമ്മേളനത്തിനെതിരെ ഡിഎംകെ, എഐഎഡിഎംകെ, ബിജെപി തുടങ്ങിയ രാഷ്ട്രീയ നേതാക്കള്‍ രംഗത്ത്.

ഭരണകക്ഷിയായ ഡിഎംകെയില്‍ നിന്ന് മന്ത്രി കെ എന്‍ നെഹ്‌റു, മുഖ്യമന്ത്രി എം കെ സ്റ്റാലിനെ വിജയ് വിമര്‍ശിച്ചതിനെതിരെ രംഗത്തെത്തി. ”ഇത് അദ്ദേഹത്തിന്റെ നിലവാരം കാണിക്കുന്നു. ഇന്നലെ രാഷ്ട്രീയത്തില്‍ വന്ന അദ്ദേഹം, 40 വര്‍ഷമായി രാഷ്ട്രീയത്തിലുള്ളതും ഒരു പ്രധാന പാര്‍ട്ടിയുടെ നേതാവുമായ സംസ്ഥാന മുഖ്യമന്ത്രിക്ക് നേരെ ഇത്തരം പരിഹാസപരമായ പരാമര്‍ശങ്ങള്‍ നടത്തുന്നു. ജനങ്ങള്‍ അദ്ദേഹത്തിന് മറുപടി നല്‍കും, ഞങ്ങള്‍ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് മറുപടി നല്‍കും. അമ്പതോ നൂറോ ആളുകള്‍ കൂടിയതുകൊണ്ട് എന്തും പറയാന്‍ കഴിയുമോ?” നെഹ്‌റു പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി കെ പളനിസാമി (ഇപിഎസ്), വിജയ് അറിവില്ലാത്തവനാണെന്ന് ആരോപിക്കുകയും ടിവികെ പ്രവര്‍ത്തകര്‍ക്ക് എങ്ങനെ അദ്ദേഹത്തെ വിശ്വസിക്കാന്‍ കഴിയുമെന്നും ചോദിച്ചു. ”എഐഎഡിഎംകെ ആരുടെ കൈകളിലാണെന്ന് അവര്‍ ചോദിക്കുന്നത് സങ്കടകരമാണ്. ഇത് അറിവില്ലായ്മയുടെ ഫലമായിട്ടാണ് ഞാന്‍ കാണുന്നത്. ഇത് പോലും അറിയാത്ത ഒരാളെ പ്രവര്‍ത്തകര്‍ക്ക് എങ്ങനെ വിശ്വസിക്കാന്‍ കഴിയും? ഇവിടെ ഇത്രയും പേരുണ്ട്, അവരെല്ലാം എഐഎഡിഎംകെ പ്രവര്‍ത്തകരും, ഭാരവാഹികളും, അനുഭാവികളുമാണ്,” പളനിസ്വാമി പറഞ്ഞു.

അദ്ദേഹം തന്റെ രാഷ്ട്രീയ ജീവിതത്തെ വിജയിയുടേതുമായി താരതമ്യം ചെയ്തു. ”ഞങ്ങളുടെ സ്വത്വം കഠിനാധ്വാനം, സേവനം, വിശ്വസ്തത എന്നിവയാണ്. സിനിമകളില്‍ അഭിനയിച്ച്, ധാരാളം പണം സമ്പാദിച്ച്, വിരമിക്കുന്ന സമയത്ത് പാര്‍ട്ടി തുടങ്ങിയ ഒരാളെപ്പോലെയല്ല ഞങ്ങള്‍.”

എഐഎഡിഎംകെ എംഎല്‍എ ആര്‍ ബി ഉദയകുമാറും വിജയ്‌ക്കെതിരെ ആഞ്ഞടിച്ചു, അദ്ദേഹത്തിന് അഹങ്കാരമാണെന്ന് ആരോപിച്ചു. ”പൊതുസമ്മേളനങ്ങളില്‍ എന്താണ് സംസാരിക്കേണ്ടതെന്ന് വിജയ് അറിഞ്ഞിരിക്കണം. പൊതുജനവിശ്വാസം നേടാന്‍ വിജയ് അദ്ദേഹത്തെക്കുറിച്ച് സംസാരിക്കുന്നതില്‍ ഞങ്ങള്‍ക്ക് പ്രശ്‌നമില്ല. എന്നാല്‍ അദ്ദേഹം മറ്റുള്ളവരെ താഴ്ത്തിക്കെട്ടുകയും തമിഴ്നാടിനെ രക്ഷിക്കാന്‍ വന്ന ഒരേയൊരു ‘അവതാര പുരുഷന്‍’ ആയി സ്വയം ചിത്രീകരിക്കുകയാണെങ്കില്‍, സംസ്ഥാനത്തെ ജനങ്ങള്‍ അദ്ദേഹത്തെ തള്ളിക്കളയും. എഐഎഡിഎംകെ തമിഴ്നാട്ടിലെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ്, അത് അദ്ദേഹത്തിന് അറിയാം,” ഉദയകുമാര്‍ പറഞ്ഞു.

അതേസമയം, നടനും മക്കള്‍ നീതി മയ്യം (എംഎന്‍എം) സ്ഥാപകനുമായ കമല്‍ ഹാസന്‍, വിജയ്‌യുടെ പരാമര്‍ശങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളോട് വ്യത്യസ്തമായാണ് പ്രതികരിച്ചത്. വിജയ് അദ്ദേഹത്തെ ലക്ഷ്യമിട്ടുവെന്ന നിര്‍ദ്ദേശങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു. ”അദ്ദേഹം എന്റെ പേര് പറഞ്ഞോ? അദ്ദേഹം ആരുടെയെങ്കിലും പേര് പറഞ്ഞോ? വിലാസമില്ലാത്ത ഒരു കത്തിന് എനിക്ക് മറുപടി പറയാന്‍ കഴിയുമോ? അത് തെറ്റാണ്. അദ്ദേഹം എന്റെ സഹോദരനാണ്,” കമല്‍ ഹാസന്‍ പറഞ്ഞു.

മുതിര്‍ന്ന ബിജെപി നേതാവ് ഡോ. തമിളിസൈ സൗന്ദരരാജന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള വിജയ്‌യുടെ പരാമര്‍ശങ്ങളെ അപലപിച്ചു. ”ലോകം മുഴുവന്‍ സ്‌നേഹിക്കുന്ന മോദി, ഏറ്റവും മികച്ച പ്രധാനമന്ത്രിയായിരിക്കെ, മിസ്റ്റര്‍ പ്രൈം മിനിസ്റ്റര്‍ എന്ന് വിളിച്ച് അവഹേളിച്ചു. തിരഞ്ഞെടുപ്പില്‍ വിജയ്‌ക്ക് ഒരു സ്വാധീനവും ഉണ്ടാക്കാന്‍ കഴിയില്ല. അദ്ദേഹം ഒരു മോശം സംഘാടകനാണ്. പ്രസംഗം മറ്റാരോ എഴുതി നല്‍കിയതാണ്. സമ്മേളനം നന്നായി സംഘടിപ്പിച്ചിട്ടില്ല. 100 അടി നീളമുള്ള പതാക പോസ്റ്റ് താഴെ വീണു, പ്രവര്‍ത്തകര്‍ക്ക് ഭക്ഷണം നല്‍കിയില്ല. പൂര്‍ണ്ണമായ ആശയക്കുഴപ്പമാണ് ഉണ്ടായത്” സൗന്ദരരാജന്‍ കൂട്ടിച്ചേര്‍ത്തു.

മുന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈയും വിജയ്‌യുടെ വിശ്വാസ്യതയ്‌ക്കെതിരെ രംഗത്ത് വന്നു. ജനപ്രിയത മാത്രം തിരഞ്ഞെടുപ്പ് വിജയമായി മാറില്ലെന്ന് അദ്ദേഹം പറഞ്ഞു. ”തമിഴ്നാട്ടിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം, അവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബിജെപിയോടും വലിയ ബഹുമാനമുണ്ട്,” അണ്ണാമലൈ പറഞ്ഞു.

”എന്തൊക്കെ പുതിയ ആശയങ്ങളാണ് അദ്ദേഹം കൊണ്ടുവരുന്നതെന്ന് വിജയ് ആദ്യം പറയട്ടെ. ഈ അനുയായികളുടെ എണ്ണം വോട്ടുകളായി മാറണമെങ്കില്‍ അദ്ദേഹം കഠിനാധ്വാനം ചെയ്യണം. എപ്പോഴാണ് വിജയ് ജനങ്ങള്‍ക്ക് വേണ്ടി സംസാരിച്ചത്? തന്റെ സിനിമകളില്‍ അദ്ദേഹം ഒരു മത്സ്യത്തൊഴിലാളിയായി അഭിനയിച്ചിട്ടുണ്ട്, പക്ഷേ ഇതിനുമുമ്പ് എപ്പോഴെങ്കിലും അദ്ദേഹം കച്ചത്തീവിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ടോ? 2024-ല്‍ പ്രധാനമന്ത്രി മോദി അതിനെക്കുറിച്ച് സംസാരിച്ചു, ഞങ്ങള്‍ കച്ചത്തീവ് തിരിച്ചുപിടിക്കുന്ന കാര്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. ദേശീയ സംവാദങ്ങളില്‍ ഏര്‍പ്പെടാന്‍ ആവശ്യമായ വിഷയങ്ങളെക്കുറിച്ചുള്ള അറിവില്ലാതെ വിജയ് വെറുതെ പ്രസ്താവനകള്‍ നടത്തുകയാണ്” അണ്ണാമലൈ കൂട്ടിച്ചേര്‍ത്തു. Tamil Nadu’s ruling and opposition parties against Vijay

Content Summary: Tamil Nadu’s ruling and opposition parties against Vijay

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×