വിഎസ് അച്യുതാനന്ദന്റെ മരണശേഷം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി ഉയര്‍ന്ന ആക്ഷേപങ്ങളില്‍ ഒന്നായിരുന്നു വിഎസിന് കാപിറ്റല്‍ പണിഷ്‌മെന്റ് കൊടുക്കണമെന്ന ആവശ്യം സംസ്ഥാന സമ്മേളനത്തില്‍ ഉയര്‍ന്നിരുന്നുവെന്ന പിരപ്പന്‍കോട് മുരളിയുടെ പരാതി. ഇപ്പോള്‍ സുരേഷ് കുറുപ്പും അതേ വിവാദത്തിന് കാരണക്കാരനായിരിക്കുകയാണ്.
2012 ല്‍ തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സമ്മേളനത്തില്‍ വിഎസിനെ കാപിറ്റല്‍ പണിഷ്‌മെന്റിന് വിധേയനാക്കണമെന്ന തരത്തില്‍ ആവശ്യമുണ്ടായി എന്നാണ് സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും എംഎല്‍എയുമായിരുന്ന മുരളി ആരോപിച്ചത്. അങ്ങനെയൊരു ആക്ഷേപം ഉണ്ടായിട്ടില്ലെങ്കില്‍, കാപിറ്റല്‍ പണിഷ്‌മെന്റ് എന്ന വാക്ക് പരാമര്‍ശിച്ച് പൊതുയോഗത്തില്‍ വിഎസ് എന്തുകൊണ്ട് മറുപടി പറഞ്ഞു എന്നാണ് തന്റെ ആരോപണത്തിന് അടിസ്ഥാനമായി മുരളി പറയുന്നത്.
വിഎസിന്റെ ചിതയെരിയും മുന്‍പേ പിരപ്പന്‍കോട് മുരളി ഉയര്‍ത്തിയ ആരോപണങ്ങള്‍ പാര്‍ട്ടി അവഗണിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ മുരളി ഉയര്‍ത്തിയ അതേ ആരോപണമാണ് പാര്‍ട്ടിയുടെ എംപിയും എംഎല്‍എയുമായിരുന്ന സുരേഷ് കുറുപ്പും ആവര്‍ത്തിച്ചിരിക്കുന്നത്. മുരളിയെ പോലെ കുറുപ്പും പാര്‍ട്ടിയുമായി ഇപ്പോള്‍ സജീവ ബന്ധത്തിലല്ലെങ്കിലും, കാപിറ്റല്‍ പണിഷ്‌മെന്റ് വിവാദം ആളിക്കത്തിക്കാന്‍ അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍ കാരണമാകാം.
തിരുവനന്തപുരം സമ്മേളനത്തില്‍ ഉയര്‍ന്ന കാപിറ്റല്‍ പണിഷ്‌മെന്റ് വിവാദം മൂന്നുവര്‍ഷങ്ങള്‍ക്കിപ്പുറം നടന്ന ആലപ്പുഴ സമ്മേളനത്തിലും ആവര്‍ത്തിച്ചുവെന്നാണ് സുരേഷ് കുറുപ്പ് എഴുതുന്നത്.
കാപിറ്റല്‍ പണിഷ്‌മെന്റ് ആരോപണങ്ങള്‍ എം. സ്വരാജിനു നേര്‍ക്കാണ് പ്രധാനമായും ഉയര്‍ന്നു കേട്ടിരുന്നതെങ്കില്‍, സുരേഷ് സുരേഷ് കുറുപ്പ് മാതൃഭൂമി പത്രത്തിന്റെ ഞായറാഴ്ച്ച പതിപ്പില്‍ എഴുതിയ വിഎസ് അനുസ്മരണത്തില്‍ പുതിയൊരു വെളിപ്പെടുത്തലാണ് നടത്തിയിരിക്കുന്നത്. ആലപ്പുഴയില്‍ നടന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ ഒരു പെണ്‍കുട്ടിയാണ് വിഎസിനെതിരേ കാപിറ്റല്‍ പണിഷ്‌മെന്റ് വേണമെന്ന് ആവശ്യപ്പെട്ടതെന്നാണ് കുറുപ്പ് പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയാണ്;
‘ ഒറ്റപ്പെട്ടപ്പോഴും അദ്ദേഹം പോരാട്ടം തുടര്‍ന്നു കൊണ്ടേയിരുന്നു. താന്‍ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്നായിരുന്നു വിഎസ് നയം എപ്പോഴും. അദ്ദേഹത്തിന്റെ കൊച്ചു മക്കളുടെ പ്രായമുള്ളവര്‍ സമ്മേളനങ്ങളില്‍ അദ്ദേഹത്തിനെതിരേ നിലവിട്ട ആക്ഷേപങ്ങള്‍ ഉന്നയിച്ചു. അദ്ദേഹത്തിന്റെ തട്ടകമായ ആലപ്പുഴ സംസ്ഥാന സമ്മേളനത്തില്‍ ഒരു കൊച്ചു പെണ്‍കുട്ടി വിഎസിന് കാപിറ്റല്‍ പണിഷ്‌മെന്റ് കൊടുക്കണമെന്ന് പറഞ്ഞു. ഈ അധിക്ഷേപം സഹിക്കാന്‍ പറ്റാതെ വിഎസ് വേദിവിട്ട് പുറത്തിറങ്ങി. ഏകനായി ദുഖിതനായി, പക്ഷേ തലകുനിക്കാതെ, ഒന്നും മിണ്ടാതെ, ആരെയും നോക്കാതെ, അദ്ദേഹം സമ്മേളന സ്ഥലത്ത് നിന്നും വീട്ടിലേക്ക് പോയി. ഇങ്ങനെയൊക്കെ ആയിട്ടും അദ്ദേഹം പാര്‍ട്ടിയെ ഒരിക്കലും അധിക്ഷേപിച്ചില്ല’.
മലപ്പുറം സമ്മേളനത്തിന് പിന്നാലെ വിഎസ് പാര്‍ട്ടിയില്‍ കൂടുതല്‍ ഒറ്റപ്പെട്ടുവെന്നും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന ഭൂരിപക്ഷം യുവജന നേതാക്കന്മാരും വിഎസിനെ ഉപേക്ഷിച്ചുവെന്നും സുരേഷ് കുറുപ്പ് ലേഖനത്തില്‍ പറയുന്നുണ്ട്. സുരേഷ് കുറുപ്പ് അക്കാര്യങ്ങള്‍ പറയുന്നതിങ്ങനെയാണ്; ‘ ഇതിനകം അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്ന ഭൂരിപക്ഷം യുവജന നേതാക്കന്മാരും അദ്ദേഹത്തെ ഉപേക്ഷിച്ചു കഴിഞ്ഞിരുന്നു. മലപ്പുറം സമ്മേളനത്തില്‍ സുര്‍ജിത്തും പ്രകാശ് കാരാട്ടും മത്സരിക്കരുതെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും വിഎസിന്റെ പിന്തുണയുള്ള പാനല്‍ മത്സരിച്ചു. പരാജയം ഏറ്റുവാങ്ങി. പിന്നീടുള്ള വിഎസിന്റെ ഒറ്റപ്പെടല്‍ ദുസഹമായിരുന്നു. പക്ഷേ അദ്ദേഹത്തിന് ഒരു കുലുക്കവുമില്ല. ആര് കൂടെ ഉണ്ട്, ഇല്ല എന്നതൊന്നും വിഎസിന് പ്രശ്‌നമല്ല. തന്റെ നിലപാടുകളില്‍ നിന്നും അണുവിട പിന്നോട്ടില്ല. തലയുയര്‍ത്തി, മുണ്ടിന്റെ കോന്തല ഉയര്‍ത്തിപ്പിടിച്ച് പുന്നപ്ര-വയലാര്‍ സമരകാലത്ത് എന്നപോലെ, അദ്ദേഹം മുന്നോട്ടു പോയി’. VS Achuthanandan’s capital punishment, CPIM leader Suresh Kurups revelation
Content Summary; VS Achuthanandan’s capital punishment, CPIM leader Suresh Kurups revelation
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.