യുഎസ് പ്രതിരോധ വകുപ്പിന്റെ ആസ്ഥാനമായ പെന്റഗണിന്റെ പേര് ‘ഡിപ്പാർട്ട്‌മെന്റ് ഓഫ് വാർ’ എന്ന് മാറ്റാനുള്ള എക്സിക്യൂട്ടീവ് ഓർഡറിൽ ഒപ്പുവെച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 1789 മുതൽ 1947 വരെ ഉപയോഗിച്ചിരുന്ന വകുപ്പിന്റെ യഥാർത്ഥ പേരിലേക്കുള്ള തിരിച്ചുപോക്കാണിതെന്ന് ഉത്തരവിൽ ഒപ്പുവെച്ച് കൊണ്ട് ട്രംപ് വ്യക്തമാക്കിയതായി ദി ഗാർഡിൻ റിപ്പോർട്ട് ചെയ്തു. ഞങ്ങൾ ഒന്നാം ലോകമഹായുദ്ധവും രണ്ടാം ലോകമഹായുദ്ധവും ജയിച്ചു, അതിന് മുൻപും ശേഷവും എല്ലാം ജയിച്ചു. വകുപ്പിന്റെ പേര് ‘ഡിഫൻസ്’ ആയി മാറ്റി, ട്രംപ് കൂട്ടിച്ചേർത്തു.
ഉത്തരവിൽ പറയുന്നതനുസരിച്ച് ഡിപ്പാർട്ട്‌മെന്റ് ഓഫ് വാർ രണ്ടാമത്തെ ഔദ്യോഗിക പേരായി ഉപയോഗിക്കും. ഫെഡറൽ ഏജൻസിയുടെ പേര് ഔദ്യോഗികമായി മാറ്റാൻ കോൺഗ്രസ്സിന്റെ അനുമതി ആവശ്യമായതിനാൽ, അതിനെ മറികടക്കാനുള്ള മാർഗമാണ് ഇതെന്ന് ഭരണകൂടത്തിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
പുതിയ മാറ്റങ്ങൾ ട്രംപ് ഭരണകൂടം ഇതിനകം നടപ്പിലാക്കിത്തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ പെൻ്റഗണിൻ്റെ defense.gov വെബ്‌സൈറ്റിൽ പ്രവേശിക്കുന്നവർ സ്വയം war.gov ലേക്ക് തിരിച്ചുവിടപ്പെടുന്നു.
അമേരിക്കൻ നാവികസേന നടത്തിയ വ്യോമാക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ട് ദിവസങ്ങൾക്കകം തന്നെ ഈ നീക്കം ഉണ്ടായിരിക്കുന്നത്.
വെനിസ്വേലൻ ഗ്യാങ് ട്രെൻ ഡി അരാഗ്വാ നിയന്ത്രിച്ച മയക്കുമരുന്ന് കപ്പലിനെയാണ് ലക്ഷ്യമിട്ടതെന്ന് സൈന്യം അറിയിച്ചു. എന്നാൽ, ഈ ആക്രമണം അന്താരാഷ്ട്ര നിയമപ്രകാരം നിയമാനുസൃതമാണോയെന്ന് ചില നിയമവിദഗ്ധർ സംശയമുയർത്തിയിട്ടുണ്ട്.
അധികാരത്തിന്റെ ശക്തിയിലും വ്യാപാരത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചതുകൊണ്ട് അമേരിക്കയുടെ അന്താരാഷ്ട്ര സ്ഥാനം മെച്ചപ്പെട്ടുവെന്ന് ഉത്തരവ് ഒപ്പുവെച്ചുകൊണ്ട് ട്രംപ് പറഞ്ഞു.
വകുപ്പിന്റെ യഥാർത്ഥ പേര് തന്നെ സൈനിക വിജയങ്ങളെ പ്രതിഫലിപ്പിക്കുന്നതും വകുപ്പിന്റെ പ്രവർത്തനം സത്യസന്ധമായി അടയാളപ്പെടുത്തുന്നതുമാണെന്നാണ് ട്രംപിന്റെ വാദം.
തിങ്കളാഴ്ച നടന്ന ആക്രമണത്തിന് പിന്നാലെ ഏഴ് അമേരിക്കൻ യുദ്ധക്കപ്പലുകളും ഒരു ആണവശക്തിയിൽ പ്രവർത്തിക്കുന്ന അതിവേഗ സബ്‌മറീനും കരീബിയൻ കടലിലേക്ക് നീങ്ങുന്നുണ്ടെന്നാണ് റിപ്പോർട്ട്. ട്രംപ് പറയുന്ന ട്രെൻ ഡി അരാഗ്വാ ഭീഷണിയെ നേരിടാനുള്ള നടപടികളിൽ ഇതും ഒന്നാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യ-പാകിസ്താൻ യുദ്ധം, റഷ്യ-യുക്രൈൻ യുദ്ധം, ഫലസ്തീനിൽ ഇസ്രയേൽ നടത്തുന്ന കയ്യേറ്റങ്ങൾ അവസാനനിപ്പിച്ചു എന്ന വാദം ഉയർത്തുകയും ട്രംപ് ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ താൻ സമാധാനത്തിനുള്ള നോബേൽ സമ്മാനം അർഹിക്കുന്നുണ്ട് എന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാൽ, യുദ്ധവിഭാഗം എന്ന പേര് മാറ്റം ട്രംപിന്റെ നോബേൽ സമ്മാനത്തിന് മങ്ങലേൽപ്പിക്കുമെന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്.
Content Summary: Trump Issues Order to Rename Pentagon as Department of War
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.