July 03, 2026 |
Share on

ഇറാനിലെ യുഎസ് ആക്രമണം പാളിയെന്ന് റിപ്പോര്‍ട്ട്; പ്രതിരോധ ഇന്റലിജന്‍സ് ഏജന്‍സി തലവനെ പുറത്താക്കി ട്രംപ്

ട്രംപിന്റെ അവകാശവാദങ്ങൾക്ക് വിരുദ്ധമായിരുന്നു ഈ റിപ്പോർട്ട്

അമേരിക്കൻ ഡിഫൻസ് ഇന്റലിജൻസ് ഏജൻസിയുടെ തലവനായ ലെഫ്റ്റനന്റ് ജനറൽ ജെഫ്രി ക്രൂസിനെ പുറത്താക്കി പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്. ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ നടത്തിയ യുഎസ് ആക്രമണത്തെക്കുറിച്ചുള്ള രഹസ്യാന്വേഷണ റിപ്പോർട്ടിൽ ട്രംപിനുണ്ടായ അതൃപ്തിയാണ് ഈ നടപടിക്ക് കാരണമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ട്രംപിന്റെ അവകാശവാദങ്ങൾക്ക് വിരുദ്ധമായിരുന്നു ഈ റിപ്പോർട്ട്. ഇറാനിലെ ആണവ പദ്ധതികളെ പൂർണ്ണമായും ഇല്ലാതാക്കി എന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാൽ, രഹസ്യാന്വേഷണ ഏജൻസിയുടെ പ്രാഥമിക വിലയിരുത്തലിൽ, യുഎസ് ആക്രമണം ഇറാൻ്റെ ആണവ പദ്ധതികളെ കാര്യമായി ബാധിച്ചിരുന്നില്ല എന്ന് കണ്ടെത്തി. ഈ റിപ്പോർട്ട് മാധ്യമങ്ങൾക്ക് ലഭിച്ചതാണ് ട്രംപിന്റെ അതൃപ്തിയ്ക്ക് കാരണം. ക്രൂസിൻ്റെ പുറത്താക്കലിനെക്കുറിച്ച് ഔദ്യോഗികമായി ഒരു വിശദീകരണവും നൽകിയിട്ടില്ല. ഈ നടപടി യുഎസ് സൈനിക, രഹസ്യാന്വേഷണ നേതൃത്വത്തിൽ നടക്കുന്ന വലിയ അഴിച്ചുപണികളുടെ ഭാഗമാണെന്നും റിപ്പോർട്ടുകളുണ്ട്.

ജൂണിൽ നടന്ന വ്യോമാക്രമണത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ, പീറ്റ് ഹെഗ്സെത്ത് മാധ്യമങ്ങളെ രൂക്ഷമായി വിമർശിച്ചു. ആക്രമണത്തിന്റെ പ്രാഥമിക വിലയിരുത്തലിൽ മാത്രം മാധ്യമങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ, ഇറാനിയൻ ആണവ ഉത്പാദന കേന്ദ്രങ്ങൾ നശിപ്പിക്കപ്പെട്ടുവെന്നതിന് വ്യക്തമായ തെളിവുകളൊന്നും പീറ്റ് ഹെഗ്സെത്ത് അന്ന് നൽകിയിരുന്നില്ല.

ഞങ്ങൾ ഇറാനെ നശിപ്പിച്ചു, പരാജയപ്പെടുത്തി, എന്നൊക്കെ നിങ്ങൾക്ക് വിളിക്കാം. എന്നാൽ ഇത് ചരിത്രപരമായി വിജയിച്ച ഒരു ആക്രമണമാണിതെന്നും ഹെഗ്സെത്ത് അന്ന് പറഞ്ഞിരുന്നു. ക്രൂസ് സ്ഥാനമൊഴിയുന്നതിനെക്കുറിച്ച് വാഷിംഗ്ടൺ പോസ്റ്റ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

തൻ്റെ അഭിപ്രായങ്ങളോട് വിയോജിക്കുന്ന ഉദ്യോഗസ്ഥരെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യുന്ന ഒരു ചരിത്രം ട്രംപിനുണ്ട്. ഈ വർഷം ഓഗസ്റ്റിൽ, തൊഴിൽ റിപ്പോർട്ടിൽ യുഎസിന്റെ നഷ്ടം രേഖപ്പെടുത്തിയതിന് അദ്ദേഹം തൊഴിൽ ഡാറ്റയുടെ ചുമതലയുള്ള ഉദ്യോഗസ്ഥനെ പുറത്താക്കിയിരുന്നു. കൂടാതെ, അദ്ദേഹത്തിൻ്റെ ഭരണകൂടം കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്നത് നിർത്തിവെക്കുകയും, വാക്സിൻ ലഭ്യതയെക്കുറിച്ചുള്ള പഠനങ്ങൾ റദ്ദാക്കുകയും, സർക്കാർ വെബ്സൈറ്റുകളിൽ നിന്ന് ലിംഗഭേദം സംബന്ധിച്ച വിവരങ്ങൾ നീക്കം ചെയ്യുകയും ചെയ്തിരുന്നു.

ഡിഫൻസ് ഇന്റലിജൻസ് ഏജൻസിയുടെ തലവനെ പുറത്താക്കിയത് ട്രംപ് ഭരണകൂടം രഹസ്യാന്വേഷണ വിഭാഗത്തിലും സൈനിക നേതൃത്വത്തിലും വരുത്തിയ വലിയ മാറ്റങ്ങളുടെ തുടർച്ചയാണ്. ഡി.ഐ.എ ഉൾപ്പെടെയുള്ള 18 രഹസ്യാന്വേഷണ ഏജൻസികളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ഓഫീസ് ഓഫ് ഡയറക്ടർ ഓഫ് നാഷണൽ ഇന്റലിജൻസ് അവരുടെ ജീവനക്കാരുടെയും ബഡ്ജറ്റിന്റെയും എണ്ണം വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചു. അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും പ്രസിഡന്റ് ട്രംപും ഉന്നത സൈനിക ഉദ്യോഗസ്ഥരെ പലപ്പോഴും വ്യക്തമായ ഒരു കാരണവും നൽകാതെ നീക്കം ചെയ്യാറുണ്ട്.

യുഎസ് ഭരണകൂടം ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാനായ എയർഫോഴ്സ് ജനറൽ സി.ക്യു. ബ്രൗൺ ജൂനിയറിനെ സ്ഥാനത്തുനിന്ന് നീക്കം ചെയ്തിരുന്നു. കൂടാതെ, നാവികസേനയുടെ ഉന്നത ഉദ്യോഗസ്ഥനെയും, വ്യോമസേനയിലെ ഉയർന്ന റാങ്കുള്ള ഉദ്യോഗസ്ഥനെയും, മൂന്ന് സൈനിക വിഭാഗങ്ങളിലെ ഉന്നത അഭിഭാഷകരെയും പുറത്താക്കിയിരുന്നു. ഈ പിരിച്ചുവിടലുകൾക്കൊന്നും പെന്റഗൺ ഔദ്യോഗികമായി ഒരു വിശദീകരണവും നൽകിയിട്ടില്ല.

content summary: U.S dismisses top general following Iran assessment that infuriated Trump

Leave a Reply

Your email address will not be published. Required fields are marked *

×