മോസ്കോ നഗരത്തിനടിയില്‍ തീവണ്ടിയുടേയും ആള്‍ക്കൂട്ടത്തിന്റെയും നിരന്തരമുയരുന്ന പതിഞ്ഞശബ്ദങ്ങള്ക്കൊപ്പം, നഗരമപ്പാടെ സ്പന്ദിക്കുന്ന ഭൂഗര്ഭപാതകളുണ്ട്. വലിയൊരു റെയില്‍ശൃംഖല തന്നെയാണത്. അക്കൂട്ടത്തിലാണ് പാര്ത്തിസന്സ്കയ എന്ന മെട്രോ സ്റ്റേഷന്. മാര്‍ബിളില്‍ തീര്‍ത്ത ചുമരുകളും, വൃത്തിയുള്ള പ്ലാറ്റ്ഫോമുകളുമുള്ള ഒരിടം. രണ്ടാം ലോകയുദ്ധകാലത്ത് സോവ്യറ്റ് തിരിച്ചടിയുടെ നെടുംതൂണുകളായിരുന്ന ഗറില്ലാപ്പോരാളികള്ക്ക് വേണ്ടി സമര്‍പ്പിച്ച ശ്രീകോവിലായേ പാര്ത്തിസന്സ്കയ സ്റ്റേഷനിലിറങ്ങിയാല്‍ തോന്നൂ. ഹിമക്കാടുകളിലൂടെ കടന്നുകയറി ശത്രുവിനെയാക്രമിച്ച ധീരര്‍, രഹസ്യമായി എതിര്‍പാളയത്തിലെ വിവരങ്ങള്‍ ചോര്‍ത്തിയെടുത്തവര്‍, അങ്ങനെയങ്ങനെ ഒരു കാലഘട്ടത്തിന്റെ ഓര്‍മ്മകള്‍ ഇവിടെ ശില്പങ്ങളായി പതിഞ്ഞുകിടക്കുന്നു. അനന്തമാം പ്രതിരോധത്തിന്റെ വേറിട്ടൊരു നിശ്ചലദൃശ്യമാണത്. ആ സ്റ്റേഷനിലെയൊരു പ്ലാറ്റ്ഫോമില്‍ പുറത്തേക്കുള്ള ഗോവണിക്കു തൊട്ടടുത്ത്, ഇടതുവശത്തായുള്ള തൂണില്‍ മനോഹരമായി കൊത്തിയെടുത്ത മാര്‍ബിള്‍ ശില്പം ആരുടേയും ശ്രദ്ധയില്‍ പെടാതെയിരിക്കില്ല.
മാത്വേയ് മനിസേര് എന്ന സുപ്രസിദ്ധശില്പിയുടെ ഒരാള്‍പ്പൊക്കത്തിലുള്ള ഉദാത്തസൃഷ്ടി. അതൊരു പെണ്‍കുട്ടിയുടെ രൂപമാണ്. മഞ്ഞുറഞ്ഞ ഭൂമിയിലെ അവസാനമില്ലാത്ത മുന്നേറ്റങ്ങളുടെ പ്രതിരൂപം. കൊടുംതണുപ്പിനെ തടയാനുതകുന്ന കുപ്പായങ്ങളും, അരപ്പട്ടയും, മുട്ടോളമെത്തുന്ന ബൂട്ടുകളുമാണ് വേഷം. വസ്ത്രങ്ങള്‍ കാറ്റിലിളകുന്നു എന്ന പ്രതീതിയത് തരുന്നുണ്ട്. നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകമെന്നോണം വലതുകൈ, തോളില്‍ തൂങ്ങുന്ന റൈഫിളില്‍ മുറുകെ പിടിച്ചിരിക്കുന്നു. ഉയര്‍ന്ന കവിളെല്ലും, തീക്ഷ്ണമാം നയനങ്ങളും, എന്തോ മന്ത്രിക്കുന്നെന്നു തോന്നുന്ന ചുണ്ടുകളും പ്രതിഫലിപ്പിക്കുന്നത് അടങ്ങാത്ത പോരാട്ടവീര്യം തന്നെ. ഈ സുന്ദരമുഖത്തിന്റെ ഉടമ വെറുമൊരു പതിനെട്ടുവയസുകാരിയാണെന്ന് അറിയുമ്പോഴാണ് ഒന്നു നടുങ്ങിപ്പോവുക.

തുടര്‍ന്നായിരുന്നു ആ സുന്ദരിയുടെ ചരിത്രം തേടിപ്പോയത്. ആ അന്വേഷണത്തില്‍ വിരിഞ്ഞതാകട്ടെ, സോയ അനത്തൊല്യേവ്ന കൊസ്മൊദെന്യാന്സ്കയ എന്നു പേരുള്ള ഒരു സൈബീരിയന്‍ പെണ്‍കുട്ടിയുടെ ഹൃദയഭേദകമാം കഥയും. വിശാലമായ റഷ്യന്‍ ഗ്രാമീണാകാശത്തില് മിന്നിമറിഞ്ഞ വാല്‍നക്ഷത്രം പോലെയായിരുന്നു ആ ജീവിതം. ഹ്രസ്വവും, ഉജ്ജ്വലവും, യുദ്ധാന്ധകാര കാന്‍വാസില്‍ എക്കാലവും തിളങ്ങിനില്ക്കുന്നതുമായ വെള്ളിനക്ഷത്രം. സോയ എന്നാല്‍ ജീവിതം എന്നാണര്‍ത്ഥം. കനത്ത ആഘാതത്തില്‍ വീണുപോയശേഷം, എല്ലാം കുടഞ്ഞെറിഞ്ഞെഴുന്നേറ്റ മഹാദേശത്തിന്റെ ഉഗ്രപ്രതീകം. ഈ കിളുന്തുബാലികയുടെ അവസാനനിശ്വാസങ്ങള് ഇന്നും ലക്ഷക്കണക്കിനു ഹൃദയങ്ങളെ പ്രചോദിപ്പിക്കുന്നുണ്ട്. അക്കാലത്ത് കൊടുംനിരാശയെ അമാനുഷപ്രതിരോധത്തിലേക്കു വഴിമാറ്റിയ ഒരു കൂട്ടം സുധീരരാം ചെറുപ്പക്കാരുടെ ഹൃദയസ്പന്ദനങ്ങള്‍ തന്നെയാണ് സോയയിലും മിടിച്ചത്.
1923-ലെ ഒരു സെപ്റ്റംബര്‍ മാസത്തില്‍ ഒസിനോവ്യേ ഹായ് എന്ന ഗ്രാമത്തിലായിരുന്നു സോയയുടെ ജനനം. കാലികളെ മേയ്ച്ചും, അച്ഛനില്‍ നിന്നു കഥകള്‍ കേട്ടും, അമ്മയെ സഹായിച്ചും അവളുടെ ബാല്യം പിച്ചവെച്ചു. ആറാം വയസ്സില്‍ സോയയുടെ കുടുംബം മോസ്കോയിലേക്കു ചേക്കേറി. നിര്‍ഭാഗ്യത്തിന്റെ തുടക്കമായിരുന്നു അത്. നാലു വര്‍ഷത്തിനകം അവള്‍ക്കു അച്ഛനെ നഷ്ടപ്പെട്ടു. സോയയേയും നാലുവയസുള്ള അലക്സാണ്ടര്‍ എന്ന ചെറുമകനേയും വളര്‍ത്തേണ്ട ചുമതല അമ്മയുടേതു മാത്രമായി. കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു ആ കാലമെങ്കിലും, പൊരുതിമുന്നേറാനുള്ള വാശിയും ശക്തിയും ആ കുഞ്ഞുങ്ങള്‍ക്കു പകര്‍ന്നുകിട്ടിയതു ആ അമ്മയില്‍ നിന്നാവണം. സോയയുടെ ജീവിതത്തിന്റെ രൂപീകരണവും ആ നെരിപ്പോടിലൂടെയായിരുന്നു എന്നു പറയാം. ‘മരണം പേടിപ്പിക്കാതെ നമ്മള് ജീവിക്കണം’ എന്നു സോയ ഒരിക്കല്‍ തന്റെ സ്കൂള്‍ നോട്ടുപുസ്തകത്തില്‍ എഴുതി. അതൊരു പ്രവചനമായിരുന്നോ എന്നു ഞാന്‍ സംശയിക്കുന്നു.
പതിനഞ്ചാം വയസ്സിലാണ് സോയ കൊംസമോള്‍ എന്ന കമ്മ്യൂണിസ്റ്റ് യുവസംഘടനയില്‍ ചേര്‍ന്നത്. നീതിനിഷേധം ഒരിക്കലും ഉള്‍ക്കൊള്ളാനാവുമായിരുന്നില്ല ആ ബാലികയ്ക്ക്.
ആര്‍ദ്രവും, അതേസമയം പ്രക്ഷുബ്ധവുമായി നിലനിന്നു സോയയുടെ ആന്തരികലോകം. കാട്ടുപൂക്കള്‍ താളുകള്‍ക്കിടയില്‍ സൂക്ഷിച്ചും, ചിത്രങ്ങള്‍ വരച്ചും, സ്നേഹത്തെക്കുറിച്ചും പ്രതീക്ഷകളെക്കുറിച്ചും ഡയറിയില്‍ കുറിച്ചിട്ടുമായിരുന്നു അവള് യുവത്വത്തിലേക്കു നടന്നത്. അതിനിടെ അസുഖങ്ങള്‍ സോയയെ തളര്‍ത്തി. തുടര്‍ന്ന് കാലിനൊരു ചെറിയ മുടന്തും വന്നുവത്രെ. പോരാളിയാവാന്‍ കാത്തിരുന്ന ഒരാളൊന്നുമായിരുന്നില്ല സോയ. ശരത്കാലജലാശയങ്ങളെപ്പോലെ തെളിഞ്ഞതും ശാന്തവും, എന്നാല്‍ അലകളാല് ഇളകിമറിയാന്‍ ഒരുങ്ങിയതുമായിരുന്നു അവളുടെ കണ്ണുകളും മനസ്സുമെന്നു മാത്രം.
അങ്ങനെയിരിക്കെയാണ് 1941-ല്‍ നാത്സികളുടെ ഓപ്പറേഷന് ബാര്‍ബറോസ ആരംഭിക്കുന്നത്. സോവ്യറ്റ് യൂണിയനിലേക്കുള്ള ജര്‍മ്മന്‍ പടയുടെ ഇരച്ചുകയറ്റം. ധിക്കാരത്തിലൂന്നിയ ക്രൂരതയുടെ ആ വേലിയേറ്റത്തില്‍ അസംഖ്യം റഷ്യന്‍ ഗ്രാമങ്ങള്‍ കശക്കിയെറിയപ്പെട്ടു. ഒപ്പം കത്തിയെരിഞ്ഞതാകട്ടെ അനേകരുടെ സ്വപ്നങ്ങളും. ശത്രുസേന ഇരമ്പിക്കയറിയപ്പോള്‍ മോസ്കോനഗരം വിറപൂണ്ടു. അന്തരീക്ഷം ഭയത്താല്‍ ഇരുണ്ടും കനത്തും നിന്നു. സോയ അന്നു സ്കൂളില്‍ അവസാനവര്‍ഷമായിരുന്നു. അവള് ഇങ്ങനെ ഡയറിയിലെഴുതി. ‘അമ്മനാട് വിളിക്കുന്നു’.
തുടര്‍ന്നായിരുന്നു ചെമ്പടയുടെ അട്ടിമറി/ രഹസ്യാന്വേഷണവിഭാഗത്തില്‍ അവള് ചേരുന്നത്. അങ്ങനെ പ്രവര്‍ത്തിച്ച ആദ്യത്തെ പെണ്‍കുട്ടികളിലൊരാളായി.

മുട്ടിവെട്ടിച്ചെറുതാക്കി, ആണ്‍വേഷമിട്ട് അവള് ഉരുണ്ടുകൂടുന്ന കൊടുങ്കാറ്റിലേക്കു സധൈര്യം നടന്നു. സോയയ്ക്കു കൃത്യമായ നിര്‍ദ്ദേശങ്ങള്‍ ഉണ്ടായിരുന്നു. മോസ്കോയ്ക്ക് 80 നാഴിക പടിഞ്ഞാറുള്ള പെത്രിഷ്ചെവോ ഗ്രാമത്തിലെ ജര്‍മ്മന്‍ അധിനിവേശക്കാര്‍ക്കു നേരെ അട്ടിമറി നടത്തുക എന്നത്. നവംബര്‍ ദിനങ്ങളുടെ കൊടുംശൈത്യത്തില്‍ യുദ്ധമൂടുപടമണിഞ്ഞൊരു രാത്രിയില്‍ സോയയും കൂടെ ബോറിസ്, വാസിലി എന്നിവരും ശത്രുപാളയത്തിലേക്കു രഹസ്യമായി കടന്നു. അവിടത്തെ കുതിരപ്പന്തിക്കു തീവെയ്ക്കുക എന്നതായിരുന്നു ദൗത്യം. സോയയുടെ കൈയ്യിലായിരുന്നു തീവെപ്പിനുള്ള സാമഗ്രികളും, ആ കൂട്ടുകാരുടെ മൊത്തം മനസ്സുറപ്പും. തന്റെ നാടിനെ പിച്ചിച്ചീന്തുന്ന സൈനികരോടുള്ള അമര്ഷതാളം മാത്രമായിരുന്നു ആ ഹൃദയത്തില്‍ മുഴങ്ങിയിരുന്നത്.
മൂന്നു ജര്‍മ്മന്‍ ഓഫീസര്‍മാരുടെ വീടുകള്‍ അന്നവിടെ കത്തിയമര്‍ന്നു. പക്ഷെ, വാസിലി പിടിയിലായി. ഭേദ്യങ്ങള്‍ താങ്ങാനാവാതെ ഒറ്റയ്ക്കല്ലെന്നും, കൂട്ടാളികള്‍ കാട്ടിലുണ്ടെന്നും അവന് പറഞ്ഞു. ഓടുന്നതിനിടെ സോയയും പിടിക്കപ്പെട്ടു.
പെത്രിഷ്ചെവോയിലെ ഒരു കുടിലില്‍ വെച്ചായിരുന്നു സോയയുടെ കുറ്റവിചാരണ. ചോദ്യങ്ങള്‍ മാത്രമായിരുന്നില്ല അന്നവള്‍ നേരിട്ടത്. അവളുടെ നഗ്നത പട്ടാളക്കാര്‍ ആഘോഷിച്ചു. ബയണറ്റുകളുടെ കൂര്‍ത്ത മുനകളും ആ കുഞ്ഞുശരീരത്തില്‍ കുത്തിക്കയറി. ചാട്ടവാറടികള്‍ വേറേയും. മണിക്കൂറുകള്‍ നീണ്ടുനിന്ന പ്രാണവേദനയിലും അവള് ഉത്തരങ്ങള്‍ അമര്‍ത്തിവെച്ചു. മുറിവുകളും അടിപ്പാടുകളും തലങ്ങും വിലങ്ങും കോറിയിട്ട ഒരു ദുരന്തചിത്രമായി മാറി ആ ലോലദേഹം.
എങ്കിലും, കൊടും മര്‍ദ്ദനങ്ങളുടെ മൂര്‍ദ്ധന്യത്തിലും ആ മനസ്സ് പതറിയില്ല. പിറ്റേന്ന് ഗ്രാമീണര്‍ നോക്കിനില്‍ക്കെ തൂക്കുമരത്തിനു മുന്നില്‍ വെച്ച്, സോയ വിളിച്ചുപറഞ്ഞു ‘ഞങ്ങള്‍ പതിനേഴു കോടികളുടെ ശക്തിയാണ്’. റഷ്യന്‍ ജനതയുടെ വലിപ്പമാണ് അവള് ഉദ്ദേശിച്ചത്. ‘ഞങ്ങളുടെ രോഷത്തില്‍ നിങ്ങള്‍ തകര്‍ന്നടിയും. എന്നെ കൊന്നാലും ആയിരങ്ങളിവിടെ ഇനിയുമയരും’.
എന്നിട്ട് ഗ്രാമീണരെ നോക്കി അവള് ഉറക്കെപ്പറഞ്ഞു. ‘പൊരുതുക ജനങ്ങളേ, നമ്മള് സോവ്യറ്റുകളാണ്. അവസാനവിജയം നമ്മുടേതാവും’
1941 നവംബര്‍ 29 ആയിരുന്നു ആ ദിവസം. സോയയെന്ന പതിനെട്ടുകാരിയുടെ ഇളംകഴുത്തില്‍ കുരുക്കമര്ന്നു. ‘മാതൃനാടേ വിട, ഞാന്‍ നിനക്കുവേണ്ടിയാണ് മരിക്കുന്നത്’. അതായിരുന്നു സോയയുടെ അവസാനവാക്കുകള്‍. സോയയുടെ കാലിനടിയിലെ പാളികള്‍ നീങ്ങി. അവള് താഴേക്കു പതിച്ചു. പക്ഷെ, ആ വീഴ്ചയെ തടഞ്ഞുനിര്‍ത്തിക്കൊണ്ട് അവളുടെ കഴുത്തിലെ കയര്‍ക്കെട്ട് നിശ്ചയിക്കപ്പെട്ട കൃത്യം നിര്‍വ്വഹിച്ചു. ഭീകരതയ്ക്കെതിരായ തകരാത്ത പ്രതിരോധമെന്നോണം ആ കുഞ്ഞുശരീരം കാറ്റില്‍ പതുക്കെ ഇളകിയാടി.
സോയയുടെ മരണം ഒരവസാനമായിരുന്നില്ല. അതൊരു തീപ്പൊരിയായി പടര്‍ന്നു. സോവ്യറ്റ് പടയുടെ തിരിച്ചടി വൈകിയില്ല. പ്യോത്തര്‍ ലിദോവ് എന്ന എഴുത്തുകാരന് താന്യ എന്ന പേരില്‍ സോയയുടെ കഥയെഴുതി. പ്രാവ്ദയില് അതു പ്രസിദ്ധീകരിക്കുകയും ചെയ്തു. അതു വായിച്ചവര്‍ ആവേശത്താല്‍ പോരിനിറങ്ങി. ‘സോയയ്ക്കു വേണ്ടി’ എന്നു സൈനികര്‍ ടാങ്കുകളിലും വിമാനങ്ങളിലും എഴുതിയിട്ടു. സോവിയറ്റ് യൂണിയന്റെ ധീരവനിതയായി അവളെ ഭരണകൂടം വാഴ്ത്തി. സോയയുടെ സഹോദരനും പിന്നീട്, യുദ്ധത്തില്‍ മരിച്ചുവീണു.

സോയയെക്കുറിച്ചുള്ള അലക്സേയ് സുര്‍ക്കോവിന്റെ കവിതകള്‍ ഇന്നും ജനങ്ങളെ ഉത്തേജിപ്പിക്കുന്നു. സോയ എന്ന പേരില്‍ ഒരു ചലച്ചിത്രവും ഇറങ്ങി. ഇന്ന് തെരുവുകളും സ്കൂളുകളും കപ്പലുകളുമെല്ലാം ആ ധീരയുടെ നാമം വഹിക്കുന്നുണ്ട്.
സോയയുടെ കഥ ഇന്നു നമ്മളെ ഓര്‍മ്മിപ്പിക്കുന്നത്, ധൈര്യമെന്നാല്‍ ഭീതിയില്ലാതിരിക്കുക എന്നല്ല, കൊടുങ്കാറ്റുകള്‍ക്കിടയിലും ജീവിതത്തെ പ്രകാശിപ്പിച്ചുനിര്ത്തുക എന്നതാണ്. കെടാവിളക്കാണ് അവളുടെ ഓര്‍മ്മകളിന്ന്. അങ്ങേയറ്റം തണുപ്പാര്‍ന്ന രാത്രിയിലെ ഏറ്റവും ബുദ്ധിമുട്ടു നിറഞ്ഞ നിമിഷത്തിലും ചൂടുപകരുന്ന ഓര്‍മ്മ. അതു മന്ത്രിക്കുന്നതാകട്ടെ, ഒരൊറ്റ ജീവിതം മതി ഒരു പ്രഭാതത്തെ പ്രകാശപൂര്ണ്ണമാക്കാനെന്നും.
ഒരിക്കല്‍ സോയയുടെ അമ്മ ഇങ്ങനെയെഴുതി. ‘സോയ മരിച്ചില്ല, അവള് ഞങ്ങളിലൂടെ ഇപ്പോഴും ജീവിക്കുന്നു’.
Content Summary: Zoya Anatolyevna is one of the most revered heroines of the Soviet Union