പ്രായപൂർത്തിയാകാത്ത ബലാത്സംഗ അതിജീവിതയെ പ്രതിയുടെ വീട്ടിലേക്ക് തിരിച്ചയച്ച് ചൈൽഡ് വെൽഫെയർ കമ്മിറ്റി (CWC) ഉദ്യോഗസ്ഥർ. പെൺകുട്ടി വീണ്ടും ലൈംഗിക പീഡനത്തിന് ഇരയായതോടെ സംഭവത്തിൽ സിഡബ്ല്യുസിയിലെ മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തു.
പ്രാദേശിക സിഡബ്ല്യുസി ചെയർപേഴ്സൺ, അഞ്ച് കമ്മിറ്റി അംഗങ്ങൾ, ജില്ലാ വനിതാ ശിശു വികസന ഓഫീസർ, വൺ സ്റ്റോപ്പ് സെന്റർ അഡ്മിനിസ്ട്രേറ്റർ, ഒരു കൗൺസിലർ, കേസ് വർക്കർ എന്നിവരുൾപ്പെടെ ഒമ്പത് പേർക്കെതിരെയാണ് വിവിധ നിയമ വകുപ്പുകൾ ചുമത്തി എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.
2025 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ ആദ്യ സംഭവം നടന്നത്. ഛത്തർപൂരിൽ നിന്ന് 15 വയസ്സുള്ള പെൺകുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയി ഡൽഹിയിലേക്ക് കൊണ്ടുപോയിരുന്നു. തുടർന്ന് ഗുരുഗ്രാം പോലീസ് ഇയാളെ പിടികൂടി. പോക്‌സോ നിയമപ്രകാരം പന്നയിൽ കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
അതിജീവിതയെ ഏറ്റെടുക്കാൻ കുടുംബം വിസമ്മതിച്ചതിനെ തുടർന്ന് ഫെബ്രുവരി മുതൽ മാർച്ച് വരെ പെൺകുട്ടിയെ വൺ സ്റ്റോപ്പ് സെന്ററിൽ സംരക്ഷിച്ചിരുന്നു. ഈ ഘട്ടത്തിലാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റി ഞെട്ടിക്കുന്ന ഒരു തീരുമാനം എടുത്തത്. പ്രതിയുടെ സഹോദരന്റെ ഭാര്യയുടെ വീട്ടിലേക്ക് പെൺകുട്ടിയെ അയക്കുകയായിരുന്നു. ഈ സമയം പ്രതി ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു. ഇവിടെ വെച്ചാണ് പെൺകുട്ടി വീണ്ടും ലൈംഗികാതിക്രമത്തിന് ഇരയായത്.
ഏപ്രിൽ 29-ന് വൺ സ്റ്റോപ്പ് സെന്ററിൽ നടന്ന കൗൺസിലിംഗിനിടെയാണ് അതിജീവിത തന്റെ ദുരനുഭവം വെളിപ്പെടുത്തിയത്. പെൺകുട്ടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ നടന്ന അന്വേഷണത്തിൽ, ജില്ലാ പ്രോഗ്രാം ഓഫീസറും വൺ സ്റ്റോപ്പ് സെന്ററിലെ ജീവനക്കാരും കേസ് ഒതുക്കിത്തീർക്കാൻ ശ്രമിച്ചതായി കണ്ടെത്തി.
“തെറ്റായ തീരുമാനമെടുക്കുകയും വിഷയം മറച്ചുവെക്കുകയും ചെയ്തവർക്കെതിരെ കർശന നടപടി സ്വീകരിച്ചിട്ടുണ്ട്,” ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ഈ അലംഭാവം വലിയ വിവാദങ്ങൾക്കാണ് വഴിതുറന്നിരിക്കുന്നത്.
content summary: Child Welfare Officials Face Charges After Minor Rape Survivor is Sent Back to Accused’s Home
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.