വേലിക്കകത്ത് വീട്ടിലേക്ക് അവസാനമായി വിഎസ് എത്തി. ആർത്തിരമ്പുന്ന ജനസാഗരത്തിന് നടുവിലൂടെ ആണ് പിറന്ന മണ്ണിലേക്ക് വിപ്ലവ സൂര്യൻ അവസാനമായെത്തിയത്. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട വിലാപയാത്ര 22 മണിക്കൂറിന് ശേഷമാണ് വേലിക്കകത്ത് വീട്ടിലെത്തുന്നത്. തിരുവനന്തപുരം മുതൽ വേലിക്കകത്ത് വീട് വരെ റോഡിന്റെ ഇരുവശങ്ങളിലുമായി തടിച്ചു കൂടിയ ജനക്കൂട്ടത്തിന് നടുവിലൂടെ സ്നേഹവായ്പ്പ് ഏറ്റുവാങ്ങിയാണ് വിലാപയാത്ര വേലിക്കകത്ത് വീട്ടിൽ അവസാനിച്ചത്.
സമരസഖാക്കള്‍ അന്തിയുറങ്ങുന്ന മണ്ണിലേക്ക് അവരില്‍ ഒരാളായ വി എസും ഉടനെ എത്തും. ഒരിക്കല്‍ക്കൂടി ലാല്‍സലാം പറയാന്‍. പുന്നപ്രയുടെ സമരപുത്രനെ ആലപ്പുഴ ഏറ്റുവാങ്ങിക്കഴിഞ്ഞു. കര്‍ഷകത്തൊഴിലാളികളെ അണിനിരത്തിയ ജനനായകന്‍ ഒടുവില്‍ പുന്നപ്ര-വയലാര്‍ സമരത്തില്‍ വെടിയേറ്റു വീണ സഖാക്കള്‍ അന്തിയുറങ്ങുന്ന മണ്ണിലേക്ക് എത്തിക്കഴിഞ്ഞു. പിന്നിട്ട പാതയോരങ്ങളില്‍ എല്ലാം മനുഷ്യചങ്ങലയെന്ന പോല്‍ ആളുകള്‍ തിങ്ങിനിറഞ്ഞിരുന്നു. കോരിച്ചൊരിയുന്ന മഴയെ പോലും അവഗണിച്ചുകൊണ്ടായിരുന്നു അവരുടെ വി എസിനെ കാണാന്‍ ആ ആള്‍ക്കൂട്ടം കാത്തിരുന്നത്. മഴയത്തും നിലയ്ക്കാത്ത ആവേശം ആണ് എവിടെയും കാണാന്‍ കഴിഞ്ഞത്.
‘വെന്തലത്തറയിൽ’ എന്നായിരുന്നു വി എസ് ജനിച്ച വീടിന്റെ പേര്. അതാണ് പേരിനൊപ്പം ചേർത്ത ‘വി’. ആറ് പതിറ്റാണ്ട് മുമ്പാണ് വി എസിന്റെ ജ്യേഷ്‌ഠൻ വി എസ് ഗംഗാധരന്റെ വേലിക്കകത്ത് വീടും സ്ഥലവും വാങ്ങുന്നത്. ഗംഗാധരന്റെ മകൻ രാജേന്ദ്രന്റെ പേരിലായിരുന്നു ഇത്. ചെറുപ്പത്തിൽ രാജേന്ദ്രൻ മരിച്ചതോടെയാണ് ഗംഗാധരൻ അനുജൻ വി എസിന് സ്ഥലവും വീടും കൈമാറിയത്. ഇതിനുശേഷം ഇവിടേയ്‌ക്ക് താമസം മാറ്റി. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ നഴ്സായിരുന്ന ഭാര്യ വസുമതിയുടെ യാത്രാസൗകര്യാർഥം ചന്ദനക്കാവിന് സമീപം വാടകവീട്ടിലായിരുന്നു അതുവരെ വി എസ് താമസിച്ചിരുന്നത്. പിന്നീട് വേലിക്കകത്ത് വീട്ടിലേക്ക് താമസം മാറ്റുകയായിരുന്നു.
content summary: VS achuthanandan at velikkakath house