June 26, 2026 |
Share on

ദേവരാജന്‍ മാഷിന്റെ പാട്ടും കേട്ട് അംബാസഡറില്‍ വിഎസ്…

30 കൊല്ലത്തോളം അച്യുതാനന്ദന് വേണ്ടി വളയം പിടിച്ച അര്‍ജുനന്‍

ദേവരാജന്‍ മാഷിന്റെ പാട്ടുകള്‍ കേട്ട് യാത്ര ചെയ്യുന്ന വിഎസ്! അങ്ങനെയുമൊരു വിഎസ് ഉണ്ടായിരുന്നു. 30 വര്‍ഷത്തോളം കേരളത്തിന്റെ രാഷ്ട്രീയ കരുത്തിനൊപ്പമുണ്ടായിരുന്ന അര്‍ജുനന്‍ എന്ന വയലാറുകാരന് പരിചയം കാര്‍ക്കശ്യമില്ലാത്ത സാധാരണക്കാരന്‍ അച്യുതാനന്ദനെയായിരുന്നു. പുരാണത്തിലെ അച്യുതാനന്ദന്‍ അര്‍ജുനന് സാരഥിയായെങ്കില്‍, രാഷ്ട്രീയ കേരളത്തിന്റെ  അച്യുതാനന്ദന് വേണ്ടി മൂന്നു പതിറ്റാണ്ടോളം വളയം പിടിച്ചയാളായിരുന്നു അര്‍ജുനന്‍.

1992, അക്കാലത്ത് ആലപ്പുഴ ജില്ല കമ്മിറ്റിയുടെ വണ്ടിയോടിക്കുകയാണ് അര്‍ജ്ജുനന്‍. വിഎസ് അന്ന് സംസ്ഥാന സെക്രട്ടറി. അദ്ദേഹത്തിന്റെ കാര്‍ പണി മുടക്കിയപ്പോള്‍ വീട്ടില്‍ കൊണ്ടുപോയി വിടേണ്ട ചുമതല അര്‍ജുനന് വന്നു. രാത്രി വീട്ടില്‍ വിട്ടു തിരിച്ചു പോരാന്‍ നേരം വിഎസിന്റെ ചോദ്യം; നാളെ എകെജി സെന്ററില്‍ കൊണ്ടു പോയി വിടാമോ? അങ്ങനെ ആലപ്പുഴയില്‍ നിന്നും വിഎസുമായി അര്‍ജുനന്‍ തിരുവനന്തപുരത്തേക്ക്.

കോഴിക്കോട് സമ്മേളനത്തിന് പിന്നാലെ നായനാര്‍ സംസ്ഥാന സെക്രട്ടറിയായി. വി എസിന് പ്രതിപക്ഷ നേതൃസ്ഥാനം കിട്ടുന്നു. പ്രതിപക്ഷ നേതാവിന് ഡ്രൈവറായി പാര്‍ട്ടി ഒരാളെ നല്‍കിയിരുന്നു. എന്നാല്‍ അയാളെ പറഞ്ഞയച്ച വിഎസ്, അര്‍ജുനനെ വിളിപ്പിച്ചു. ആരെയും പെട്ടെന്നൊന്നും അടുപ്പിക്കാത്ത അച്യുതാനന്ദന് ഒരു ദിവസത്തെ ബന്ധത്തില്‍ അര്‍ജുനനെ നന്നേ ബോധിച്ചു. പിന്നീടുള്ള കാലം കേവലം ഡ്രൈവര്‍ മാത്രമായിരുന്നില്ല, വിഎസിന്റെ പ്രധാനപ്പെട്ട സഹായികളിലൊരാളുമായി അര്‍ജുനന്‍.

‘ വി എസ്സിന്റെ ഡ്രൈവര്‍ ആകണമെന്ന പറഞ്ഞപ്പോള്‍ ആദ്യം പേടിയായിരുന്നു. അദ്ദേഹത്തിന്റെ കര്‍ക്കശ സ്വഭാവമൊക്കെ അറിയാവുന്നകൊണ്ടുള്ള പേടി. പക്ഷേ, വളരെ പെട്ടെന്ന് തന്നെ മനസിലായി, കേട്ടപോലെയല്ല, പാവമാണ് വിഎസ്”.

യാത്രകളില്‍ ഉറങ്ങാറില്ല വിഎസ് എന്നാണ് അര്‍ജുനന്‍ പറയുന്നത്. ദൂരമെത്രയായാലും ഉറങ്ങില്ല. തന്റെ രാഷ്ട്രീയ ജീവതത്തിലും വഴി തെറ്റാതെ നടന്ന അച്യുതാനന്ദന്‍ യാത്രകളിലും ആ ജാഗ്രത പുലര്‍ത്തിയിരുന്നു. ‘ വഴി പിശകിയാല്‍ അപ്പോള്‍ വിഎസ് പറയും, ഒരു തവണ പോയാല്‍, ആ വഴി കൃത്യമായി വി എസ് മനസിലാക്കിയിരുന്നു. എല്ലാം ശ്രദ്ധിക്കുമായിരുന്നു’ അര്‍ജുനന്റെ സാക്ഷ്യം.

രാവിലെ അഞ്ചു മണിക്ക് യാത്ര ആരംഭിക്കും, അത് വിഎസിന്റെ ഒരു പ്രത്യേകതയായിരുന്നുവെന്ന് അര്‍ജുനന്‍ പറയുന്നു. അതിനു കാരണമുണ്ടായിരുന്നു. വിഎസിന്റെ ആദ്യകാലത്തെ അംബാസഡര്‍ എസി അല്ലായിരുന്നു. ചൂട് തുടങ്ങും മുമ്പ് പുറപ്പെടുക, മടക്കവും അതേ സമയത്ത് തന്നെ; അതായിരുന്നു വിഎസിന്റെ ആവശ്യം.

ദീര്‍ഘയാത്രയിലും വഴിയില്‍ ഭക്ഷണം കഴിക്കുന്ന പതിവില്ല. ഗസ്റ്റ് ഹൗസില്‍ പറഞ്ഞേല്‍പ്പിച്ചിരിക്കും. അധികം ഭക്ഷണം കഴിക്കാറില്ല. പുട്ടും കടലയും, ഇഡലി, ചോറ്‌, ചീര അങ്ങനെ ചില ഇഷ്ടങ്ങളൊക്കെയുണ്ട്’ അര്‍ജുനന്‍ പറയുന്നു.

പ്രതിപക്ഷ നേതാവായിരുന്ന സമയത്തും പിന്നീട് മുഖ്യമന്ത്രിയായപ്പോഴും കാറില്‍ അധികം പേരെ വിഎസ് കയറ്റിയിരുന്നില്ല. പ്രതിപക്ഷ നേതാവായിരിക്കുമ്പോള്‍ ഗണ്‍മാന്‍ മാത്രമായിരിക്കും കൂടെയുണ്ടാവുക. ഇവര്‍ രണ്ടു പേരുണ്ടല്ലോ എന്നു പറഞ്ഞ് ബാക്കിയുള്ളവരെ ഒഴിവാക്കും. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പിഎയും ഉണ്ടാകും.

കൂടെയുള്ളവരോട് വിഎസ് എന്നും ശാന്തമായിട്ടാണ് ഇടപെട്ടിരുന്നത്. മുഖ്യമന്ത്രിയായിരുന്ന സമയം, വിഎസ് ഓഫിസില്‍ നിന്നും ഇറങ്ങി കാറില്‍ കയറാന്‍ വരുന്നു. ആ സമയത്ത് ഡ്രൈവര്‍ വണ്ടിക്കടുത്ത് ഉണ്ടാകേണ്ടതാണ്. പക്ഷേ, അര്‍ജുനന്‍ ആ സമയം അവിടെയുണ്ടായിരുന്നില്ല. ” വേറെ ആരെങ്കിലുമായിരുന്നുവെങ്കില്‍ വഴക്ക് കേള്‍ക്കേണ്ട സാഹചര്യം. പക്ഷേ വിഎസ് ഒന്നും മിണ്ടിയില്ല, ഞാന്‍ വരുന്നത് വരെ കാത്തു നിന്നു’

ഓവര്‍ സ്പീഡ് ഇഷ്ടമായിരുന്നില്ല വിഎസിന്. പരമാവധി 60-70 കിലോമീറ്റര്‍. അതിനപ്പുറം സ്പീഡ് വേണ്ടെന്നു പറയുമായിരുന്നു. അതുപോലെ അംബാസിഡര്‍ കാറിനോടും വിഎസിന് പ്രത്യേകമൊരു ഇഷ്ടമുണ്ടായിരുന്നു. ഒരിക്കല്‍ കാര്‍ മാറ്റുന്ന കാര്യം അര്‍ജുനന്‍ വിഎസിനോട് സൂചിപ്പിച്ചു. ‘ഈ വണ്ടി ഓടിക്കുന്നതുകൊണ്ട് ബുദ്ധിമുട്ട് എന്തെങ്കിലുമുണ്ടോ? ഇതായിരുന്നു മറുചോദ്യം. പിന്നെ അര്‍ജുനന്‍ ഒന്നും പറഞ്ഞില്ല. യാത്രയ്ക്ക് നല്ലത് അംബാസിഡര്‍ ആണെന്നാണ് വിഎസിന്റെ വാദം. കണ്ണൂര്‍വരെ ആ കാറില്‍ ഞങ്ങള്‍ പോയിട്ടുണ്ടെന്ന് അര്‍ജുനന്‍ പറയുന്നു.

യാത്രകള്‍ക്കിടയില്‍ വായിക്കുമായിരുന്നു. പത്രം എപ്പോഴും വണ്ടിയില്‍ കാണും. അത് അര്‍ജുനന്റെ ചുമതലയായിരുന്നു. ഗസ്റ്റ് ഹൗസുകളില്‍ താമസിക്കുമ്പോള്‍ അര്‍ജുനന്‍ രാവിലെ അഞ്ചു മണിക്ക് പത്രം തേടിയിറങ്ങും. എല്ലാ പത്രങ്ങളും വേണം. അഞ്ചരയ്ക്ക് അവയെല്ലാം വിഎസിന്റെ മുന്നില്‍ ഉണ്ടാകണം. ആ പതിവൊന്നും ഒരിക്കലും മുടക്കിയിരുന്നില്ല അര്‍ജുനന്‍.

യാത്രയില്‍ വിഎസ് പാട്ടു കേള്‍ക്കുമായിരുന്നു. ദേവരാജന്‍ മാഷിന്റെ പാട്ടുകളോടായിരുന്നു ഇഷ്ടം. പിന്നെ പഴയ നാടകഗാനങ്ങളും കേള്‍ക്കും. ഇതിന്റെയെല്ലാം കാസറ്റുകള്‍ വണ്ടിയില്‍ എപ്പോഴും കാണും. പുതിയ പാട്ടുകള്‍ വച്ചാല്‍, അതൊക്കെ നിങ്ങള്‍ കേട്ടാല്‍ മതിയെന്നായിരിക്കും പറയുക”

മുപ്പത് വര്‍ഷം കൂടെയുണ്ടായിരുന്നിട്ടും വിഎസും താനും മാത്രമായുള്ള ചിത്രം തന്റെ കൈവശമില്ലെന്നാണ് അര്‍ജുനന്‍ പറഞ്ഞത്. ഓരോ മലയാളിയെയും പോലെ, ആ മനുഷ്യന്‍ അര്‍ജുനന്റെ ഉള്ളിലാണ്‌, ഒരുപാട് ഓര്‍മകളോട് കൂടി…. Memories of Arjunan, who was VS Achuthanandan’s driver for nearly 30 years

Content Summary; Memories of Arjunan, who was VS Achuthanandan’s driver for nearly 30 years

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Me:Add me on Facebook

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×