സഖാക്കന്മാരുടെ സഖാവ് പി. കൃഷ്ണ പിള്ളയുടെ അരികിലേക്ക് വിഎസ് മടങ്ങിയെത്തുകയാണ്. കാലങ്ങള്‍ക്ക് മുമ്പ് കൃഷ്ണപിള്ള കണ്ടെത്തിയ ‘ ഉശിരുള്ള ചെറുക്കന്‍’ , തന്നെ സഖാവ് ഏല്‍പ്പിച്ച കര്‍ത്ത്യവങ്ങളെല്ലാം ഭംഗിയോടെ നിറവേറ്റിയാണ് മടങ്ങിയെത്തുന്നത്. ഇനിയവര്‍ ഇരുവരും വലിയ ചുടുകാടില്‍ നിത്യവിശ്രമം കൊള്ളും.
വയലാര്‍-പുന്നപ്ര സമരക്കാര്‍ ഉള്‍പ്പെടെ തെക്കന്‍ കേരളത്തിലെ ധീര സഖാക്കള്‍ക്ക് അന്ത്യവിശ്രമം ഒരുക്കുന്ന മണ്ണാണ് ആലപ്പുഴ പുന്നപ്രയിലെ വലിയ ചുടുകാട്. പുന്നപ്ര-വയലാര്‍ സമരനായകനായ വിഎസും ഇനി ആ സഖാക്കന്മാരുടെ കൂട്ടത്തിലൊരാളാകും.
പി,കൃഷ്ണപിള്ള, ടിവി തോമസ്, പി ടി പുന്നൂസ്, ജോര്‍ജ് ചടയംമുറി, എംഎന്‍ ഗോവിന്ദന്‍ നായര്‍, എസ് കുമാരന്‍, പി.കെ ചന്ദ്രാനനന്ദന്‍, കെ ആര്‍ ഗൗരിയമ്മ, സി കെ ചന്ദ്രപ്പന്‍, ആര്‍.സുഗതന്‍, പി.കെ പത്മനാഭന്‍, ടി.വി രമേശ് ചന്ദ്രന്‍, എം.കെ സുകുമാരന്‍, സി.ജി സദാശിവന്‍, എന്‍.ശ്രീധരന്‍, വി.എ സൈമണ്‍ ആശാന്‍, കെ.സി ജോര്‍ജ്, വി.കെ വിശ്വനാഥന്‍, പി.കെ കുഞ്ഞച്ചന്‍, കെ.കെ കുഞ്ഞന്‍, സി.കെ കേശവന്‍, എം.ടി ചന്ദ്രസേനന്‍, എസ് ദാമോദരന്‍ തുടങ്ങിയ നേതാക്കള്‍ വലിയ ചുടുകാടില്‍ ഉറങ്ങുന്നുണ്ട്. അവര്‍ക്കിടയിലേക്ക് വിഎസും.
കാലം ഒരുക്കിയ യാദൃശ്ചികതയാണോ എന്നറയില്ല, വിഎസ് അവസാനമായി പങ്കെടുത്ത പൊതുപരിപാടിയും വലിയ ചുടുകാട്ടിലെ മണ്ണിലായിരുന്നു. 2019 ല്‍. ഒക്ടോബര്‍ 27ന്-പുന്നപ്ര-വയലാര്‍ സമര വാര്‍ഷികത്തില്‍- വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ സ്ഥാപിക്കുന്ന ദീപശിഖ പുന്നപ്രയില്‍ നിന്നാണ് പുറപ്പെടുന്നത്. വലിയ ചുടുകാടില്‍ നിന്നും ആരംഭിക്കുന്ന ദീപശിഖ റിലേയ്ക്ക്, ദീപശിഖ കൈമാറുന്നത് സമരനായകനായിരുന്ന അച്യുതാനന്ദനായിരുന്നു. 2019 ഒക്ടോബറിലും പതിവ് പോലെ ദീപശിഖ കൈമാറിയാണ് വിഎസ് മടങ്ങിയത്. വയലാറില്‍ വിഎസ് എത്തുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ആ മടക്കത്തിലാണ് വിഎസിന് ശാരീരികാസ്വസ്ഥതകള്‍ ഉണ്ടാകുന്നത്. പിന്നീട് വിഎസ് പൊതുമധ്യത്തിലെത്തിയിട്ടില്ല. പൂര്‍ണ വിശ്രമത്തിലേക്ക്. ഇപ്പോഴിതാ എല്ലാ പോരാട്ടങ്ങളും അവസാനിപ്പിച്ച്, ആറ് വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും വലിയ ചുടുകാടിലേക്ക്, ഇനിയൊന്ന് ഉറങ്ങട്ടെ എന്നപോല്‍! VS Achuthanandan’s funeral at Punnapra Valiyachudukadu Alappuzha
Content Summary; VS Achuthanandan’s funeral at Punnapra Valiyachudukadu Alappuzha
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.