ഇന്നോളം കണ്ടിട്ടില്ലാത്ത ജനസഞ്ചയത്തിനാണ് ആലപ്പുഴ സാക്ഷിയായിരിക്കുന്നത്. നിലപാട് കൊണ്ടും ജീവിതം കൊണ്ടും ജനമനസ്സുകളില്‍ ഇടം നേടിയ ആലപ്പുഴക്കാരന്‍ സഖാവിനെ ഒരിക്കല്‍ക്കൂടി കാണാന്‍ ഉറക്കമൊഴിച്ചാണ് ആളുകള്‍ തമ്പടിച്ചിരിക്കുന്നത്. അതിലേറെയും കുട്ടികളും പ്രായമായ സ്ത്രീകളുമാണ്. പലരും കണ്ണീര്‍ വാര്‍ത്തും മുദ്രാവാക്യം വിളിച്ചുമാണ് പ്രിയ സഖാവിനെ കാത്ത് നില്‍ക്കുന്നത്.
വിഎസിന്റെ വേര്‍പാട് പലര്‍ക്കും തീരാനഷ്ടമാണ്. പ്രായത്തിന്റെയും ശാരീരികാവശതകളെയുമെല്ലാം അവഗണിച്ചാണ് പലരും റോഡരികില്‍ അവസാന നോക്കിനായി കാത്തുനില്‍ക്കുന്നത്. കൈക്കുഞ്ഞുങ്ങളുമായി നില്‍ക്കുന്ന സ്ത്രീകളും നിരവധിയാണ്. വീല്‍ചെയറില്‍ ഇരുന്നുപോലും അവസാനമായി പ്രിയ നേതാവിനെ കാണാന്‍ എത്തിയത് നിരവധി പേരാണ്. വിഎസിനെ അവസാനമായി യാത്രയാക്കാന്‍ പലരും പൂക്കളുമായാണ് എത്തിയിരിക്കുന്നത്. വിഎസിനെ കുറിച്ച് പറയുന്ന ഓരോ അമ്മമാര്‍ക്കും കണ്ഠമിടറാതെ വാക്കുകള്‍ അവസാനിപ്പിക്കാന്‍ കഴിയുന്നില്ല എന്നതും ആ വിപ്ലവകാരിയുടെ ജനമനസ്സുകളോടുള്ള അടുപ്പമാണ് കാണിക്കുന്നത്.
എന്നും ഏത് നിമിഷവും എന്ത് കാര്യത്തിനും സമീപിക്കാന്‍ കഴിയുന്ന നേതാവായിരുന്നു പലര്‍ക്കും വിഎസ്. വര്‍ഷങ്ങളായി കരുത്തായിരുന്ന നേതാവിനോടുള്ള ആഴമായ വാത്സല്യമാണ് പലരുടെയും കണ്ണുനീര്‍ പറയുന്നത്. സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി ഒപ്പം നിന്ന നേതാവ്, തൊഴിലാളികളുടെ സമരനായകന്‍ തുടങ്ങിയ വേഷങ്ങളില്‍ സാധാരണക്കാര്‍ക്കൊപ്പം വിഎസ് നിലകൊണ്ടു.
അവസാനമായി കാണാന്‍ വരിനില്‍ക്കുന്ന പലര്‍ക്കും ദുഃഖം അടക്കാനാകുന്നില്ല. കഴിഞ്ഞുപോയ നിമിഷത്തിന്റെ ഓര്‍മകള്‍ പലരിലും നിറഞ്ഞൊഴുകി. ഉള്ളുനിറയെ പ്രിയപ്പെട്ട നേതാവിനോടുള്ള ആഴത്തിലുള്ള ആത്മബന്ധത്തിന്റെ വൈകാരികതയാണ് പ്രകടമായത്. ഇവരുയെല്ലാം ഹൃദയത്തില്‍ നിന്നുള്ള അഭിവാദ്യങ്ങളാണ് വിഎസ് തന്റെ കര്‍മമണ്ഡലത്തില്‍ നിന്നും ഏറ്റുവാങ്ങി യാത്രയാവുന്നത്. വിഎസ് ആദ്യാക്ഷരം കുറിപ്പിച്ച കുട്ടികള്‍ ഉള്‍പ്പെടെ അവസാന നോക്ക് കാണാനായി കാത്ത് നില്‍ക്കുകയാണ്. എന്നും കര്‍ഷകത്തൊഴിലാളികളുടെയും പാവപ്പെട്ടവരുടെയും പ്രതിനിധിയായിരുന്നു വിഎസ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് ഏറെ ഇഴയടുപ്പവും വൈകാരികതയുമുള്ള മണ്ണിലേക്ക് അവസാനമായി എത്തുമ്പോള്‍ ഇതേ സ്‌നേഹവും കരുതലും തന്നെയാണ് ഓരോ അമ്മ മനസ്സും വിഎസിനായി സമര്‍പ്പിക്കുന്നത്.
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ വിഎസ് വളര്‍ത്തിയെടുത്ത മണ്ണായത് കൊണ്ട് തന്നെ വൈകാരികയുടെ മനസ്സാണ് വിഎസിന് അന്തിമോപചാരം അര്‍പ്പിക്കുന്നത്. വിലാപയാത്ര കടന്നുപോകുന്ന വഴികളിലൊക്കെ വലിയ ജനക്കൂട്ടമാണ്. തങ്ങളുടെ പ്രിയ സഖാവിനെ അവസാന നോക്ക് കാണാന്‍ ഇന്നലെ മുതല്‍ കാത്തുനില്‍ക്കുന്നവരാണ് ഏറെയും. VS, who felt the pain of his mother’s heart, returned with bouquets of love
Content Summary: VS, who felt the pain of his mother’s heart, returned with bouquets of love