അനാഥത്വത്തിന്റെ അലിവും ആര്‍ദ്രതയും നിറഞ്ഞ ഒരു കണ്ണീര്‍ബാല്യമുണ്ട് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ജീവിതത്തില്‍. വര്‍ത്തമാനകാല കേരള രാഷ്ട്രീയത്തിലെ ‘കിംഗ് മേക്കറാ’യി മലപ്പുറത്തുകാരുടെ സ്വന്തം കുഞ്ഞാപ്പയെ ചരിത്രം രേഖപ്പെടുത്തുമ്പോഴും, അദ്ദേഹത്തിന്റെ പൊതുജീവിതത്തിലെ അത്യുജ്വലമായ വിജയത്തിളക്കത്തിന് പിന്നില്‍ വിഷാദത്തിന്റെ നിരവധി നിഴലാട്ടമുണ്ട്. നാലാം വയസ്സില്‍ ബാപ്പ മരിക്കുന്നു, കോഴിക്കോട് ജെ.ഡി.ടി സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരിക്കെ ഉമ്മ മരിക്കുന്നു. കടലുണ്ടിപ്പുഴയോരത്തെ കാരാത്തോട് പാണ്ടിക്കടവത്ത് തറവാട്ടില്‍ പ്രതാപവും ഐശ്വര്യവും നിറഞ്ഞ കുടുംബാന്തരീക്ഷത്തില്‍ പൊടുന്നനെ സങ്കടങ്ങള്‍ വന്നു നിറയുന്നു. ബാപ്പയുടെ പതിനൊന്ന് സഹോദരങ്ങള്‍ ചെറുപ്പത്തിലേ ഓരോരുത്തരായി മരണപ്പെടുന്നു. വല്യുപ്പയുടെയും വല്യുമ്മയുടേയും സ്നേഹവാല്‍സല്യങ്ങളേറ്റാണ് കുഞ്ഞാപ്പയും സഹോദരീസഹോദരന്മാരും വളര്‍ന്നുവന്നത്. അവരുടെ മരണത്തോടെ തീര്‍ത്തും അനാഥരാവുകയായിരുന്നു കുഞ്ഞാപ്പയും മൂത്ത സഹോദരന്‍ ഹൈദ്രു ഹാജിയും ഇളയ സഹോദരന്‍ കുഞ്ഞുവും. മൂത്ത സഹോദരിമാരെ അതിനിടെ വിവാഹം കഴിച്ചയച്ചിരുന്നു. തറവാട്ടില്‍ ആവശ്യത്തിന് നെല്ലും വിളവുകളും കാലികളും പണിക്കാരുമെല്ലാമുണ്ട്. പക്ഷേ മാതാപിതാക്കളുടെ സ്നേഹം അനുഭവിക്കാനുള്ള ഭാഗ്യമില്ലാതെയാണ് കുഞ്ഞാലിക്കുട്ടിയും സഹോദരങ്ങളും വളര്‍ന്നത്. വല്യുപ്പയായിരുന്നു കുറച്ചുകാലത്തേക്ക് ആ സഹോദരങ്ങളുടെ കെയര്‍ടേക്കര്‍.

ഏറനാട്- വള്ളുവനാട് ഗ്രാമങ്ങളിലാകെ സ്നേഹത്തിന്റെ തെളിനീരൊഴുക്കുന്ന വാല്‍സല്യത്തിന്റെ സ്രോതസ്സായി നിലക്കൊണ്ട പാണക്കാട് സയ്യിദ് പി.എം.എസ്.എ പൂക്കോയതങ്ങള്‍ (സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പിതാവ്), കുഞ്ഞാലിക്കുട്ടിയുടെ വല്യുപ്പയുടെ ഏറ്റവുമടുത്ത, ഗുരുതുല്യനായ ചങ്ങാതിയായിരുന്നു. എന്ത് കാര്യവും ചോദിക്കാനും പറയാനും അനുസരിക്കാനുമുള്ള പാണ്ടിക്കടവത്ത് കുടുംബത്തിന്റെ അത്താണി. അനേകായിരങ്ങളുടെ ആശ്രയമായിരുന്നു ഇന്നെന്നപോലെ അന്നും പാണക്കാട് കൊടപ്പനക്കല്‍ തറവാട്.
ഋഷിതുല്യനായ പൂക്കോയത്തങ്ങളുടെ ഉപദേശപ്രകാരമാണ് കുഞ്ഞാലിക്കുട്ടിയെ ഫാറൂഖ് കോളേജില്‍ ചേര്‍ത്തത്. കോളേജില്‍ എം.എസ്.എഫ് പ്രവര്‍ത്തനത്തിലേര്‍പ്പെടുകയും അത് പഠനത്തെ ബാധിക്കുകയും ചെയ്യുന്നുണ്ടോ എന്ന സംശയം മൂത്ത സഹോദരന്‍ പ്രകടിപ്പിക്കാന്‍ തുടങ്ങുന്നത് ഇക്കാലത്താണ്. പാണക്കാട് വലിയ തങ്ങള്‍ ഈ വിവരമറിഞ്ഞ് കുഞ്ഞാലിക്കുട്ടിയെ വിളിച്ച് ഡിഗ്രി പഠനത്തിനായി തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജിലേക്കയക്കുന്നു. തളിപ്പറമ്പിലെത്തിയിട്ടും കുഞ്ഞാലിക്കുട്ടി വിദ്യാര്‍ഥി രാഷ്ട്രീയം വിട്ടില്ല. ചെറിയ തോതില്‍ പ്രസംഗവും യൂണിയന്‍ തെരഞ്ഞെടുപ്പ് പ്രചാരണവും മുറുകി. ഒരു തവണ കോളേജ് വഴി കടന്നുപോയ പൂക്കോയതങ്ങള്‍ ഹോസ്റ്റലിലെത്തി കുഞ്ഞാലിക്കുട്ടിയെ വിളിച്ച് കാറില്‍ കയറ്റി മാട്ടൂല്‍ കടപ്പുറത്തെ പ്രാര്‍ഥനാസദസ്സിലേക്ക് കൊണ്ടു പോയി. അവിടെയുള്ള വന്‍ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് പ്രഭാഷണം നിര്‍വഹിച്ച ശേഷം തങ്ങള്‍, അന്ന് ബി.കോം ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ കുഞ്ഞാലിക്കുട്ടിയോട് പ്രസംഗിക്കാന്‍ പറഞ്ഞു. അന്നാണ് ഇത്ര വലിയൊരു ജനക്കൂട്ടത്തിന് മുമ്പില്‍ കുഞ്ഞാലിക്കുട്ടി ആദ്യമായി സംസാരിക്കുന്നത്. ഒട്ടും സഭാകമ്പമില്ലാതെ പ്രസംഗം പൂര്‍ത്തിയാക്കിയതായി കുഞ്ഞാലിക്കുട്ടി പിന്നീട് പറയുന്നുണ്ട്. പ്രസംഗം ഇഷ്ടമായ പൂക്കോയതങ്ങള്‍ പിന്നീട് പരിഭവമൊന്നും പറഞ്ഞില്ല. ഒരു പക്ഷേ രാഷ്ട്രീയപ്രവേശനത്തിനുള്ള അദൃശ്യമായ പച്ചക്കൊടിയുമാവാം അദ്ദേഹത്തിന്റെ നിശ്ശബ്ദത.

എം.എസ്.എഫ് സംസ്ഥാന ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട കുഞ്ഞാലിക്കുട്ടി പഠനശേഷം നാട്ടിലേക്ക് മടങ്ങുന്നു. വിദ്യാര്‍ഥികാലം കഴിഞ്ഞു. ഇനി രാഷ്ട്രീയം വേണ്ട. പൂര്‍ണമായും ബിസിനസിലേക്ക് കടക്കുകയെന്നതായിരുന്നു ലക്ഷ്യം. ചെറുപ്പത്തിലേ മരിച്ചുപോയ ബാപ്പയുടെ സ്ഥാനത്ത് നിന്ന് തന്നെ സംരക്ഷിക്കുന്ന ജ്യേഷ്ഠനും ബിസിനസിലേര്‍പ്പെടാനാണ് ഉപദേശിച്ചത്. അതോടെ കുടുംബ ബിസിനസില്‍ ജ്യേഷ്ഠനേയും അനുജനേയും സഹായിക്കുകയെന്നതായിരുന്നു കുഞ്ഞാലിക്കുട്ടിയുടെയും തീരുമാനം. ഇനി ഈ കഥയില്‍ ചെറിയ ഒരു ട്വിസ്റ്റ്.
അഥവാ, എഴുപതുകളുടെ ആദ്യപാതിയിലേക്കൊരു ഫ്ളാഷ്ബാക്ക്.
പ്രാത:സ്മരണീയരായ നിരവധി പേരുടെ പാദമുദ്ര പതിഞ്ഞ പാണക്കാട് തറവാടിന്റെ സ്വീകരണമുറിയില്‍ അലവിക്കാക്ക പകര്‍ന്ന് നല്‍കിയ സ്‌നേഹത്തില്‍ ചാലിച്ച ചായയും ഒപ്പം അണ്ടിപ്പരിപ്പും കൊറിച്ചിരുന്ന ആനക്കയം വലിയമണ്ണില്‍ മുഹമ്മദ് ഇസ്ഹാഖ് എന്ന പഴയകാല കമ്യൂണിസ്റ്റ് നേതാവിന് തളിപ്പറമ്പ് സര്‍സയ്യിദ് കോളേജില്‍ നിന്ന് ബി.കോം കഴിഞ്ഞെത്തി മലപ്പുറം കുന്നുമ്മലില്‍ ടെക്സ്റ്റൈല്‍ ബിസിനസ് നടത്തുകയായിരുന്ന പാണ്ടിക്കടവത്ത് കുഞ്ഞാപ്പ എന്ന പി.കെ കുഞ്ഞാലിക്കുട്ടിയെ ആദ്യമായി പരിചയപ്പെടുത്തിയത് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍.
ബി.കോമിനു ശേഷം ബിസിനസ് മാനേജ്മെന്റില്‍ ഹൈദരാബാദില്‍ നിന്ന് പി. ജിയെടുത്ത കുഞ്ഞാലിക്കുട്ടിയുടേയും മൂത്ത സഹോദരന്‍ ഹൈദ്രുഹാജി, ഇളയ സഹോദരന്‍ കുഞ്ഞു എന്നിവരുടേയും സംയുക്തസംരംഭമായ
പാണ്ടി ടെക്സ്‌റ്റൈല്‍സ് എന്ന സ്ഥാപനം നില്‍ക്കുന്ന മലപ്പുറം കുന്നുമ്മല്‍ ‘പാണ്ടി പ്ലേസ് ‘ എന്ന ലോഡ്ജില്‍ ഇസ്ഹാഖ് സാഹിബിന് സ്ഥിരമായി ഒരു മുറി ഏര്‍പ്പാട് ചെയ്യുന്നു.
മലപ്പുറം സഹകരണ സ്പിന്നിംഗ് മില്ലിന്റെ ആദ്യത്തെ ഓഫീസ് മലപ്പുറം മുണ്ടുപറമ്പിലും അതിന്റെ പ്രമോട്ടറായ ഇസ്ഹാഖ് സാഹിബിന് താമസിക്കാന്‍ പാണ്ടി പ്ലേസിലെ ഈ ലോഡ്ജ് മുറിയും അങ്ങനെ സെറ്റ് ചെയ്യപ്പെടുന്നു. മില്ലിന്റെ ചെയര്‍മാന്‍ മുഹമ്മദലി ശിഹാബ് തങ്ങള്‍. സി. പി. ഐ നേതാവ് ടി.എന്‍ പ്രഭാകരന്‍ ഡയറക്ടര്‍. കുഞ്ഞാലിക്കുട്ടിയെ സ്പിന്നിംഗ് മില്ലിന്റെ ഡവലപ്മെന്റ് ഓഫീസര്‍ തസ്തികയില്‍ നിയമിക്കുന്നു. മലബാറിലെ അന്നത്തെ നാല് ജില്ലകള്‍ക്ക് വേണ്ടിയുള്ള (പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍) സഹകരണ സ്പിന്നിംഗ് മില്‍. ഫാറൂഖ് കോളേജിലെ പ്രീഡിഗ്രിക്ക് ശേഷം തളിപ്പറമ്പ് കോളേജില്‍ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ എം.എസ്.എഫുമായി ബന്ധമുണ്ടായിരുന്നെങ്കിലും (പിന്നീട് സംസ്ഥാന ട്രഷറര്‍ ) കുഞ്ഞാലിക്കുട്ടി, ബിസിനസ് രംഗത്ത് സജീവമാകാനാണ് ആഗ്രഹിച്ചിരുന്നത്. സ്പിന്നിംഗ് മില്ലില്‍ ചേരുംമുമ്പെ, മുംബൈയില്‍ പോയി തന്റെ സ്ഥാപനത്തിനുള്ള
ടെക്സറ്റൈല്‍ ഉല്‍പന്നങ്ങള്‍ വാങ്ങിയിരുന്നത് കുഞ്ഞാലിക്കുട്ടിയായിരുന്നു. ഈ കഥയൊക്കെ ഇസ്ഹാഖ് സാഹിബിന് അറിയാമായിരുന്നു.
നാലു ജില്ലകളില്‍ നിന്നും ഓഹരി ഉടമകളെ ചേര്‍ക്കാന്‍വേണ്ടി, ഇസ്ഹാഖ് സാഹിബ്, മാനേജിംഗ് ഡയരക്ടര്‍ കെ. രാമകൃഷ്ണന്‍ (കഞ്ചിക്കോട് പ്രീമിയര്‍ ബ്രുവറിസ് രാമകൃഷ്ണന്‍) എന്നിവരോടൊപ്പമുള്ള നിരന്തരയാത്രകള്‍ക്കിടെ, ഇസ്ഹാഖ് സാഹിബ് കുഞ്ഞാലിക്കുട്ടിയെ ബോധവല്‍ക്കരിക്കുന്നത് ഇങ്ങനെ: കുഞ്ഞാപ്പ ഈ ബിസിനസും ജോലിയുമൊക്കെ കളഞ്ഞ് പൊതുരംഗത്തേക്കിറങ്ങൂ. രാഷ്ട്രീയരംഗത്ത് നിങ്ങളെപ്പോലുള്ള ചെറുപ്പക്കാരാണ് വരേണ്ടത്. പ്രത്യേകിച്ചും അവികസിത ജില്ലയായ മലപ്പുറത്ത്. നിങ്ങള്‍ യുവാക്കള്‍ക്ക് അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാകും.
പിന്നെ നിരന്തരമായി രാഷ്ട്രീയ ക്ലാസുകള്‍, നിരവധി നേതാക്കളുടെ ജീവിതകഥ, ചരിത്രപാഠങ്ങള്‍…

പതുക്കെപ്പതുക്കെ കുഞ്ഞാലിക്കുട്ടിയിലെ ജിജ്ഞാസാഭരിതനായ രാഷ്ട്രീയക്കാരന്‍ പരുവപ്പെടുകയായിരുന്നു. ആദ്യമായി മലപ്പുറം കാരാത്തോട് വാര്‍ഡില്‍ നിന്ന് മലപ്പുറം നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നു. ബന്ധുവായ പാണ്ടി മുഹമ്മദ്കുട്ടി നേരത്തെ വഹിച്ച വാര്‍ഡ് കൗണ്‍സിലര്‍ സ്ഥാനം. പിന്നാലെ ചെയര്‍മാന്‍ സ്ഥാനം – ഇരുപത്തൊമ്പതാം വയസ്സില്‍. തുടര്‍ന്ന് പല തവണ എം.എല്‍.എ, വ്യവസായ മന്ത്രി, എം.പി.. ഒപ്പം മുസ്ലിംലീഗിന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി… പി.കെ. കുഞ്ഞാലിക്കുട്ടിയെന്ന യുവാവിലെ ഊര്‍ജസ്വലനായ രാഷ്ട്രീയക്കാരന ഡിസ്‌കവര്‍ ചെയ്യുന്നതില്‍ ഇസ്ഹാഖ് സാഹിബിന്റെ പങ്ക് വളരെ വലുതാണ്. ഇസ്ഹാഖ് എന്ന മുന്‍ കമ്യൂണിസ്റ്റുകാരനെ കണ്ടുമുട്ടിയില്ലായിരുന്നുവെങ്കില്‍, അദ്ദേഹത്തോടൊപ്പം ജോലി ചെയ്തില്ലായിരുന്നുവെങ്കില്‍, ഒരു പക്ഷേ കുഞ്ഞാലിക്കുട്ടിയെന്ന ഇന്നത്തെ യു.ഡി.എഫ് നേതാവ്, കേവലം ഒരു ടെക്‌സ്‌റ്റൈല്‍ ബിസിനസുകാരനായി മാത്രം മലപ്പുറത്ത് ഒതുങ്ങുമായിരുന്നുവെന്നാണ് തോന്നുന്നത്.
ഇതിനിടെയായിരുന്നു കല്യാണാലോചന. തലശ്ശേരിയിലെ പ്രമുഖ മുസ്ലിംലീഗ് നേതാവിന്റെ മകളെയായിരുന്നു വധുവായി നിശ്ചയിച്ചിരുന്നതെങ്കിലും ലീഗിലുണ്ടായ പിളര്‍പ്പിനെത്തുടര്‍ന്ന് ആ വിവാഹാലോചന റദ്ദായി. തലശ്ശേരിയിലെ നേതാവ് അഖിലേന്ത്യാ മുസ്ലിം ലീഗിലായിരുന്നു. പകരം സുല്‍ത്താന്‍ ബത്തേരിയിലെ പ്രമുഖ കുടുംബാംഗമായ കക്കോടന്‍ മൂസഹാജിയുടെ മകള്‍ കുല്‍സു, കുഞ്ഞാലിക്കുട്ടിയുടെ ജീവിതപങ്കാളിയായി. ഇവര്‍ക്ക് രണ്ടു മക്കള്‍.
1980 ല്‍ ഇരുപത്തൊമ്പതാം വയസ്സില്‍ കുഞ്ഞാലിക്കുട്ടി മലപ്പുറം നഗരസഭാ ചെയര്‍മാനായി. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മുനിസിപ്പല്‍ ചെയര്‍മാന്മാരിലൊരാള്‍. അന്ന് രണ്ടാമത്തെയാള്‍ കൊടുങ്ങല്ലൂര്‍ നഗരസഭാ ചെയര്‍മാന്‍ വി.കെ. ഗോപിയായിരുന്നു. 2023 ല്‍ ഈ റെക്കാര്‍ഡ് ഭേദിച്ച് ഇരുപത്തൊന്നുകാരിയായ ദിയാ ബിനു പാലാ നഗരസഭയുടെ ചെയര്‍പേഴ്സണായി. 1982 ല്‍ മലപ്പുറം നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് കുഞ്ഞാലിക്കുട്ടി നിയമസഭയിലെത്തി. അന്ന് മുതല്‍ ഒരു ടേം ഒഴികെ മറ്റെല്ലാ തെരഞ്ഞെടുപ്പുകളിലും കുഞ്ഞാലിക്കുട്ടി കുറ്റിപ്പുറത്തെയും( മൂന്നു തവണ) മലപ്പുറത്തേയും ഇടക്കാലത്ത് വേങ്ങരയേയും പ്രതിനിധീകരിച്ചു. ഒരു തവണ മലപ്പുറം ലോക്സഭാമണ്ഡലത്തില്‍ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നുവെങ്കിലും രാജി വെച്ചു. കെ. കരുണാകരന്‍, എ.കെ ആന്റണി, ഉമ്മന്‍ചാണ്ടി എന്നിവരുടെ മന്ത്രിസഭകളിലെല്ലാം അംഗമായിരുന്നിട്ടുള്ള കുഞ്ഞാലിക്കുട്ടി, മികച്ച വ്യവസായമന്ത്രി എന്ന നിലയില്‍ കേരളത്തിന്റെ വികസനചരിത്രത്തില്‍ ഇടം നേടി. ഐ.ടി പാര്‍ക്കുകളും ജില്ല തോറും അക്ഷയ പോലുള്ള ഡിജിറ്റല്‍ പദ്ധതികളും ആസൂത്രണം ചെയ്തതിനു പിന്നില്‍ കുഞ്ഞാലിക്കുട്ടിയുണ്ട്.

ഇതിനിടെ ജീവിതത്തില്‍ വലിയ പ്രതിസന്ധികളും തിരിച്ചടികളും അദ്ദേഹത്തിന് നേരിട്ടു. ഐസ്‌ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട് സ്വന്തം പാര്‍ട്ടിയ്ക്കകത്ത് നിന്നും കുടുംബത്തില്‍ നിന്നുമുള്ള ചിലരുടെ ഗൂഢാലോചനകള്‍ കുഞ്ഞാലിക്കുട്ടിയുടെ തിളക്കമാര്‍ന്ന രാഷ്ട്രീയജീവിതത്തില്‍ അല്‍പകാലത്തേക്കെങ്കിലും കറുത്ത നിഴലുകള്‍ വീഴ്ത്തി. അപ്പോഴും പക്ഷേ പതറാതെ നില്‍ക്കാനുള്ള മനക്കരുത്ത് അദ്ദേഹത്തിനുണ്ടായിരുന്നു. ശത്രുക്കള്‍ വിചാരിച്ച പോലുള്ള വീഴ്ച അദ്ദേഹത്തിനുണ്ടായില്ല. പതനം താല്‍ക്കാലികമായിരുന്നു. കേസ് സുപ്രീംകോടതി തള്ളിയതോടെ ഫീനിക്സ് പക്ഷിയെപ്പോലെ കുഞ്ഞാലിക്കുട്ടി കേരളരാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് തിരികെയെത്തി. ആരോപണങ്ങളെ തീര്‍ത്തും നിര്‍മമതയോടെയാണ് അദ്ദേഹം നേരിട്ടത്.(പരിശുദ്ധ മക്കയില്‍ കുഞ്ഞാലിക്കുട്ടി ഉംറ നിര്‍വഹിക്കാനെത്തിയ സമയത്തായിരുന്നു വിവാദങ്ങളുടെ കൊടുങ്കാറ്റഴിച്ചുവിട്ട ഈ ആരോപണം ഇന്ത്യാവിഷന്‍ ചാനല്‍ ആദ്യമായി വാര്‍ത്തയാക്കിയത്).
ദശാബ്ദങ്ങള്‍ നീണ്ട് പാര്‍ലമെന്ററി ജീവിതത്തില്‍ നിരവധി നേതാക്കളോട് കടപ്പെട്ടിട്ടുണ്ടെന്ന് കുഞ്ഞാലിക്കുട്ടി പറയുന്നുണ്ട്. ലീഡറുമായുള്ള ബന്ധം ബഹുമാനം കലര്‍ന്നതായിരുന്നുവെങ്കില്‍ ഉമ്മന്‍ചാണ്ടിയുമായും കെ.എം മാണിയുമായും ഏറ്റവുമടുപ്പമുള്ള സുഹൃത്തുക്കളോടെന്ന പോലെയായിരുന്നു പെരുമാറിയിരുന്നത്. സഭയ്ക്കകത്തും പുറത്തും ആ ചങ്ങാത്തം ഉമ്മന്‍ ചാണ്ടിയുടേയും മാണിയുടേയും അന്ത്യം വരെ നീണ്ടുനിന്നു. ഇ.കെ. നായനാര്‍, പിണറായി വിജയന്‍ എന്നിവരുമായി അടുപ്പം സൂക്ഷിച്ച കുഞ്ഞാലിക്കുട്ടി, രാഷ്ട്രീയ പ്രതിയോഗികളോടെല്ലാം ഏറ്റവും മാന്യമായ രീതിയിലാണ് ഇടപെട്ടിരുന്നത്. ഇന്നുമതെ. അത് കൊണ്ടാണ് ഈ തെരഞ്ഞെടുപ്പിന്റെ പ്രചാരണവേളകളിലും കുഞ്ഞാലിക്കുട്ടിയ്ക്കെതിരായ വ്യക്തിഹത്യകള്‍ സംഭവിക്കാതിരുന്നത്. ഓരോ വിഷയങ്ങളും പഠിക്കാനും അറിയാനും നിരന്തരമായ ഫോളോ അപ്പിലൂടെ പദ്ധതികളുടെ വിജയമെന്ന ലക്ഷ്യത്തിലെത്താനുമുള്ള കുഞ്ഞാലിക്കുട്ടിയുടെ മിടുക്ക് ഏറെ പ്രശംസിക്കപ്പെടേണ്ടതാണ്. പലവട്ടം മന്ത്രിയായിരിക്കുമ്പോഴും അദ്ദേഹത്തോടൊപ്പമുള്ള ഉദ്യോഗസ്ഥരുടെ സുശിക്ഷിതമായ ടീം ഈ വിജയത്തിലെ പങ്കാളികളായി മാറുന്നതാണ് കണ്ടിരുന്നത്.

പിണറായി വിജയന്‍ നേടിയ ഏതാണ്ട് മൊത്തം വോട്ടുകളുടെയത്രയും (85614) എണ്ണം വോട്ടുകളുടെ മഹാഭൂരിപക്ഷമാണ് (85327) കുഞ്ഞാലിക്കുട്ടി കരസ്ഥമാക്കിയത്. ഈ ഇലക്ഷന്‍ ഫലം കുഞ്ഞാലിക്കുട്ടിയുടെ വ്യക്തിപരമായ വിജയമെന്നത് പോലെ യു.ഡി.എഫിന്റെയാകെ നേട്ടവും സര്‍വകാല റെക്കാര്‍ഡുമാണ്.
നേട്ടങ്ങളുടെ നെറുകയിലെത്തിയ മുസ്ലിം ലീഗിനേയും ലീഗ് നിയമസഭാ പാര്‍ട്ടിയേയും മുന്നോട്ടുനയിക്കുന്നതിനും ഒപ്പം നിര്‍ദിഷ്ട കാബിനറ്റ് പദവിയെ ഏറ്റവും ജനക്ഷേമകരമായി ഉപയോഗിക്കുന്നതിനും മലപ്പുറത്തുകാരുടെ സ്വന്തം കുഞ്ഞാപ്പയ്ക്ക് കഴിയട്ടെയെന്നാശംസിക്കാം.
Content Summary: The Life and Politics of P.K. Kunhalikutty: An All-Time Record Victory in the 2026 Elections. Muslim League. UDF
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.