ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ പത്രപ്രവര്‍ത്തനത്തിലൂടെ ഭരണകൂടത്തിനെതിരെ പട പൊരുതിയ എഡിറ്ററായിരുന്നു കെ. രാമറാവു. പത്രമാരണ നിയമത്തെയും ഭരണകൂടത്തേയും വെല്ലുവിളിച്ച്, നിയമ ലംഘനം നടത്തിയ രണ്ട് തവണ തടവില്‍ കിടന്ന രാമറാവുവിനെ എന്റെ പോരാളിയായ പത്രാധിപര്‍ എന്നാണ് ഗാന്ധിജി വിശേഷിപ്പിച്ചത്.
ഇന്ന് കെ. രാമറാവുവിന്റെ ജന്മവാര്ഷിക ദിനമാണ്.
ഇന്ത്യന്‍ സ്വാതന്ത്യ സമരം ശക്തിയാര്‍ജ്ജിച്ച കാലത്ത് തൂലിക പടവാളാക്കി പത്രപ്രവര്‍ത്തനത്തിലൂടെ ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ നിരന്തരം പോരാടിയ എഡിറ്ററായിരുന്നു കെ. രാമറാവു. മഹാത്മാഗാന്ധി ‘എന്റെ പോരാളിയായ പത്രാധിപര്‍ എന്നാണ്’ രാമറാവുവിനെ വിശേഷിപ്പിച്ചത്. മഹാത്മാവ് അങ്ങനെ വിളിച്ചതില്‍ അത്ഭുതമില്ല. കാരണം തന്റെ ലേഖനങ്ങളിലൂടെ ഭരണകൂടത്തിനെ വിമര്‍ശിച്ചതിനാല്‍ അധികാരികള്‍ രണ്ട് തവണയാണ് അദ്ദേഹത്തെ ജയിലിലടച്ചത്. പത്രപവര്ത്തനത്തിലൂടെ സ്വാതന്ത്യസമര പോരാട്ടം നടത്തിയ എഡിറ്റര്‍മാരുടെ മുന്‍നിരയിലെ പോരാളിയായിരുന്നു രാമറാവു. 40 വര്‍ഷം നീണ്ട പത്രപ്രവര്‍ത്തന ജീവിതത്തില്‍ മറാത്തി ബോംബെ, അലഹബാദ്, ലഖ്നൗ, പട്ന, ഡല്‍ഹി, ബംഗാളി, പഞ്ചാബി, ലാഹോര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി പ്രവര്‍ത്തിച്ചു. ഈ നഗരങ്ങളിലെല്ലാം അദ്ദേഹം പത്രപ്രവര്‍ത്തകനെന്ന നിലയില്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു.
1896 നവംബര്‍ 9 ന് ആന്ധ്രാപ്രദേശിലെ ഒരു ചെറിയ ഗ്രാമമായ ചിരാലയിലാണ് രാമറാവു ജനിച്ചത്. അദ്ദേഹത്തിന്റെ മാതൃഭാഷ തെലുങ്കായിരുന്നു. അദ്ദേഹത്തിന്റെ സഹോദരന് കോതംരാജു പുന്നയ്യ ‘മദ്രാസില്‍ നിന്ന് പുറത്തിറക്കിയ ബ്രഹ്മസമാജത്തിനെ പിന്തുണയ്ക്കുന്ന വാരികയായ ‘ഹ്യുമാനിറ്റി’യിലാണ് രാമറാവു തന്റെ പത്രപ്രവര്‍ത്തന ജീവിതം ആരംഭിച്ചത്. ബംഗാളില്‍ ഉത്ഭവിച്ച് രാജ്യമെമ്പാടും പ്രചരിപ്പിച്ച ഒരു സാമൂഹികവും മതപരവുമായ പരിഷ്കരണ പ്രസ്ഥാനമായിരുന്നു ബ്രഹ്മസമാജം. ജാതി, വര്‍ഗീയത, വിഗ്രഹാരാധന, ദേവദാസികള്‍, മദ്യപാനം തുടങ്ങി നിരവധി തിന്മകള്ക്കെതിരെ അത് ശക്തമായി പ്രവര്‍ത്തിച്ചു. രാഷ്ട്രീയമായി അതിന്റെ നയം സ്വതന്ത്രവും ഊര്‍ജ്ജസ്വലവുമായിരുന്നു.

സാമ്പത്തിക സ്ഥിതിയില്ലാത്തതിനാല്‍ വാരികയില്‍ ജീവനക്കാരെ നിയമിക്കാന്‍ കഴിയാത്തതിനാല്‍ പുന്നയ്യയെ പത്രമാഫീസില്‍ മറ്റു ജോലികളില്‍ രാമറാവുവിനും സഹായിക്കേണ്ടി വന്നു. ‘പരസ്യം, സര്‍ക്കുലേഷന്‍, മാനേജ്മെന്റ് എന്നിവ രാമറാവുവിന്റെ ചുമതലയിലായി. ടൈപ്പ്റൈറ്റര്‍ ഇല്ലാത്തതിനാല്‍ പ്രസിദ്ധീകരണത്തിന്റെ മാറ്ററുകള്‍ ഭൂരിഭാഗവും കൈ കൊണ്ട് തന്നെ എഴുതേണ്ടി വന്നു. എങ്കിലും പ്രസിദ്ധീകരണം പ്രചാരത്തില്‍ വിജയിച്ചു. ഹരീന്ദ്രനാഥ് ചടോപാദ്ധ്യയെപ്പോലെ രാജ്യത്തെ മികച്ച എഴുത്തുകാര്‍ പ്രതിഫലം വാങ്ങാതെ അതില്‍ എഴുതി.
1919-ല്‍ കറാച്ചിയിലേക്ക് പോയ രാമറാവു അവിടുത്തെ പത്രമായ ന്യൂ ടൈംസില്‍ ചേര്‍ന്നു. വ്യത്യസ്തമായ ഭാഷയും സംസ്ക്കാരവും ഉള്ള വടക്കന്‍ മേഖലകളില്‍ പത്രപ്രവര്‍ത്തകനായപ്പോള്‍ ഒരു തെക്കേ ഇന്ത്യക്കാരന് നേരിട്ട ദുര്‍ഘടങ്ങളായ അനുഭവങ്ങള്‍ അദ്ദേഹം തന്റെ ആത്മകഥയില്‍ എടുത്തു പറയുന്നുണ്ട്. പട്യാലയിലെ ഒരു കോളേജിന്റെ പ്രിന്‍സിപ്പലായി വിരമിച്ച ടി.എല്‍. വാസ്വാനിയായിരുന്നു അതിന്റെ എഡിറ്റര്‍. അതിര്‍ത്തിയില്‍ യുദ്ധവും പഞ്ചാബിലുടനീളം പട്ടാള നിയമവും ഉണ്ടായിരുന്ന ദുഷ്കരമായ കാലത്താണ് രാമറാവു തന്റെ യഥാര്‍ത്ഥ പത്രപ്രവര്‍ത്തനം ആരംഭിക്കുന്നത്. കറാച്ചിയില്‍ ദിനപത്രത്തിലെ റിപ്പോര്‍ട്ടര്‍-കം-സബ്ഡിറ്റര് ജോലിയില്‍ ആദ്യം തന്നെ അദ്ദേഹത്തിന് ഭാഷയിലെ അജ്ഞത റിപ്പോര്‍ട്ടിംഗില്‍ വിഷമം സൃഷ്ടിച്ചു. നിരന്തരമായി അദ്ദേഹത്തിന് മീറ്റിംഗുകളും മറ്റ് പൊതു ചടങ്ങുകളും റിപ്പോര്‍ട്ട് ചെയ്യാന്‍ പോകേണ്ടി വന്നു. ഒരു മുനിസിപ്പല്‍ മീറ്റിംഗിനെക്കുറിച്ചുള്ള രാമറാവുവിന്റെ ആദ്യ റിപ്പോര്‍ട്ട് അച്ചടിച്ച് വന്നപ്പോള്‍ സിന്ധി ഭാഷ അദ്ദേഹത്തിന് അറിയാത്തതിനാല്‍ ചില വ്യക്തികളുടെ പേരുകള്‍ ആശയക്കുഴപ്പം സൃഷ്ടിച്ചു. പേരുകളും പ്രസംഗങ്ങളും വാര്‍ത്തയില്‍ എഴുതിയത് മാറിപ്പോയി, കൂട്ടക്കുഴപ്പത്തില്‍ കലാശിച്ചു.
ഇന്ത്യയെ നടുക്കിയ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയെക്കുറിച്ചു അന്വേഷണം നടക്കുന്ന സമയമായിരുന്നു അത്. ജാലിയന്‍വാലാബാഗ് കൂട്ടക്കൊല അന്വേഷിച്ച ഹണ്ടര്‍ കമ്മറ്റിക്ക് മുന്പില് ഹാജരായ ജനറല്‍ ഡയര്‍ പറഞ്ഞത് ‘വെടിയുണ്ടകള്‍ തീരും വരെ നിറയൊഴിച്ചത് തന്റെ മുന്നിലുള്ള അടിയന്തര സാഹചര്യത്തെക്കുറിച്ച് മാത്രം ചിന്തിച്ച് കൊണ്ടാണ്. മറ്റൊന്നിനെക്കുറിച്ചും താന്‍ ആശങ്കാകുലനായിരുന്നില്ല എന്നാണ്’. ഈ വാര്‍ത്ത വായിച്ച രാമറാവുവിന്റെ രക്തം തിളച്ചു. അദ്ദേഹം ഏജന്‍സി വാര്‍ത്ത എഡിറ്റ് ചെയ്ത് തന്റെ റിപ്പോര്‍ട്ടില്‍ ‘ഒരു പരമ്പാഗത ക്രിമിനല്‍’ എന്ന് ജനറല്‍ ഡയറിനെ അതില്‍ വിശേഷിപ്പിച്ച് നിശിതമായി വിമര്‍ശിച്ചു.
കറാച്ചിയിലെ പത്രം വിട്ട് അലഹബാദിലെ ‘ലീഡര്‍’ ദിനപത്രത്തില്‍ ചേരാന്‍ തീരുമാനിച്ച രാമറാവു അമൃത്സറില് നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുത്തു. മോട്ടിലാല്‍ നെഹ്റു അധ്യക്ഷനായ ഈ സമ്മേളനം, ഗാന്ധിജി രാജ്യത്തിന്റെ പരമോന്നത രാഷ്ട്രീയ ശക്തിയായും, അഹിംസയാണ് പോരാട്ടത്തിന്റെ ഏക ആയുധം എന്ന് അടയാളപ്പെടുത്തി. രാമറാവു ഗാന്ധിജിയെ കുറിച്ച് എഴുതി ‘അദ്ദേഹത്തിന്റെ വ്യക്തിത്വം, കാഴ്ചപ്പാട്, തത്വചിന്ത, ധാര്‍മ്മികത, സത്യത്തോടും അഹിംസയോടുമുള്ള സ്നേഹം എന്നിവ എല്ലാവരിലും മതിപ്പുളവാക്കി.’ ഞങ്ങള്‍ പുതിയ വാക്കുകള്‍ കേട്ടു, ഒരു പുതിയ ചൈതന്യം അനുഭവിച്ചു, ഞാന്‍ ആദ്യമായി അദ്ദേഹത്തിന്റെ കാല്പാദം തൊട്ടു.
പത്രപ്രവര്‍ത്തനത്തിന്റെ പ്രഖ്യാപിത മൂല്യങ്ങളില്‍ ഉറച്ചു വിശ്വസിച്ചിരുന്ന അക്കാലത്തെ ഇന്ത്യന്‍ പത്രരംഗത്തെ ഒരു അതുല്യ വ്യക്തിത്വമായിരുന്ന സി.വൈ. ചിന്താമണിയായിരുന്നു, ലീഡറിന്റെ എഡിറ്റര്‍. ‘ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിലെ പോപ്പ്’ എന്ന് അറിയപ്പെട്ട മൂല്യാധിഷ്ഠിത പത്രപ്രവര്‍ത്തകന്റെ ഒന്നാന്തരം മാതൃകയായ അദ്ദേഹം, വിലമതിച്ച പത്രപ്രവര്‍ത്തന മൂല്യങ്ങള്‍ക്ക് ശക്തമായി നിലകൊണ്ട എഡിറ്റര്‍ എന്ന നിലയ്ക്ക് എക്കാലത്തും ഓര്‍മ്മിക്കപ്പെടുന്ന വ്യക്തിയായിരുന്നു.

നയം തീരുമാനിക്കുന്നതില്‍ ഒരു എഡിറ്റര്‍ എന്ന നിലയില്‍, തന്റെ എഡിറ്റോറിയല്‍ പരമാധികാരത്തില്‍ ആരും ഇടപെടുന്നത് ചിന്താമണി സഹിച്ചില്ല. ഒരിക്കലും കുനിയുകയോ ഒരു ഇഞ്ച് പോലും വഴങ്ങാത്ത അദ്ദേഹത്തിന് മുന്നില്‍ പത്രത്തിന്റെ മാനേജ്മെന്റിന് എപ്പോഴും വഴങ്ങേണ്ടി വന്നു. ചിന്താമണി ഒരിക്കല്‍ പത്രത്തിന്റെ സ്ഥാപകനായ മദന്‍ മോഹന്‍ മാളവ്യയുമായി ഇടഞ്ഞു. ചില വിഷയങ്ങളില്‍ അദ്ദേഹം പുലര്‍ത്തിയ അഭിപ്രായങ്ങള്‍ മാനേജ്മെന്റിന്റെ നയത്തിന് വിരുദ്ധമായിരുന്നു. ഒടുവില്‍ അദ്ദേഹം രാജി വെയ്ക്കാന്‍ ഒരുങ്ങി. എന്നാല്‍ മാളവ്യ പത്രത്തിന്റെ ഭാവിയെ കുറിച്ച് ചിന്തിച്ചു. ഡയറക്ടര്‍ ബോര്‍ഡിന്റെ ചെയര്‍മാനായി താന്‍ ഇല്ലാതെ പത്രത്തിന് മുന്നോട്ട് പോകാം. എന്നാല്‍ എഡിറ്റര്‍ ചിന്താമണി ഇല്ലാതെ പറ്റില്ല. ഒരു ആദര്‍ശവാദിയായ മാളവ്യ ഉടന്‍ തന്നെ ഡയറക്ടര്‍ സ്ഥാനം ഉപേക്ഷിച്ചു.
ചിന്താമണി പത്രത്തിന്റെ എല്ലാ മേഖലകളിലും ശ്രദ്ധേയനായിരുന്നു. റിപ്പോര്‍ട്ടര്‍മാരോട് അവരെഴുതിയത് എഡിറ്റ് ചെയ്യാന്‍ അദേഹം ആവശ്യപ്പെട്ടു, എല്ലാ ജോലികളും പത്രപ്രവര്‍ത്തകര്‍ക്ക് വശമാകണമെന്ന നയമായിരുന്നു അദ്ദേഹത്തിന്റെത്. ഒരു ദിവസം രാമറാവു മദന്‍ മോഹന്‍ മാളവ്യയുടെ പ്രസംഗം കേട്ട് വന്ന് എഴുതാന്‍ ആരംഭിക്കുമ്പോള്‍ ചിന്താമണി ചോദിച്ചു ‘നിങ്ങള്‍ എങ്ങനെ തുടങ്ങും’?
വിദേശ പത്രങ്ങളിലേത് പോലെ ശൈലിയില്‍ മാളവ്യയുടെ കവിളില്‍ നിന്ന് ഒലിച്ചിറങ്ങിയ കണ്ണുനീര് തുള്ളികള്‍ വിവരിച്ച് കൊണ്ട് താന്‍ റിപ്പോര്‍ട്ട് ആരംഭിക്കാന്‍ പോകുകയാണെന്ന് രാമറാവു മറുപടി പറഞ്ഞു. ചിന്താമണി പറഞ്ഞു ‘വിഡ്ഡിത്തരം എഴുതരുത്!. അദ്ദേഹത്തിന്റെ കണ്ണുനീര് ഒരു വാര്‍ത്തയല്ല. അദ്ദേഹം ഒരിക്കലും കണ്ണുനീരോടെയല്ലാതെ സംസാരിക്കാറില്ല’.
ലീഡറില്‍ പിന്തുടര്‍ന്ന ഒരു നല്ല രീതി ഒരാള്‍ കോപ്പി എഡിറ്റ് ചെയ്താല്‍, അത് പ്രസ്സില്‍ പോകും മുന്‍പ് മറ്റൊരാള്‍ വിശദമായി പരിശോധിക്കും എന്നതായിരുന്നു. അക്കാലത്ത് ഇത് അസാധാരണ രീതിയായിരുന്നെങ്കിലും ഇത് പത്രത്തെ മണ്ടത്തരങ്ങളില്‍ നിന്നും ഗുരുതരമായ തെറ്റുകളില്‍ നിന്നും രക്ഷിച്ചു. വാര്‍ത്തകള്‍ക്ക് ലളിതവും സംയോജിതവുമായ തലക്കെട്ടുകള്‍ നല്കിയാല് മതിയായിരുന്നു. ജംഷഡ്പൂരില്‍ നടന്ന പണിമുടക്കും തൊഴിലാളി പ്രകടനത്തിനെതിരെ പോലീസ് ആക്രമണമഴിച്ച് വിട്ടപ്പോള്‍ ‘ബയണറ്റും പിന്നെ ഭീകരത’യും എന്ന തലക്കെട്ടില്‍ രാമറാവു വാര്‍ത്തയെഴുതി. അച്ചടിച്ച് വന്ന വാര്‍ത്ത കണ്ട് എഡിറ്റര്‍ ചിന്താമണി രാമറാവുവിനോട് പറഞ്ഞു ”ലീഡര്‍ പത്രം ഒരു തീവ്രവാദി പക്ഷമല്ല”. അക്കാലത്ത് സര്‍ക്കാരിന്റെ പത്ര നിയമങ്ങള്‍ കര്‍ക്കശമായത് ഓര്‍മിപ്പിച്ച് ചിന്താമണി ഒരു പത്ത് മിനിറ്റ് ക്ലാസ്സ് തന്നെ വാര്‍ത്ത എഴുതുന്നതിനെ കുറിച്ച് രാമറാവുവിന് നല്കി.
1920 ന്റെ ആദ്യ പകുതിയിലെ ദേശീയ സവിശേഷതകള്‍ പ്രധാനമായും മോണ്ട്ഫോര്‍ഡ് പരിഷ്കാരങ്ങള്‍, അമൃത് സര് കൂട്ടക്കൊലയുടെ അനന്തരഫലങ്ങള്‍, ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മഹാത്മാഗാന്ധിയുടെ ആവിര്‍ഭാവം, നിസ്സഹകരണ പ്രസ്ഥാനത്തിന്റെ സാവധാനത്തിലുള്ള വ്യാപനം എന്നിവയായിരുന്നു. രാമറാവു തന്റെ എഴുത്തില്‍ ലീഡറിലൂടെ ദേശീയ പ്രസ്ഥാനത്തിന് ശക്തിയായ ഊര്‍ജ്ജം നല്കി.

ലീഡര്‍ വിട്ട് കുറച്ച് കാലം ‘അഡ്വക്കേറ്റ് ഇന്ത്യ’ എന്ന ദിനപത്രത്തില്‍ ജോലി ചെയ്ത രാമറാവു ഒടുവില്‍ ബോംബെയില്‍ ടൈംസ് ഓഫ് ഇന്ത്യയില്‍ സബ് എഡിറ്ററായി ചേര്‍ന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച പത്രമായ ടൈംസ് ഓഫ് ഇന്ത്യയില്‍ ജോലി ചെയ്താല്‍ പത്രപ്രവര്‍ത്തനത്തിലെ പ്രൊഫഷണല്‍ രീതികള്‍ പഠിക്കാം എന്നതായിരുന്നു രാമറാവുവിന്റെ ലക്ഷ്യം. ഇംഗ്ലീഷുകാരുടെ ആധിപത്യം നിലനിന്ന പത്രമായ ടൈംസ് ഓഫ് ഇന്ത്യയില്‍ ബ്രിട്ടീഷ് രാജിലെ വിവേചനങ്ങള്‍ ഇന്ത്യക്കാര്‍ക്ക് നേരെ നിലനിന്നിരുന്നെങ്കിലും ചില കാര്യങ്ങളില്‍ പത്രം ഈ മേഖലയിലെ ആദര്‍ശങ്ങളെ മാനിച്ചിരുന്നു. പ്രശസ്തനായ സര്. ഫ്രാന്‍സിസ് ലോ ആയിരുന്നു അക്കാലത്ത് പത്രത്തിന്റെ എഡിറ്റര്‍.
രാമറാവു തന്റെ അത്മകഥയില്‍ ഒരു സംഭവം ഓര്‍ക്കുന്നു. ഗാന്ധിജിയെ ജയിലില്‍ മോചിപ്പിച്ചതായി പ്രഖ്യാപിച്ച ബോംബെ സര്‍ക്കാരിന്റെ അറിയിപ്പ് 1924 ജനുവരിയില്‍ അര്‍ദ്ധരാത്രിയില്‍ പുറത്ത് വന്നു. ഗവര്‍ണര്‍ ഒരു ഉന്നത യൂറോപ്യന്‍ ഉദ്യോഗസ്ഥനോട് അത് പ്രധാന പത്രങ്ങള്‍ക്ക് നേരിട്ട് കൈമാറണമെന്ന് നിര്‍ദേശിച്ചു. ടൈംസ് ഓഫ് ഇന്ത്യയുടെ ഓഫീസില്‍ എത്തിയ ആ ഉദ്യോഗസ്ഥന് ടൈംസിന്റെ സബ് എഡിറ്റര്‍മാരുടെ മുറിയിലേക്ക് ചെന്നു. അവിടെയിരിക്കുന്നവരെ കണ്ട് തൃപ്തിയില്ലാതെ, അയാള്‍ തിരികെ ചെന്ന് അവിടെ കണ്ട ഡ്യൂട്ടിയിലുള്ള പ്യൂണിനോട് അത് ശരിക്കും സബ് എഡിറ്റര്‍മാരുടെ മുറിയാണോ എന്ന് ചോദിച്ചു. അതെയെന്ന് മറുപടി കിട്ടിയപ്പോള്‍ അയാള്‍ മനസ്സില്ലാമനസ്സോടെ ഡ്യൂട്ടിയിലുള്ള ഒരു സബ് എഡിറ്റര്‍ക്ക് ഗവര്‍ണ്ണറുടെ അറിയിപ്പ് കൈമാറി.
അടുത്ത ദിവസം ബൈക്കുള ക്ലബ്ബില്‍ വെച്ച് ആ യൂറോപ്യന്‍, നിരവധി പേരുടെ സാന്നിധ്യത്തില്‍ ടൈംസ് ഓഫ് ഇന്ത്യയുടെ എഡിറ്ററെ പരിഹസിച്ചു. ‘ടൈംസ് ഓഫ് ഇന്ത്യ- അതൊരു കറുത്ത മനുഷ്യരുടെ പ്രദര്‍ശനം ആണ്’ അയാള്‍ പരിഹസിച്ചു.
ഈ സംഭവം അറിയാന്‍ ഇടയായ എഡിറ്റര്‍ ഫ്രാന്‍സീസ് ലോ ക്ലബ്ബിലെ എഡിറ്റര്‍മാരെയും പത്രങ്ങളെയും കുറിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഇത്തരത്തില്‍ അസംബന്ധം പറയാന്‍ അനുവാദമുണ്ടോ എന്ന് ചോദിച്ചുകൊണ്ട് ഉടന്‍ തന്നെ ഗവര്‍ണര്‍ക്ക് കത്തെഴുതി. തുടര്‍ന്ന്
ആ വിവേചനരഹിതനായ ഉദ്യോഗസ്ഥന് ഈ സംഭവത്തില്‍ ഔദോഗികമായി ക്ഷമാപണം നടത്തേണ്ടി വന്നു. അക്കാലത്ത് ടൈംസ് ഓഫ് ഇന്ത്യയുടെ എഡിറ്ററുടെ സ്ഥാനം ഭരണകൂടം ബഹുമാനിക്കുന്ന, രാജ്യത്തെ ഏറ്റവും ശക്തമായ അധികാര കേന്ദ്രങ്ങളിലൊന്നായിരുന്നു.
ഫ്രാന്‍സിസ് ലോ യുടെ കീഴില്‍ ടൈംസ് ഓഫ് ഇന്ത്യ മുമ്പൊരിക്കലും എത്തിയിട്ടില്ലാത്ത ഉയരങ്ങളിലെത്തി, പ്രചാരത്തിലും, വാര്‍ത്തകളുടെ എണ്ണത്തിലും മികച്ച പദമായി മാറി. 1928 നവംബറില്‍ അദ്ദേഹത്തിന്റെ ചുമതലയില്‍ ടൈംസ് ഈവനിംഗ് ന്യൂസ് എന്ന സായാഹ്ന പത്രം ആരംഭിച്ചപ്പോള്‍ വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്നതിലെ രാമറാവുവിന്റെ വേഗതയിലും കൃത്യതയിലും മതിപ്പ് ഉണ്ടായിരുന്ന എഡിറ്റര്‍ ഈ പുതിയ പത്രത്തിലേക്ക് രാമറാവുവിനെ മാറ്റി.
നാല് വര്‍ഷവും നാല് മാസവും ടൈംസ് ഓഫ് ഇന്ത്യയിലെ സേവനം രാമറാവുവിനെ മികച്ച പത്രപ്രവര്‍ത്തകനാക്കി. ഇന്ത്യക്കാരന് ടൈംസ് ഓഫ് ഇന്ത്യയില്‍ ഒരിക്കലും ഉന്നത സ്ഥാനങ്ങള്‍ കരഗതമാവില്ലെന്ന് മനസിലാക്കിയ അദ്ദേഹം ഒടുവില്‍ സേവനം മതിയാക്കി. ‘ടൈംസ് ഓഫ് ഇന്ത്യ വിടുമ്പോള്‍, എഡിറ്റര്‍ എന്നോട് കാരണം ചോദിച്ചു. ഒരു ഒന്നാംനിര പത്രത്തില്‍ ജോലി ചെയ്യാന്‍ അവസരം ലഭിച്ച ആരും അവിടെ തുടരുമെന്ന് അദ്ദേഹം കരുതി, പക്ഷേ ഇവിടെ ഞാന്‍ സ്വമേധയാ പോകുകയായിരുന്നു. ”ഞാന്‍ ഇവിടെ വളരെക്കാലമായി എന്റെ ജോലി നന്നായി ചെയ്തു. എനിക്ക് എന്റെ സ്വന്തം അഭിലാഷങ്ങളുണ്ട്. എപ്പോഴെങ്കിലും ടൈംസ് ഓഫ് ഇന്ത്യയുടെ എഡിറ്ററാകാന്‍ എനിക്ക് കഴിയുമോ? ഒരു ഇന്ത്യക്കാരന് ആ പദവി അന്ന് അപ്രാപ്ത്യമാണ്. എഡിറ്ററായ ഫ്രാന്‍സിസ് ലോ പുഞ്ചിരിക്കുക മാത്രം ചെയ്തു.’ രാമറാവു അനുഭവക്കുറിപ്പില്‍ എഴുതി.
ഇന്ത്യയിലെ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അന്ത്യം മുന്‍കൂട്ടി കാണാനും തുടര്‍ന്ന് പത്രത്തിന് സംഭവിക്കുന്ന മാറ്റവും മുന്‍കൂട്ടി കാണാനും ഏറ്റവും ശക്തിയുള്ള അന്നത്തെ രാഷ്ട്രീയ പ്രവാചകന്മാര്ക്ക് പോലും ചിന്തിക്കാന്‍ കഴിയുമായിരുന്നില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞാണ് സ്വതന്ത്ര ഇന്ത്യയില്‍ 1950ല്‍ ഒരു ഇന്ത്യക്കാരന് ആദ്യമായി ടൈംസ് ഓഫ് ഇന്ത്യയുടെ എഡിറ്ററാകുന്നത്. പ്രശസ്തനായ ഫ്രാങ്ക് മോറൈയ്സ് ആയിരുന്നു അത്.
ലഖ്നോവിലെ ‘പയനീര്‍’ ഇംഗ്ലീഷ് ദിനപത്രമായിരുന്നു രാമറാവുവിന്റെ അടുത്ത തട്ടകം. 1928-ല്‍ എഫ്.ഡബ്ല്യു. വില്‍സണ്‍ പയനിയറിന്റെ എഡിറ്ററായി നിയമിതനായി. അതോടെ പത്രത്തിന്റെ നയം സമൂലമായി മാറി. ഈ പത്രത്തില്‍ ചേരുന്നതിനുള്ള രാമറാവുവിന്റെ കാരണം അതായിരുന്നു. ബ്രിട്ടീഷ് അനുകൂല പത്രമായ പയനീര്‍ പുതിയ എഡിറ്ററുടെ കീഴില്‍ സ്വാതന്ത്യ സമരങ്ങളോട് അനുകൂല മനോഭാവം പുലര്‍ത്തി.
1930 ഏപ്രിലില്‍ പയനീര്‍ വിടുന്നതിനുമുമ്പ്, രാമറാവു പയനിയറിന് വേണ്ടി റിപ്പോര്‍ട്ട് ചെയ്ത പ്രധാന സംഭവമായിരുന്നു നെഹ്റു കുടുംബ ഭവനം രാഷ്ട്രത്തിന് സമര്‍പ്പിച്ച ചടങ്ങ്.

1928 മാര്‍ച്ച് 28 ന് നെഹ്റു കുടുംബം പഴയ ആനന്ദ് ഭവന് രാഷ്ട്രത്തിന് കൈമാറി. ആ അവസരത്തില്‍ ഒരു ഗംഭീരമായ മതപരമായ ചടങ്ങ് നടന്നു. സ്വരാജ് ഭവന് എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ട ആ വീട്, സ്വാതന്ത്യ സമരത്തിലെ പ്രധാന സംഭവവികാസങ്ങളുമായി ബന്ധപ്പെട്ടിരുന്നു. നിരവധി തവണ എ.ഐ.സി.സി മീറ്റിംഗുകള്‍ അവിടെ നടന്നു. ആനന്ദ് ഭവനത്തില്‍ നിന്നുള്ള മൂന്ന് കോണ്‍ഗ്രസ് പാര്‍ട്ടി പ്രസിഡന്റുമാര്‍ എടുത്തതായിരുന്നു ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പല പ്രധാന തീരുമാനങ്ങളെന്നത് ചരിത്രമാണ്.
പയനീര്‍ വിട്ടശേഷം ഇന്ത്യന്‍ ഡെയ്ലി മെയില്‍, ഫ്രീ പ്രസ്സ് ജേര്ണ്ണല്, സ്വരാജ്യ ഒടുവില്‍ ഹിന്ദുസ്ഥാന്‍ ടൈംസ് വരെ. അങ്ങനെ പത്രങ്ങളില്‍ നിന്ന് പത്രങ്ങളിലേക്ക് രാമറാവു മാറി കൊണ്ടിരുന്നു. ഈയൊരു കാര്യത്തില്‍ അദ്ദേഹത്തിനെ പോത്തന് ജോസഫുമായി താരതമ്യം ചെയ്യാം. പക്ഷേ രാമറാവുവിന്റെ നിലപാടുകള്‍ക്ക് മാറ്റമില്ലായിരുന്നു. പോരാട്ടവീര്യം വര്‍ദ്ധിച്ചതേയുള്ളൂ.
1938ല്‍ ജവഹര്‍ലാല്‍ നെഹ്റു അയ്യായിരത്തോളം സ്വാതന്ത്ര്യസമര സേനാനികളുടെ പങ്കാളിത്തത്തോടെ ലഖ്നൗവില്‍ ഒരു ഇംഗ്ലീഷ് ദിനപത്രം ആരംഭിക്കാന്‍ തീരുമാനിച്ചു. നെഹ്റു ചെയര്‍മാനായി അസോസിയേറ്റ് ജേര്‍ണല്‍സ് ലിമിറ്റഡ് എന്നൊരു കമ്പനി ഇതിന് വേണ്ടി രൂപീകരിച്ചു. സ്വാതന്ത്ര്യസമരത്തിന് പിന്തുണ നല്കുകയെന്നതായിരുന്നു ലക്ഷ്യം. യു.പി യിലെ കോണ്‍ഗ്രസ്സിലെ ഉന്നത നേതാക്കളായ റാഫി അഹമ്മദ് കിദ്വായി, മോഹന്‍ ലാല്‍ സക്സേന തുടങ്ങിയവരായിരുന്നു ഇതിന്റെ മറ്റു പങ്കാളികള്‍.
പിന്നീട് നെഹ്റു കുടുംബ പത്രമായി അറിയപ്പെട്ട നാഷ്ണല്‍ ഹെറാള്‍ഡ് ഇംഗ്ലീഷ് ദിനപത്രത്തിന്റെ ചരിത്രം ഇവിടെ തുടങ്ങുന്നു. പോത്തന് ജോസഫ്, രംഗ അയ്യങ്കാര്‍, സ്റ്റാലിന് ശ്രീനിവാസന് തുടങ്ങി അന്നത്തെ പ്രശസ്തരായ പത്രപ്രവര്‍ത്തകരെ പത്രത്തിന്റെ എഡിറ്റര്‍ സ്ഥാനത്തേക്ക് ആലോചിച്ചു. ഡയറക്ടര്‍മാരുടെ അന്വേഷണം ഒടുവില്‍ ഉറച്ച ദേശീയവാദി നിരവധി ചെറു പത്രങ്ങളുടെ എഡിറ്ററായിരുന്ന വ്യക്തി, മികച്ച പത്രപ്രവര്ത്തകന് എന്നതൊക്കെ ഒത്തുചേര്‍ന്ന കെ. രാമറാവുവിലെത്തി. അന്ന് ഡല്‍ഹിയിലെ ഹിന്ദുസ്ഥാന്‍ ടൈംസില്‍ ന്യൂസ് എഡിറ്ററായിരുന്ന രാമറാവുവിനെ എഡിറ്റര്‍ സ്ഥാനത്തേക്ക് ക്ഷണിച്ചു.

1938 ജൂലൈയില്‍ കെ. രാമറാവു സ്ഥാപക എഡിറ്ററായി നാഷ്ണല്‍ ഹെറാള്‍ഡ് ദിനപത്രം ലഖ്നൗവില്‍ നിന്ന് ആരംഭിച്ചു. മദ്രാസിലെ ‘പീപ്പിള്‍സ്’ എന്ന പ്രസിദ്ധീകരണത്തില്‍ പ്രവര്‍ത്തിച്ചിരുന്ന എം. ചലപതിയെ പീപ്പിള്‍ വോയ്സിന്റെ അസിസ്റ്റന്റ് എഡിറ്ററാക്കി. പീപ്പിള്‍സ് വോയ്സില്‍ എഴുതിയ ചില രാഷ്ട്രീയലേഖനങ്ങള്‍ ജവഹര്‍ലാല്‍ നെഹ്റുവിന്റെ ശ്രദ്ധയില്‍പ്പെട്ടു. ചലപതി റാവുവിന്റെ ഭാഷയിലും ശൈലിയിലും മതിപ്പ് തോന്നിയ ജവഹര്‍ലാല്‍ നെഹ്റു നാഷ്ണല്‍ ഹെറാള്‍ഡ് ആരംഭിച്ചപ്പോള്‍ ചലപതി റാവുവിനെ തന്റെ പത്രത്തിലേക്ക് വിളിക്കാന്‍ ഒട്ടും ആലോചിക്കേണ്ടി വന്നില്ല. തുടക്കത്തിലെ അവിടെ ചലപതി റാവു അസിസ്റ്റന്റ് എഡിറ്ററായി. അന്ന് തുടങ്ങിയ ജവഹര്‍ ലാല്‍ നെഹ്റുമായുള്ള അടുപ്പം, ചലപതി റാവുവിന്റെ ജീവിതം തന്നെ മാറ്റിമറിച്ചു.
എം. ചലപതി റാവു പത്തൊന്‍പതാം വയസ്സില്‍ ആരംഭിച്ച് രണ്ട് വര്‍ഷത്തിനുള്ളില്‍ പത്രത്തില്‍ രണ്ടാമനായി. അദ്ദേഹത്തിന് ഇംഗ്ലീഷില്‍ മികച്ച പ്രാവീണ്യമുണ്ട്, കുറച്ചുകാലം അദ്ദേഹം ന്യൂസ് എഡിറ്ററായും പിന്നീട് അസിസ്റ്റന്റ് എഡിറ്ററായും പ്രവര്‍ത്തിച്ചു. ‘ചലപതി റാവുവിന്റെ വിദേശ രാഷ്ട്രീയത്തെക്കുറിച്ചുള്ള അറിവ് അര ഡസന്‍ ചാന്‍സലര്‍മാരുടെ അറിവിന് തുല്യമാണ്. ഒരു നയതന്ത്രജ്ഞന്റെ വിലമതിക്കാനാവാത്ത സ്വഭാവം അദ്ദേഹത്തിനുണ്ട്, സ്ഫിങ്സിനെപ്പോലെ നിശബ്ദനും നിഗൂഢനുമാകാന് അദ്ദേഹത്തിന് കഴിയും.’ രാമറാവു എഴുതി.
മഹാത്മാഗാന്ധി പത്രത്തിന്റെ ആദ്യ ലക്കത്തില്‍ സത്യത്തിന്റെയും അഹിംസയുടെയും നിയമങ്ങള്‍ പാലിക്കണമെന്ന് സന്ദേശം നല്കി. ആദ്യം പത്രത്തില്‍ അദ്ദേഹം വലിയ താല്‍പ്പര്യം കാണിച്ചില്ല, പക്ഷേ അത് തന്റെ പ്രതീക്ഷകള്‍ക്കൊത്ത് വളര്‍ന്നതോടെ ഗാന്ധിജി വളരെ തീക്ഷ്ണവും സജീവവുമായ താല്‍പ്പര്യം പ്രകടിപ്പിച്ചു. വി. കെ. കൃഷ്ണ മേനോന് ലണ്ടനിലെ ലേഖകനായി പ്രവര്‍ത്തിച്ചു. അദ്ദേഹത്തിന്റെ ചില മികച്ച സോഷ്യലിസ്റ്റ് സുഹൃത്തുക്കള്‍ ഹെറാള്‍ഡില്‍ എഴുതി.
നാഷ്ണല്‍ ഹെറാള്‍ഡ് നെഹ്റുവിന്റെ സ്വകാര്യ ദൗര്‍ബല്യങ്ങളിലൊന്നായിരുന്നു. ഒരിക്കലദ്ദേഹം പറഞ്ഞു അലഹബാദിലെ ”ആനന്ദ ഭവന് (പ്രശസ്തമായ നെഹ്റു കുടംബവീട്) വില്‍ക്കേണ്ടി വന്നാലും ഞാന്‍ നാഷ്ണല്‍ ഹെറാള്‍ഡ് കൈവിടില്ല”. അത്രമാത്രം അദ്ദേഹം ഈ പത്രത്തെ സ്നേഹിച്ചിരുന്നു.
ഒരിക്കല്‍ യുപിയിലെ ബാരബാന്‍കിയില്‍ ജവഹര്‍ലാല്‍ നെഹ്റുവിന്റെ പ്രസംഗത്തിന്റെ റിപ്പോര്‍ട്ട് നാഷ്ണല്‍ ഹെറാള്‍ഡില്‍ വന്നു. മനോഹരമായ ഭാഷയിലെഴുതപ്പെട്ട ആ ലേഖനം രാമറാവുവിന്റെയും ചലപതിറാവുവിന്റെയും ശ്രദ്ധയില്‍പ്പെട്ടു. ബാരബന്‍കിയിലെ ലേഖകന്റെ പരിമിതികളറിയാവുന്ന അവര്‍ അത് അയാളെഴുതിയതല്ലെന്ന നിഗമനത്തിലെത്തി. പ്രസ്സില്‍നിന്ന് ലേഖനത്തിന്റെ ഒറിജിനല്‍ വരുത്തി പരിശോധിച്ചപ്പോള്‍ അവര്‍ അത്ഭുതപ്പെട്ടു. അത് എഴുതിയത് ജവഹര്‍ലാല്‍ നെഹ്റുവിന്റെ സ്വന്തം കൈപ്പടയില്‍ ആയിരുന്നു. നാഷ്ണല്‍ ഹെറാള്‍ഡിന്റെ കാര്യത്തില്‍ നെഹ്റു അത്രയേറെ, താല്‍പ്പര്യം കാണിച്ചിരുന്നു.
സ്വാതന്ത്ര്യസമരത്തില്‍ ഗാന്ധിയുടെ നേതൃത്വത്തെ പിന്തുടരാന് ജനങ്ങളെ പ്രേരിപ്പിക്കുന്നതില്‍ രാമറാവുവിന്റെ ലേഖനങ്ങളും എഡിറ്റോറിയലുകളും വലിയ പങ്കുവഹിച്ചു. അദ്ദേഹത്തിന്റെ കീഴിലുള്ള നാഷ്ണല്‍ ഹെറാള്‍ഡ് സ്വേച്ഛാധിപത്യത്തിനും ചൂഷണത്തിനും എതിരായ രാജ്യത്തിന്റെ പോരാട്ടത്തിന്റെ പ്രതീകമായി മാറി, അടിച്ചമര്‍ത്തലിനും മനുഷ്യാവകാശ നിഷേധത്തിനും എതിരായ പോരാട്ടമായി. സ്വാതന്ത്ര്യസമരത്തിന്റെ മുന്നണിയില്‍ അത് ഉണ്ടായിരുന്നു, ദേശീയ പ്രസ്ഥാന നേതാക്കളുടെ പ്രചാരണ വേദിയായി. രാമറാവു അധികാരത്തെ ധിക്കരിക്കുകയും ഭയപ്പെടാതിരിക്കുകയും ചെയ്തു.
ഒറ്റപ്പാലത്തുകാരന്‍ മലയാളി യുവാവ് ശങ്കരന് കുട്ടിയായിരുന്നു, നാഷ്ണല്‍ ഹെറാള്‍ഡിലെ കാര്‍ട്ടൂണിസ്റ്റ്. ശങ്കേഴ്സ് വീക്കിലിയിലൂടെ പ്രസിദ്ധനായ കാര്‍ട്ടൂണിസ്റ്റ് കുട്ടിയെന്ന് അദ്ദേഹം അറിയപ്പെട്ടു. അദ്ദേഹം തന്റെ ഓര്‍മ്മക്കുറിപ്പുകളില്‍ എഴുതി ‘രാമറാവുവിന് എല്ലാത്തരം വിചിത്രമായ ആശയങ്ങളും ഉണ്ടായിരുന്നു, അവ ചിലപ്പോള്‍ വളരെ അപരിഷ്കൃതമായിരുന്നു. അദ്ദേഹം പലപ്പോഴും അത് എന്നോട് വരയ്ക്കാന്‍ ആവശ്യപ്പെട്ടു. സ്റ്റാഫിലെ മറ്റ് അംഗങ്ങള്‍ എന്റെ ആശയങ്ങള്‍ ഇഷ്ടപ്പെട്ടു. കാലക്രമേണ രാമറാവു എനിക്ക് സ്വാതന്ത്ര്യം നല്കി. ചിലപ്പോള്‍ അദ്ദേഹത്തിന്റെ നല്ല നിര്‍ദ്ദേശങ്ങള്‍ ഉപയോഗിക്കാന്‍ ഞാന്‍ മടിച്ചില്ല. അത് അദ്ദേഹത്തെ വളരെയധികം സന്തോഷിപ്പിച്ചു. അദ്ദേഹം തീക്ഷ്ണമായ മുന്‍കോപക്കാരനായിരുന്നു. ഒരിക്കല്‍ അദ്ദേഹം തന്റെ ആശയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എന്നെ ഓഫീസില്‍ അന്വേഷിച്ചു. ഞാന്‍ പതിവുപോലെ ഓഫീസിന് പുറത്തായിരുന്നു. ഇതറിഞ്ഞ് അദ്ദേഹം വളരെ ദേഷ്യത്തില്‍ പൊട്ടിത്തെറിച്ചു. പിന്നീട് ഞാന്‍ എന്റെ ഇരിപ്പിടത്തിലേക്ക് മടങ്ങിയപ്പോള്‍, രാമറാവുവില്‍ നിന്ന് എനിക്ക് ഒരു സന്ദേശം കിട്ടി, പത്രത്തില്‍ നിന്ന് എന്നെ പുറത്താക്കി!
”പിറ്റേന്ന്, ഞാന്‍ ആശങ്കയോടെ അദ്ദേഹത്തിന്റെ ക്യാബിനിലേക്ക് പോയി ക്ഷമ ചോദിച്ചു. അദ്ദേഹം വളരെ സൗഹൃദപരമായി എന്നോട് സംസാരിച്ചു. പെട്ടെന്നുള്ള കോപത്തില്‍ താന്‍ ഇന്നലെ ചെയ്തത്, എന്നെ ജോലിയില്‍ നിന്ന് പുറത്താക്കിയത് അദേഹം മറന്നുപോയിരുന്നു!”

‘ഇന്ത്യന്‍ സ്വാതന്ത്ര്യസമരം എനിക്ക് വരയ്ക്കാന്‍ ധാരാളം അവസരങ്ങള്‍ നല്കി. കോണ്‍ഗ്രസും മുസ്ലീം ലീഗും തമ്മിലുള്ള പോരാട്ടവും, ഹിന്ദു മഹാസഭയും കാര്‍ട്ടൂണുകള്‍ക്ക് പ്രധാന വിഷയമായ ഒരു മേഖലയായിരുന്നു. മുസ്ലീങ്ങളെക്കുറിച്ച് എന്തെങ്കിലും നിരീക്ഷണം നടത്തുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് എഡിറ്റര്‍ രാമറാവു എനിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിയുന്നത്ര മതത്തെക്കുറിച്ചുള്ള എല്ലാ പരാമര്‍ശങ്ങളും ഒഴിവാക്കാന്‍ അദ്ദേഹം എന്നെ ഉപദേശിച്ചു. നിര്‍ഭാഗ്യവശാല്‍, ഇന്ത്യന്‍ രാഷ്ട്രീയം മതവുമായി കലര്‍ത്തപ്പെട്ടതിനാല്‍ അത് അസാധ്യമായിരുന്നു.” കുട്ടി എഴുതി.
അധികാരത്തിനോടും ഏകാധിപത്യ ശൈലിയോടും എന്നും പോരടിച്ച രാമറാവുവിന്റെ ഏറ്റവും വിചിത്രമായ ഒരു സവിശേഷത അഥവാ വൈരുദ്ധ്യം അദ്ദേഹം ഇറ്റലിയിലെ ഏകാധിപതി മുസോളിനിയുടെ പ്രതാപകാലത്ത് അദ്ദേഹത്തിന്റെ ആരാധകനായിരുന്നു എന്നതാണ്. ആദ്യകാലത്ത് മുസോളിനി ഒരു പത്രപ്രവര്‍ത്തകനും എഡിറ്ററും ആയിരുന്നു എന്നതായിരുന്നു അദ്ദേഹത്തിന്റെ ആരാധനക്ക് കാരണം. തന്റെ പത്രത്തിന്റെ സ്വാധീനം ഉപയോഗിച്ചാണ് മുസോളനി ഇറ്റലിയില്‍ അധികാരത്തിലെത്തിയത്. ഇത് രാമറാവുവില്‍ മതിപ്പുളവാക്കി. ‘മുസോളിനി ഒരു പത്രപ്രവര്‍ത്തകനായിരുന്നു എന്നത് മറക്കണ്ട!’ എന്ന് അദ്ദേഹം ഇടയ്ക്കിടെ അഭിമാനത്തോടെ ഞങ്ങളോട് പറയുമായിരുന്നു.
രാമറാവുവിന്റെ ചിന്ത എപ്പോഴും തന്റെ പത്രത്തെക്കുറിച്ചായിരുന്നു. മറ്റെല്ലാം അദ്ദേഹം മറന്നു. പലപ്പോഴും അദ്ദേഹം ഓഫീസിലേക്ക് വരുമായിരുന്നത്, കുതിര വലിക്കുന്ന ഒരു വണ്ടിയിലായിരുന്നു. ആറടി നീളവും ആറടി വീതിയുമുള്ള ഒരു ചെറിയ പ്ലാറ്റ്ഫോം (മുകളില്‍ ഒരു മേല്ക്കൂരയെ താങ്ങി നിറുത്തുന്ന നാല് തൂണുകള്‍), ഉണ്ട് അതിന്റെ കീഴില്‍ ആളുകള്‍ ഇരിക്കും, നിലത്തുനിന്ന് വളരെ ഉയരത്തില്‍. ഒട്ടകത്തിന്റെ കൂനില്‍ ഇരിക്കുന്നത് പോലെയാണത്. കുതിര വണ്ടിയെന്നോ രഥമെന്നോ അതിനെ വിളിക്കാന്‍ പ്രയാസമാണ്.
ലഭ്യമായ ഏറ്റവും വിലകുറഞ്ഞ ഗതാഗതമായിരുന്നു ഇത്. അതില്‍ മറ്റു യാത്രക്കാരും ഉണ്ടായിരുന്നു. രാമറാവു ആരാണെന്ന് അദ്ദേഹത്തിന്റെ തൊഴിലാളികളായ സഹയാത്രികര്‍ക്ക് അറിയില്ലായിരുന്നു. സ്വന്തം മാന്യതയെക്കുറിച്ച് ഒട്ടും ആശങ്കാകുലനായിരുന്നില്ല രാമറാവു. പത്രത്തിന്റെ മാന്യതയെക്കുറിച്ച് മാത്രമേ അദ്ദേഹത്തിന് ചിന്തയുണ്ടായിരുന്നുള്ളൂ.
രാമറാവു എഴുതിയ എഡിറ്റോറിയലുകള്‍ വളരെയധികം പ്രശംസിക്കപ്പെട്ടു. അദ്ദേഹത്തിന്റെ ശൈലി മികച്ചതായി എന്നതാണ് അതിന് കാരണം. നിരവധി വര്‍ഷങ്ങളായി വിവിധ പത്രങ്ങളില്‍ പ്രവര്‍ത്തിച്ച് അദ്ദേഹം ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ന്യൂസ് എഡിറ്ററായിരുന്ന, അദ്ദേഹത്തിന്റെ കഴിവുകള്‍ വായനക്കാര്‍ തിരിച്ചറിയപ്പെടുകയും അദ്ദേഹത്തെ എഡിറ്റര്‍ എന്ന നിലയില്‍ ജനങ്ങളും പത്രലോകവും അംഗീകരിക്കുകയും ചെയ്തു. സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തു.
എഡിറ്ററായ രാമറാവു ഒരു നിര്‍ഭയനായ വ്യക്തിയായിരുന്നു. തന്റെ അഭിപ്രായങ്ങള്‍ അദ്ദേഹം തുറന്നു പറഞ്ഞിരുന്നു. പത്രത്തിന്റെ കാര്യങ്ങള്‍ ചര്‍ച്ചയ്ക്ക് വരുമ്പോള്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനായ ജവഹര്‍ ലാല്‍ നെഹ്റു പോലും മീറ്റിംഗുകളില്‍ അദ്ദേഹത്തെ നേരിടാന്‍ വിഷമിച്ചിരുന്നു. നെഹ്റുവിനെ കുറിച്ച് രാമറാവു ഒരിക്കല്‍ പറഞ്ഞത് കാര്‍ട്ടൂണിസ്റ്റ് കുട്ടി ഓര്‍ക്കുന്നു, ‘നല്ല ഇംഗ്ലീഷില്‍ എഴുതാന്‍ കഴിയുമെന്നതല്ലാതെ അദ്ദേഹത്തിന് എന്താണ് ഇത്ര മഹത്വം ?’
രാമറാവു എപ്പോഴും തന്റെ സബ് എഡിറ്റര്‍മാര്‍ക്കും മറ്റ് പത്രപ്രവര്‍ത്തകര്‍ക്കും വേണ്ടി പോരാടി. അവര്‍ക്ക് നല്ല ശമ്പളം ലഭിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. ‘പണമില്ല’ എന്നത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഒരു ഒഴികഴിവായിരുന്നില്ല. ഈയൊരു കാരണത്താല്‍ ബോര്‍ഡ് ചെയര്മാന് എന്ന നിലയില്‍ നെഹ്റു രാമറാവുവിനെ മീറ്റിംങ്ങുകളില്‍ മുഖത്തോട് മുഖം കാണുന്നതില്‍ നിന്ന് വിട്ടുനിന്നു. നെഹ്റു നാഷ്ണല്‍ ഹെറാള്‍ഡില്‍ കൂടുതല്‍ ബന്ധപ്പെട്ടത് അസിസ്റ്റന്റ് എഡിറ്ററായ ചലപതി റാവുവുമായിട്ടായിരുന്നു. രാമറാവുവിനോടുള്ള നെഹ്റുവിന്റെ അവിശ്വാസം സ്വാതന്ത്ര്യത്തിനു ശേഷവും തുടര്‍ന്നു. രാമറാവുവിന്റെ പത്രപ്രവര്‍ത്തന സംഭാവനകളും രാഷ്ട്രത്തിനുവേണ്ടിയുള്ള സേവനത്തേയും അംഗീകരിച്ച് അദ്ദേഹത്തിന് മതിയായ സ്ഥാനമാനങ്ങള്‍ നല്കാന് ജവഹര്‍ ലാല്‍ നെഹ്റു ഒരിക്കലും തയ്യാറായില്ല. അദ്ദേഹത്തിന് നോമിനേറ്റ് ചെയ്യാന്‍ കഴിയുമായിരുന്ന ഏറ്റവും കുറഞ്ഞത്, പാര്‍ലമെന്റ് അംഗത്വം – വളരെയധികം നിര്‍ബന്ധിച്ചതിന് ശേഷം, ഒരു രാജ്യസഭാംഗത്തിന്റെ മരണത്തെത്തുടര്‍ന്ന് ഉണ്ടായ ഒഴിവില്‍ രാമറാവുവിനെ ഒരു വര്‍ഷത്തേക്ക് അദ്ദേഹം നോമിനേറ്റ് ചെയ്തു എന്നുമാത്രം.

1938 മെയ് മാസത്തില്‍ കത്തിപ്പടരുന്ന സ്വതസിദ്ധമായ ശൈലിയിലൂടെ അദ്ദേഹം ബ്രിട്ടീഷ് കോളനിഭരണത്തിനെതിരെ ആഞ്ഞടിച്ചു. ലഖ്നൗ ജയിലിലെ ഡറ്റിന്യൂ തടവുകാരുടെ ദുരിതത്തെക്കുറിച്ച് ‘ജയിലോ കാടോ’ എന്ന ശീര്‍ഷകത്തില്‍ രാമറാവു ഒരു ഗംഭീര മുഖപ്രസംഗം നാഷ്ണല്‍ ഹെറാള്‍ഡില്‍ എഴുതി.
ചന്ദ്രശേഖര്‍ ലെഡ്ലി എന്ന ജയില്‍ സൂപ്രണ്ടിനെ അങ്ങേയറ്റം ശക്തവും നിശിതവുമായ രീതിയിലും വിമര്‍ശിച്ചുകൊണ്ട് വന്ന ആ ലേഖനം പെട്ടെന്ന് തന്നെ ജനശ്രദ്ധയാകര്‍ഷിച്ചു. അയാള്‍ ഒരു സാഡിസ്റ്റാണെന്നും അയാളെ തടവിലാക്കണമെന്നും ചില വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. രാഷ്ട്രീയ തടവുകാരുടെ കത്തുകളില്‍ നിന്ന് തയ്യാറാക്കിയ ചില വാര്‍ത്തകളെ അടിസ്ഥാനമാക്കിയാണ് രാമറാവു ഈ എഡിറ്റോറിയല്‍ എഴുതിയത്. ഇത് കണ്ട ചലപതി റാവു അതിന്റെ അപകടം മനസിലാക്കി ചില ഭാഗങ്ങള്‍ അടയാളപ്പെടുത്തി ഒഴിവാക്കണമെന്ന് കുറിച്ച് രാമറാവുവിന്റെ വീട്ടിലേക്ക് അയച്ചു, പക്ഷേ അദേഹം അത് പുനഃപരിശോധിച്ചില്ല. ഇതേ സമയത്ത് പ്രതികാര നടപടിക്കായി കാത്തിരുന്ന സര്‍ക്കാര്‍, ചന്ദ്രശേഖര്‍ ലെഡ്ലി വഴി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. കേസ് കോടതിയില്‍ എത്തുകയും രാമറാവുവിന് പിഴയും ആറ് മാസത്തെ തടവുശിക്ഷയും കോടതി വിധിച്ചു. പിന്നീട് പിഴ ശിക്ഷ ഒഴിവാക്കി.
രാമറാവുവിനെ അഞ്ച് മാസം (നല്ല പെരുമാറ്റത്തിനുള്ള പതിവ് ഇളവ് ആറ് മാസം ഒഴിവാക്കി) ജയിലിലടച്ചു. ‘എനിക്ക് ജയിലില്‍ ഉപയോഗപ്രദമായ സമയവും ഉണ്ടായിരുന്നു. എന്റെ നാല്‍പ്പത്തിയേഴാം ജന്മദിനം ഞാന്‍ ജയിലില്‍ ചെലവഴിച്ചു. ജയില്‍വാസം എന്നെ കൂടുതല്‍ മനുഷ്യനാക്കി. മനുഷ്യ സ്വഭാവം മനസ്സിലാക്കുന്നതിനുള്ള ഒരു കോഴ്സായിരുന്നു അത്. മാനവിക വിഷയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ജയിലില്‍ ഒരു ഹ്രസ്വകാല വാസം നിര്‍ബന്ധമാക്കണം. ജയില്‍ മറ്റൊരു സംസ്കാരമാണ്’ അദ്ദേഹം ജയിലിലെ തന്റെ അനുഭവത്തെ കുറിച്ച് എഴുതി.
1942 ല്‍ ‘ബോംബെയില്‍ എ.ഐ.സി.സി യില്‍ ക്വിറ്റ് ഇന്ത്യാ പ്രമേയം ഓഗസ്റ്റ് രണ്ടാം വാരത്തില്‍ നടന്ന ചരിത്രപരമായ സമ്മേളനത്തില്‍ അവതരിപ്പിച്ചു. ഭേദഗതി വരുത്താത്ത പ്രമേയം പാസായതിനുശേഷം ഗാന്ധിജി തന്റെ പ്രസംഗം നടത്തി. അതിന് ശേഷം പിറ്റേന്നാള്‍ ഗാന്ധിജിയെ അഭിമുഖം ചെയ്യാന്‍ മഹാദേവ് ദേശായി വഴി രാമറാവു ഏര്‍പ്പാട് ചെയ്തിരുന്നു. പക്ഷേ, മഹാദേവ് ദേശായി പറഞ്ഞു. ”ഗാന്ധിജി നിങ്ങളെയും ഹെറാള്‍ഡിനേയും ഇഷ്ടപ്പെടുന്നു. ഇന്നലെ അദ്ദേഹം നിങ്ങളെ വിശേഷിപ്പിച്ചത് പോരാളിയായ പത്രാധിപര്‍ എന്നാണ്. നാളെ അദ്ദേഹം മൗനവ്രതത്തിലാണ്. അതിനാല്‍ അഭിമുഖം നടക്കില്ല” രാമറാവു പറഞ്ഞു ”എനിക്ക് പറയാനുള്ളത് അദ്ദേഹം കേള്‍ക്കുമല്ലോ.” പക്ഷേ, അപ്രതീക്ഷിതമായി ഗാന്ധിജി അഹമ്മദ് നഗറിലേക്ക് പോയതിനാല്‍ അദ്ദേഹത്തിന് ഗാന്ധിയെ കാണാന്‍ സാധിച്ചില്ല.
ഓഗസ്റ്റ് 15 ന് ഇന്ത്യന്‍ പതാക ഉയര്‍ത്തുന്ന ഗോവാലിയ ടാങ്ക് മൈതാനത്ത് പതാക ഉയര്‍ത്തല്‍ ചടങ്ങ് നടക്കാനിരിക്കെ, ഒത്തുകൂടിയ വളണ്ടിയര്‍മാരെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചിരുന്നു, പലരുടേയും നില പരുക്കേറ്റ് ഗുരുതരമായിരുന്നു. ചിലരുടെ തലയോട്ടികള്‍ അടിയേറ്റ് പിളര്‍ന്നിരുന്നു, ഒരു പുതിയ പോലീസ് അക്രമത്തിന്റെ തുടക്കമായിരുന്നു അത്. പത്ര സെന്‍സര്‍ഷിപ്പ് ഇതിനകം കര്‍ശനമാക്കിയിരുന്നു.
സര്‍ക്കാര്‍ അത് നിര്‍ത്തലാക്കുന്നത് വരെ കാത്തിരിക്കുന്നതിനുപകരം ഹെറാള്‍ഡ് സ്വമേധയാ അടച്ചുപൂട്ടണമെന്ന് തീരുമാനിച്ചു. അതിന് മുന്‍പ് രാമറാവു അവസാന ലേഖനം ‘വന്ദേമാതരം’ എന്ന തലക്കെട്ടില്‍ എഴുതി. ബ്രിട്ടീഷ് സര്‍ക്കാരിനെ ഒരിക്കല്‍ കൂടി വെല്ലുവിളിച്ചു. നാഷ്ണല്‍ ഹെറാള്‍ഡ് 1942 ഓഗസ്റ്റ് 16 ന് അടച്ചുപൂട്ടി. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് രാമറാവുവിന്റെ വീടും ഓഫീസും റെയ്ഡ് ചെയ്തു. അദ്ദേഹം ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തിരുന്നതിനാല്‍ ഒന്നും അവര്‍ക്ക് ലഭിച്ചില്ല. റെയ്ഡിന് വന്ന പോലീസ് ഇന്‍സ്പെക്ടര്‍ രാമറാവുവിനോട് പറഞ്ഞു:
”നിങ്ങളുടെ കൈവശമുള്ളത് വളരെ നല്ല പുസ്തകങ്ങളാണ്, സര്.”
രാമറാവു അയാളോട് ചോദിച്ചു, ”അവയില്‍ ഏതെങ്കിലും വേണോ?” അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് സഥലം വിട്ടു…
ഹെറാള്‍ഡ് സര്‍ക്കാര്‍ അടച്ചുപൂട്ടിയതിന്റെ പിറ്റേന്നാള്‍ തന്നെ ആശ്വസിപ്പിക്കാന്‍ ഫോണ്‍ ചെയ്ത ‘പയനീര്‍’ പത്രത്തിന്റെ എഡിറ്റര്‍ കാറ്റ്ലേയോട് രാമറാവു പറഞ്ഞു ”ഇതൊരു പോരാളിയുടെ ജീവിതമാണ്. താങ്കള്‍ വിഷമിക്കേണ്ട”. പിന്നീട് കുറ്റമാരോപിച്ച് രാമറാവുവിനെ തടവിലാക്കി.

കഴിഞ്ഞ കുറച്ച് മണിക്കൂറുകളിലെ സംഭവങ്ങളെക്കുറിച്ച് പത്രത്തിന് ഒരു സന്ദേശം അയയ്ക്കാന്‍, അടുത്ത ഇരുപത്തിനാല് മണിക്കൂര്‍ രാമറാവു അവിടെ തങ്ങി. നഗരത്തിലുടനീളം പ്രചരിച്ചിരുന്ന ധാരാളം വിവരങ്ങള്‍ ശേഖരിച്ചു എഐസിസി മീറ്റിംഗില്‍. സെഷനില്‍ പങ്കെടുത്ത അലഹബാദിലെ ഹെറാള്‍ഡ് ലേഖകനായ പി.ഡി.ടാന്‍ഡന്റെ സഹായത്തോടെ വാര്‍ത്തകള്‍ എഴുതി. പോലീസ് പിടികൂടുമെന്ന് പ്രതീക്ഷിച്ച, രാമറാവു റിപ്പോര്‍ട്ടുകള്‍ പ്രത്യേക കവറുകളിലാക്കി ലഖ്നൗവിലെ നിരവധി സുഹൃത്തുക്കള്‍ക്ക് അയച്ചു. ആ വാര്‍ത്തകള്‍ നാഷ്ണല്‍ ഹെറാള്‍ഡില്‍ വന്നതോടെ ഭരണകൂടം പത്രത്തിനെതിരെ നടപടികളിലേക്ക് നീങ്ങി.
നാഷ്ണല്‍ ഹെറാള്‍ഡ് പൂട്ടുകയും രാമറാവുവിനെ തടവിലാക്കുകയും ചെയ്തത് ദേശീയ മുന്നേറ്റത്തിന് ഉണ്ടായ കനത്ത ആഘാതമായാണ് ഗാന്ധിജി വിശേഷിപ്പിച്ചത്. 1944-ല്‍ സേവാഗ്രാമത്തില്‍ ഗാന്ധിജിക്കൊപ്പം ചേര്‍ന്ന രാമറാവു അവിടെ താമസിച്ച് ഇരുപതോളം പത്രങ്ങളില്‍ സ്ഥിരമായി ദേശീയ പ്രസ്ഥാനത്തിനെ പിന്തുണച്ച് ലേഖനങ്ങള്‍ എഴുതി.
1945-ല്‍ ഹെറാള്‍ഡ് വീണ്ടും തുടങ്ങിയപ്പോള്‍ പത്രത്തിന്റെ ഒന്നാം പേജില്‍ ഭരണത്തിനെതിരെ തീ തുപ്പുന്ന നാവുമായി വീണ്ടും രാമറാവു രംഗത്ത് വന്നു. ഇന്ത്യന്‍ പത്രരംഗത്ത് ഏറ്റവും അറിയപ്പെടുന്ന എഡിറ്ററായി രാമറാവു ഉയര്‍ന്നു. ഒരു എഡിറ്റര്‍ ജനസമ്മതനാകുന്ന ആദ്യ സംഭവങ്ങളിലൊന്നായിരുന്നു അത്.
തന്റെ സ്വാതന്ത്ര്യത്തില്‍ ഒരു ഇഞ്ച് പോലും പത്രമുതലാളിക്ക് നല്കാന് അദ്ദേഹം തയ്യാറായിരുന്നില്ല. എല്ലാ ദിവസവും രാജിക്കത്തും കീശയിലിട്ട് പത്രമാപ്പീസില്‍ കടന്നുവന്ന രാമറാവു ആരുടെയും ഒരുവിധ കൈകടത്തലിനും നിന്നു കൊടുത്തുമില്ല. ‘കാലിഫോര്‍ണിയയിലെ സ്വര്‍ണം മുഴുവന്‍ എന്റെ മുന്നില്‍ കുന്നുകൂട്ടിയാല്പോലും സ്വാതന്ത്ര്യം പണയപ്പെടുത്താന്‍ ഞാന്‍ ഒരുക്കമല്ല’ അദ്ദേഹം കൂടെക്കൂടെ പറയുമായിരുന്നു.
നാഷ്ണല്‍ ഹെറാള്‍ഡിലെ രണ്ടാം വരവില്‍ അദ്ദേഹം കാര്യമായൊന്നും ചെയ്യാന്‍ തുനിഞ്ഞില്ല. ജവഹര്‍ ലാല്‍ നെഹ്റുവുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഇതിനകം മറനീക്കി പുറത്തുവന്നു. നാഷ്ണല്‍ ഹെറാള്‍ഡിന്റെ എഡിറ്ററാകാന്‍ രാമറാവു യോഗ്യനല്ല എന്ന് നെഹ്റു വിമര്‍ശിച്ച് അയച്ച കത്ത് നാഷ്ണല്‍ ഹെറാള്‍ഡില്‍ നിന്ന് രാമറാവു പടിയിറങ്ങാന്‍ കാരണമായി.
1950 ഒക്ടോബറില്‍ ഡല്‍ഹിയില്‍ ആള് ഇന്ത്യാ ന്യൂസ്പേപ്പര്‍ എഡിറ്റേഴ്സ് കോണ്‍ഫറന്‍സിന്റെയും ഇന്ത്യന്‍ ഫെഡറേഷന് വര്‍ക്കിങ്ങ് ജേര്‍ണലിസ്റ്റിന്റെയും രൂപവല്‍ക്കരണത്തിനു മുഖ്യ കാരണക്കാരന്‍ രാമറാവുവായിരുന്നു. ഇന്ത്യയിലെ പത്രപ്രവര്‍ത്തകരുടെ ഒക്ടോബര്‍ വിപ്ലവം എന്ന് അതിനെ വിശേഷിപ്പിച്ച് രാമറാവു എഴുതി:
”മാന്യമായ വേതനം നേടാന്‍, അധികാരത്തിനായി അത്യാഗ്രഹികളായ പത്രഉടമകളുടെ വര്‍ദ്ധിച്ചുവരുന്ന ആക്രമണങ്ങള്‍ക്കെതിരെ പത്രപ്രവര്‍ത്തകരുടെ നിലപാട് സംരക്ഷിക്കാനും ജനാധിപത്യത്തിന്റെ അടിസ്ഥാന പ്രതിരോധം നല്കുന്ന പത്രസ്വാതന്ത്ര്യത്തെയും വ്യക്തിയുടെയും സ്വാതന്ത്ര്യത്തെയും ശക്തമായി പുനഃസ്ഥാപിക്കാനും ഞങ്ങള്‍ യോഗം ചേര്‍ന്നു. അവര്‍ ഇനി ഒരിക്കലും ഒരു പോരാട്ടവീര്യമുള്ള, അസംഘടിത സമൂഹമായിരിക്കാന്‍ പാടില്ല.”
ഇന്ത്യയില്‍ അകത്തും പുറത്തുമായി രാമറാവു ഏറെ സഞ്ചരിച്ചു. ജവഹര്‍ ലാല്‍ നെഹ്റുവിന്റെ 1949-ലെ യു.എസ്. സന്ദര്‍ശനത്തില്‍ രാമറാവുവും പങ്കെടുത്തിരുന്നു. 1954-ല്‍ റിയോഡി ജനിറോയില്‍ ചേര്‍ന്ന വേള്‍ഡ് ജേര്‍ണലിസ്റ്റ്സ് കോണ്‍ഫറന്‍സിലും പങ്കെടുത്തു. നാഷ്ണല്‍ ഹെറാള്‍ഡ് വിട്ട ശേഷം രാമറാവു പാറ്റ്നയിലെ ‘സര്‍ച്ച് ലൈറ്റ് ‘ ഇംഗ്ലീഷ് ദിനപത്രത്തിന്റെ എഡിറ്ററായി. അസുഖം ബാധിച്ച് അവശനായ അദ്ദേഹം ശസ്ത്രക്രിയക്ക് വിധേയനായി ആശുപത്രി വിട്ടു. 1961 മാര്‍ച്ച് 9 ന് പാറ്റ്നയില്‍ നിന്ന് രാവിലെ ഹൗറാ – ന്യൂഡല്‍ഹി എക്സ്പ്രസില്‍ യാത്രക്കായ് മകളോടൊപ്പം കയറിയ രാമറാവു വാതിലിന് തൊട്ടടുത്ത സീറ്റിലാണ് ഇരുന്നത്. തീവണ്ടിയാത്രക്കിടയില്‍ എപ്പോഴോ അദ്ദേഹം പുറത്തേക്കു തെറിച്ചുവീണത് ആരും അറിഞ്ഞില്ല. മകള്‍ അറിഞ്ഞപ്പോഴേക്കും ട്രെയിന്‍ കുറെ ദൂരം പിന്നിട്ടിരുന്നു. ട്രാക്കില്‍ നിന്ന് റെയില്‍വേ പോലീസ് രാമറാവുവിന്റെ മൃതശരീരം കണ്ടെടുത്തു.
നിര്‍ഭാഗ്യവശാല്‍ രാമറാവു യാത്ര ചെയ്ത ട്രെയിനിലെ ബോഗിയിലെ അലാറം ചെയിന്‍ പ്രവര്‍ത്തനരഹിതമായിരുന്നു. ബീഹാറിലെ റെയില്‍വെ ഡിപ്പാര്‍ട്ട്മെന്റിന്റെ ഉത്തരവാദിത്വരാഹിത്യത്തെക്കുറിച്ച് അപൂര്‍ണമായ ഒരു എഡിറ്റോറിയല്‍ ശേഷിപ്പിച്ചിട്ടാണ് രാമറാവു റെയില്‍വേ ട്രാക്കില്‍ വീണ് മരിക്കേണ്ടി വന്നതെന്നത് ഉത്തരവാദിത്തമുള്ള ഒരു പത്രപ്രവര്ത്തകനുണ്ടാകാനിടയുള്ള ഏറ്റവും ആദരണീയമായ അന്ത്യമായിരുന്നു.
Content Summary: Today is K. Rama Rao’s birth anniversary