June 04, 2026 |
Share on

കെന്നഡിയുടെ കൊച്ചു മകൾ ടാറ്റിയാന ഷ്ലോസ്ബെർഗ് അന്തരിച്ചു

ജോൺ എഫ്. കെന്നഡി ലൈബ്രറി ഫൗണ്ടേഷൻ ഇൻസ്റ്റാഗ്രാമിലൂടെയാണ് മരണവാർത്ത പുറത്തു വിട്ടത്

കാലാവസ്ഥ പത്രപ്രവർത്തകയും മുൻ അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയുടെ കൊച്ചു മകളുമായ ടാറ്റിയാന ഷ്ലോസ്ബെർഗ് അന്തരിച്ചു. 35 വയസ്സായിരുന്നു. രക്താർബുദത്തെക്കുറിച്ച് കഴിഞ്ഞ നവംബറിൽ ‘ദ ന്യൂയോർക്കർ’ മാഗസിനിൽ ടാറ്റിയാന ഷ്ലോസ്ബെർഗ് എഴുതിയ ലേഖനം ലോകമെമ്പാടുമുള്ള വായനക്കാരുടെ സഹതാപവും പ്രശംസയും പിടിച്ചുപറ്റിയിരുന്നു. ബോസ്റ്റണിലെ ജോൺ എഫ്. കെന്നഡി ലൈബ്രറി ഫൗണ്ടേഷൻ ഇൻസ്റ്റാഗ്രാമിലൂടെയാണ് മരണവാർത്ത പുറത്തു വിട്ടത്.

“എ ബാറ്റിൽ വിത്ത് മൈ ബ്ലഡ്” (A Battle With My Blood) എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ലേഖനം, ടാറ്റിയാനയുടെ മുത്തച്ഛന്റെ വധശിക്ഷയുടെ 62-ാം വാർഷികമായ നവംബർ 22-നാണ് ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടത്. 2024 മെയ് മാസത്തിൽ തന്റെ മകളുടെ ജനനത്തിന് പിന്നാലെയാണ് താൻ ക്യാൻസർ ബാധിതയാണെന്ന് തിരിച്ചറിഞ്ഞതെന്ന് ടാറ്റിയാന അതിൽ കുറിച്ചു. അതൊരു അപൂർവ്വ ജനിതക മാറ്റമുള്ള ലുക്കീമിയ ആയിരുന്നുവെന്നും ടാറ്റിയാന പറഞ്ഞിരുന്നു. ആ സമയത്ത് ടാറ്റിയാനയ്ക്ക് ഒരു നവജാത ശിശുവും രണ്ട് വയസ്സുള്ള മകനുമാണ് ഉണ്ടായിരുന്നത്.

“അവർ എന്നെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. തലേദിവസം പോലും, ഒൻപത് മാസം ഗർഭിണിയായിരിക്കെ ഞാൻ പൂളിൽ ഒരു മൈൽ നീന്തിയിരുന്നു. എനിക്ക് സുഖമില്ലാതിരുന്നില്ല. ഏറ്റവും ആരോഗ്യവതിയായിരുന്നു ഞാൻ. സെൻട്രൽ പാർക്കിൽ പതിവായി അഞ്ച് മുതൽ പത്ത് മൈൽ വരെ ഞാൻ ഓടുമായിരുന്നു. ഒരിക്കൽ ലുക്കീമിയ ആൻഡ് ലിംഫോമ സൊസൈറ്റിക്കായി പണം സമാഹരിക്കാൻ ഞാൻ ഹഡ്‌സൺ നദിക്ക് കുറുകെ മൂന്ന് മൈൽ നീന്തിയിരുന്നു—എത്ര വിചിത്രമായ കാര്യം!” ടാറ്റിയാന എഴുതിയതായി ദി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.

മാസങ്ങൾ നീണ്ട കീമോതെറാപ്പി, മരണത്തെ മുഖാമുഖം കണ്ട പ്രസവാനന്തര രക്തസ്രാവം, അതിനുപിന്നാലെ സ്റ്റെം സെൽ ട്രാൻസ്‌പ്ലാന്റ് എന്നിവയെക്കുറിച്ചും കുറിപ്പിൽ അവർ വിവരിച്ചിരുന്നു. തന്റെ മൂത്ത സഹോദരി റോസ് ഷ്ലോസ്ബെർഗ് കോശങ്ങൾ ദാനം ചെയ്യാൻ അനുയോജ്യയാണെന്ന് കണ്ടെത്തുകയായിരുന്നു. നിലവിൽ ന്യൂയോർക്കിലെ 12-ാം ഡിസ്ട്രിക്റ്റിൽ നിന്ന് കോൺഗ്രസിലേക്ക് മത്സരിക്കുന്ന സഹോദരൻ ജാക്ക് ഷ്ലോസ്ബെർഗും കോശങ്ങൾ നൽകാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും അത് സാധ്യമായിരുന്നില്ല.

ചികിത്സയ്ക്കിടെ ടാറ്റിയാനയുടെ മുടി കൊഴിഞ്ഞപ്പോൾ, സഹോദരിയോടുള്ള സ്നേഹം പ്രകടിപ്പിച്ചുകൊണ്ട് ജാക്ക് സ്വന്തം തല മൊട്ടയടിച്ചു. ആശുപത്രിയിൽ സന്ദർശിക്കാനെത്തിയ തന്റെ മകനും ടാറ്റിയാനയെപ്പോലെ തലയിൽ സ്കാർഫ് ധരിച്ചിരുന്നു.

Content Summary: Tatiana Schlossberg, granddaughter of JFK, has died

Leave a Reply

Your email address will not be published. Required fields are marked *

×