July 14, 2026 |
Share on

ലോകത്തിലെ ഏറ്റവും ‘നീതിമാനായ ജഡ്ജി’ ഫ്രാങ്ക് കാപ്രിയോ അന്തരിച്ചു

“കോട്ട് ഇൻ പ്രൊവിഡൻസ്” ഷോയിലൂടെ ജനപ്രിയൻ

“കോട്ട് ഇൻ പ്രൊവിഡൻസ്” എന്ന ടെലിവിഷൻ പരിപാടിയിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ ശ്രദ്ധ നേടിയ റോഡ് ഐലൻഡിലെ മുനിസിപ്പൽ ജഡ്ജിയായിരുന്ന ഫ്രാങ്ക് കാപ്രിയോ (88) അന്തരിച്ചു. ദീർഘകാലമായി പാൻക്രിയാറ്റിക് അർബുദത്തിന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ മരണം സമൂഹ മാധ്യമങ്ങളിലൂടെയാണ് സ്ഥിരീകരിച്ചത്.

സാധാരണ ജഡ്ജിമാരിൽ നിന്ന് വ്യത്യസ്തമായി ദയയും അനുകമ്പയും നിറഞ്ഞ സമീപനമാണ് കാപ്രിയോയെ പ്രശസ്തനാക്കിയത്. ട്രാഫിക് നിയമലംഘനങ്ങൾ പോലുള്ള ചെറിയ കുറ്റകൃത്യങ്ങൾക്ക് പോലും അദ്ദേഹം അനുകമ്പയോടെയാണ് വിധി പറഞ്ഞിരുന്നത്. പല കേസുകളിലും പിഴ റദ്ദാക്കിയും അദ്ദേഹം മാതൃക കാട്ടി.

സോഷ്യൽ മീഡിയയിൽ 100 കോടിയിലധികം കാഴ്ചക്കാരെ നേടിയ അദ്ദേഹത്തിന്റെ വീഡിയോകളിൽ, ട്രാഫിക് നിയമലംഘനത്തിന് പിടിക്കപ്പെട്ടവരുടെ കുട്ടികളോട് വിധി പറയാൻ ആവശ്യപ്പെടുന്ന രംഗങ്ങൾ ഏറെ പ്രശസ്തമാണ്.

കൂടാതെ, മകൻ കൊല്ലപ്പെട്ട ഒരു സ്ത്രീയുടെ പിഴ റദ്ദാക്കിയതും, മണിക്കൂറിന് 3.84 ഡോളർ മാത്രം വരുമാനമുള്ള ബാർട്ടെൻഡറുടെ ചുവപ്പ് ലൈറ്റ് ലംഘനം ഒഴിവാക്കിയതും വലിയ ശ്രദ്ധ നേടിയിരുന്നു.

കഴിഞ്ഞ ആഴ്ച, ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും, തനിക്കുവേണ്ടി പ്രാർത്ഥിക്കണമെന്നും അഭ്യർത്ഥിച്ച് കാപ്രിയോ ഒരു വീഡിയോ പങ്കുവെച്ചിരുന്നു.

നാല് പതിറ്റാണ്ടോളം നീണ്ട സേവനത്തിന് ശേഷം 2023-ലാണ് അദ്ദേഹം ജഡ്ജി സ്ഥാനത്ത് നിന്ന് വിരമിച്ചത്.  നിയമം ദയയോടെയും നീതിയോടെയും നടപ്പാക്കാൻ കഴിയുമെന്ന സന്ദേശമാണ് അദ്ദേഹം തന്റെ ജീവിതത്തിലൂടെ നൽകിയത്.

റോഡ് ഐലൻഡ് ഗവർണർ ഡാൻ മക്കീ ഉൾപ്പെടെ നിരവധി പ്രമുഖർ അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. “അദ്ദേഹം ഒരു ജഡ്ജി എന്നതിലുപരി, അനുകമ്പയുടെ പ്രതീകമായിരുന്നു,” ഗവർണർ പറഞ്ഞു.

കുടുംബത്തെ സംബന്ധിച്ചിടത്തോളം അദ്ദേഹം സ്നേഹനിധിയായ ഭർത്താവും പിതാവും മുത്തച്ഛനും സുഹൃത്തുമായിരുന്നു എന്നും അദ്ദേഹത്തിന്റെ ഔദ്യോഗിക സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിൽ കുറിച്ചു.

content summary: ‘The Kindest Judge’ Frank Caprio, a viral sensation who presided with compassion, dies at 88

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×