ലോകത്തിലെ തന്നെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിക്ക് തുടക്കമിട്ട് ചൈന. ടിബറ്റിലെ യാർലുങ് സാങ്പോ നദിയിലാണ് വമ്പൻ അണക്കെട്ടിന്റെ പണികൾ ആരംഭിച്ചിരിക്കുന്നത്. നൂറ്റാണ്ടിന്റെ പദ്ധതിയെന്നാണ് ഇതിനെ ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ് വിശേഷിപ്പിച്ചത്.
ചൈനയുടെ 14-ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി 2020 ലാണ് ആദ്യമായി പ്രോജക്ട് അവതരിപ്പിച്ചത്. ദീർഘകാലമായി ആസൂത്രണം ചെയ്ത മെഗാപ്രോജക്റ്റിന്റെ പ്രശസ്തി ചൈനീസ് വിപണികളിൽ ഉയർച്ചയ്ക്ക് കാരണമായതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. അതേസമയം, ഇന്ത്യയടക്കമുള്ള അയൽ രാജ്യങ്ങളിലും പരിസ്ഥിതി ഗ്രൂപ്പുകളിലും ജലവൈദ്യുത പദ്ധതി ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.
നദിയുടെ താഴത്തെ ഭാഗങ്ങളിൽ നിർമ്മിക്കുന്ന ഈ അണക്കെട്ടിൽ അഞ്ച് ജലവൈദ്യുത നിലയങ്ങൾ ഉണ്ടാകും. ചൈനീസ് മാധ്യമമായ സിൻഹുവയുടെ റിപ്പോർട്ട് പ്രകാരം, ഈ പദ്ധതി പ്രതിവർഷം ഏകദേശം 300 ദശലക്ഷം മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുമെന്നും ഏകദേശം 1.2 ട്രില്യൺ യുവാൻ (124 ബില്യൺ) ചെലവ് വരുമെന്നും പ്രതീക്ഷിക്കുന്നു.
ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടായ ത്രീ ഗോര്‍ജസ് ഡാം സ്ഥിതിചെയ്യുന്നതും ചൈനയിലാണ്. ഈ അണക്കെട്ടിന്റെ മൂന്നിരട്ടി അധികം ശേഷിയിലാണ് പുതിയ അണക്കെട്ട് നിര്‍മിക്കുന്നത്. പുതിയ അണക്കെട്ടുമായി താരതമ്യം ചെയ്യുമ്പോൾ ത്രീ ഗോർജസ് 88.2 ദശലക്ഷം മെഗാവാട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത്.
പുതിയ അണക്കെട്ടിന്റെ നിർമ്മാണത്തിനുള്ള സമയപരിധി നൽകിയിട്ടില്ല. പ്രാരംഭ കണക്കുകളേക്കാൾ കൂടുതൽ ചെലവ് വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യാർലുങ് സാങ്പോ ഇന്ത്യയുടെ അരുണാചൽ പ്രദേശിലേക്കും അസമിലേക്കും ബ്രഹ്മപുത്ര നദിയായാണ് ഒഴുകുന്നത്. ഒടുവിൽ ജമുന നദിയായി ബംഗ്ലാദേശിലേക്ക് ഒഴുകുന്നു.
ചൈനയ്ക്ക് വെള്ളം കൈവശം വയ്ക്കാനോ വഴിതിരിച്ചുവിടാനോ കഴിയുമെന്നാണ് പദ്ധതിയിൽ ഇന്ത്യയും ബംഗ്ലാദേശും ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്. ഇത് നദിയുടെ സമീപത്തുളള ദശലക്ഷക്കണക്കിന് ജനങ്ങളെയാണ് ബാധിക്കുന്നത്. പദ്ധതിയെക്കുറിച്ച്
ഡിസംബറിലും ജനുവരിയിൽ നടന്ന ഉഭയകക്ഷി ചർച്ചകളിലും ഇന്ത്യ ഔദ്യോഗികമായി എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ജലത്തെ രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കുകയാണെന്ന വാദത്തെ ചൈന നിഷേധിച്ചു. താഴ്ന്ന പ്രദേശങ്ങളുള്ള രാജ്യങ്ങളുമായുള്ള ചർച്ചകൾ തുടരുമെന്നും ദുരന്ത നിവാരണത്തിലും പരിസ്ഥിതി സംരക്ഷണത്തിലും പ്രവർത്തിക്കുമെന്നും ചൈന അറിയിച്ചിരുന്നു. പുണ്യസ്ഥലങ്ങളുടെ സാന്നിധ്യം ചൂണ്ടിക്കാട്ടി ടിബറ്റൻ ഗ്രൂപ്പുകളും പദ്ധതിയെ എതിർത്തു. ടിബറ്റിലെ മുൻകാല അണക്കെട്ട് പദ്ധതികൾ പ്രതിഷേധങ്ങൾക്ക് കാരണമായിട്ടുണ്ട്. കാംടോക്ക് അണക്കെട്ടിനെതിരായ പ്രതിഷേധങ്ങൾ 2023 ൽ നിരവധി പേരുടെ അറസ്റ്റിന് കാരണമായി.
ഭൂമിശാസ്ത്രപരമായി അസ്ഥിരമായ ഈ പ്രദേശം മണ്ണിടിച്ചിലും വന്യജീവികൾക്ക് ഭീഷണിയുമാണെന്ന് പരിസ്ഥിതി പ്രവർത്തകർ മുന്നറിയിപ്പ് നൽകി. അതേസമയം, ശുദ്ധമായ ഊർജ്ജം, തൊഴിലവസരങ്ങൾ , പ്രാദേശിക വികസനം തുടങ്ങിയ നേട്ടങ്ങൾ മുന്നോട്ട് വെച്ചുകൊണ്ടാണ് ചൈന പദ്ധതിയെ ന്യായീകരിക്കുന്നത്.
Content Summary: China begins construction of the world’s largest hydroelectric project
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.