June 03, 2026 |
മുസാഫിര്‍
മുസാഫിര്‍
Share on

ആര്‍. നല്ലകണ്ണ്: നൂറ്റാണ്ടിന്റെ സഹയാത്രികന്‍, തമിഴ് സഖാക്കളുടെ തലൈവര്‍

നൂറു കൊല്ലത്തെ സമരതീക്ഷ്ണമായ ജീവിതം അക്ഷരാര്‍ത്ഥത്തില്‍ സാര്‍ത്ഥകമാക്കിയ ആ കനല്‍വീഥികളിലെ ചുവന്ന പതാക താഴ്ന്നു പറക്കുന്നു

കാലം കൈകൂപ്പി നില്‍ക്കുന്ന സംഭവബഹുലമായ ഈ നൂറ്റാണ്ടിനോടൊപ്പം സഞ്ചരിച്ച തമിഴ്‌നാട്ടിലെ മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് ആര്‍. നല്ലകണ്ണ് (101) ചരിത്രത്തിലേക്ക്. ചെന്നൈ രാജീവ്ഗാന്ധി ആശുപത്രിയിലായിരുന്നു ഈ വിപ്ലവകാരിയുടെ അന്ത്യം. ‘ഏഴൈകളുടെ പ്രിയതോഴന് ‘ തമിഴ്‌നാട്ടിലെ പാവപ്പെട്ട ജനങ്ങള്‍ കണ്ണീരില്‍ കുതിര്‍ന്ന രക്താഭിവാദ്യങ്ങളര്‍പ്പിച്ചു.

1964 ല്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രണ്ടായി പിളര്‍ന്നപ്പോള്‍ നല്ലകണ്ണ് സി. പി. ഐ ക്കൊപ്പമായിരുന്നു. മൂന്ന് തവണ തുടര്‍ച്ചയായി അദ്ദേഹം സി. പി. ഐ തമിഴ്‌നാട് സംസ്ഥാന സെക്രട്ടറിയായി. ‘ആര്‍. എന്‍. കെ’ എന്ന ചുരുക്കപ്പേരില്‍ പാര്‍ട്ടി വൃത്തങ്ങളില്‍ അറിയപ്പെട്ട ഈ വിപ്ലവകാരിക്ക് ജീവിതം എന്നും ഒരു പോരാട്ടമായിരുന്നു. മണ്ണില്‍ പണിയെടുക്കുന്നവരുടെ ധീരനായ നേതാവായിരുന്നു അദ്ദേഹം. ബ്രിട്ടീഷ് ഇമ്പീരിയലിസത്തിന് എതിരെ ചെറുപ്പത്തിലേ പോരാടിയ അദ്ദേഹം വര്‍ഷങ്ങളോളം ജയില്‍ വാസം അനുഭവിച്ചു. തടവറയില്‍ ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്ക് വിധേയനായി. ബ്രിട്ടീഷ് ജയിലര്‍മാര്‍ അദ്ദേഹത്തിന്റെ മേല്‍ചുണ്ടില്‍ സിഗരറ്റ് കൊണ്ട് പൊള്ളിച്ചു. ഒപ്പമുള്ള പ്രവര്‍ത്തകരുടെ വിവരം കൈ മാറിയാല്‍ ജയിലില്‍ നിന്ന് മോചിപ്പിക്കാമെന്ന വാഗ്ദാനം അദ്ദേഹം നിരസിച്ചു. എന്റെ സഹപ്രവര്‍ത്തകരെ ഒറ്റു കൊടുക്കുന്നതിലും ഭേദം ഈ തടവറയില്‍ കിടന്നു മരിക്കുകയാണെന്ന് ആ ചെറുപ്പക്കാരന്‍ ജയില്‍ അധികാരികളോട് പറഞ്ഞു. ഫലം: കൊടിയ പീഡനങ്ങള്‍.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലൂടെ പൊതുരംഗത്ത് വന്ന് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി വഴി കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെത്തിയ നല്ലകണ്ണ് സി.പി.ഐ ദേശീയ കൗണ്‍സിലില്‍ എം. കല്യാണസുന്ദരം, ഡി. പാണ്ട്യന്‍, ഡി. രാജ തുടങ്ങിയവരുടെ മുന്‍ഗാമിയായിരുന്നു. ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും സ്വാതന്ത്ര്യസമര സേനാനിയും സാമൂഹിക പരിഷ്‌കര്‍ത്താവും പൊതുജീവിതത്തിലെ അചഞ്ചലമായ ധാര്‍മ്മിക ശക്തിയുമായിരുന്ന ആര്‍. നല്ലകണ്ണിന്റെ വിയോഗത്തില്‍ സി. പി. ഐ ദേശീയ കൗണ്‍സില്‍ ദുഃഖം രേഖപ്പെടുത്തി.

മികച്ച പരിസ്ഥിതി പ്രവര്‍ത്തകനുമായിരുന്നു മരണം വരെ നല്ലകണ്ണ്. താമിരഭരണി പുഴയിലെ മണലെടുപ്പിനെതിരെ 2010 ഡിസംബറില്‍ അദ്ദേഹവും സഖാക്കളും സമരം ചെയ്യുകയും മണല്‍ മാഫിയക്കെതിരെ കോടതിയെ സമീപിക്കുകയും ചെയ്തു. മണലെടുപ്പിനും പുഴ മലിനീകരണത്തിനുമെതിരെയുള്ള നിയമ യുദ്ധത്തില്‍ നല്ലകണ്ണ് വിജയിച്ചു. അഞ്ചു വര്‍ഷത്തിന് ഇനി മുതല്‍ പുഴയില്‍ നിന്ന് മണല്‍ ഊറ്റരുതെന്നായിരുന്നു ഹൈക്കോടതി വിധി. ബെയ്ജിംഗ് സന്ദര്‍ശന വേളയില്‍ നല്ലകണ്ണിനെ ചൈനീസ് വൈസ് പ്രസിഡന്റ് ആദരിച്ചത് ആ കമ്മ്യൂണിസ്റ്റ് ജീവിതത്തില്‍ സിന്ദൂരതിലകമായി. അദ്ദേഹത്തിന്റെ വേര്‍പാട് ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിലെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെയും ഒരു യുഗത്തിന്റെ അന്ത്യത്തെയാണ് അടയാളപ്പെടുത്തുന്നത്എന്നാണ് സി. പി. ഐ ജനറല്‍ സെക്രട്ടറി ഡി. രാജ അഭിപ്രായപ്പെട്ടത്.

ഉപരാഷ്ട്രപതി സി. പി രാധാകൃഷ്ണനും നല്ലകണ്ണിന്റെ വേര്‍പാടില്‍ അനുശോചിച്ചു. 1999 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇന്നത്തെ ഇതേ വൈസ് പ്രസിഡന്റ് സി. പി രാധാകൃഷ്ണനോട് (ബി. ജെ. പി ) നല്ലകണ്ണ് പരാജയപ്പെടുകയായിരുന്നു. എങ്കിലും ഇടത് മുന്നണി ബാനറില്‍ മത്സരിച്ച അദ്ദേഹം 43.1 ശതമാനം വോട്ടുകള്‍ കരസ്ഥമാക്കി. ചരിത്രത്തിന്റെ വിസ്മയകരമായ ആകസ്മികതയാവണം, 1925 ഡിസംബര്‍ 26-ന് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനിച്ച അതേ ദിവസമാണ് ഇന്നത്തെ തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിലുള്ള തിരുവൈകുണ്ഠത്ത് നല്ലകണ്ണ് ജനിച്ചത്. പില്‍ക്കാലത്ത് പാര്‍ട്ടിക്കും അതിന്റെ ആദര്‍ശങ്ങള്‍ക്കുമായി പൂര്‍ണമായും സമര്‍പ്പിക്കപ്പെട്ടതായിരുന്നു ആ ജീവിതം. തമിഴ് ഗ്രാമത്തിലെ ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ ജനിച്ച അദ്ദേഹം, ചെറുപ്പത്തില്‍ത്തന്നെ അനീതിക്കും അസമത്വത്തിനും കൊളോണിയല്‍ അടിച്ചമര്‍ത്തലിനുമെതിരായ പോരാട്ടങ്ങളിലേക്ക് ആകര്‍ഷിക്കപ്പെട്ടു.

ഉപരാഷ്ട്രപതി സി. പി രാധാകൃഷ്ണൻ, ആർ. നല്ലകണ്ണ് ( ഫയൽ )

ചെറുപ്രായത്തില്‍ തന്നെ സ്വാതന്ത്ര്യസമരത്തിലും വിപ്ലവപ്രസ്ഥാനത്തിലും ചേര്‍ന്ന അദ്ദേഹം ബ്രിട്ടീഷ് ഭരണത്തിനും ഫ്യൂഡല്‍ ചൂഷണത്തിനുമെതിരായ ബഹുജന സമരങ്ങളില്‍ സജീവമായി പങ്കെടുത്തു. വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കടുത്ത അടിച്ചമര്‍ത്തലുകള്‍ നേരിടേണ്ടി വന്ന നല്ലകണ്ണിന് 14 വര്‍ഷത്തിലധികം തടവുശിക്ഷ ലഭിച്ചു. ഇതില്‍ ഏഴു വര്‍ഷം അദ്ദേഹം ജയിലില്‍ കഴിഞ്ഞു. തടവോ കഷ്ടപ്പാടുകളോ അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യത്തെ തളര്‍ത്തിയില്ല. പകരം അവ അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്ര ബോധ്യത്തെയും അടിച്ചമര്‍ത്തപ്പെട്ടവരോടുള്ള പ്രതിബദ്ധതയെയും കൂടുതല്‍ കരുത്തുറ്റതാക്കി.

സ്വാതന്ത്ര്യാനന്തരം നല്ലകണ്ണ്, അപൂര്‍വ്വമായ ധാര്‍മ്മിക മൂല്യമുള്ള ഒരു ജനകീയ നേതാവായി ഉയര്‍ന്നു വന്നു. മൂല്യങ്ങള്‍ കാത്ത് സൂക്ഷിച്ച യഥാര്‍ത്ഥ രാഷ്ട്രീയ നേതാവ്. അധികാരത്തിനു പിന്നാലെ പോകാത്ത പോരാളി. ജനകീയ ലീഡര്‍. അക്ഷീണം പ്രവര്‍ത്തിക്കുന്ന സംഘാടകനും പ്രതിബദ്ധതയുള്ള സാമൂഹിക പരിഷ്‌കര്‍ത്താവുമായിരുന്ന അദ്ദേഹം തൊഴിലാളികള്‍, കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍ തുടങ്ങി സമൂഹത്തിലെ എല്ലാ മര്‍ദ്ദിത വിഭാഗങ്ങളുടെയും അവകാശങ്ങള്‍ക്കായി നിരന്തരം ശബ്ദമുയര്‍ത്തി. അതോടൊപ്പം മതേതരത്വം, സാമൂഹിക സമത്വം, യുക്തിചിന്ത, ജനാധിപത്യ മൂല്യങ്ങള്‍ എന്നിവ മുറുകെ പിടിച്ചു. സി.പി.ഐ തമിഴ്നാട് സംസ്ഥാന കൗണ്‍സില്‍ സെക്രട്ടറി എന്ന നിലയില്‍ മാര്‍ക്‌സിസ്റ്റ് പ്രത്യയശാസ്ത്രത്തിലും പാര്‍ട്ടിയിലെ ആഭ്യന്തര ജനാധിപത്യത്തിലും അധിഷ്ഠിതമായ പ്രവര്‍ത്തനത്തില്‍ അദ്ദേഹം അടിയുറച്ച് വിശ്വസിച്ചു. പാര്‍ട്ടിയുടെ നാഷണല്‍ എക്‌സിക്യൂട്ടീവ് അംഗമായും സെന്‍ട്രല്‍ കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാനായും നല്ലകണ്ണ് സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മന്ത്രി കെ. രാജൻ, ‘ദ ഹിന്ദു’ മുൻ എഡിറ്റർ എൻ. റാം, സി. പി. ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എന്നിവർ ആർ. നല്ലകണ്ണിനെ സന്ദർശിച്ചപ്പോൾ ( ഫയൽ )

രാഷ്ട്രീയ-സാമൂഹിക മേഖലകളില്‍ ഉടനീളം ആദരിക്കപ്പെട്ടിരുന്ന ഈ നേതാവ് തന്റെ ലാളിത്യം, സത്യസന്ധത, അഴിമതിരഹിത പൊതുജീവിതം എന്നിവയാല്‍ ഏവരുടെയും ബഹുമാനം പിടിച്ചുപറ്റി. ആഡംബരങ്ങള്‍ ഒഴിവാക്കി പ്രൊലിറ്റേറിയന്‍ അന്തസ്സോടെ ജീവിച്ച അദ്ദേഹം ജീവിതത്തിലുടനീളം ജനങ്ങളുമായി ആഴത്തില്‍ ബന്ധപ്പെട്ടു നിന്നു. വാര്‍ധക്യത്തിലും അദ്ദേഹത്തിന്റെ ചിന്താപരമായ വ്യക്തതയും തെളിമയും ധാര്‍മ്മിക ദൃഢതയും കാരുണ്യവും കമ്മ്യൂണിസ്റ്റുകാര്‍ക്കും പുരോഗമനവാദികള്‍ക്കും വലിയ പ്രചോദനമായിരുന്നു.

മുൻ മന്ത്രിയും സി. പി . ഐ നേതാവുമായ കെ. ഇ. ഇസ്മായിൽ, ആർ. നല്ലകണ്ണിനൊപ്പം ( ഫയൽ )

പൊതുജീവിതത്തിനും സാമൂഹിക പരിഷ്‌കരണത്തിനും തമിഴ്നാടിന്റെ രാഷ്ട്രീയ-സാംസ്‌കാരിക മേഖലകള്‍ക്കും നല്‍കിയ മഹത്തായ സംഭാവനകള്‍ പരിഗണിച്ച് തമിഴ്നാട് സര്‍ക്കാരിന്റെ പ്രഥമ ‘തകൈസാല്‍ തമിഴര്‍’ (വിശിഷ്ട തമിഴന്‍) പുരസ്‌കാരം ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ അദ്ദേഹത്തിന് ലഭിച്ചു.

റിട്ടയേര്‍ഡ് സ്‌കൂള്‍ പ്രധാനാധ്യാപികയായിരുന്ന രഞ്ജിതംഅമ്മാളായിരുന്നു ഭാര്യ (2016ല്‍ ഇവര്‍ അന്തരിച്ചു). രണ്ട് പെണ്‍മക്കളാണ് അദ്ദേഹത്തിനുള്ളത്.
ആര്‍. നല്ലകണ്ണിന്റെ ജീവിതം ധാര്‍മ്മിക രാഷ്ട്രീയത്തിന്റെയും നൈതിക ബോധത്തിന്റെയും നിസ്വാര്‍ത്ഥ സേവനത്തിന്റെയും തിളക്കമാര്‍ന്ന ഉദാഹരണമാണ്. മതേതരവും ജനാധിപത്യപരവും സോഷ്യലിസ്റ്റ് ചിന്തകളില്‍ തിടം വെച്ചതുമായുള്ള ഒരു പുതിയ ഇന്ത്യക്കായുള്ള യഥാര്‍ത്ഥ പോരാട്ടങ്ങള്‍ക്ക് നല്ലകണ്ണിന്റെ നന്മ നിറഞ്ഞ പൈതൃകം എന്നും വഴികാട്ടിയാകുമെന്നുറപ്പ്. നൂറു കൊല്ലത്തെ സമരതീക്ഷ്ണമായ ജീവിതം അക്ഷരാര്‍ത്ഥത്തില്‍ സാര്‍ത്ഥകമാക്കിയ ആ കനല്‍വീഥികളിലെ ചുവന്ന പതാക താഴ്ന്നു പറക്കുന്നു – പ്രിയ സഖാവിന്റെ സ്മരണയ്ക്ക് മുമ്പില്‍ റെഡ് സല്യൂട്ട്.

Content Summary: R Nallakannu; freedom fighter and veteran cpi leader. A Communist who dedicated his life to the people and the nation

മുസാഫിര്‍

മുസാഫിര്‍

സൗദി അറേബ്യയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍

More Posts

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×