രാജ്യത്തെ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയില്‍വേയുടെ എറണാകുളം-ബെംഗളൂരു വന്ദേഭാരതിന്റെ ഉദ്ഘാടനത്തില്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് ആര്‍എസ്എസ് ഗണഗീതം പാടിച്ചത് വിവാദമാകുന്നു. സ്‌കൂള്‍ യൂണിഫോം ധരിച്ച ഒരുകൂട്ടം വിദ്യാര്‍ത്ഥികളും മറ്റ് രണ്ടുപേരുമാണ് ഗണഗീതം ആലപിക്കുന്നത്. ദേശഭക്തി ഗാനമെന്ന നിലയിലാണ് ദക്ഷിണ റെയില്‍വേ കുട്ടികളെ കൊണ്ട് ഗാനം ആലപിപ്പിച്ചിരിക്കുന്നത്.
കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ഇന്ത്യന്‍ റെയില്‍വേയുടെ പരിപാടിയില്‍ ആര്‍എസ്എസ് രാഷ്ട്രീയ അജണ്ട നടപ്പിലാക്കാനുള്ള ശ്രമമാണ് നടത്തിയിരിക്കുന്നത് എന്ന ആരോപണമാണ് ഉയരുന്നത്. സംഭവം വിവാദമായതോടെ ദക്ഷണി റെയില്‍വേ തങ്ങളുടെ ഔദ്യോഗിക പേജുകളില്‍ നിന്ന് വീഡിയോ ഉടന്‍ തന്നെ നീക്കം ചെയ്തു.
രാജ്യത്തെ പൊതുഗതാഗത സംവിധാനമായ റെയില്‍വേയുടെ ഔദ്യോഗിക ചടങ്ങില്‍ ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയുടെ ഗീതം ആലപിക്കാന്‍ വിദ്യാര്‍ത്ഥികളെ ഉപയോഗിച്ചത് ശരിയായില്ലെന്ന ആരോപണമാണ് നിലവില്‍ വിവിധ രാഷ്ട്രീയ കക്ഷികള്‍ ഉന്നയിക്കുന്നത്. സര്‍ക്കാര്‍ പരിപാടിയില്‍ പോലും ആര്‍എസ്എസ് തങ്ങളുടെ ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണവുമായി പ്രതിപക്ഷ പാര്‍ട്ടികളും രംഗത്ത് വന്നു. വിദ്യാര്‍ത്ഥികളെ ഇത്തരം രാഷ്ട്രീയ പരിപാടികളില്‍ പങ്കെടുപ്പിക്കുന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിഷ്പക്ഷതയെയും വിദ്യാര്‍ത്ഥികളുടെ പൊതുബോധത്തെയും ചോദ്യം ചെയ്യുമെന്ന വിമര്‍ശനവും വ്യാപകമാണ്.
വന്ദേഭാരത് സര്‍വ്വീസ് ആരംഭിക്കുന്ന എല്ലാ ചടങ്ങുകളെയും അടിമുടി രാഷ്ട്രീയവല്‍ക്കരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തുനിഞ്ഞിറങ്ങിയിരിക്കുന്നതെന്ന് ജോണ്‍ ബ്രിട്ടാസ് എംപി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ‘മുമ്പ് എറണാകുളം-ബാംഗ്ലൂര്‍ റൂട്ടില്‍ താല്‍ക്കാലിക രൂപത്തിലാണെങ്കിലും സര്‍വ്വീസ് ഉണ്ടായിരുന്നു. അത് ഏകപക്ഷീയമായി നിര്‍ത്തലാക്കുകയായിരുന്നു. ഇത് പുനരാരംഭിക്കണമെന്ന് ഞാനുള്‍പ്പടെയുള്ള കേരള എംപിമാര്‍ പല തവണ ആവശ്യപ്പെട്ടിരുന്നു.
ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ വിളിച്ചു ചേര്‍ത്ത എംപിമാരുടെ യോഗത്തില്‍ ഇക്കാര്യം ഉന്നയിച്ചപ്പോള്‍ ഈ റൂട്ടില്‍ വന്ദേഭാരത് സ്ലീപ്പര്‍ തന്നെ പരിഗണിക്കാമെന്ന നിര്‍ദ്ദേശം ഇന്ത്യന്‍ റെയില്‍വേ ബോര്‍ഡിന് സമര്‍പ്പിച്ചിട്ടുണ്ട് എന്നായിരുന്നു മറുപടി. എന്നാല്‍ പൊടുന്നനെ തന്നെ ഒരു ദിവസം റെയില്‍വെ മന്ത്രി ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഉള്‍പ്പടെയുള്ള പാര്‍ട്ടി ഭാരവാഹികളുമായി ഓണ്‍ലൈന്‍ മീറ്റിംഗ് നടത്തുന്നു, വന്ദേഭാരത് സര്‍വ്വീസ് പ്രഖ്യാപിക്കുന്നു. ഇത്രയും തരം താഴ്ന്ന രീതിയില്‍ ഒരിക്കലും ഇന്ത്യന്‍ റെയില്‍വേ ചരിത്രത്തില്‍ പ്രവര്‍ത്തിച്ചിട്ടില്ല. അതിന്റെ തുടര്‍ച്ചയെന്നോണമാണ് ഗണഗീതാലാപനവും മറ്റ് രാഷ്ട്രീയ കാര്യപരിപാടികളും പുതിയ സര്‍വീസിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് അരങ്ങേറിയത്. കേന്ദ്ര സര്‍ക്കാരിനും ഭരണകക്ഷിയായ ബിജെപിക്കും ‘വകതിരിവെന്നത് ‘പണ്ടേ ഇല്ല. എന്നാല്‍ അതിന്റെ മാറ്റ് എത്രത്തോളം വര്‍ദ്ധിപ്പിക്കാമെന്നാണ് അവര്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നത’ എന്നും ബ്രിട്ടാസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ഇന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വന്ദേഭാരത് എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്തത്. വാരാണസിയില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു ഉദ്ഘാടനം.
Content Summary: RSS agenda in Vande Bharat inauguration as student sing RSS Ganageetham