June 23, 2026 |
Share on

‘ജനനായകൻ’ സിനിമയുടെ സെൻസർഷിപ്പ്: തമിഴ് സംസ്കാരത്തിന് മേലുള്ള കടന്നുകയറ്റമെന്ന് രാഹുൽ ഗാന്ധി

രാഹുൽ ഗാന്ധി നുണകൾ പ്രചരിപ്പിക്കുകയാണെന്നും കോൺഗ്രസിന്റെ അടിയന്തരാവസ്ഥാ മനസ്ഥിതിയാണ് ഇതിലൂടെ വെളിപ്പെടുന്നതെന്നും ബിജെപി

നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്‌യുടെ അവസാന ചിത്രമായ ‘ജനനായകന്റെ’ റിലീസുമായി ബന്ധപ്പെട്ട സെൻസർഷിപ്പ് വിവാദം ശക്തമായ രാഷ്ട്രീയ പോരിലേക്ക്. കേന്ദ്രസർക്കാർ സിനിമ തടയാൻ ശ്രമിക്കുന്നത് തമിഴ് സംസ്കാരത്തിന് നേരെ നടത്തുന്ന ആസൂത്രിതമായ ആക്രമണമാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. എന്നാൽ, രാഹുൽ ഗാന്ധി നുണകൾ പ്രചരിപ്പിക്കുകയാണെന്നും കോൺഗ്രസിന്റെ അടിയന്തരാവസ്ഥാ മനസ്ഥിതിയാണ് ഇതിലൂടെ വെളിപ്പെടുന്നതെന്നും ബിജെപി തിരിച്ചടിച്ചു. സിനിമയുടെ റിലീസ് വൈകിപ്പിക്കുന്നത് തമിഴ് ജനതയുടെ ശബ്ദം അടിച്ചമർത്താനുള്ള നീക്കമാണെന്ന് രാഹുൽ ഗാന്ധി എക്സ്ൽ കുറിച്ചു.

“ഐ ആൻഡ് ബി മന്ത്രാലയം ‘ജനനായകനെ’ തടയാൻ ശ്രമിക്കുന്നത് തമിഴ് സംസ്കാരത്തിന് നേരെയുള്ള കടന്നുകയറ്റമാണ്. മിസ്റ്റർ മോദി, തമിഴ് ജനതയുടെ ശബ്ദത്തെ അടിച്ചമർത്താൻ നിങ്ങൾക്ക് ഒരിക്കലും സാധിക്കില്ല,” അദ്ദേഹം പറഞ്ഞു. അതെ സമയം, രാഹുലിന്റെ ആരോപണങ്ങളെ രൂക്ഷമായ ഭാഷയിലാണ് ബിജെപി നേരിട്ടത്. ബിജെപി വക്താവ് സി.ആർ. കേശവൻ രാഹുലിനെ ‘അഭ്യസ്തവിദ്യനായ നുണയൻ’ എന്ന് വിമർശിച്ചു.

തമിഴ് സംസ്കാരത്തെ അപമാനിച്ചത് യുപിഎ സർക്കാരാണെന്നും ജല്ലിക്കട്ടിനെ പ്രാകൃതമെന്ന് വിളിച്ച് നിരോധിച്ചത് കോൺഗ്രസ് നേതൃത്വം നൽകിയ ഭരണകൂടമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അടിയന്തരാവസ്ഥാ കാലത്ത് കിഷോർ കുമാറിന്റെ പാട്ടുകൾ നിരോധിച്ചതും ‘ആന്ധി’, ‘കിസ്സ കുർസി കാ’ തുടങ്ങിയ സിനിമകൾക്ക് വിലക്കേർപ്പെടുത്തിയതും കോൺഗ്രസ് മറന്നുപോയോ എന്ന് അദ്ദേഹം ചോദിച്ചു. രാജീവ് ഗാന്ധി വധവുമായി ബന്ധപ്പെട്ട ‘കുറ്റപത്രിക’ എന്ന തമിഴ് സിനിമ റിലീസ് ചെയ്യാൻ കോൺഗ്രസ് 15 വർഷം അനുവദിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.

ജനുവരി 9-ന് തീയറ്ററുകളിലെത്തേണ്ടിയിരുന്ന ‘ജനനായകൻ’ നിലവിൽ നിയമപോരാട്ടത്തിലാണ്. ഡിസംബർ 18-ന് സെൻസർ ബോർഡിന് സമർപ്പിച്ച ചിത്രത്തിൽ 27 മാറ്റങ്ങൾ വരുത്താൻ നിർദ്ദേശിച്ച സമിതി, തുടർന്ന് U/A സർട്ടിഫിക്കറ്റ് നൽകാമെന്ന് സമ്മതിച്ചിരുന്നു. എന്നാൽ, സിനിമയിൽ പ്രതിരോധ സേനയെയും മതവികാരങ്ങളെയും വ്രണപ്പെടുത്തുന്ന രംഗങ്ങളുണ്ടെന്ന പരാതിയെത്തുടർന്ന് ജനുവരി 5-ന് സിബിഎഫ്‌സി (CBFC) ചിത്രം അപ്രതീക്ഷിതമായി റിവൈസിംഗ് കമ്മിറ്റിക്ക് വിട്ടു. ഇതിനെതിരെ നിർമ്മാതാക്കൾ മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയും, ജനുവരി 9-ന് സിംഗിൾ ബെഞ്ച് ചിത്രത്തിന് ഉടൻ സർട്ടിഫിക്കറ്റ് നൽകാൻ ഉത്തരവിടുകയും ചെയ്തു.

എന്നാൽ, ഈ ഉത്തരവിനെതിരെ സെൻസർ ബോർഡ് ഉടൻ തന്നെ അപ്പീൽ നൽകിയതോടെ മണിക്കൂറുകൾക്കകം ഡിവിഷൻ ബെഞ്ച് സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് സ്റ്റേ ചെയ്തു. ഹൈക്കോടതിയുടെ ഈ നടപടിയെ ചോദ്യം ചെയ്ത് നിർമ്മാതാക്കൾ ഇപ്പോൾ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. കേസ് ജനുവരി 21-ലേക്ക് മാറ്റിയതോടെ ചിത്രത്തിന്റെ പൊങ്കൽ റിലീസും അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

×