June 23, 2026 |
Share on

ആ സത്യം പുറത്ത് പറയാനുള്ള ധൈര്യം എനിക്കില്ല; ‘ജനനായകൻ’ റിലീസിനെക്കുറിച്ചുള്ള ചോദ്യത്തിൽ വെളിപ്പെടുത്തലുമായി സംവിധായകൻ

സത്യം പറയാനുള്ള ധൈര്യം എനിക്കില്ല, അഥവാ ഞാനത് പറഞ്ഞാല്‍പോലും അത് പുറത്തുവിടാനുള്ള ധൈര്യം നിങ്ങള്‍ക്കുമുണ്ടാകില്ല’, എന്നാണ് ചോദ്യത്തിന് എച്ച് വിനോദ് നൽകിയ മറുപടി.

വിജയ് ചിത്രം ജനനായകന്റെ റിലീസ് സംബന്ധിച്ച ചോദ്യത്തിൽ പ്രതികരണവുമായി സംവിധായകൻ എച്ച് വിനോദ്. പൊങ്കൽ റിലീസ് ആയി തിയറ്ററിലെത്തേണ്ടിയിരുന്ന ചിത്രമാണ് വിജയും പൂജ ഹെഡ്ഗെയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ജനനായകൻ എന്ന ചിത്രം. എന്നാൽ ചിത്രത്തിന് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽ‌കാതിരുന്നതോടെയാണ് നിർമാതാക്കൾക്ക് റിലീസിനെച്ചൊല്ലി കോടതി കയറേണ്ടി വന്നത്. ഇതിന് പിന്നാലെയാണ് ചിത്രം എന്ന് റിലീസിനെത്തും എന്ന ചോദ്യത്തിന് സംവിധായകൻ മറുപടി നൽകിയിരിക്കുന്നത്.

ഉർവശിയും ജയറാമും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ‘പരിമള ആന്‍ഡ് കോ’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിയിൽ പങ്കെടുക്കവേയാണ് ജനനായകൻ എന്ന് റിലീസ് ചെയ്യും എന്ന ചോദ്യം ഉയർന്നത്. എന്നാൽ സത്യം പറയാനുള്ള ധൈര്യം എനിക്കില്ല, അഥവാ ഞാനത് പറഞ്ഞാല്‍പോലും അത് പുറത്തുവിടാനുള്ള ധൈര്യം നിങ്ങള്‍ക്കുമുണ്ടാകില്ല’, എന്നാണ് ചോദ്യത്തിന് എച്ച് വിനോദ് നൽകിയ മറുപടി. സംവിധായകന്റെ പ്രതികരണത്തിന് പിന്നാലെ എന്തുകൊണ്ടാണ് അത്തരമൊരു മറുപടി നൽകിയത് എന്ന ചൂടേറിയ ചർച്ച സോഷ്യൽ മീഡിയകളിൽ നടക്കുന്നുണ്ട്. ചിത്രം ഇനി ഒരിക്കലും വെളിച്ചം കാണില്ലേ എന്നും ചിലർ ആശങ്ക ഉന്നയിക്കുന്നുണ്ട്.

തെലുങ്കിൽ ബാലയ്യ നായകനായ ഭഗവന്ത് കേസരി എന്ന ചിത്രത്തിന്റെ റീമേക്ക് ആണ് വിജയ് നായകനായി എത്തിയ ചിത്രം ജനനായകൻ എന്നാണ് റിപ്പോർട്ടുകൾ. ബോബി ഡിയോൾ, പൂജാ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിത ബൈജു തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സിനിമ ജനുവരി 9ന് പൊങ്കൽ റിലീസായി തിയറ്ററുകളിലെത്തുമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ ബോർഡ് വിസമ്മതിക്കുകയും തുടർന്ന് സിനിമയുടെ റിലീസ് അനിശ്ചിതത്വത്തിലാവുകയും ചെയ്തു. സിനിമയ്ക്ക് ‘യു/എ’ സർട്ടിഫിക്കറ്റ് നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു. കെ വി എൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് നാരായണ നിർമിക്കുന്ന ചിത്രത്തിന് ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമാണം.

Leave a Reply

Your email address will not be published. Required fields are marked *

×