June 23, 2026 |
Share on

‘ജനനായകൻ’ vs ‘പരാശക്തി’; ബിഗ് സ്ക്രീനിൽ നിന്ന് രാഷ്ട്രീയ ഏറ്റുമുട്ടലിലേക്ക് നീങ്ങുന്ന വിജയ്–ഡിഎംകെ പോരാട്ടം

സുധ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രം ഡിഎംകെയുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെയാണ് പ്രതിഫലിപ്പിക്കുന്നത്

വരാനിരിക്കുന്ന പൊങ്കൽ റിലീസുകളെക്കുറിച്ചുള്ള ചർച്ചകളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറയുന്നത്. വിജയ് നായകനായ് എത്തുന്ന ജനനായകനും ശിവകാർത്തികേയൻ നായകനായ പരാശക്തിയും തമ്മിലാണ് ഏറ്റുമുട്ടൽ. ഇതിനിടെ ഈ മാസം 9-ന് തിയേറ്ററുകളിൽ എത്തേണ്ടിയിരുന്ന ‘ജനനായകൻ’ ഗുരുതര റിലീസ് പ്രതിസന്ധി നേരിടുകയാണ്. ചിത്രത്തിന് ഇതുവരെ സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തതാണ് റിലീസ് നീളാൻ കാരണം.

സിനിമാപ്രേമികളെന്ന നിലയിൽ മാത്രം നോക്കികാണുന്നവർക്ക് ഇത് വെറുമൊരു പൊങ്കൽ റിലീസ് പോരാട്ടമാണ്. എന്നാൽ ഈ ഏറ്റുമുട്ടൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരു റിഹേഴ്സൽ കൂടിയാണ്. സിനിമയെക്കുറിച്ച് മാത്രമാണ് സംസാരിക്കുന്നതെന്ന് അവകാശപ്പെടുമ്പോഴും രാഷ്ട്രീയ വക്താക്കളെപ്പോലെ പെരുമാറുന്ന രണ്ട് ചേരികൾ ജനങ്ങൾക്ക് ഇവിടെ ​കാണാൻ കഴിയും.

വിജയ് അഭിനയിക്കുന്ന അവസാന ചിത്രമായ ‘ജനനായകൻ’ വൻ പ്രതീക്ഷകൾ ആരാധകർക്കിടയിൽ ഉണ്ടാക്കുന്ന സമയത്താണ്, ഡിഎംകെ നിർമ്മിച്ച, ‘പരാശക്തി’, ‘ജനനായകൻ’ റിലീസിന് തൊട്ടടുത്ത ദിവസം ജനുവരി 10-ന് പ്രദർശനത്തിനെത്തുമെന്ന റിപ്പോർട്ടുകൾ വരുന്നത്. നേരത്തെ ജനുവരി 14-ന് നിശ്ചയിച്ചിരുന്ന പരാശക്തിയുടെ റിലീസ് മുന്നോട്ട് നീക്കുകയായിരുന്നു.

ഈ രണ്ട് ചിത്രങ്ങളും ഒരു രാഷ്ട്രീയ ഹിതപരിശോധനയാക്കി മാറ്റാനുള്ള ശ്രമമാണ് വിജയ് സ്ഥാപിച്ച രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകവും ഡിഎംകെയും നടത്തുന്നതെന്ന് ദി ഇന്ത്യൻ എക്സ്പ്രസ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

വ്യക്തിപരവും രാഷ്ട്രീയവുമായ പോരാട്ടം

ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിന്റെ സ്വാധീനവലയവും വിജയ്‍യുടെ ടിവികെയും തമ്മിലുള്ള രാഷ്ട്രീയ യുദ്ധമായാണ് ഇതിനെ വിലയിരുത്തുന്നത്. വിജയ്‍യുടെ രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായുള്ള അവസാന ചിത്രമായാണ് ജനനായകൻ അവതരിപ്പിക്കപ്പെടുന്നത്. സിനിമയുടെ ട്രെയിലറിൽ വിജയ്‍യുടെ കഥാപാത്രത്തിന് വിജയ്‍യുടെ പാർട്ടിയുടേതിന് സമാനമായ ചുരുക്കപ്പേര് (Thalapathy Vetri Kondan – TVK) നൽകിയത് യാദൃച്ഛികമല്ല എന്നത് വ്യക്തമാണ്. മാത്രമല്ല, “ഞാൻ വരുന്നു” എന്ന വാഗ്ദാനത്തോടെയാണ് ചിത്രത്തിൻ്റെ ട്രെയിലർ അവസാനിക്കുന്നത്. 1960-കളിലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രമാണ് പരാശക്തി. സുധ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രം ഡിഎംകെയുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. കരുണാനിധിയുടെ കൊച്ചുമകളുടെ ഭർത്താവായ ആകാശ് ഭാസ്കരനാണ് ചിത്രത്തിൻ്റെ നിർമ്മാതാവ്.

വെള്ളിത്തിരയിലെ പോരാട്ടം തെരുവുകളിലേക്കും പടർന്നിട്ടുണ്ട്. മധുരയിൽ ‘ജനനായകൻ’ ട്രെയിലർ പ്രദർശനത്തിനിടെ ‘പരാശക്തി’യുടെ പോസ്റ്ററുകൾ നശിപ്പിക്കപ്പെട്ടതും, ചെന്നൈയിലെ ഓഡിയോ ലോഞ്ചിനിടെ ടിവികെ വിളികൾ മുഴങ്ങിയതും ഈ സംഘർഷത്തിന്റെ തെളിവുകളാണ്.

വിജയുടെ സിനിമയോട് ഏറ്റുമുട്ടുന്നത് ഒഴിവാക്കാൻ ‘പരാശക്തി’യുടെ അണിയറപ്രവർത്തകർ ശ്രമിച്ചെങ്കിലും, 2026-ലെ തിരഞ്ഞെടുപ്പും നിക്ഷേപകരുടെ സമ്മർദ്ദവും കാരണം റിലീസ് തീയതി മാറ്റാൻ സാധിച്ചില്ല. ഒടുവിൽ, “ആദ്യം വിജയ്‍യുടെ സിനിമ കണ്ട് ആഘോഷിക്കൂ, അതിനുശേഷം ഞങ്ങളുടെ സിനിമയും കാണൂ” എന്ന അഭ്യർത്ഥനയുമായി ശിവകാർത്തികേയൻ തന്നെ രംഗത്തെത്തേണ്ടി വന്നു.

തമിഴ്നാട്ടിൽ സിനിമ വെറുമൊരു വിനോദമല്ല, അതൊരു റിഹേഴ്സലാണ്. അവിടെ ഒരു പേര് മുദ്രാവാക്യമായും, മുദ്രാവാക്യം ഒരു വാഗ്ദാനമായും മാറുന്നു. എന്തായാലും, ഈ രാഷ്ട്രീയ-സിനിമാ പോരാട്ടത്തിൽ ആര് ജയിച്ചാലും തമിഴ്നാട്ടിലെ തിയേറ്റർ ഉടമകൾക്ക് വലിയ നേട്ടമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Content Summary: ‘Jananayagan’ vs ‘Parashakti’: Vijay-DMK fight moves from big screen to political clash

Leave a Reply

Your email address will not be published. Required fields are marked *

×