വര്‍ഷങ്ങള്‍ നീണ്ട സെന്‍സര്‍ഷിപ്പ് തര്‍ക്കങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവില്‍ ഒടിടി പ്ലാറ്റ്ഫോമായ സീ5-ല്‍ റിലീസ് ചെയ്ത ദില്‍ജിത് ദോസാന്‍ജ് ചിത്രം ‘സത്ലജ്’ രണ്ട് ദിവസത്തിനകം ഇന്ത്യയില്‍ സ്ട്രീമിംഗ് നിര്‍ത്തിവെച്ചു. പഞ്ചാബിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജസ്വന്ത് സിംഗ് ഖല്‍റയുടെ ജീവിതം ആസ്പദമാക്കി ഹണി ട്രെഹാന്‍ സംവിധാനം ചെയ്ത ചിത്രം കടുത്ത രാഷ്ട്രീയ-സാമൂഹിക വിവാദങ്ങള്‍ക്ക് വഴിവെച്ച പശ്ചാത്തലത്തിലാണ് ഇന്ത്യയിലെ പ്രേക്ഷകര്‍ക്ക് ലഭ്യമാകാത്ത വിധം പ്ലാറ്റ്ഫോമില്‍ നിന്ന് അപ്രത്യക്ഷമായത്.
2022 ല്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയാണിത്. അന്ന് ‘പഞ്ചാബ് 95’ എന്ന പേരിട്ടിരുന്ന ചിത്രം തിയേറ്റര്‍ റിലീസിനായി സെന്‍സര്‍ ബോര്‍ഡിനെ സമീപിച്ചപ്പോഴാണ് കടുത്ത പ്രതിസന്ധികള്‍ തുടങ്ങിയത്. ചിത്രത്തിന് 120-ലധികം കട്ടുകളാണ് ബോര്‍ഡ് നിര്‍ദ്ദേശിച്ചത്. ജസ്വന്ത് സിംഗ് ഖല്‍റ എന്ന പേര് മാറ്റുക, ‘തണ്‍ താരണ’ പോലുള്ള യഥാര്‍ത്ഥ സ്ഥലപ്പേരുകള്‍ ഒഴിവാക്കുക, പഞ്ചാബ് പൊലീസിനെ നേരിട്ട് പരാമര്‍ശിക്കാതിരിക്കുക, കൊല്ലപ്പെട്ടവരുടെ യഥാര്‍ത്ഥ കണക്കുകള്‍ നീക്കുക തുടങ്ങി ചിത്രത്തിന്റെ ആത്മാവ് തന്നെ നഷ്ടപ്പെടുത്തുന്ന മാറ്റങ്ങളാണ് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടത്. ഇതേതുടര്‍ന്ന് 2023-ല്‍ ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ നിന്ന് പോലും ചിത്രം പിന്‍വലിക്കേണ്ടി വന്നു. തുടര്‍ന്ന് വര്‍ഷങ്ങളോളം നീണ്ട നിയമപോരാട്ടങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവിലാണ്, തിയേറ്റര്‍ റിലീസ് ഉപേക്ഷിച്ച് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കേഷന്‍ ആവശ്യമില്ലാത്ത ഒടിടി പ്ലാറ്റ്ഫോമില്‍ ‘കട്ടുകള്‍’ ഒന്നുമില്ലാത്ത ഒറിജിനല്‍ പതിപ്പ് ‘സത്ലജ്’ എന്ന പേരില്‍ റിലീസ് ചെയ്യാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചത്. അങ്ങനെയാണ് വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ചിത്രം കഴിഞ്ഞ വെള്ളിയാഴ്ച റിലീസ് ചെയ്തതും എന്നാല്‍ ഞായറാഴ്ച രാത്രിയോടെ ചിത്രം ഇന്ത്യയില്‍ ബ്ലോക്ക് ചെയ്യപ്പെട്ടു. നിലവിലെ ചില സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് ചിത്രത്തിന്റെ സ്ട്രീമിംഗ് താല്‍ക്കാലികമായി നിര്‍ത്തുന്നതെന്നും നിയമപരമായ വഴിയിലൂടെ സിനിമ എത്രയും വേഗം തിരികെ കൊണ്ടുവരുമെന്നും സീ5 ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.
1980-കളുടെ അവസാനത്തിലും 1990-കളുടെ തുടക്കത്തിലും പഞ്ചാബില്‍ നിലനിന്നിരുന്ന ഖാലിസ്താന്‍ പ്രക്ഷോഭകാലത്തെയും അതിനെ അടിച്ചമര്‍ത്താന്‍ പൊലീസ് സ്വീകരിച്ച വിനാശകരമായ മാര്‍ഗ്ഗങ്ങളെയും കുറിച്ചാണ് ചിത്രം സംസാരിക്കുന്നത്. ഭീകരവാദ വിരുദ്ധ പോരാട്ടത്തിന്റെ മറവില്‍ പഞ്ചാബ് പൊലീസ് നടത്തിയ വ്യാജ ഏറ്റുമുട്ടലുകളും തിരോധാനങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ദില്‍ജിത് ദോസാന്‍ജ് അവതരിപ്പിക്കുന്ന ജസ്വന്ത് സിംഗ് ഖല്‍റ എന്ന കേന്ദ്രകഥാപാത്രം, പൊലീസ് തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങള്‍ എന്ന് രേഖപ്പെടുത്തി രഹസ്യമായി സംസ്‌കരിച്ച ആയിരക്കണക്കിന് യുവാക്കളുടെ വിവരങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ നടത്തുന്ന പോരാട്ടമാണ് ചിത്രത്തില്‍ ദൃശ്യവല്‍ക്കരിച്ചിരിക്കുന്നത്. അമൃത്സറിലെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ രേഖകള്‍ പരിശോധിച്ച ഖല്‍റ, 2,000-ത്തോളം വരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ പതിനായിരക്കണക്കിന് ആളുകളെ നിയമവിരുദ്ധമായി പൊലീസ് കൊലപ്പെടുത്തിയതായി കണ്ടെത്തിയിരുന്നു. ഇത് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ടതോടെ 1995 സെപ്റ്റംബറില്‍ ഖല്‍റയെ സ്വന്തം വീടിന് മുന്നില്‍ നിന്ന് പഞ്ചാബ് പൊലീസ് തട്ടിക്കൊണ്ടുപോവുകയും പിന്നീട് കൊലപ്പെടുത്തുകയുമാണുണ്ടായത്. തുടര്‍ന്ന് സിബിഐ നടത്തിയ അന്വേഷണത്തിലാണ് ഒന്‍പത് പൊലീസ് ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
റിലീസിന് പിന്നാലെ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ജസ്വന്ത് സിംഗ് ഖല്‍റയുടെ ഭാര്യ പരംജിത് കൗര്‍ ഖല്‍റ, സിനിമയുടെ യഥാര്‍ത്ഥ പതിപ്പ് ഒടുവില്‍ പുറത്തുവന്നതില്‍ ആശ്വാസമുണ്ടെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളെയും അത്തരം ആക്ടിവിസത്തെയും രാജ്യസുരക്ഷയ്ക്ക് ഭീഷണിയായി മുദ്രകുത്തുന്ന നിലവിലെ സാമൂഹിക സാഹചര്യത്തില്‍ ‘സത്ലജ്’ തികച്ചും ശക്തമായൊരു മുന്നറിയിപ്പാണെന്നായിരുന്നു സിനിമയ്ക്ക് കിട്ടിയ വിലയിരുത്തല്‍. ചിത്രം ഒടിടിയില്‍ നിന്ന് നീക്കിയതിന് പിന്നാലെ തന്റെ ഇന്‍സ്റ്റാഗ്രാം ലൈവിലൂടെ ദില്‍ജിത് ദോസാന്‍ജ് പ്രതികരണം നടത്തിയിരുന്നു. ‘1995-ല്‍ ഖല്‍റ സാബിന്റെ ശബ്ദം എങ്ങനെയാണോ അടിച്ചമര്‍ത്തിയത്, അതുപോലെ ഇന്നും അദ്ദേഹത്തിന്റെ ശബ്ദത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്. എങ്കിലും ഒട്ടും വിഷമിക്കേണ്ടതില്ല, റിലീസ് ചെയ്ത ആദ്യ ദിനങ്ങളില്‍ തന്നെ ജനങ്ങള്‍ ഈ സിനിമ കാണുകയും ഡൗണ്‍ലോഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഡിജിറ്റല്‍ യുഗത്തില്‍ ഒരു കഥ പുറത്തുവന്നാല്‍ അതിനെ ഇനി ഇല്ലാതാക്കാന്‍ കഴിയില്ല,’ ദില്‍ജിത് വ്യക്തമാക്കി.
Content Summary; Diljit Dosanjh’s biopic ‘Satluj’ based on activist Jaswant Singh Khalra removed from ZEE5 India within two days of release amid censorship controversies
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.