July 14, 2026 |
Share on

ധർമ്മസ്ഥല കേസ്: മൃതദേഹങ്ങൾ കുഴിച്ചിട്ടത് സംബന്ധിച്ച വെളിപ്പെടുത്തലുമായി മറ്റൊരാൾ കൂടി രംഗത്ത്

മറ്റൊരാൾ കൂടി അന്വേഷണ സംഘത്തിന് മുന്നാകെ ഹാജറായി

ധർമ്മശാലയിൽ സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും അടക്കമുള്ള മൃതദേഹങ്ങൾ നിയമവിരുദ്ധമായി പലയിടത്തും അടക്കം ചെയ്തതിനെ കുറിച്ച് അറിവുണ്ട് എന്നവകാശപ്പെട്ട് മറ്റൊരാൾ കൂടി ഈ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് മുന്നാകെ ഹാജറായി. ജയന്ത് എന്ന് പേരായ ഇയാൾ മാധ്യമങ്ങളോടും സംസാരിച്ചു. 1995-ലും 2014-ഉം ഇടയിൽ ബലാത്‌സംഗം ചെയ്യപ്പെട്ടതടക്കമുള്ള ഒട്ടേറെ സ്ത്രികളുടേയും കുഞ്ഞുങ്ങളുടേയും മൃതദേഹങ്ങൾ നേത്രാവതി പുഴക്കരയിൽ പലയിടത്തായി കുഴിച്ചിട്ടുണ്ട് എന്നായിരുന്നു നേരത്തേ ധർമ്മസ്ഥല ദേവസ്വലെ ശുചീകരണ തൊഴിലാളി വെളിപ്പെടുത്തിയിരുന്നത്. ഈ വെളിപ്പെടുത്തലിനെ തുടർന്ന് നടപടികൾ കൈക്കൊള്ളാതെ സർക്കാർ മുന്നോട്ട് പോയെങ്കിലും മാധ്യമങ്ങളിൽ നിന്നും പൊതുസമൂഹത്തിൽ നിന്നുമുണ്ടായ ശക്തമായ സമ്മർദ്ദത്തെ തുടർന്ന് പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് തെളിവെടുപ്പ് ആരംഭിക്കുകയായിരുന്നു.

ഒട്ടേറെ ‘നിയമവിരുദ്ധ ശവമടക്കുകൾ’ നേരിട്ട് നടത്തിയിട്ടുണ്ടെന്നും ഈ മൃതദേഹങ്ങൾ കുഴിച്ചിട്ട ഇടങ്ങൾ അറിയാമെന്നുമാണ് ജയന്ത് ശനിയാഴ്ച വൈകീട്ട് ബെൽത്തങ്ങാടിയിൽ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നാകെ ഹാജറായി അറിയിച്ചത്. ഇതോടെ കൂടുതൽ മൃതദേഹങ്ങളുടെ അവശഷ്ടങ്ങൾ കൂടുതൽ ഇടങ്ങളിൽ നിന്ന് കണ്ടെത്താനാവും എന്നതാണ് പ്രതീക്ഷയെന്ന് പോലീസ് വൃത്തങ്ങൾ അറിയിക്കുന്നു. ആദ്യം ഈ വിവരം വെളിപ്പെടുത്തിയ ആളുടെ നിർദ്ദേശപ്രകാരം നേത്രാവതീ നദിതടത്തിൽ പോലീസ് പലയിടത്തും കുഴിയെടുത്ത് പരിശോധന നടത്തിയിരുന്നു. ഇതിൽ നിന്ന് വിവിധ മനുഷ്യാസ്ഥികളും ചില തിരിച്ചറിയിൽ കാർഡുകളും ലഭിച്ചിരുന്നു.

എന്നാൽ ഈ പരാതികളുയരുന്നതിന് എത്രയോ മുമ്പ് തന്നെ, എൺപതുകൾ മുതൽ ധർമ്മസ്ഥല ക്ഷേത്രത്തിന്റെ ഭരണാധികാരികൾക്കെതിരെ ഇത്തരം ആരോപണങ്ങൾ ഉണ്ടായിട്ടുണ്ട്. അക്കാലത്ത് കർഷകസംഘത്തിന്റെ പ്രസിഡന്റും മലയാളിയുമായ ദേവാനന്ദിന്റെ മകളും കോളേജ് വിദ്യാർത്ഥിയുമായിരുന്ന പത്മലതയെ പരസ്യമായി തട്ടിക്കൊണ്ട് പോയി എന്ന കേസിൽ സി.പി.ഐ.എമ്മിന്റെ നേതൃത്വത്തിൽ വലിയ സമരം അവിടെ നടന്നതാണ്. ധർമ്മസ്ഥല ക്ഷേത്രത്തിന്റെ അധിപനും ബി.ജെ.പി എം.പിയുമായ വീരേന്ദ്ര ഹെഗ്‌ഡെയുടെ സഹോദരൻ ഹർഷേന്ദ്ര കുമാറും പത്മലത പഠിച്ചിരുന്ന എസ്.ഡി.എം കോളേജിന്റെ പ്രിൻസിപ്പലായിരുന്ന പ്രഭാകരും തട്ടിക്കൊണ്ടുപോയ കാറിലുണ്ടായിരുന്നു എന്നാണ് ആരോപണം. ധർമ്മസ്ഥലയിൽ പോലീസും അധികാര വൃന്ദങ്ങളും കോടതിയും വീരേന്ദ്ര ഹെഗ്‌ഡെയുടെ താത്പര്യത്തിന് അനുസരിച്ചാണ് പ്രവർത്തിക്കുന്നത് എന്ന് എത്രയോ കാലമായി ആരോപണമുണ്ട്. 1992-ൽ അതിക്രൂരമായി ബലാത്‌സംഗം ചെയ്യപ്പെടുകയും കൊല്ലപ്പെടുകയും ചെയ്ത സൗജന്യ എന്ന പെൺകുട്ടിയെ സംബന്ധിച്ച വാർത്തയോടെ വീണ്ടും ധർമ്മസ്ഥല വാർത്തകളിൽ നിറയുകയായിരുന്നു.

ശുചീകരണതൊഴിലാളിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾക്ക് ശേഷം ഇക്കഴിഞ്ഞ ജൂലായ് പതിനഞ്ചിന് സി.ബി.ഐ മുൻ സ്റ്റെനോഗ്രാഫറായ സുജാത തന്റെ മകൾ അനന്യ ഭട്ടിനെ കാണാതായത് സംബന്ധിച്ച പരാതിയുമായി വീണ്ടും രംഗത്തെത്തി. 2003-ൽ ധർമ്മസ്ഥലയിൽ വച്ചാണ് എം.ബി.ബി.എസ് വിദ്യാർത്ഥിയായ അനന്യയെ കാണാതായിത്. മണിപ്പാൽ കസ്തൂർബ മെഡിക്കൽ കോളേജിൽ നിന്ന് വിനോദയാത്രക്ക് വന്നതാണ് അനന്യ. ധർമ്മസ്ഥലയിൽ എത്തി സുജാത മകളുടെ തിരോധാനത്തെ കുറിച്ച് ബെൽട്ടാംഗഡി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും അവർ സ്വീകരിച്ചില്ല. ക്ഷേത്രത്തിന്റെ അധികാരികളായ ഡോ.വീരേന്ദ്രഹെഗ്ഗഡേയും സഹോദരൻ ഹർഷേന്ദ്ര കുമാറിനേയും കണ്ട് പരാതി പറഞ്ഞുവെങ്കിലും അധിക്ഷേപിച്ച് പറഞ്ഞയയ്ക്കുകയായിരുന്നുവെന്നും തുടർന്ന് മുറിയിലടിച്ചിടുകയും തലയ്ക്കടിച്ച് ബോധം കെടുത്തുകയും ചെയ്തുവെന്നും സുജാതയുടെ പരാതിയിൽ പറയുന്നു.

Content Summary: Dharmasthala case: another person comes forward with a revelation about the cremation of dead bodies

Leave a Reply

Your email address will not be published. Required fields are marked *

×